
അദ്ധ്യായം-6
ഒരു സന്ധ്യാനേരം. വണ്ടി അല്പം ലേറ്റായതിനാല്‍ തെല്ലു വൈകിയാണ് ഉഷ അന്നു പട്ടണത്തിലെത്തിയത്. കോളേജുഹോസ്റ്റലിനെ ലക്ഷ്യമാക്കി അവള്‍ ധൃതഗതിയില്‍ നടക്കുകയാണ്.
ആളൊഴിഞ്ഞ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ പെട്ടെന്ന് ഒരു കാര്‍ അവളുടെ അടുത്തു വന്നു നിന്നു. അജ്ഞാതരായ മൂന്നാലു ചെറുപ്പക്കാര്‍ ആ വാഹനത്തില്‍ നിന്നും ചാടിയിറങ്ങി.
അവര്‍ അവളെ ബലമായി എടുത്തു കാറില്‍ കയറ്റി. പിന്നീട് അജ്ഞാതമായ ഒരു സ്ഥലത്തേക്ക് ആ വാഹനം പാഞ്ഞുപോയി. അവിടെയെത്തിയതും അവര്‍ അവളുടെ ഉടയാടകള്‍ ബലമായി അഴിച്ചുമാറ്റി. അവള്‍ നിലവിളിച്ചിട്ടും അവര്‍ ഉഷയെ വസ്ത്രാക്ഷേപം നടത്തി.
പിന്നെ പുറത്തു കാത്തിരുന്ന ചെറുപ്പക്കാരും അകത്തുവന്നു. അവരും ഒന്നിനുപുറകെ ഒന്നൊന്നായി അവളെ ആസ്വദിച്ചു!
-അതു ഷേര്‍ളിയുടെ സാങ്കല്പിക കഥയായിരുന്നു. അതുപറഞ്ഞിട്ട് അവള്‍ തിരക്കി 'പറയൂ അതല്ലേ സത്യം?'
''സ്വന്തം ഇഷ്ടത്താലോ ബലമായോ ഒരു പുരുഷനും എന്നെ പ്രാപിച്ചിട്ടില്ല. ഇതു സത്യം സത്യം സത്യം!'' ഉഷ പറഞ്ഞു.
പിന്നെ ഷേര്‍ളി ഒന്നും ചോദിച്ചില്ല. ഏതാനും ദിവസങ്ങള്‍കൊണ്ട് ഉഷയുടെ മനസ്സു മാറുമെന്നും അപ്പോള്‍ സത്യം പുറത്തുവരുമെന്നും അവള്‍ ന്യായമായും പ്രതീക്ഷിച്ചു.
''ഉഷേ നീ ഇത്രയ്ക്കു ഭീരുവാകാതെ. എല്ലാത്തിനും വ്യക്തമായ പരിഹാരം ഞാന്‍ നിര്‍ദ്ദേശിക്കാം.'' ഷേര്‍ളി പറഞ്ഞു.
അന്നു വൈകുന്നേരം ഫിലിപ്പ് ബാങ്കില്‍നിന്നും വന്നപ്പോള്‍ ഷേര്‍ളിയെ രഹസ്യമായി മാറ്റി നിറുത്തി തിരക്കി.
''എന്താണു നിന്റെ കൂട്ടുകാരിയുടെ പ്രശ്‌നങ്ങള്‍?''
അവള്‍ ഉഷ പറഞ്ഞ വിവരങ്ങളത്രയും അവനെ ധരിപ്പിച്ചു. ഫിലിപ്പ് അതുകേട്ട് പൊട്ടിച്ചിരിച്ചതേയുള്ളൂ.
''മിണ്ടാപ്പൂച്ച കലമുടയ്ക്കുമെന്നു കേട്ടിട്ടില്ലേ? അതുതന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. തന്റെ രഹസ്യം പുറത്തായപ്പോള്‍ അത് അപമാനമാകുമോയെന്നു കരുതിയാണ്, ഇപ്പോള്‍ ഭൂലോകത്ത് ഒരാള്‍പ്പോലും വിശ്വസിക്കാത്ത ഈ കെട്ടുകഥയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.''
തന്റെ കൂട്ടുകാരിയുടെ വാക്കുകളേക്കാള്‍ ഭര്‍ത്താവിന്റെ നിഗമനമാണ് കൂടുതല്‍ വിശ്വസനീയമായി ഷേര്‍ളിക്കും തോന്നിയത്.
''വരട്ടെ ഏതാനും ദിവസങ്ങള്‍ നിന്നോടൊത്തു കഴിയുമ്പോള്‍ രഹസ്യങ്ങള്‍ ഓരോന്നായി പുറത്തുവരും. അതുവരെ കാത്തിരിക്കാം'' ഫിലിപ്പ് പറഞ്ഞു.
പക്ഷെ ഫിലിപ്പിന്റെ ആ വിശ്വാസം അസ്ഥാനത്തായിരുന്നു. ഒരാഴ്ചയല്ല, ഒരു മാസം അവിടെ കഴിഞ്ഞിട്ടും നേരത്തെ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ഒരു വാക്കുപോലും ഉഷയില്‍ നിന്നും പുറത്തു വന്നില്ല. ഒരു പുരുഷനും തന്നിലേയ്ക്കു കടന്നു വന്നിട്ടില്ലെന്ന് അവള്‍ ആണയിട്ടു പറഞ്ഞു.
താന്‍ ആ വീട്ടില്‍ ഒരധികപ്പറ്റാണെന്ന് ഉഷയ്ക്കും തോന്നിത്തുടങ്ങി. തന്റെ കൂട്ടുകാരിക്കും ഭര്‍ത്താവിനും താനൊരു ശല്യമായികൂടാ.
''എന്നെ ഇനിയും ഇവിടെനിന്നും പോകുവാന്‍ അനുവദിക്കണം. എന്നും നിങ്ങള്‍ക്കൊരു ഭാരമായി ഇവിടെ താമസിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' ഒരു ദിവസം ഉഷ സ്‌നേഹിതയോടു പറഞ്ഞു.
''ഇവിടെനിന്നും നീ എവിടേയ്ക്കു പോകും?''
''മരിക്കാനാണെന്നു ഷേര്‍ളി കരുതുന്നുണ്ടാവും. ഇല്ല ആത്മഹത്യ ചെയ്യാന്‍ എനിക്കു ഭയമാണ്. ഞാന്‍ എന്തെങ്കിലും ഒരു ജോലി തേടിപ്പിടിച്ച് സ്വന്തം കാലില്‍ നിന്നു ജീവിക്കുവാന്‍ ശ്രമിക്കും.''
''നല്ല ആശയമാണ്. പക്ഷെ നീ പറഞ്ഞ മാതിരി സ്വയം തൊഴില്‍ തേടി നടക്കുന്ന യുവതികള്‍ ഒടുവില്‍ എത്തിച്ചേരുന്നത് ചുവന്ന തെരുവിലാണ്. എന്താ സത്യമല്ലേ?''
അവള്‍ പൊട്ടെന്നു മറുപടിയൊന്നും പറഞ്ഞില്ല. ഷേര്‍ളി പറയുന്നതില്‍ അല്പം കാര്യമുണ്ടെന്ന് അവള്‍ക്കും അറിയാമായിരുന്നു.
അന്നു വൈകുന്നേരം ഫിലിപ്പ് എത്തിയപ്പോള്‍ ആ വിഷയം വീണ്ടും സംസാരവിഷയമായി.
''ഫിലിപ്പിന് ധാരാളം ഫ്രണ്‍സില്ലേ. അവരോടാരൊടെങ്കിലും പറഞ്ഞ് ഉഷയ്ക്ക് ഒരു ജോലി വാങ്ങിക്കൊടുക്കുവാന്‍ ശ്രമിക്കൂ!'' ഷേര്‍ളി പറഞ്ഞു.
'ഞാന്‍ ശ്രമിക്കാം. പക്ഷെ ധൃതിവയ്ക്കരുത്' അവന്‍ പറഞ്ഞു.
വീണ്ടും തനിച്ചായപ്പോള്‍ ഷേര്‍ളി കൂട്ടുകാരിയോടു പറഞ്ഞു - 'നിനക്കിപ്പോള്‍ രണ്ടുമാസത്തെ ഗര്‍ഭമല്ലെ ആയുള്ളൂ. അതിന്റെ അച്ഛനാരെന്ന് അറിയില്ലെന്നും പറയുന്നു. ആ നിലയ്ക്ക് അതു നശിപ്പിച്ചു കളയുന്നതാവും ഭാവിക്കു നന്ന്.'
''ഇല്ല, ഒരിക്കലും ഞാനതിനു സമ്മതിക്കില്ല ഷേര്‍ളീ. എന്റെ ഗര്‍ഭത്തില്‍ എങ്ങനെയോ കടന്നുകൂടിയ ആ കുട്ടി ഈ മണ്ണില്‍ പിറന്നു വീഴണം. അപ്പോഴെങ്കിലും ആ അത്ഭുതപിറവിയുടെ ചുരുളഴിക്കുവാന്‍ കഴിഞ്ഞാല്‍ ഞാന്‍ കൃതാര്‍ത്ഥയായി.''
''എല്ലാം നിന്റെ ഇഷ്ടംപോലെ.'' ഷേര്‍ളി ആ വിഷയം അവിടം കൊണ്ടവസാനിപ്പിച്ചു.
ഏതാനും ദിവസങ്ങള്‍ സംഭവരഹിതമായി കടന്നു പോയി. അന്നൊരുനാള്‍ ഫിലിപ്പ് സന്തോഷ വാര്‍ത്തയുമായി എത്തി...
'ഉഷയ്ക്ക് ഒരു ജോലി സംഘടിപ്പിച്ചു!'
''സത്യമോ!'' ഉഷയും ഷേര്‍ളിയും ഒരുപോലെ സന്തുഷ്ടരായി.
തലസ്ഥാനനഗരിയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാരലല്‍ കോളേജില്‍ അദ്ധ്യാപികയായിട്ടാണ് അവള്‍ക്കു ജോലി ലഭിച്ചത്. അതിന്റെ പ്രിന്‍സിപ്പല്‍ ഫിലിപ്പിന്റെ ഒരു സുഹൃത്തായിരുന്നു.
''രണ്ടു ദിവസത്തിനുശേഷം അവിടെ പോയി ജോലിയില്‍ പ്രവേശിക്കുവാന്‍ തയ്യാറായിക്കൊള്ളുക'' ഫിലിപ്പ് പറഞ്ഞു. ''ഇനി മറ്റൊന്ന് - ഉഷ ഭര്‍ത്താവു മരിച്ച ഒരു സ്ത്രീയാണെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അവിടെ എല്ലാവരോടും അപ്രകാരം പറയുന്നതാവും കൂടുതല്‍ വിശ്വസനീയവും അന്തസ്സും.''
ഉഷയ്ക്കു തലസ്ഥാനത്തേയ്ക്ക് പോകേണ്ട ദിവസം ഫിലിപ്പ് ബാങ്കില്‍ നിന്ന് ലീവെടുത്തു. അവനും ഷേര്‍ളിയും ഉഷയോടൊപ്പം തീവണ്ടിമാര്‍ഗ്ഗം അവിടേയ്ക്കു തിരിച്ചു.
നഗരത്തിലെ ഒരു ഭേദപ്പെട്ട വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ ഉഷയ്ക്കു താമസിക്കുന്നതിന് ഫിലിപ്പ് ഏര്‍പ്പാട് ചെയ്തു കൊടുത്തു. അനന്തരം പാരലല്‍ കോളേജില്‍ പോയി പ്രിന്‍സിപ്പലിനെ പരിചയപ്പെടുത്തി.
''ഇന്നു യാത്രാക്ഷീണമൊക്കെ കാണുമല്ലോ. നാളെ രാവിലെ തന്നെ ഉഷ ഇവിടെ വന്ന് ചാര്‍ജെടുക്കുക.'' അദ്ദേഹം അറിയിച്ചു.
ഓട്ടോറിക്ഷയില്‍ ഉഷയെ തിരികെ ഹോസ്റ്റലില്‍ എത്തിച്ചിട്ടാണ് ഫിലിപ്പും ഷേര്‍ളിയും നാട്ടിലേയ്ക്കു മടങ്ങിയത്.
പിറ്റേന്ന് ഒന്‍പതു മണിക്കുതന്നെ അവള്‍ കോളേജിലെത്തി. അദ്ധ്യാപന ജോലിയില്‍ മുന്‍പരിചയമില്ല. എങ്കിലും മനസ്സിനിണങ്ങിയ ഒരു തൊഴിലാണത്. കഴിഞ്ഞ രാത്രിയില്‍ ഹോസ്റ്റലിലെ അന്തേവാസിനിയായ ഒരു അദ്ധ്യാപികയുടെ സഹായത്തോടെ പാഠഭാഗങ്ങള്‍ കുറെ മനസ്സിലാക്കിയിരുന്നു.
എങ്കിലും ആദ്യമായി വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളെ അഭിമുഖീകരിക്കുമ്പോള്‍ മനസ്സില്‍ ഭയപ്പാടുണ്ടായിരുന്നു. ഒടുവില്‍ ഒരു വിധത്തില്‍ എല്ലാം ഭംഗിയായി ഒപ്പിച്ചുമാറ്റി. ഉച്ചയ്ക്കുശേഷം ഹോസ്റ്റലില്‍ തിരിച്ചെത്തി കഴിഞ്ഞ നിമിഷങ്ങളിലേയ്ക്കു തിരിഞ്ഞു നോക്കിയപ്പോള്‍ ആത്മസംതൃപ്തി.
ഒന്നു രണ്ടു ദിവസങ്ങള്‍കൊണ്ട് ഹോസ്റ്റലിലെ മറ്റ് അന്തേവാസികളുമായി അവള്‍ക്ക് നല്ല പരിചയമായി. നളിനി, വത്സലാമേനോന്‍, വിലാസിനി, ലില്ലി, സുമതി അങ്ങനെ എത്രയോപേര്‍. പട്ടണത്തിലെ വിവിധ സ്ഥാപനങ്ങളില്‍ പല തരത്തിലുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍. അദ്ധ്യാപികമാര്‍, നഴ്‌സുമാര്‍, ക്‌ളാര്‍ക്കുമാര്‍, വിദ്യാര്‍ത്ഥിനികള്‍ തുടങ്ങി എല്ലാത്തരക്കാരും.
സുമതിയുമായി അവള്‍ കൂടുതലടുത്തു. നഗരത്തിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്‌സാണവര്‍. സുന്ദരിയായ ഒരു യുവതി. ഒരു കുട്ടിയുടെ അമ്മ. എങ്കിലും ഭര്‍ത്താവിനാല്‍ അവള്‍ ഉപേക്ഷിക്കപ്പെട്ടു. എന്തോ തെറ്റിദ്ധാരണയാണത്രെ കാരണം.
വിധവയായിട്ടാണ് താന്‍ അറിയപ്പെടുന്നതെങ്കിലും താനും ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവളാണ്. അതാവാം സുമതിയുമായി കൂടുതല്‍ മാനസികമായി അടുപ്പം തോന്നുവാനുള്ള കാരണമെന്ന് ഉഷയ്ക്കുതോന്നി.
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ഉഷ ഏകയായി തന്റെ മുറിയിലിരുന്ന് ഒരു 'മ' വാരിക വായിക്കുകയായിരുന്നു. അപ്പോഴാണ് വാര്‍ഡന്‍ വന്നറിയിച്ചത് ആരോ കാണാന്‍ വന്നിരിക്കുന്നുവെന്ന്.
ഉഷ ആകാംഷയോട് താഴേയ്ക്കു ചെന്നു. അവള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അതിഥികളായിരുന്നു അവര്‍.
അച്ഛനും അമ്മയും.
അതെ എല്ലാ തെറ്റുകള്‍ക്കും മാപ്പു നല്‍കുന്ന കോടതി.
ഉഷ തലയും കുമ്പിട്ട് കണ്ണീരോടെ അവരുടെ മുന്നില്‍ ഇരുന്നു.
താനാണ് അപരാധി. പെറ്റതള്ളയോട് ഒരു വാക്കു ഉരിയാടാതെ, കഷ്ടപ്പെട്ടു വളര്‍ത്തിയ അച്ഛനോട് ഒന്നും പറയാതെ നാടുവിട്ടു. അവര്‍ എത്രമാത്രം തീ തിന്നിരിക്കണം. പലയിടത്തും തിരഞ്ഞു. ഒരു വിവരവും കിട്ടിയില്ല. മകള്‍ മരിച്ചുവെന്നു തന്നെ അവര്‍ തീര്‍ച്ചപ്പെടുത്തി.
അങ്ങനെയിരിക്കെയാണ് കഴിഞ്ഞദിവസം അപ്രതീക്ഷിതമായി ഷേര്‍ളിയെ കണ്ടുമുട്ടിയത്. ഉഷയുടെ അന്തര്‍ദാനവും സംസാരവിഷയമായി.
''ഉഷ മരിച്ചിട്ടില്ല. അവള്‍ ജീവിച്ചിരിക്കുന്നു. അതു നിങ്ങള്‍ അറിഞ്ഞില്ലേ?'' ഷേര്‍ളി അത്ഭുതപ്പെട്ടു.
'ഷേര്‍ളി ഇതു സത്യമോ?' ഭാസ്‌ക്കരക്കുറുപ്പ് വര്‍ദ്ധിച്ച വിസ്മയത്തോടെ തിരക്കി.
ഷേര്‍ളി സ്‌നേഹിതയെ റെയില്‍വേസ്റ്റേഷനില്‍ വച്ചു കണ്ടുമുട്ടിയതു മുതല്‍ ഹോസ്റ്റലില്‍ കൊണ്ടുപോയി എത്തിച്ചതുവരെയുള്ള സംഭവങ്ങള്‍ അവരോടു വിവരിച്ചു പറഞ്ഞു.
അങ്ങനെയാണ് അഛനുമമ്മയും ഇപ്പോള്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്.
'സംഭവിച്ചതൊക്കെ സംഭവിച്ചു. ഇനി അതോര്‍ത്തു വിഷമിച്ചിട്ടു കാര്യമില്ല. നീ ഇന്നു തന്നെ ജോലി രാജിവച്ചിട്ട് ഞങ്ങളോടൊപ്പം വരണം' ഭാസ്‌ക്കരക്കുറുപ്പു പറഞ്ഞു.
'ഇല്ലച്ഛാ അതു സാദ്ധ്യമല്ല. വീട്ടില്‍ വന്നാല്‍ ഞാന്‍ അപമാനിതയാകും. നാട്ടുകാരുടെ പരിഹാസ ശരങ്ങളേറ്റ് എനിക്കു പുറത്തേക്കിറങ്ങുവാന്‍ സാധിക്കില്ല. നീറുന്ന ഓര്‍മ്മകളുമായി ആ വീട്ടിനുള്ളില്‍ കഴിയുന്നതിലും ഭേദം ഇവിടെ താമസിക്കുന്നതു തന്നെ.' ഉഷ പറഞ്ഞു.
അയാള്‍ ഒന്നും പറഞ്ഞില്ല. അവള്‍ പറയുന്നതിലും ന്യായമുണ്ടെന്നു തോന്നി.
''ഈ പട്ടണത്തില്‍ എന്റെ പൂര്‍വ്വചരിത്രം അറിയാവുന്നവര്‍ ആരുമില്ല. ഭര്‍ത്താവും മരിച്ച ഒരു സ്ത്രീയായിട്ടാണ് ഞാന്‍ ഇവിടെ അറിയപ്പെടുന്നത്. ആ രീതിയില്‍ ഞാനിവിടെ തുടര്‍ന്നു ജീവിച്ചുകൊള്ളാം.''
'മോളെ അങ്ങനെ എത്രനാള്‍?'
'എന്നെങ്കിലും എന്റെ നിരപരാധിത്വം തെളിയിക്കുവാന്‍ കഴിയുവോളം കാലം.'
അമ്മ നെടുവീര്‍പ്പിട്ടു.
''ഉടനെ നാട്ടില്‍ വരാന്‍ മടിയാണെങ്കില്‍ വേണ്ട. എല്ലാ വിവരത്തിനും തുടര്‍ച്ചയായി ഫോണ്‍ വിളിച്ചുകൊണ്ടിരിക്കണം'' അമ്മ പറഞ്ഞു ''ഞങ്ങള്‍ സമയം കിട്ടുമ്പോഴെല്ലാം നിന്നെ ഇവിടെയ്ക്കു വന്നു കണ്ടുകൊള്ളാം.''
ഒടുവില്‍ നിറകണ്ണുകളോടെ അവര്‍ ഇരുവരും യാത്രപറഞ്ഞു പിരിഞ്ഞു.
അവള്‍ സുമതിയോടൊപ്പം നഗരത്തിലെ പ്രശസ്തമായ ഒരു പ്രൈവറ്റ് നഴ്‌സിംഗ് ഹോമില്‍ പോയി സുമതിയും അവിടെതന്നെയാണ് ജോലി ചെയ്യുന്നത്.
സമര്‍ത്ഥയായ ഒരു ഗൈനോക്കോളജിസ്റ്റ് എന്നു പേരെടുത്തിട്ടുള്ള സുഭദ്രാനായര്‍ ആയിരുന്നു ഡോക്ടര്‍. അവര്‍ ഉഷയെ പരിശോധിച്ചു. അസാധാരണമായി ഒന്നും കണ്ടില്ല.
പുരുഷ സംസര്‍ഗ്ഗം കൂടാതെയാണ് തന്റെ ഉദരത്തില്‍ ഒരു ശിശു വളര്‍ന്നു തുടങ്ങിയിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം അവള്‍ ഡോക്ടറില്‍ നിന്നു മറച്ചുവച്ചു. ഡോക്ടറും അതു വിശ്വസിക്കില്ലെന്ന് അവള്‍ക്കു നല്ല ഉറപ്പുണ്ടായിരുന്നു.
ഡോ. സുഭദ്ര ചില വിറ്റാമിന്‍ഗുളികകള്‍ക്കും ടോണിക്കിനും കുറിച്ചു കൊടുത്തു.
പ്രതീക്ഷിക്കാതിരിക്കെ ഒരു ദിവസം ഷേര്‍ളി വന്നു. അവളെ കണ്ടപ്പോള്‍ ഉഷയുടെ കണ്ണുകള്‍ ആനന്ദാതിരേകത്താല്‍ നിറഞ്ഞു.
''ഷേര്‍ളീ നീ തനിച്ചേ ഉള്ളോ?''
''ഫിലിപ്പിനു ലീവു കുറവാണ്. ഞാന്‍ തനിച്ചു പോന്നു. നാലു മണിക്കത്തെ ട്രെയിന് എനിക്കു മടങ്ങിപ്പോകണം.'' അവള്‍ ഉഷയോടൊപ്പം കിടക്കയില്‍ ഇരുന്നു. ''പറയൂ. എന്തൊക്കെയുണ്ട് വിശേഷം?''
''വിശേഷം നിനക്കും ഉണ്ടല്ലോ.'' അവള്‍ ഷേര്‍ളിയുടെ തടിച്ചുവരുന്ന അടിവയറ്റില്‍ കണ്ണുനട്ടുകൊണ്ട് ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
''പക്ഷെ ഇതു നിന്റേതു മാതിരി അത്ഭുതസൃഷ്ടിയൊന്നുമല്ല; ഫിലിപ്പിന്റെ സൃഷ്ടിയാണ്'' അവള്‍ ചിരിച്ചു.
കൂട്ടുകാരിയുടെ തമാശകേട്ടപ്പോള്‍ അവളുടെ മുഖം വാടി.
''അതിരിക്കട്ടെ നിന്റെ ഡേറ്റ് എന്നാണ്?''
ഷേര്‍ളി തിരക്കി.
ഉഷ ഡോക്ടര്‍ പറഞ്ഞുകൊടുത്ത പ്രസവത്തീയതി പറഞ്ഞു.
''അപ്പോള്‍ നമുക്കു തമ്മില്‍ ഏതാണ്ട് ഒരു മാസത്തെ വ്യത്യാസമേയുള്ളൂ.'' ഷേര്‍ളി പറഞ്ഞു. ''ഹോസ്പിറ്റലില്‍ അഡ്മിറ്റു ചെയ്യുമ്പോള്‍ എന്നെ അറിയിക്കണം. ഞാന്‍ വരും. ഇനി അന്നത്തേയ്ക്കു വരൂ.''
ഏറെ നേരം പലതും പറഞ്ഞിരുന്നശേഷം നാലുമണിയായപ്പോള്‍ ഷേര്‍ളി യാത്രയായി. അവളെ യാത്രയയ്ക്കുവാന്‍ ഉഷയും റെയില്‍വേ സ്റ്റേഷനില്‍ പോയി.
ദിവസങ്ങള്‍ കഴിഞ്ഞു.
ഉഷയുടെ ഉദരം ഒന്നിനൊന്നു തടിച്ചു വന്നു. അതിനുള്ളില്‍ ഒരു ശിശുവിന്റെ ചലനം അവള്‍ മനസ്സിലാക്കി. മറ്റെതൊരു സ്ത്രീക്കും അപ്പോള്‍ രോമാഞ്ചമുണ്ടാകേണ്ടതാണ്. എന്നാല്‍ ഉഷയ്ക്ക് ആ സമയം നടുക്കമാണ് ഉണ്ടാവുക.
ഡോ. സുഭദ്രയെ മാസംതോറും ചെന്നുകണ്ട് അവള്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു.
അസാധാരണമായി ഒന്നുമില്ല, ഒരു ശിശു വളര്‍ന്നു വരികയാണ്.
ഒരിക്കല്‍ അമ്മ പറഞ്ഞു.
''മോളെ, അടുത്തുമാസം നിന്റെ പ്രസവം നടക്കും അത് നമ്മുടെ നാട്ടില്‍ വച്ചാകുന്നതല്ലെ സൗകര്യം?''
''അമ്മ അക്കാര്യത്തില്‍ മാത്രം എന്നെ നിര്‍ബ്ബന്ധിക്കരുത്.'' ഉഷ പറഞ്ഞു.
പിന്നെ അവര്‍ നിര്‍ബ്ബന്ധിച്ചില്ല. കാരണം അവരുടേത് ഔപചാരികമായ ഒരു ചോദ്യം മാത്രമായിരുന്നു.
എങ്കിലും ഉഷയുടെ പ്രസവത്തീയതിക്ക് ഒരാഴ്ച മുമ്പ് ഭാസ്‌ക്കരക്കുറുപ്പും വാസന്തിയമ്മയും കൂടിവന്നു.
ഭാസ്‌ക്കരക്കുറുപ്പ് അവള്‍ക്കു താമസിക്കുവാന്‍ അവിടെ ഒരു ചെറിയ വീട് വാടകയ്‌ക്കെടുത്തു. ഉഷ എതിര്‍ത്തില്ല. പ്രവസത്തിനുശേഷം ഹോസ്റ്റലിലെ താമസം തനിക്കും ഹോസ്റ്റല്‍ അധികൃതര്‍ക്കും ഒരുപോലെ അസൗകര്യം സൃഷ്ടിക്കുമെന്ന് അവള്‍ക്കു നേരത്തെ സംശയമുണ്ടായിരുന്നു. അതിനാല്‍ താമസസ്ഥലം മാറുന്നതിനെക്കുറിച്ച് അവളും ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു.
അന്നു തന്നെ ഉഷ തന്റെ താമസം ആ കൊച്ചു വാടകവീട്ടിലേയ്ക്കു മാറ്റി.
'ഇനി ഒരു മാസം അമ്മയും നിന്നോടൊപ്പമാണ് താമസം.' ഭാസ്‌ക്കരക്കുറുപ്പു പറഞ്ഞു.
'വാസന്തീ എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ ഉടനെ വിളിക്കണം.' പോകാന്‍ നേരം അയാള്‍ പറഞ്ഞു.
പ്രസവത്തീയതി അടുത്തുവരുംതോറും ഉഷയുടെ ഉല്‍ക്കണ്ഠ വര്‍ദ്ധിച്ചു വന്നു.
എല്ലാ സ്ത്രീകളും പ്രസവത്തെ - പ്രത്യേകിച്ചും ആദ്യ പ്രസവത്തെ - ഭയാശങ്കളോടെയാണ് നോക്കി കാണുന്നത്. എന്നാല്‍ താന്‍ പുരുഷസംസര്‍ഗ്ഗമില്ലാതെ അസാധാരണമായ രീതിയിലാണ് ഗര്‍ഭവതിയായിരിക്കുന്നത്. തന്റെ പ്രസവത്തിലും അസാധാരണമായി എന്തെങ്കിലും സംഭവിക്കുമോ? ഒരു സ്വാഭാവിക പ്രസവം ആയിരിക്കുമോ തന്റേത്? തന്നില്‍ നിന്നും ജന്മമെടുക്കുന്നത് മനുഷ്യശിശു തന്നെ ആയിരിക്കുമോ? ഈ വിധത്തില്‍ നൂറുനൂറ് ആശങ്കകള്‍ അവളെ ഉല്‍ക്കണ്ഠാകുലയാക്കി.
അന്നൊരു ഞായാറാഴ്ച. പ്രസവവേദന അനുഭവിപ്പെട്ടു തുടങ്ങിയപ്പോള്‍ ഉഷയെ ഡോ. സുഭദ്രയുടെ ഹോസ്പിറ്റലില്‍ അഡ്മിറ്റു ചെയ്തു. രാത്രി പന്ത്രണ്ടു മണിക്ക് അവള്‍ പ്രസവിച്ചു.
Read More: https://www.emalayalee.com/writer/304