
അമ്മയുടെ വീട്ടുമുറ്റത്തെ തൈമാവിലെ ഇലകൾ വൃശ്ചിക കാറ്റിൽ ഇളകികൊണ്ടിരുന്നു. ആ മർമ്മരത്തിൽ ഒരു ശോകഗാന ഗീതികളുടെ തേങ്ങൽ ഉണ്ടായിരുന്നു. കാരണം മാമ്പൂവിരിയുന്ന മകരമാസം അടുക്കാറായി. അപ്പോഴാണ് പൂങ്കുയിലുകൾ പാടാനെത്തുക. മാന്തളിരണിഞ്ഞു മാവിൻ ചില്ലകൾ യൗവ്വനം നേടുന്നത് അപ്പോഴാണ്. വീട്ടിൽ എല്ലാവർക്കും ആനന്ദം പകരുന്ന ഒരു ചാരുദ്ര്യശ്യമായിരുന്നു അത്. വീട്ടുകാരുടെ സന്തോഷത്തിൽ പങ്ക് ചേർന്ന് എല്ലാവർഷവും അതു അഭിമാനത്തോടെ നോക്കിനിൽക്കാൻ എത്താറുള്ള ആൾ ഇന്നില്ല. അവർ ഈ ഭൂമിയോട് വിട പറഞ്ഞിട്ട് മൂന്നു വർഷങ്ങൾ തികയുന്നു.(27.12.2023)
ശരിക്കും ഒരു അമ്മയെപ്പോലെ വർഷങ്ങളുടെ പുറകിലേക്ക് ആ മാവിന്റെ ചിന്തകൾ ഞങ്ങളെപ്പോലെ തന്നെ പായുന്നുണ്ടായിരിക്കും. ഒരിക്കൽ അടിമുടി മാവ് പൂത്തുനിന്നപ്പോഴാണു പാദസരമണിഞ്ഞ ഒരു കുഞ്ഞുടുപ്പുകാരി ആ കാഴ്ച വിസ്മയത്തോടെ നോക്കിനിന്നത്. അവളെ നോക്കി അണ്ണാറക്കണ്ണന്മാർ ചിലച്ചുകൊണ്ടു പോയി. ശരിയാണ് കുട്ട്യേ, വിഷമിക്കണ്ടാ ട്ടോ. എന്നവർ ആവർത്തിച്ച് ചിലച്ചുകൊണ്ടിരുന്നു. ചില്ലകളിൽ ഇരുന്നു കുഞ്ഞികുരുവികളും ആ കുട്ടിയെ ആശ്വസിപ്പിച്ചു. എന്താണ് കുട്ടിയുടെ വിഷമം?
കുട്ടി എന്റെ അനിയത്തിയാണ്. എന്റെ പിറന്നാൾ ദിവസം രാത്രിയാണ് അവൾ ജനിച്ചത്. ജ്യോതിഷികളുടെ ഭാഷയിൽ നാഴിക വിനാഴികളുടെ മാറ്റത്തിൽ അവളുടെ നക്ഷത്രം മാറിപ്പോയി. അതുകൊണ്ട് പിറന്നാളുകൾ തലേദിവസവും പിറ്റേദിവസവും വന്നു. പിറന്നാളിന്റെ ആദ്യദിവസത്തെ ഉത്സാഹവും അതിഥികളും രണ്ടാമത്തെ ദിവസം ഉണ്ടാകാത്തത് അവളുടെ കുഞ്ഞുമനസ്സിനെ അലട്ടാൻ തുടങ്ങി. കുറേശ്ശേ മുൻകോപവും കുട്ടി കുശുമ്പും വളരാൻ തുടങ്ങി. വയസ്സിനെക്കാൾ കൂടുതൽ ഉയരവും കായിക ശക്തിയും അവൾക്ക് കൂടുതലായിരുന്നു. ധൈര്യവും അതേപോലെ. കുട്ടിക്കാലത്തു ഞാൻ വളരേ ശാന്തനും, സുധീരനെങ്കിലും സമാധാനപ്രിയനുമായിരുന്നു എന്ന് മുതിർന്നവർ പറഞ്ഞുകേട്ടിട്ടുണ്ട്. അവളുടെ ധൈര്യം കണ്ടു അവളെ "ഉണ്ണിയാർച്ച" എന്ന് അമ്മാവനും അമ്മാവന്റെ വീട്ടിലുള്ളവരും അയല്പക്കകാരും വിളിച്ചിരുന്നു. അതുകൊണ്ട് മുത്തശ്ശി അവളെ നോക്കി അമ്മയോട് പറയുമായിരുന്നു "ഇത് ഒരു ആൺകുട്ടിയും മറ്റേത് (ഞാൻ) ഒരു പെൺകുട്ടിയും ആയാൽ മതിയായിരുന്നു”. നല്ല നല്ല വസ്ത്രങ്ങളോടും ആഭരണങ്ങളോടും ചെറുപ്പം മുതൽ ഏറെ പ്രിയമായിരുന്നു.അവളുടെ ആഗ്രഹങ്ങൾ സാധിക്കാൻ അച്ഛൻ പ്രാപ്തനായിരുന്നതുകൊണ്ട് അവൾ സന്തോഷവതിയായി. കുട്ടിക്കാലത്ത് അണിഞ്ഞൊരുങ്ങി കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നത് അവളുടെ വിനോദമായിരുന്നു. അവധി ദിവസങ്ങളിൽ അങ്ങനെ മെയ്യാസകലം പൊന്നണിഞ്ഞു നിൽക്കുമ്പോൾ അമ്മാവൻ അവളെ കളിയാക്കുമായിരുന്നു. "ഇതാര് പാലാട്ട് കോമന്റെ ഉണ്ണിയമ്മയോ?"
അവൾക്ക് മൂന്നു-മൂന്നര വയസ്സായിരുന്നപ്പോഴാണ് അവളുടെ മനസ്സിൽ ഒരു കൊച്ചു ദുഃഖമുണ്ടെന്നു എല്ലാവരും അറിയുന്നത്. അവൾക്ക് എന്നെ പോലെ, ഞങ്ങളുടെ അമ്മയെപ്പോലെ വെളുത്ത നിറമില്ലായിരുന്നു. ഇരുനിറമെന്നു പറയപ്പെടുന്ന നിറം. പക്ഷെ അതാരും ഗൗനിച്ചിരുന്നില്ല. അമ്മാവന്റെ വീട്ടിൽ ചെല്ലുമ്പോൾ അവിടെ ഒത്തുകൂടുന്ന ചെറിയമ്മമാരുടെ മക്കൾക്കും സ്വർണ്ണ നിറം. ഈ നിറവ്യത്യാസം അവൾ മനസ്സിലാക്കുമെന്നും അവൾക്ക് മനഃപ്രയാസമുണ്ടെന്നും അറിയുന്നത് മുത്തശ്ശിയാണ്. അവൾ മുത്തശ്ശിയോട് പറഞ്ഞു. "ചേട്ടൻ പനസാര (പഞ്ചസാര) ഞാൻ ചക്കര" മുത്തശ്ശിക്ക് ആദ്യം മനസ്സിലായില്ല മുത്തശ്ശി പറഞ്ഞു അതേ മോളു ഞങ്ങടെ ചക്കരമോളാണ്. സംസാരരീതിയിൽ അൽപ്പം നീട്ടുള്ള അവൾ പറഞ്ഞു അതല്ലാ.. എനിക്ക് ചേട്ടന്റെ നിറമില്ല. അപ്പോഴാണ് മുത്തശ്ശി മനസ്സിലാക്കുന്നത് കുട്ടിക്ക് നിറം കുറഞ്ഞതിൽ വിഷമമുണ്ടെന്നു. മുത്തശ്ശി പതിവുപോലെ പരിഭ്രമിക്കാൻ തുടങ്ങി അങ്ങനെയിരിക്കെ വിഷു വന്നു. വിഷുവിനു കമ്പിത്തിരി, മത്താപ്പൂ, പടക്കങ്ങൾ തുടങ്ങിയ വാദ്യഘോഷങ്ങൾ മുഴങ്ങി.ഞങ്ങളുടെ ഒരു ചേച്ചി കമ്പിത്തിരി കത്തിച്ച് ഞങ്ങളെ സന്തോഷിപ്പിച്ചു. അപ്പോൾ അവൾ എന്നോട് പറഞ്ഞു. "ഒരു കമ്പിത്തിരി കത്തിച്ച് എന്റെ മേൽ വച്ചാൽ ഞാൻ അമ്മേടെ നിറം വരും മോനെ".
അതുകൂടി കേട്ടപ്പോൾ മുത്തശ്ശി പരിഭ്രമിക്കാൻ തുടങ്ങി. നിറം കുറഞ്ഞതിൽ ആ കുഞ്ഞു മനസ്സ് വിഷമിക്കുന്നത് മുത്തശ്ശിക്ക് ആലോചിക്കാൻ പോലും വയ്യ. കുഞ്ഞിന് പാലിൽ കുങ്കുമപ്പൂ കലർത്തി കൊടുത്താൽ മതി എന്ന നാട്ടുവൈദ്യം പരീക്ഷിക്കാൻ മുത്തശ്ശി തീരുമാനിച്ചു. സിലോണിലുള്ള അച്ഛനെ വിവരം അറിയിച്ചു. അദ്ദേഹം കുങ്കുമപ്പൂപൊതി നാട്ടിൽ സന്ദർശനത്തിന് വരുന്നുണ്ടായിരുന്ന സ്നേഹിതൻ വശം അയച്ചു. അതിഥി സൽക്കാരങ്ങൾ കഴിഞ്ഞു മുത്തശ്ശി വിവരം അദ്ദേഹത്തോട് പറഞ്ഞു. ഒരു ചെറിയ എഴുത്തുകാരനായിരുന്ന അദ്ദേഹം മുറ്റത്ത് തളിർത്തു നിൽക്കുന്ന മാവിനെ നോക്കി. എന്നിട്ട് മുത്തശ്ശിയോട് പറഞ്ഞു. കുട്ടിയെ വിളിക്കു. അപരിചതരുടെ മുന്നിൽ പോകാനോ അവരോട് സംസാരിക്കാനോ യാതൊരു സങ്കോചവുമില്ലാതിരുന്ന അവൾ അദ്ദേഹത്തിന്റെ മുന്നിൽ ചിരിച്ചുകൊണ്ട് ചെന്നു. അദ്ദേഹം പറഞ്ഞു ഒരു മാന്തളിർ പൊട്ടിച്ചുകൊണ്ടു വരൂ. അവൾ ഓടിപോയി അത് കൊണ്ടുവന്നു അദ്ദേഹത്തിന് കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു. ഇതിന്റെ നിറം കണ്ടോ. കുട്ടിക്ക് ഈ നിറമാണ്. കുട്ടിക്ക് മാന്തളിരിന്റെ നിറമാണ്. സ്വർഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു അവൾക്കപ്പോൾ. അച്ഛന്റെ കൂട്ടുകാരന്റെ ഉപദേശം അവൾക്കുണ്ടായിരുന്ന അപകർഷതാബോധം മാറ്റി ആത്മവിശ്വാസം നൽകി.
അവളുടെ സ്‌കൂൾ ജീവിതവും മറ്റുള്ളവരിൽ നിന്നും വിചിത്രമാണ്. വീടിനടുത്തുള്ള പ്രൈമറി സ്‌കൂളിൽ ഒന്നാം ക്‌ളാസിൽ ചേർത്തപ്പോൾ ഞാൻ അവിടെ രണ്ടാം ക്ലാസ്സിൽ ഉണ്ടായിരുന്നു. സ്‌കൂൾ തുറന്ന ദിവസം അവൾ ക്‌ളാസിൽ ഇരിക്കാൻ വിസമ്മതിച്ചു. പ്രധാന അധ്യാപകൻ ഒരു ആജാനബാഹു കണ്ണടയും, വായിൽ നിറയെ മുറുക്കാനുമായി കണ്ടാൽ കുട്ടികൾ പേടിക്കുന്ന രൂപമായിരുന്നു. അദ്ദേഹം ചൂരലുമായി വന്നു അവളോട് ക്‌ളാസിൽ പോയി ഇരിക്കാൻ ദ്വേഷ്യത്തോടെ കൽപ്പിച്ചു. മൂപ്പർ അതുകേട്ട് കൂസൽ ഇല്ലാതെ നിന്നപ്പോൾ അദ്ദേഹം അടിക്കാൻ വടിയോങ്ങി. ഉടനെ "എന്നെ തല്ലല്ലേ മാശേ (മാഷേ) ഞാൻ മാശേ ക്‌ളാസിൽ ഇരിക്കാം” എന്ന് യാതൊരു കൂസലുമില്ലാതെ പറഞ്ഞു. മാഷിന്റെ ക്‌ളാസ് നാലാം ക്ലാസാണ്. കുട്ടിയെ സാവധാനം അവളുടെ ക്ലാസ്സിലേക്ക് പറഞ്ഞുവിടാമെന്ന ചിന്തയിൽ അദ്ദേഹം സമ്മതിച്ചു. പക്ഷെ പിറ്റേദിവസവും അവൾ അവളുടെ ക്‌ളാസിൽ ഇരിക്കാൻ കൂട്ടാക്കിയില്ല. സാർ കോപിച്ച് അടുത്ത് വന്നപ്പോൾ മൂന്നാം ക്ലാസ്സിൽ ഇരിക്കുന്ന വല്യച്ഛന്റെ മകളെ കണ്ടു. ഞാൻ ചേച്ചിയുടെ ക്‌ളാസിൽ ഇരിക്കാമെന്നു സമ്മതിച്ചു. പിറ്റേ ദിവസം അവളുടെ ക്‌ളാസിൽ പോകാൻ പറഞ്ഞപ്പോൾ രണ്ടാം ക്‌ളാസിൽ ഇരിക്കുന്ന എന്നെ കണ്ടു. ഞാൻ ചേട്ടന്റെ ക്‌ളാസിൽ ഇരിക്കാമെന്നായി. അതും സമ്മതിക്കപ്പെട്ടു.അടുത്ത ദിവസം സാർ ചൂരൽ വടിയുമായി വന്നു പറഞ്ഞു ഇന്ന് നീ നിന്റെ ക്‌ളാസിൽ പോകണം. എന്തോ ഒരു എതിർപ്പും കാണിക്കാതെ ഒന്നാം ക്‌ളാസ്സിലേക്ക് പോയി. അവൾ മുകളിൽ നിന്നും താഴോട്ടാണ് പഠിച്ചതെന്ന് എല്ലാവരും അന്ന് പറഞ്ഞിരുന്നു.
ഇതെഴുതുമ്പോൾ ഒരു ഓണക്കാലം ഓർമ്മയിൽ തെളിയുന്നു. ബാലാരിഷ്ടം ഉണ്ടാകുമെന്നു കണിയാൻ പറഞ്ഞത് ശരിയായ പോലെ അവളുടെ നാലാം വയസ്സ് മുതൽ കാലിലും നെഞ്ചിലും ഒരു മാതിരി ചിരങ്ങു വന്നു.അമ്മാവന്റെ വീട്ടിലെ കുടുംബവൈദ്യന്റെ ചികിത്സയാണു. അയാളുടെ തൈലം പുരട്ടി ധാരാളം ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കണം. അന്ന് രണ്ടാം ഓണമാണ്. മുത്തച്ഛൻ ഞങ്ങൾക്കൊപ്പം ഓണമുണ്ണാൻ എത്തിയിട്ടുണ്ട് . എനിക്ക് അസുഖങ്ങൾ ഇല്ലാത്തതിനാൽ എന്റെ കുളി കഴിഞ്ഞു പുത്തൻ ഉടുപ്പുകൾ ഇട്ട് നിൽക്കയാണ് ഞാൻ. കുളിപ്പിക്കുമ്പോൾ ചിരങ്ങുള്ള ഭാഗത്ത് വൈദ്യർ തന്നിട്ടുള്ള ഒരു ബ്രഷ് (ഏതോ ആയുർവേദ ചെടികളുടെ നാരൊക്കെ ചേർത്തതാണ്) കൊണ്ട് അമ്മ തേക്കുന്നത് ഭയന്ന് അവൾ പറമ്പിലേക്ക് ഓടിപോയി. ഉടുതുണിയില്ലാതെ ഓടി ഒരു വാഴയുടെ ചുവട്ടിൽ പോയി നിന്നു. മുത്തശ്ശൻ അവളെ അനുനയിപ്പിച്ച് കൊണ്ടുവരാൻ വേണ്ടി പോയി. മൂപ്പർക്ക് കണ്ണിനു കാഴ്ച്ചശക്തി കുറവാണ്. ഉണങ്ങിയ വാഴയിലകൾ തൂങ്ങി കിടക്കുന്നതിനാൽ അവളെ വ്യക്തമായി മുത്തശ്ശന് കാണാൻ കഴിയുന്നില്ല. അദ്ദേഹം മോളു, എന്നൊക്കെ വാത്സല്യപൂർവ്വം വിളിച്ച് അതിനു ചുറ്റിലും നടക്കുന്നുണ്ട്. അവൾ മുത്തച്ഛന്റെ നേരെ മുന്നിലാണ് നിൽക്കുന്നത്. വാഴയിലകൾ തൂങ്ങി കിടക്കുന്നതിനാൽ മുത്തച്ഛൻ കാണുന്നില്ല. 'അമ്മ വിളിച്ചു പറഞ്ഞു. അച്ഛാ അവൾ അച്ഛന്റെ മുന്നിൽ നിൽക്കുന്നുണ്ട്.അതൊക്കെ കേട്ട് അവൾ ചിരിച്ചു നിൽക്കെയാണ്. കുറേശ്ശേ മഴച്ചാറ്റലുമുണ്ട്. അമ്മ വിളിച്ചുപറഞ്ഞത് കേട്ട് മുത്തച്ഛൻ വാഴകൈ മാറ്റിയപ്പോൾ അവൾ ഓടി.
വേദനിപ്പിക്കാതെ മുത്തശ്ശൻ കുളിപ്പിക്കാമെന്ന കരാറിൽ അവൾ വന്നു കുളി പൂർത്തിയാക്കി. മുത്തശ്ശൻ വന്നില്ലായിരുന്നെങ്കിൽ അമ്മയുടെ കയ്യിൽ നിന്നും നല്ല അടി വാങ്ങി ഓണം കരഞ്ഞും സങ്കടപ്പെട്ടും അലങ്കോലമായേനെ എന്ന് അവൾ മുതിർന്നപ്പോൾ അമ്മാവന്റെ വീട്ടിലുള്ളവർ പറയാറുണ്ട്.
മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നുവെന്ന പാട്ടു കേൾക്കുമ്പോൾ അവൾ പറഞ്ഞിരുന്നത് ചന്ദ്രികയല്ല രാഗിണി (അവൾ) വന്നുവെന്നാണ്. അവളുടെ പിറന്നാൾ ധനുമാസത്തിൽ വരുന്നു എന്നതിന്റെ സൂചനയാണത്. അവൾക്ക് കുറേശ്ശേ കവിതയുടെ അസ്കത ഉണ്ടായിരുന്നതുകൊണ്ട് ചില കാര്യങ്ങൾ അങ്ങനെയൊക്കെയാണ് പറയാറുള്ളത്. പിന്നെ രാഗിണി എന്നത് ഭാരതീയ ശാസ്ത്രീയ സംഗീതത്തിലെ രാഗത്തിന്റെ സ്ത്രീലിംഗ രൂപമാണ്. കൂടാതെ ധനുമാസം എന്ന മാസത്തിന്റെ രാഗം ഖരഹരപ്രിയയാണ്. ധനുമാസത്തിലെ തിരുവാതിര ശിവന്റെ ജന്മനാളായി കരുതപ്പെടുന്നു. ഹരപ്രിയ ശിവന് പ്രിയപ്പെട്ടവൾ എന്നർത്ഥത്തിലാണ് ആ രാഗം ഉണ്ടാകുന്നത്. അങ്ങനെ ചിന്തിക്കുമ്പോൾ ധനുമാസരാഗിണി വന്നുവെന്ന അവളുടെ വാദം ശരിയാണ്. കവിതയോടുള്ള ആവേശം മൂലം വീടിനടുത്തുള്ള കുഞ്ഞുണ്ണി മാഷേ പോയി കാണുന്നതും ഒരു പതിവായിരുന്നു. ഒരു മഴക്കാലത്ത് കുഞ്ഞുണ്ണിമാഷിനെ കാണാൻ പോയി അവിടെ വച്ച് മഴ വരികയും വീട്ടിലേക്ക് തിരിച്ചുപോകാൻ കഴിയാതെ അവിടെ ഇരുന്നതും കുട കൈയിൽ കരുതണമെന്ന കുഞ്ഞുണ്ണിമാഷുടെ ഉപദേശവും വച്ച് "കുട വേണം" എന്നൊരു കവിത എഴുതുകയുണ്ടായി. എഴുതിയ കവിതകൾ സമാഹരിച്ച് "കവിതകൾ" എന്ന ഒരു കാവ്യസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു.
മൂന്നു വർഷങ്ങൾക്ക് മുമ്പ് ധനുമാസ ചന്ദ്രിക വന്നപ്പോൾ മുറ്റത്തെ തൈമാവ് തളിർക്കാൻ തുടങ്ങിയപ്പോൾ അവൾ പോയി. ബാല്യ-കൗമാര കാലങ്ങളിൽ അമ്മാവന്റെ വീട്ടിൽ ഒത്തുകൂടുന്ന പ്രിയപ്പെട്ടവരുടെ സദസ്സിലേക്ക് ഒരു മാന്തളിർ പൊട്ടിച്ചുകൊണ്ടുവന്നു അൽപ്പം ലജ്ജയോടെ ശരിക്കും എനിക്ക് ഈ നിറമാണോ എന്ന് ചോദിച്ചിരുന്ന പാവാടക്കാരി വിവാഹിതയും അമ്മയുമായപ്പോൾ അതെല്ലാം മറന്നു. ഞങ്ങൾ ഓർമ്മിപ്പിക്കുമ്പോൾ വളരെ സന്തോഷിക്കാറുണ്ടായിരുന്നു. നമ്മളിൽ പലരുടെയും വിശ്വാസമനുസരിച്ച് നിറങ്ങളും ഭംഗിയുമൊന്നും നോക്കാത്ത ഒരു ലോകത്ത് അവിടെ എത്തിച്ചേർന്നിട്ടുള്ള പ്രിയപ്പെട്ടവരുമായി ശാന്തിയോടെ അവൾ കഴിയുന്നുണ്ടായിരിക്കുമെന്നു ആശ്വസിക്കാം. എഴുതിയാൽ തീരാത്ത കഥകളുമായി ഞങ്ങൾ പ്രിയപ്പെട്ടവർ മുന്നോട്ടുള്ള പ്രയാണത്തിലാണ്. മകരം വരും, മാവുകൾ പൂക്കും. കുയിലുകൾ ഒരു പക്ഷെ അവളെക്കുറിച്ച് മാവിൻ ചില്ലയിലിരുന്നു പാടും. കുട്ടി നിനക്ക് കറുപ്പ് കലർന്ന ഇരുനിറമല്ല. നിനക്ക് മാന്തളിർ നിറമാണ്.
ശുഭം