Image

ഗുണത്രയ വിഭാഗയോഗം (ഭഗവത് ഗീത - അധ്യായം 14: സുധീർ പണിക്കവീട്ടിൽ)

Published on 26 December, 2025
ഗുണത്രയ വിഭാഗയോഗം  (ഭഗവത് ഗീത - അധ്യായം 14: സുധീർ പണിക്കവീട്ടിൽ)

ഇരുപത്തിയേഴ്  ശ്ലോകങ്ങൾ മാത്രമുള്ള  അധ്യായമാണിത്. എല്ലാ മനുഷ്യരിലും ഉള്ള പ്രകൃതിഗുണങ്ങളാണ് സത്വം, (നന്മ, ശാന്തി, സമാധാനം)  രജസ്, (ആഗ്രഹങ്ങൾ, ആസക്തി, വൈകാരിക തീവ്രത തന്മൂലം അസ്വസ്ഥത,)    തമസ് (അജ്ഞാനം, അലസത, കോപം, ദുഃഖം) എന്നിവ. ഭൂരിപക്ഷം പേരിലും രജസ് ഗുണമാണ് കൂടുതൽ ഉള്ളത്. നിങ്ങൾ ശാന്തിയും സമാധാനവും കാംക്ഷിക്കുന്നെങ്കിൽ നിങ്ങൾ സത്വഗുണത്തിൽ ബന്ധിതനാകുന്നു. രജസ്‌ ഗുണം സ്വീകരിക്കുമ്പോൾ. ആശകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനുള്ള ബദ്ധപ്പാടിൽ അസ്വസ്ഥത അനുഭവിക്കുന്നു. തമസ് ഗുണം നിസ്സഹായത, ആലസ്യം, എന്നിവ. ഈ ഗുണത്തിൽ നിന്ന് നിങ്ങൾ ഏതു സ്വീകരിക്കുന്നുവോ എന്നതിനെ അനുസരിച്ചിരിക്കും നിങ്ങളുടെ ജീവിതപുരോഗതി. ഈ ഗുണങ്ങളെപ്പറ്റി ഭഗവാൻ വിശദമായി അധ്യായം പതിനേഴിൽ വിവരിക്കുന്നുണ്ട്

നമ്മൾ മരിക്കുമ്പോൾ നമ്മളിൽ ഏതു ഗുണമാണോ സ്ഥിതിചെയ്യുന്നത് അതനുസരിച്ചായിരിക്കും നമ്മുടെ  മോക്ഷപ്രാപ്തി. സത്വഗുണമുള്ളവൻ ഉന്നതലോകങ്ങളിലേക്കും, രജസ്സ് ഉള്ളവൻ വീണ്ടും കർമ്മബന്ധങ്ങളിലേക്കും, തമസ്   ഗുണമുള്ളവൻ താഴന്ന ഗതികളിലേക്ക് എത്തപ്പെടുന്നു.ഈ പ്രകൃതിഗുണങ്ങളെ അതിജീവിക്കുന്നവനു ജന്മ, മൃത്യു, ജരാ, വ്യാധി എന്നിവയുണ്ടാകുന്നില്ല. ജന്മ മൃത്യു എന്നുകൊണ്ടുദ്ദേശിക്കുന്നത് പുനർജന്മങ്ങളാണ്. ഈ ഗുണങ്ങളെ അതിജീവിക്കുന്നവന് മണ്ണും പൊന്നും സുഖവും ദുഖവും എല്ലാം ഒരു പോലെയാണ്. ഇങ്ങനെ അതിജീവിക്കാൻ ഭക്തിയോഗത്തിലൂടെ മനുഷ്യർക്ക് സാധ്യമാകുന്നു.

ഇനി വിശദമായിഭഗവാൻ പറഞ്ഞു അറിവിൽ വച്ച് ഏറ്റവും പ്രധാനമായ അറിവ്, ആ അറിവുകൊണ്ട് ഋഷിമാർ മരണാനന്തരം മോക്ഷം പ്രാപിച്ച ആ ജ്ഞാനത്തെപ്പറ്റി വീണ്ടും  വിശദീകരിക്കാം.ഈ ജ്ഞാനത്തിലൂടെ എന്റെ  സ്വരൂപത്തെ പ്രാപിച്ചവർ പുതുതായി സൃഷ്ടിയുടെ ആരംഭത്തിൽ  ജനിക്കുന്നില്ല.പ്രളയകാലത്തിൽ ദുഖിക്കുന്നില്ല. പരമമായ ബ്രഹ്മമാണ് എന്റെ ഗർഭപാത്രം. അതിൽ ഞാൻ വിത്തിടുന്നു. അതിൽ നിന്നും ഓ ഭരതാ,  ചരാചരങ്ങളുടെയും ജന്മമുണ്ടാകുന്നു. എല്ലാ ജീവജാലങ്ങളും ഏതു ഗർഭപാത്രങ്ങളിൽ ഉണ്ടായാലും ഓ കൗന്തേയ മൂലപ്രകൃതിയാണവരുടെ ഗർഭപാത്രമെന്നും  ബീജദാതാവായ പിതാവ് ഞാനാണെന്നുമറിയുക. (ജീവന്റെ ബീജം പ്രകൃതിയുടെ ഗർഭപാത്രത്തിൽ ഭഗവാൻ നിക്ഷേപിക്കുന്നു എന്നതുകൊണ്ട് ഭഗവാൻ ഈ ലോകത്തിന്റെ  പിതാവ് എന്ന് വ്യക്തമാകുന്നു. ക്ഷേത്രജ്ഞൻ ഇല്ലാതെ ക്ഷേത്രം നിലനിൽക്കുന്നില്ല.)

സത്വ, രജസ്, തമസ്  തുടങ്ങിയ ഗുണങ്ങൾ പ്രകൃതിയിൽ നിന്ന് ഉത്ഭവിക്കുന്നു. ഈ ഗുണങ്ങളാണ് മഹാബാഹു, അനശ്വരനായ ജീവാത്മാവിനെ ശരീരത്തോട് ബന്ധിപ്പിക്കുന്നത്. ഈ ത്രിഗുണങ്ങളിൽ സത്വഗുണം, പവിത്രവും, പ്രകാശിക്കുന്നതും നിർദോഷവുമാകയാൽ ഇത് ഞാൻ സന്തോഷവാൻ, ഞാൻ ജ്ഞാനി എന്നീ വികാരങ്ങളാൽ ജീവാത്മാവിനെ ബന്ധിച്ചിരിക്കുന്നു. എന്നാൽ രജോഗുണം രാഗാത്മകമായതിനാൽ അതിനു കിട്ടാത്ത വസ്തുവിൽ ആഗ്രഹവും, കിട്ടിയ വസ്തുവിൽ ആസക്തിയും ഉണ്ടാകുന്നതുകൊണ്ട് അത് കർമ്മതല്പരനായി  ആത്മാവിനെ ബന്ധിപ്പിക്കുന്നു.

തമോഗുണം മൂഢതയിൽ നിന്നുമുണ്ടാകുന്നു. അത് എല്ലാ ജീവജാലങ്ങളിലുമുള്ള മായയുടെ സന്തതിയാകുന്നു. അത് അശ്രദ്ധ, നിദ്ര, ഉദാസീനത എന്നിവകൊണ്ട് ആത്മാവിനെ ബന്ധിപ്പിക്കുന്നു. സത്ഗുണം മനുഷ്യനെ സുഖത്തിലും, രജോഗുണം കർമ്മത്തിലും,തമോഗുണം അശ്രദ്ധ, നിദ്ര,ആലസ്യം എന്നിവയിലും ചേർക്കുന്നു. ചിലപ്പോൾ സത്വഗുണം, രജസ്‌,തമസ്, എന്നീ ഗുണങ്ങളെ കീഴടക്കുന്നു. ചിലപ്പോൾ രജസ്‌ സത്വഗുണത്തെയും, തമസ് ഗുണത്തെയും കീഴടക്കുന്നു. അതേപോലെ തമോഗുണവും, മറ്റു രണ്ടു ഗുണങ്ങളെ കീഴടക്കുന്നു. (മനുഷ്യരിൽ ഈ മൂന്നു ഗുണങ്ങളുമുണ്ട്. എന്നാൽ വിവിധ കാലങ്ങളിൽ ഇവയുടെ അനുപാത ങ്ങളിലുള്ള വ്യത്യാസങ്ങൾകൊണ്ട്  ഒരാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ കാണാവുന്നതാണ്. ശരീരത്തിലെ എല്ലാ ഇന്ദ്രിയങ്ങളിലും ബുദ്ധിയുടെ വെളിച്ചം പ്രകാശിക്കുമ്പോൾ സത്വഗുണം പ്രബലമായിരിക്കുന്നു വെന്നറിയാവുന്നതാണ്. ദുരാഗ്രഹം, സമാധാനമില്ലായ്മ, അമിതമായ ആഗ്രഹം അനേകകാര്യങ്ങൾ ഏറ്റെടുക്കൽ പല കർമ്മങ്ങളും ആരംഭിക്കൽ തുടങ്ങിയവ രജോഗുണം വർദ്ധിച്ചിരിക്കുന്നു  എന്ന് കാണിക്കുന്നു.  മൂഢത, അലസത, അശ്രദ്ധ, വ്യാമോഹം, എന്നിവ ഓരോ ഗുണം വർദ്ധിച്ചിരിക്കുന്നുവെന്നതിന്റെ  തെളിവാണ്. സത്വഗുണം വർദ്ധിച്ചിരിക്കുമ്പോഴാണ്  ഒരാളുടെ അന്ത്യം സംഭവിക്കുന്നതെങ്കിൽ അയാളുടെ ആത്മാവ് ജ്ഞാനികളുടെ പരിശുദ്ധമായ ലോകത്തെ പ്രാപിക്കുന്നു. രജസ്ഗുണകാലത്താണെങ്കിൽ അയാൾ കർമ്മാസക്തരായ  ജനങ്ങളുടെ ഇടയിൽ ജനിക്കുന്നു. തമസ്ഗുണ  സമയത്ത് മരിക്കുന്നവർ മൂഢയോനികളിൽ ജന്മമെടുക്കുന്നു.

സത്വഗുണം ആത്‌മീയതയും പരിശുദ്ധിയും പ്രദാനം ചെയ്യുന്നു. രജോഗുണം വേദനയും, തമോഗുണം അജ്ഞതയും നൽകുന്നു. സത്‌ഗുണമുള്ളവർക്ക് ജ്ഞാനവും രജോഗുണമുള്ളവർക്ക് അത്യാഗ്രഹവും തമോഗുണമുള്ളവർക്ക് വിവേകശൂന്യതയും അജ്ഞാനവും  സംഭവിക്കുന്നു. സത്ഗുണം അനുസരിക്കുന്നവർ ഉന്നതാവസ്ഥയെ പ്രാപിക്കുന്നു. രജോഗുണക്കാർ മധ്യത്തിൽ സ്ഥിതി ചെയ്യുമ്പോൾ തമോഗുണക്കാർ താഴോട്ടു  പോകുന്നു.എപ്പോൾ ഒരാൾ ജീവാത്മാവ് എല്ലാ കർമ്മങ്ങളുടെയും ഹേതുവായി ഗുണങ്ങളെ മനസ്സിലാക്കുകയും ഗുണങ്ങൾക്കതീതമായി ആത്മാവിനെ അറിയുകയും ചെയ്യുന്നുവോ അപ്പോൾ അയാൾ എന്റെ സ്വരൂപത്തെ  പ്രാപിക്കുന്നു. ദേഹോത്ഭവത്തിനു ഭൂതമായ ത്രിഗുണങ്ങളെ അതിക്രമിക്കുന്ന ജീവാത്മാവ് ജനനം, മരണം വാർദ്ധക്യം മുതലായവയിൽ നിന്ന് മുക്തി നേടി അമരത്വം പ്രാപിക്കുന്നു. അർജുനൻ പറഞ്ഞു ഓ പ്രഭു ഈ മൂന്നു ഗുണങ്ങളെ അതിക്രമിച്ചവന്റെ അടയാളമെന്ത്? അവൻ എങ്ങനെ പെരുമാറുന്നു. അവൻ എങ്ങനെയാണ് ഈ മൂന്നു ഗുണങ്ങളെ അതിക്രമിക്കുന്നത്. പ്രഭു പറഞ്ഞു സത്വം, രജസ്‌ തമോഗുണാദിജളുടെ സാന്നിധ്യമുണ്ടായാലും ഓ പാണ്ഡവ ഒരാൾ ദ്വേഷ്യപ്പെടാതിരിക്കുകയും അവ ഇല്ലാതാകുമ്പോൾ അതിനു കാംക്ഷിക്കയും ചെയ്യുന്നില്ലയോ അയാൾ ഗുണാതീതനാണ്.

പ്രകാശം ച പ്രവർത്തിം ച 
മോഹമേവ ച പാണ്ഡവ!
ന ദ്വേഷ്ടി സംപ്രവൃത്താനി 
ന നിവൃത്താനി കാംക്ഷതി (14:22)

നിസ്സംഗതനായ സാക്ഷിയെപ്പോലെ ത്രിഗുണങ്ങൾ കൊണ്ട്  പതറാതിരിക്കുന്നവൻ,ത്രിഗുണങ്ങളും മനസ്സും ചേർന്ന് അവരുടെ കർമ്മങ്ങൾ നിർവഹിക്കയാണെന്നറിഞ്ഞു സ്വസ്ഥനായിരിക്കുന്നവൻ സുഖദുഃഖങ്ങളിൽ ഒരേ സമനില പാലിക്കുന്നവൻ, ആത്മനിഷ്ഠയിൽ ഇരിക്കുന്നവൻ മൺകട്ടയും അമൂല്യമായ രത്നങ്ങളും സ്വർണ്ണവും തുല്യമായി കാണുന്നവൻ, ഇഷ്ടമുള്ളവയോടും, ഇല്ലാത്തതിനോടും ഒരേപോലെ കരുതുന്നവൻ. പ്രശംസ, നിന്ദ, മാനാപമാനങ്ങൾ  ഇവ ഒന്നുപോലെ കാണുന്നവൻ ശത്രുവിനെയും മിത്രത്തെയും സമമായി കാണുന്നവൻ എല്ലാ ഉദ്യമങ്ങളെയും ഉപേക്ഷിച്ചവൻ, അങ്ങനെയുള്ളവനെ ഗുണാതീതൻ എന്ന് പറയപ്പെടുന്നു.
സമദുഖസുഖ:സ്വസ്ഥ 
സമലോഷ്ടശ് മ കാഞ്ചന!
തുല്യപ്രിയാപ്രിയോ ധീര:
തുല്യനിന്ദാത്മ സംസ്കൃതി: (14:24)
എന്നെ  അചഞ്ചലമായ ഭക്തിയോടെ ഗുണാതീതനായി ഉപാസിക്കുന്നവൻ ബ്രഹ്‌മത്വം പ്രാപിക്കാൻ യോഗ്യനാണ്. കാരണം ഞാൻ അനശ്വരമായ അമൃതത്വമായ ബ്രഹ്മത്തിന്റെയും സനാതനമായ ധർമ്മത്തിന്റെയും  ഇരിപ്പിടമാകുന്നു.
ബ്രഹ്‌മണോ ഹി പ്രതിഷ്ഠാഹം 
അമൃതസ്യാവ്യ യ സ്യ ച 
ശാശ്വതസ്യ ച ധർമസ്യ 
സുഖ സ്യൈ കാന്തികസ്യ ച (14:27)

അധ്യായം 14 സമാപ്തം 
അടുത്തതിൽ പുരുഷോത്തമയോഗം

Read More https://www.emalayalee.com/writer/11


 

Join WhatsApp News
പവിത്രൻ 2025-12-26 01:40:19
പുതിയ അറിവുകൾക്ക് നന്ദി 🎉👍🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക