
ഒരെഴുത്തുകാരൻ എന്ന നിലക്ക് എനിക്കു കിട്ടിയ കലികയുടെ കുറിപ്പാണിത്. കഥകൾക്കുള്ള 2019 ബഷീർ അവാർഡ് കിട്ടിയപ്പോളായിരുന്നു അത്. എനിക്കു കിട്ടിയിട്ടുള്ളതിൽ ഏറ്റവും നല്ല ഒരു കുറിപ്പെഴുതിയ കാലിക എന്റെ നാട്ടുകാരിയും, കവിയത്രിയുമാണ്. അതുകൂടി അറിഞ്ഞപ്പോൾ കൂടുതൽ സന്തോഷം തോന്നി. ഹൃദയത്തിൽ തൊട്ട കവിത തുളുമ്പുന്ന ആ വാക്കുകൾ കൂട്ടുകാർക്കായി ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നു.
#ബഷീർ_അമ്മമലയാളംപുരസ്ക്കാരം #ശ്രീ_തമ്പിആന്റണിയുടെ കഥാസമാഹാരമായ #വാസ്കോഡിഗാമയ്ക്ക്!!
പേരിന്റെ വാലറ്റത്തു തയ്ച്ചു ചേർക്കുവാൻ മാത്രം അഭേദ്യമായൊരു ബന്ധം പൊൻകുന്നത്തിനോടുണ്ട്. ശാന്തിയാശൂത്രിയിലെ പ്രസവവാർഡു ഞെട്ടിച്ച ള്ളേ... ള്ളേ...മുതൽ ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരുന്ന ആ അസുലഭ കാലഘട്ടങ്ങൾ വരെ തന്നനം പാടിനടന്ന നാടാണല്ലോ അത്. പൊൻകുന്നത്തിന്റെ ഒട്ടുമിക്ക പ്രാന്തപ്രദേശങ്ങളിലും ജീവിക്കാൻ യോഗം കിട്ടിയ എനിക്ക് മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ് ചെന്നാക്കുന്നിലേക്ക് സ്ഥലംമാറ്റം കിട്ടുന്നത് ( സ്ഥലംമാറ്റം അപ്പന്റെ ജോലി സംബന്ധിച്ചായിരുന്നു. ഓ ... അപ്പൻ സർക്കാരുദ്യോഗസ്ഥനാണല്ലേ?? അല്ലാട്ടോ റബ്ബറുവെട്ടായിരുന്നു).ഞായറാഴ്ചകളിലെ വേദാടം ( വേദപാഠം) കഴിഞ്ഞ് വീട്ടിലോട്ടുള്ള യാത്ര അനുപമവും സുന്ദരവുമായിരിക്കുമെന്ന് നിങ്ങളിൽ പലർക്കും അറിയാമല്ലോ. പൊൻകുന്നം പള്ളിയുടെ വടക്കുവശത്തുള്ള സ്റ്റെപ്പുകൾ എണ്ണിയെണ്ണിയിറങ്ങി (81 എണ്ണമുണ്ടെന്നാണ് ഓർമ്മ) കൊണ്ടോടി മോട്ടേഴ്സുകാരെക്കൊണ്ട് ഞങ്ങടെ വീട്ടുകാരെ സ്മരിപ്പിച്ച് സാഹസികമായി റോഡ് ക്രോസ് ചെയ്ത് പഴയചന്തയും ലീലാ മഹലും കഴിയുമ്പോഴേയ്ക്കും നല്ല ഇറച്ചിക്കറിയുടെ മണമിങ്ങനെ കാറ്റത്ത്... ഹോ... കറിയുടെ മണംപിടിച്ച് ഒലത്തനാണോ ചാറാണോ പെരളനാണോന്ന് ഉറപ്പിക്കുന്ന ഒരു കൂട്ടുകാരനും ഞങ്ങളുടെ ഗ്യാങ്ങിലുണ്ടായിരുന്നു (അവനിപ്പോൾ പള്ളീലച്ചനാണ്). ലീലാ മഹലും കഴിഞ്ഞ് ഇടതു വശത്തുള്ള വീടാണ് സ്ഥലത്തെ പ്രധാന സെലിബ്രിറ്റിയായ ബാബു ആന്റണിയുടെ ( Babu Antony) വീട്. ഇത്തിരി ഉയരമുള്ള മതിലിന്റെ മുകളിൽക്കൂടി ആ പൊക്കക്കാരനായ മുടിയൻ അവിടെയുണ്ടോന്നറിയാൻ ഞങ്ങൾ ആവതുംവണ്ണം ശ്രമിക്കാറുണ്ടായിരുന്നു.
പിന്നേം പോത്തുപോലെ വളർന്നു വളർന്ന് ( വീട്ടുകാര് പറയുന്നതാ) പള്ളീലെ കൊയറിലും മിഷൻ ലീഗിലുമൊക്കെ ചുക്കാൻ പിടിച്ച് പള്ളിപ്പെരുന്നാളിന് ഞങ്ങടെ സ്റ്റാളിലങ്ങനെ ഞെളിഞ്ഞിരിക്കുമ്പോഴാണറിഞ്ഞത് ശവക്കോട്ടയുടെ മതിലിന്റെ മുകളിൽ ബാബു ആൻറണി, മിമിക്സ് പരേഡ് കാണാൻ വന്നിരിപ്പുണ്ടെന്ന്. നാട്ടുകാരു കൂടിയപ്പോൾ ഓടി രക്ഷപെട്ട ആ സുന്ദരനെ മിന്നായം പോലൊന്നു കണ്ടതേയുള്ളൂ. അമ്മച്ചീടെ ആങ്ങളമാരുടെ കൂടെ നീന്താനും കളിക്കാനുമൊക്കെ വന്നിരുന്ന അദ്ദേഹം ത്തെക്കുറിച്ച് അവരൊക്കെ പറയാറുള്ളത് ആലീസ് ഇൻ വണ്ടർലാന്റ് ഫീലിലാണ് ഞാൻ കേട്ടിരുന്നിട്ടുള്ളത്. അന്നൊന്നും തമ്പിച്ചേട്ടാ.... നിങ്ങളേപ്പോലൊരു വിനീത കുലീനനായ മനുഷ്യൻ ആ വീട്ടിലുണ്ടെന്ന് അറിഞ്ഞില്ല.... ആരും പറഞ്ഞില്ല... ( Thampy Antony Thekkek)

പിന്നെന്നാണ് എങ്ങനെയാണ് നമ്മൾ പരിചയപ്പെടുന്നതെന്ന് സത്യമായിട്ടും എനിക്കോർമ്മയില്ല. എന്നാലും അത്യാലിൽ, പനയ്ക്കൽ, തേക്കുംതോട്ടം, തകടിയേൽ തുടങ്ങി പൊൻകുന്നത്തെ പ്രമുഖ മുതലാളിമാരുടെ നിരയിലുള്ള തെക്കേക്കുറ്റ് കുടുംബത്തിലെ പ്രധാനി, തൊഴിലാളി വർഗ്ഗത്തിലെ ഈ ഇളം തലമുറക്കാരിയോടു കാണിക്കുന്ന സ്നേഹത്തിനെ അക്ഷരബന്ധത്തിനേക്കാളപ്പുറം മനുഷ്യത്വമെന്ന് വിളിക്കാനാണെനിക്കിഷ്ടം (തമ്പിച്ചേട്ടനതിത്തിരി കൂടുതലാണെന്നത് അദ്ദേഹത്തെ അറിയുന്നോർക്കറിയാം). ഈ പാവത്തുങ്ങടെ വീട്ടിൽ വന്നിത്തിരി കട്ടൻ കാപ്പി കുടിക്കാൻ മാത്രമതങ്ങനെ വളർന്നിരിക്കെയാണീ മെസ്സേജ് കിട്ടുന്നത്.
"Coming in september for Basheer award. It's on september 15th 4pm in Thalayolapparampu. Chief guests are Sreenivasan, Sanu mash, B Unnikrishnan and Sibi malayil. Are you free to come? You are also invited ok! Representation of a writer from ponkunnam.
ആ പ്രോഗ്രാമിന് ആദ്യന്തം പങ്കുചേർന്നിരിക്കെ ,എഴുത്തുകാരനേക്കാളും നന്മ നിറഞ്ഞ മനുഷ്യനായി അദ്ദേഹമങ്ങനെ എല്ലാ മഹത്തുക്കളാലും വാഴ്ത്തപ്പെടുന്നതു കണ്ടപ്പോൾ വല്ലാത്ത മനസ്സാക്ഷിക്കുത്തുതോന്നി. ജീവിതത്തിന്റെ പല തെന്നലുകളിലും ഒരു കച്ചിത്തുറു ഇട്ടു തന്നിട്ടുള്ള ഈ മനുഷ്യനെ ഒരു പൊൻകുന്നംകാരിയെന്ന് പൊങ്ങച്ചമടിക്കുമ്പോഴും ഇവിടെ അടയാളപ്പെടുത്താത്തതിനെയോർത്ത്. ചില മനുഷ്യരങ്ങനെയാണ് പ്രാഭവങ്ങൾ വിട്ടിറങ്ങി വരുന്നവർ.... പക്ഷേ അവരുടെ 'Halo ' യ്ക്ക് Radius ഉം Richness ഉം ഇത്തിരി കൂടും ല്ലേ സാറേ Bipin Chandran ( എന്നെ ഞെട്ടിച്ച വേറൊരു പൊൻകുന്നത്തുകാരൻ).
❤ കലിക