Image

ദൈവം (കവിത : ജയൻ വർഗീസ്)

Published on 26 December, 2025
ദൈവം  (കവിത : ജയൻ വർഗീസ്)

കാണുന്ന മണ്ണിന്റെ

കാണാത്ത ബോധ നി -

രാമയ ചേതന ദൈവം !  

കൃഷ്ണനല്ലേശുവല്ല -

ള്ളയല്ലാദിയാം

സത്യം പ്രപഞ്ചാത്മ ബോധം !

മായാ പ്രപഞ്ചമേ,

നിന്റെ നിരാമയ

നായകനല്ലയോ ദൈവം !

കാല പ്രവാഹ വഴി -

കളിൽ ഉണ്മയാം

സ്നേഹ സ്വരൂപമീ ദൈവം !

കാണാത്തൊരാത്മ -  

പ്രഭാവമനശ്വര

താള സംഗീതമെൻ ദൈവം  

ഭൂമിയിൽ ഞാനായ

മൺ കട്ടയിൽ ജീവ

സാര സമ്പൂർണ്ണത ദൈവം

ഞാനും പ്രപഞ്ചവും

വർത്തമാനത്തിന്റെ

താള നിരാമയ ബോധം ദ്

വൈതമല്ലദ്വൈത

തത്വത്തിൽ ഒന്ന് ചേർ -

ന്നിത്തിരി പൂവായ് വിടർന്നു !

,ആനന്ദ ദായക മാ

ദിവ്യ സ്രോതസ്സിൽ

ഞാനായി ‌ ചേർന്നിരിക്കുമോൾ !

നാളെകൾ താണ്ടും

പ്രപഞ്ച സമുദ്രത്തിൽ

ഞാനെന്നും മറ്റൊരു തുള്ളി ! 

Join WhatsApp News
നിരീശ്വരൻ 2026-01-07 04:02:21
ചേതനക്ക് നിരാമയ (രോഗമില്ലാത്ത, ദുഖമില്ലാത്ത) അവസ്ഥയുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? നമ്മളിൽ ഒരു ചേതനയുള്ളതുകൊണ്ടാല്ലേ രോഗാനുഭവം ഉണ്ടാകുന്നത്? അപ്പോൾ. അപ്പോൾ നമ്മളുടെ ശരീരത്തിൽ ഉണ്ടെന്ന് നാം പറയുന്ന ചേതന അത് അനുഭിക്കുന്നുണ്ടായിരിക്കും. അങ്ങനെയാണെങ്കിൽ നമ്മളും ദൈവങ്ങൾ അല്ലെ? അത് യേശുവല്ല, കൃഷ്ണനല്ല, അള്ളായുമല്ല എന്നത്തിനോട് യോചിക്കുന്നു. ദൈവം സ്നേഹമാണെന്ന് പറയാൻ കഴിയുമോ? ശൃംഗാരം, വീരം, ഹാസ്യം, കരുണം, അദ്ഭുതം, ബീഭത്സം, രൗദ്രം, ഭയാനകം, ശാന്തം എന്നീ വികാരങ്ങൾ ( ഇത്രയുമാണ് ബോധമുള്ളവരിൽ കാണുന്നത്. ബോധംപോയവരിൽ ഇതിലും കൂടുതൽ രസങ്ങളുടെ പ്രകടനം കാണാം) എവിടെ നിന്നാണ് വരുന്നത്? നിങ്ങൾ പറയുന്ന നിരാമയനായ ദൈവത്തിൽ നിന്നു തന്നെയല്ലേ? നാം അനേഷിക്കുന്ന ദൈവം നമ്മളിൽ തന്നെ അല്ലെ? ദൈവത്തിന്റെ മക്കൾ, അഹം ബ്രഹ്മാസ്മി, സ്വർഗ്ഗരാജ്യം നിങ്ങളിൽ തന്നെ എന്നൊക്കെ പറയുന്നതിൽ ഇതിന്റെ സൂചന ഇല്ലേ? എന്തു മണ്ണാങ്കട്ടയിൽ നിന്ന് ഉണ്ടായതായാലും ജാതിയുടെയും മതത്തിന്റെയും, വർഗ്ഗവർണങ്ങളുടെയും തള്ളി കളഞ്ഞ് മനുഷ്യനായി സഹജീവികളുമൊത്ത് ജീവിക്കുക. ആരു സൃഷ്ട്ടിച്ചു എങ്ങെന നാം വന്നു എന്നൊന്നും എനിക്കറിയില്ല- പക്ഷെ മതങ്ങളും, ദൈവങ്ങളും കൂടി ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ കാണാൻ വയ്യാത്ത അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിൽ നിന്ന് ചിലോപ്പോൾ തീപ്പൊരി രജിസ് നെടുങ്ങാ ഡ പള്ളിയിലൂടെയും ദൈവത്തിന്റെ മനസ്സറിഞ്ഞവനായ നൈനാൻ മാത്തുള്ളയിലൂടെയും പ്രതികാനക്കോളത്തിൽ തെറിച്ചു വീഴാറുണ്ട് . എന്തായാലും നിങ്ങളുടെ ദൈവ സങ്കല്പ്പങ്ങൾ നല്ലഭാഷയിലും ആശയത്തിലും കോർത്തിണക്കി നന്നായി അവതരിപ്പിച്ചിരിക്കുന്നു. നിങ്ങൾ എഴുതിയതിന്റെ പൊരുള് പിടികിട്ടാത്തതുകൊണ്ടായിയിരിക്കും രണ്ടു ചേട്ടന്മാരെയും ഇതിന്റെ ചുവട്ടിൽ കണ്ടില്ല. മനുഷ്യനായി ജീവിയ്ക്കാൻ നിരീശ്വരനാകു -ഒരു ജാതി ഒരു മതം. ഐ ലവ് യു ഓൾ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-07 05:33:03
മനുഷ്യനായി ജീവിക്കാൻ ചുറ്റുമുള്ള മനുഷ്യരെ വിശ്വസിച്ചാൽ മാത്രം മതി. സ്നേഹിച്ചാൽ, കരുതിയാൽ, പരസ്പ്പരം സഹായിച്ചാൽ മാത്രം മതി.അങ്ങ് ദൂരെയുള്ള ദൈവത്തെ കെട്ടി ഇറക്കി കൊണ്ടു വന്ന് വിശ്വസിക്കേണ്ടിയതായ ഒരു അവസ്ഥയും ഭൂമിയിൽ ഇല്ലാ. പിന്നെ , ഒരു സാങ്കൽപ്പീക ലോകം സ്വപ്നം കാണു ന്നതിലും, അതിൽ ഒരു അപ്പച്ചൻ മാർക്ക്‌ ഇടാൻ മുകളിൽ വടിയും പിടിച്ച് ഇരിപ്പുണ്ടെന്ന് ആരെങ്കിലും കരുതുന്നതിലും ,യാതൊരു തെറ്റുമില്ല. സ്വപ്നം കാണുക മനുഷ്യന്റെ പ്രത്യേക സിദ്ധി വിശേഷമാണല്ലോ. അത് public ആകാതിരുന്നാൽ മാത്രം മതി. സ്വകാര്യതയിലെ ഒരു dirty pleasure... അങ്ങനെ വേണം ദൈവത്തെ കാണാൻ. കണ്ടോട്ടേ, കണ്ടുകൊണ്ടിരുന്നോട്ടേ.... ദൈവ "സങ്കല്പത്തെ" കുറിച്ച് ജയൻ വർഗീസ് നല്ല കുറേ defenitions ,മനുഷ്യർക്ക്‌ ഒറ്റ വായനയിൽ മനസ്സിലാകുന്ന രീതിയിൽ അടുക്കി അടുക്കി വച്ചിരിക്കുന്നു.ഏതു വേണമെങ്കിലും ഇഷ്ടത്തോടെ എടുക്കാം ആർക്കും. Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-07 05:40:48
മനുഷ്യനായി ജീവിക്കണമെങ്കിൽ നിരീശ്വരനാകൂ..... ഹാഹാഹാഹാ.. കെട്ടി പിടിക്കുമ്പോൾ, പൊട്ടിത്തെറിക്കാതിരിക്കുക... ജീവിതം ആസ്വദിച്ചു ജീവിക്കുക .... ദൈവത്തേയും അവന്റെ / അവളുടെ പുസ്തകത്തേയും flush ചെയ്തു കളഞ്ഞേക്കുക. ഇങ്ങനെയുള്ള കവിതകൾ വായിച്ചാൽ മാത്രം മതിയാകും, സ്നേഹിക്കാൻ ദൈവവും പുസ്തകവും വേണ്ടേ വേണ്ടാ ; പരസ്പ്പരം വെറുക്കാൻ ഇതു രണ്ടും കൂടിയേ തീരൂ.... ഹാഹാ നിരീശ്വനു നന്ദി. 🙏 Rejice ജോൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക