
മുമ്പ് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലായിരുന്നു ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റമാരോപിച്ച് ജനക്കൂട്ടം മർദ്ധിച്ചു കൊന്നത്. മലയാളിയുടെ മനഃസാക്ഷിയെ ഏറെ ഉലച്ച ഒന്നായിരുന്നു ആ സംഭവം. അത് നടന്നത് 2018 ഫെബ്രുവരി 22-ന് അട്ടപ്പാടിയിലെ മുക്കാലിയിലായിരുന്നു.
കേരളത്തിന്റെ സാക്ഷരതയെയും പുരോഗമന ചിന്തകളെയും ചോദ്യം ചെയ്ത ഒരു സംഭവമായിരുന്നു മധുവിന്റെ കൊലപാതകം. വിശപ്പടക്കാൻ ആഹാരം മോഷ്ടിച്ചു എന്നാരോപിച്ച് ആൾക്കൂട്ടം വിചാരണ നടത്തി മർദ്ദിച്ചു കൊലപ്പെടുത്തിയ ആദിവാസി യുവാവ്, ആധുനിക സമൂഹത്തിന്റെ ക്രൂരതയുടെ മുഖമായി മാറി.
****
എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമാനമായ ഒരു അതിക്രമം ഇതേ ജില്ലയിൽ അരങ്ങേറി. രണ്ടു കുഞ്ഞുങ്ങളെ പോറ്റാനായി ഭാഷയറിയാത്ത നാട്ടിലേക്ക് വണ്ടി കയറി വന്ന, പോഷകാഹാരങ്ങളോ മറ്റോ ലഭിച്ചിട്ടില്ലാത്ത ഒരു ദരിദ്ര മനുഷ്യൻ റാം നാരായൺ ; ഇന്ത്യയിലെ പട്ടിണി പാവങ്ങളുടെ പ്രതീകമാണവൻ.
അക്രമം നടത്താന്‍ ആഹ്വാനം നല്‍കുന്ന നേതാവിന്റെ ബുദ്ധിയെ ആളുകളുടെ എണ്ണംകൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്നത് നിസ്സാരമായ ബുദ്ധി അളവാണ്. അതായത് കടുത്ത ബുദ്ധിമാന്ദ്യമുള്ള ഒരു വ്യക്തിയുടെ ബുദ്ധി നിലവാരത്തിലും താഴെയായിരിക്കും ഈ വൈകാരിക ആള്‍ക്കൂട്ടത്തിന്റെ ബുദ്ധി നിലവാരം എന്നാണ് മനഃശാസ്ത്രം ഇതേക്കുറിച്ചു പറയുന്നത്.
ഇവരുടെ അതിവൈകാരികത ഇവരെ ഒരേ ശാരീരിക ഭാഷയുള്ളവരാക്കുന്നു. ഇപ്രകാരമൊരു കൊല നടത്തിക്കഴിയുമ്പോള്‍ ഓരോ വ്യക്തിയിലും കുറ്റബോധത്തിനു പകരം വല്ലാത്തൊരു ആത്മസംതൃപ്തി ഉടലെടുക്കുന്നു. ഇത്തരക്കാരെ കർക്കശമായി നിയമത്തിനു മുമ്പിൽ ഹാജരാക്കാൻ സാധിക്കണം.
ഇത്തരം അതിക്രമങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളുമെല്ലാം പ്രാകൃത കാട്ടാള സമൂഹങ്ങളിൽ നിലനിന്നവയായിരുന്നു. അവ ഇന്നും ആവർത്തിക്കപ്പെടുമ്പോൾ ചികിത്സ നൽകൽ അനിവാര്യമാണെന്ന് പറയേണ്ടി വരും.
ഒരുത്തനെ ആൾക്കൂട്ടം ആക്രമിക്കാൻ ചില പ്രത്യേക കാരണങ്ങളുണ്ട്.
സമൂഹത്തിലെ താഴേക്കിടയിലാണെന്നു തോന്നിക്കുന്ന പ്രകൃതം, മുഷിഞ്ഞ ഡ്രസ്സിംഗ്, സംഭാഷണ ചാതുര്യമില്ലായ്മ , ഭാഷ അറിവില്ലായ്മ. അതിനും പുറമെ അവനു വേണ്ടി ചോദിക്കാനും പറയാനും ആരും ഉണ്ടാവില്ല എന്ന ഉറപ്പ്. ഇത്രയും മതി ഒരു മനുഷ്യനെ തല്ലിക്കൊല്ലാൻ.
അക്രമികളിൽ ഏതോ ഒരുത്തൻ തനിക്കറിയാവുന്ന മുറി ഹിന്ദിയിൽ എന്തെല്ലാമോ ചോദിക്കുന്നു. അക്രമികളുടെ ചോദ്യങ്ങൾ മനസ്സിലാക്കാനോ അതിനുത്തരം പറയാനോ ആവാതെ, സ്വന്തം ഭാഷയെ സ്വന്തം ആളുകളെ തിരഞ്ഞു നുറുങ്ങി വാർന്നു പോയ ഒരു മനുഷ്യ ജീവൻ…
ഇത്തരത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നത് കേവലം ഒരു ക്രൈം മാത്രമല്ല, മറിച്ച് നമ്മുടെ സാമൂഹിക ബോധത്തിന്റെ ഗുരുതര വീഴ്ച്ചയാണ്.
മോഷണക്കുറ്റം സംശയിച്ചാണ് അതിക്രമം അരങ്ങേറിയത്. എങ്ങിനെയാണെങ്കിലും നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നിരിക്കെ, ഒരു മനുഷ്യനെ ശാരീരികമായി ഉപദ്രവിച്ച് മരണത്തിലേക്ക് തള്ളിവിടുന്നത് പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേർന്നതല്ല.
കേരളത്തിൽ അടുത്ത കാലത്തായി അതിഥി തൊഴിലാളികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നത് ഗൗരവകരമായ ചർച്ചകൾക്ക് വഴിമാറേണ്ടതുണ്ട്. സംഘ്പരിവാർ വമിക്കുന്ന വർഗ്ഗീയ വിഷം ഇത്തരം അതിക്രമങ്ങൾക്ക് ഊർജ്ജമേകുന്നവയാണെന്ന് പറയാതിരിക്കാനാവില്ല.
നാം മലയാളികൾ പഠിക്കേണ്ട ചിലതുണ്ട്.
മധുവിന്റെ കൊലപാതകം - അട്ടപ്പാടിയിലെ മധുവിനെ മർദ്ദിച്ചു കൊന്ന സംഭവം കേരളം മറന്നിട്ടില്ല. അതിന് സമാനമായ രീതിയിൽ 'ആൾക്കൂട്ട നീതി' നടപ്പിലാക്കാൻ ശ്രമിക്കുന്നത് ലജ്ജാകരമാണ്.
സംശയത്തിന്റെ ഇരകൾ - ഭാഷാപരമായ പരിമിതികളും പരിചിതമല്ലാത്ത സാഹചര്യങ്ങളും അതിഥി തൊഴിലാളികളെ എളുപ്പത്തിൽ സംശയത്തിന്റെ നിഴലിലാക്കുന്നു. ഇത് പലപ്പോഴും അനാവശ്യമായ ഭയത്തിലേക്കും അക്രമത്തിലേക്കും നയിക്കുന്നു.
ഇവർ അതിഥികളോ അതോ ഇരകളോ?
നമ്മുടെ നാടിന്റെ നിർമ്മാണ മേഖലയും കാർഷിക രംഗവും ഇന്ന് ഏറെക്കുറെ അതിഥി തൊഴിലാളികളെ ആശ്രയിച്ചാണ് നിൽക്കുന്നത്. അവരെ 'അതിഥികൾ' എന്ന് വിശേഷിപ്പിക്കുമ്പോഴും, പലപ്പോഴും രണ്ടാം തരം പൗരന്മാരായാണ് നാം അവരോട് പെരുമാറുന്നത്. കൃത്യമായ താമസസൗകര്യമോ സുരക്ഷിതത്വമോ ഇല്ലാത്ത സാഹചര്യത്തിലാണ് പലരും ഇവിടെ കഴിയുന്നത്.
"ഒരു സമൂഹത്തിന്റെ സംസ്കാരം അളക്കുന്നത് അവിടുത്തെ ഏറ്റവും താഴെത്തട്ടിലുള്ളവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും ആ സമൂഹം എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്."
അധികൃതരുടെ ഇടപെടൽ
ഈ കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് ഉണ്ടാവേണ്ടത്. കേവലം അറസ്റ്റിലൊതുങ്ങാതെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നിയമനടപടികൾ ഉറപ്പാക്കണം. പോലീസ് സംവിധാനങ്ങൾ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ കൃത്യമായ സുരക്ഷാ പരിശോധനകൾ നടത്തുകയും അവർക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അത് അറിയിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും വേണം.
കേരളം ഒരു വികസിത സംസ്ഥാനമാണെന്ന് നാം അവകാശപ്പെടുമ്പോൾ തന്നെ ഇത്തരം പ്രാകൃത നടപടികൾ നമ്മുടെ യശസ്സിന് കളങ്കമുണ്ടാക്കുന്നു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനൊപ്പം, സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തേണ്ടതും അത്യന്താപേക്ഷിതമാണ്. സഹജീവി സ്നേഹവും നിയമത്തോടുള്ള ബഹുമാനവും ഇല്ലാത്ത ഒരു തലമുറ വളർന്നു വരുന്നത് നാടിന് ആപത്താണ്. ഇനിയൊരു അതിഥി തൊഴിലാളിക്കും / മറ്റേതൊരു മനുഷ്യനും ഈ മണ്ണിൽ ഇത്തരമൊരു ഗതി ഉണ്ടാവാതിരിക്കട്ടെ.
*****
കഴിഞ്ഞ ദിവസങ്ങളിലാണ് പാലക്കാട്ട് കരോൾ സംഘത്തിന് നേരെയുള്ള ആക്രമണം നടന്നത്.
കേരളത്തിന്റെ സാംസ്കാരിക വൈവിധ്യവും മതസൗഹാർദ്ദവും എന്നും ലോകത്തിന് മാതൃകയാണ്. എന്നാൽ ഈ സൗഹൃദ അന്തരീക്ഷത്തിന് വിള്ളലേൽപ്പിക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങൾ അടുത്തകാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വീടുകൾ കയറി കരോൾ നടത്തിയിരുന്ന സംഘത്തിന് നേരെ ഉണ്ടായ അതിക്രമം അത്തരത്തിൽ ഒന്നാണ്. ക്രിസ്മസ് രാവുകളിൽ സന്തോഷവും സമാധാനവും പങ്കുവെക്കാൻ ഇറങ്ങിത്തിരിച്ച യുവാക്കളും കുട്ടികളും അടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സാധാരണഗതിയിൽ എല്ലാ വിഭാഗം ജനങ്ങളും സ്നേഹത്തോടെ സ്വീകരിക്കുന്ന കരോൾ സംഘത്തെ തടഞ്ഞുനിർത്തുകയും, വംശീയ മത വിദ്വേഷത്തിന്റെ പേരിൽ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സാംസ്കാരിക തകർച്ചയുടെ സൂചനയാണിത്.
ഓണവും പെരുന്നാളും ക്രിസ്മസും എല്ലാം ഒരേ മനസ്സോടെ ആഘോഷിക്കുന്ന മലയാളിയുടെ പാരമ്പര്യത്തിന് നേരെ ഉയരുന്ന വെല്ലുവിളിയാണിത്. സമാധാനപൂർവ്വം നടക്കുന്ന ആഘോഷങ്ങളെ തടസ്സപ്പെടുത്തുന്നതും ആൾക്കൂട്ട ആക്രമണങ്ങൾ അഴിച്ചുവിടുന്നതും ജനാധിപത്യ ബോധത്തിന് നിരക്കാത്തതാണ്. സംഘ്പരിവാർ സംഘടനകൾ മനുഷ്യ മനസ്സിൽ വിസർജ്ജിക്കുന്ന വിഷത്തിൻ്റെ തീവ്രതയെയാണ് ഇവയെല്ലാം കാണിക്കുന്നത്.
കാലങ്ങളായി നിലനിൽക്കുന്ന സാമുദായിക ഐക്യം തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
സംഭവത്തിൽ പോലീസിന്റെ ശക്തമായ ഇടപെടലും കുറ്റവാളികൾക്കെതിരെയുള്ള നിയമനടപടികളും അനിവാര്യമാണ്. കേവലം ഒരു ക്രമസമാധാന പ്രശ്നമായി ഇതിനെ കാണാതെ, സമൂഹത്തിൽ പടരുന്ന വിദ്വേഷത്തിന്റെ വേരുകൾ അറുത്തുമാറ്റാൻ സാംസ്കാരിക നായകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുപോലെ രംഗത്തുവരേണ്ടതുണ്ട്.
പാലക്കാട് നടന്നത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതുസമൂഹം ജാഗ്രത പാലിക്കണം. വിദ്വേഷം വിതയ്ക്കുന്നവരെ ഒറ്റപ്പെടുത്തുകയും, കേരളത്തിന്റെ മതേതര മനസ്സിനെ കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നത് ഓരോ മലയാളിയുടെയും കടമയാണ്.
*****
പാലക്കാടെന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന പേരാണ് ഒ.വി. വിജയൻ എന്ന മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻ.
മിത്തും യാഥാർത്ഥ്യവും ലയിക്കുന്ന
മലയാള സാഹിത്യത്തിലെ അതികായനായ ഒ.വി. വിജയന്റെ സർഗ്ഗാത്മകതയുടെ വേരുകൾ ആഴ്ന്നുനിൽക്കുന്നത് ഈ പാലക്കാടൻ മണ്ണിലാണ്. അദ്ദേഹത്തിന്റെ വിഖ്യാത നോവലായ 'ഖസാക്കിന്റെ ഇതിഹാസം' പിറവിയെടുത്തത് ഇവിടെയാണ് മണ്ണിൽ നിന്നാണ്. വിജയന് പാലക്കാട് വെറുമൊരു ഭൂപടമല്ല, മറിച്ച് ദാർശനികവും ആത്മീയവുമായ ഒരു അനുഭവമാണ്.
കരിമ്പനകളുടെയും കാറ്റിന്റെയും നാട്
വിജയന്റെ എഴുത്തുകളിൽ പാലക്കാടൻ കാറ്റും കരിമ്പനകളും വെറുമൊരു പശ്ചാത്തലമല്ല, അവ കഥാപാത്രങ്ങളെപ്പോലെ ജീവസ്സുറ്റവയാണ്. പാലക്കാടൻ ചുരത്തിലൂടെ കടന്നുവരുന്ന കാറ്റ് വിജയന്റെ വരികളിൽ ഗൃഹാതുരത്വവും വിരഹവും നിറയ്ക്കുന്നുണ്ട്. തസ്രാക്കിലെ കരിമ്പനക്കൂട്ടങ്ങൾക്കിടയിലൂടെ രവി എന്ന യുവാവ് നടന്നുനീങ്ങുമ്പോൾ, അത് മലയാള നോവൽ സാഹിത്യത്തിലെ ഒരു പുതിയ യുഗപ്പിറവിയായിരുന്നു. ഗ്രാമീണ നിഷ്കളങ്കതയും അതേസമയം ജീവിതത്തിന്റെ കടുത്ത യാഥാർത്ഥ്യങ്ങളും വിളിച്ചോതുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാഷ. അപ്പുക്കിളി, നൈജാമലി, മൈമൂന, അള്ളാപ്പിച്ച മൊല്ലാക്ക തുടങ്ങിയ കഥാപാത്രങ്ങൾ തസ്രാക്കിലെ സാധാരണ മനുഷ്യരിൽ നിന്ന് രൂപപ്പെടുത്തിയെടുത്തവരാണ്. ഈ കഥാപാത്ര സ്വഭാവത്തിൻ്റെ ഉള്ളടക്കമുള്ള മനുഷ്യരൊക്കെ പാലക്കാട് മരിച്ചു തീർന്നോ? ഒട്ടും ആർദ്രതയില്ലാത്ത മനുഷ്യത്തം മരിച്ച വെറും യന്ത്രങ്ങളായി മാറിയോ ഇവരെല്ലാം എന്ന് ആലോചിച്ച് പോവുയാണ്!