
ഹൈജംപില്‍ 'സിസര്‍കട്ട്' എന്ന പ്രാചീന ശൈലി പതിനാറു വയസ് വരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമാക്കിയത് ഇന്ത്യയില്‍ മാത്രമാകാം. ജൂനിയര്‍ താരങ്ങള്‍ക്ക് അധ്വാനം കുറയ്ക്കാനും പരുക്കേല്‍ക്കാതിരിക്കാനുമെന്നൊക്കെ വിദഗ്ദ്ധർ പറയും. ഇന്ത്യയിലെ ഈ വിദഗ്ദ്ധര്‍ ഓര്‍ക്കണം 'യൂത്ത് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത് 15 മുതല്‍ 18 വരെ പ്രായക്കാരാണ്. അവിടെ ഈ പുരാതനശൈലിയില്‍ ചാടിയാല്‍ മെഡല്‍ കിട്ടുമോ?' മുന്‍ ഇന്ത്യന്‍ സ്പ്രിന്റര്‍ റോയ് വര്‍ഗീസ് ചോദിക്കുന്നു. അടുത്തിടെ യൂറോപ്പില്‍ ബാലതാരങ്ങളുടെ പരിശീലനം കണ്ട റോയ് നമ്മുടെ താരങ്ങള്‍ക്കായി പുത്തന്‍ ആശയങ്ങളുമായാണു മടങ്ങിയത്.

റോയ് വർഗീസ് യു എസിൽ നിന്നുള്ള ഫുഡ് സേഫ്റ്റി ചെയർമാൻ ഡേവിഡിനൊപ്പം.
താന്‍ പ്രസിഡന്റായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അത്‌ലറ്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷനിലൂടെ ബാലതാരങ്ങള്‍ക്ക് വിദേശ ശൈലിയിലെ പരിശീലന മുറകള്‍ പരിചയപ്പെടുത്താനാണ് റോയ് വര്‍ഗീസ് ഉദ്ദേശിക്കുന്നത്. ഒളിംപ്യന്‍ കെ.എം.ബിനുവാണ് സംഘടനയുടെ സെക്രട്ടറി. പോള്‍വോള്‍ട്ട് താരമായിരുന്ന മേജര്‍ രവി രക്ഷാധികാരിയും. ഇതിനൊപ്പം കായിക താരങ്ങളുടെ 'സ്‌പോര്‍ട്‌സ് ഈസ് മൈ ലൈഫ്' എന്ന സംഘടനയുടെ സഹായവും തേടാനാണ് ഉദ്ദേശം.

ഇന്ത്യയും യു.എസും യൂറോപ്യന്‍ യൂണിയനും സംയുക്തമായി ബ്രസ്സല്‍സില്‍ സംഘടിപ്പിച്ച സ്ട്രാറ്റജിക് ട്രേഡ് കണ്‍ട്രോള്‍ അഡ്വാന്‍സ്ഡ് ലൈസന്‍സിങ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്ത റോയ് വര്‍ഗീസ് യൂറോപ്പില്‍ ഏതാനും രാജ്യങ്ങള്‍ കൂടി സന്ദര്‍ശിച്ച് സ്‌പോര്‍ട്‌സ് പരിശീലനം കണ്ടാണു മടങ്ങിയത്. എട്ടംഗ ഇന്ത്യന്‍ സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷ്ണറായ റോയ് വര്‍ഗീസ്. ഒരു കാലത്ത് കേരളത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായിരുന്നു റോയ്.
വ്യാപാരമേഖല സുഗമമാക്കാനും ലിഖിത നിയമങ്ങള്‍ ലളിതമാക്കാനും ബ്രസ്സല്‍സ് യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു. കയറ്റുമതി-ഇറക്കുമതി രംഗത്തെ പ്രധാന കരാറുകള്‍ സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പ്രതിനിധകള്‍ ആശയങ്ങള്‍ പങ്കുവച്ചു. ഇതുപോലെ കായികപരിശീലന രംഗത്തും വിദേശരാജ്യങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നാണു റോയ് യുടെ പക്ഷം.

ഇന്ത്യൻ സംഘം ബ്രസ്സൽസിൽ
കുറ്റമറ്റരീതിയിലാണ് വിദേശരാജ്യങ്ങളില്‍ സ്റ്റേഡിയങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്. മുന്‍കൂട്ടി അനുമതി വാങ്ങാന്‍ സാധിക്കാഞ്ഞതിനാല്‍ പലയിടത്തും സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശനം നിഷേധിച്ചു. എന്നാല്‍ പരിശീലനം നടത്തുന്ന കുട്ടികളോട് സംസാരിക്കാന്‍ സാധിച്ചു. ഏതാനും ട്രയ്‌നിങ്ങ് കേന്ദ്രങ്ങളിലും പ്രവേശിക്കുവാന്‍ സാധിച്ചു. അതുതന്നെ ഭാഗ്യം.
റോയ്ക്കും ബിനുവിനുമൊക്കെ ഒപ്പം മറ്റ് ദേശീയ, രാജ്യാന്തര താരങ്ങള്‍ കൂടി അണിചേര്‍ന്നാല്‍ അത്‌ലറ്റിക്‌സില്‍ കേരളത്തിനു നഷ്ടമായ ആധിപത്യം വീണ്ടെടുക്കാന്‍ സാധിക്കും. സര്‍ക്കാരിനെ ആശ്രയിക്കാതെ സ്വകാര്യ സ്ഥാപനങ്ങളെ ഒപ്പം നിര്‍ത്തി കായിക വിപ്ലവം സാധ്യമാക്കാന്‍ കഴിയണം. ചുവപ്പു നാടകള്‍ തടസമാകില്ല. പുതിയ തലമുറയ്ക്കായി അനുഭവ സമ്പത്ത് പങ്കുവയ്ക്കാന്‍ തയ്യാറുള്ള ഒട്ടേറെ മുന്‍ താരങ്ങള്‍ കേരളത്തിലുണ്ട്. അവരൊക്കെ വീണ്ടും സജീവമാകട്ടെ. 2026ല്‍ പുത്തന്‍ കായികസംസ്‌കാരം കേരളത്തില്‍ ഉണ്ടാകട്ടെ.