
ഇന്നലെ എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു, "കഴിഞ്ഞ രണ്ടു ദിവസമായി എനിക്ക് ഊണു കഴിക്കാനോ ഉറങ്ങാനോ സാധിക്കുന്നില്ല."
"എന്ത് പറ്റി സുഹൃത്തേ?"
"ബംഗ്ലാദേശിൽ ഒരു സഹോദരനെ മത നിന്ദയുടെ പേരിൽ ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നു മരത്തിൽ കെട്ടിയിട്ടു തീ വച്ച് കൊല്ലുന്ന ബീഭത്സമായ ഒരു വീഡിയോ കണ്ടതാണ് കാരണം."
"സത്യമാണ്. ആരുടേയും കരളലിയിപ്പിക്കും. പക്ഷേ, നമുക്ക് എന്ത് ചെയ്യാനാവും?"
"എന്തെങ്കിലും ചെയ്യണം. നമ്മുടെ ഇന്ത്യൻ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലേ?"
"അത് മറ്റൊരു സ്വതന്ത്ര രാജ്യമല്ലേ? നമുക്ക് അവിടെ കയറി എന്തു ചെയ്യാനാവും? അഥവാ, നമ്മൾ അവിടെ കയറണമെന്നായിരിക്കും അവിടെയുള്ള ഈ തീവ്രവാദികൾ ചിന്തിക്കുന്നത്."
"എന്തായാലും കഷ്ടമായിപ്പോയി."
ഇന്ന് ലോകത്തിന്റെ സമാധാനം കെടുത്തുന്നത് മത തീവ്രവാദമല്ലേ? റഷ്യ-യുക്രെയിൻ യുദ്ധം ഒരു പരിധിക്കപ്പുറം ലോകത്തെ ബാധിച്ചിട്ടില്ല. റഷ്യയിൽ തന്നെ ഈ യുദ്ധം സാധാരണ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. എന്നാൽ ലോക മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സിഡ്‌നിയിലെ ബൗണ്ടി ബീച്ചിൽ നടന്ന കൂട്ടക്കൊലയും ബംഗ്ലാദേശിൽ നടന്ന ഹീനമായ ഈ നരഹത്യയും ലോകത്തിൽ ഭീതി പരത്തുകയാണ്. ഇസ്രായേൽ-പാലസ്‌തീൻ യുദ്ധം മുഖാന്തിരം ലക്ഷങ്ങൾ യാതന അനുഭവിക്കുന്നുവെങ്കിലും അത് ഇത്തരത്തിൽ ലോകത്തിന്റെ മറ്റു പ്രദേശങ്ങളിൽ ഭീതി പരത്തുന്നില്ല. കാരണം, ഇസ്രായേൽ അകാരണമായി മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നില്ല.
എന്നാൽ വളർന്നു വരുന്ന ഇസ്ലാമിക ഭീകര വാദം ലോകത്തെ ഭയപ്പെടുത്തുന്നു എന്നത് സത്യമാണ്. ഒരു മനുഷ്യനെ മർദ്ദിച്ചു കൊന്നിട്ട് ഒരു മരത്തിൽ കെട്ടിയിട്ടു പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലുക. എന്നിട്ട് അതു കണ്ടു രസിച്ചുകൊണ്ട് 'ദൈവം വലിയവനാണ്' എന്ന അർത്ഥത്തിൽ 'അള്ളാഹു അക്ബർ' എന്ന് വിളിച്ചു കൂവുന്ന നരഭോജികളായ ഒരു കൂട്ടം നരാധമന്മാർ! എന്താണ് ദീപു ചന്ദ്രദാസ് എന്ന ഹിന്ദുവായ ആ 27 കാരൻ ചെയ്‌ത കുറ്റം?
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ഡാക്കയിൽ ഒരു ഗാർമെൻറ് ഫാക്ടറിയിൽ മാസം 150 ഡോളർ ശമ്പളത്തിൽ ദിവസവും 12 മണിക്കൂർ ജോലി ചെയ്യുന്നതുകൊണ്ട് മാസത്തിൽ ഒരിക്കൽ മാത്രമാണ് ചന്ദ്രദാസ് 40 മൈൽ ദൂരെയുള്ള വീട്ടിൽ പോകുന്നത്. അദ്ദേഹത്തിന് അച്ഛനും അമ്മയും ഭാര്യയും നാല് മാസം പ്രായമായ ഒരു പെൺകുഞ്ഞുമുണ്ട്. ജോലിയിൽ അന്ന് കൂടെ ജോലി ചെയ്യുന്നവരുമായി നടത്തിയ സൗഹൃദ സംഭാഷണത്തിൽ 'എല്ലാ മതത്തിലും അന്ധവിശ്വാസം ഉണ്ട്' എന്ന് ഒരു വാചകം ചന്ദ്രദാസ് പറഞ്ഞു. അപ്പോൾ 'ഇസ്‌ലാം മതത്തിലും അന്ധവിശ്വാസം ഉണ്ടെന്നല്ലേ പറഞ്ഞത്' എന്നായി ഒരു കൂട്ടുകാരൻ. ഉടൻ തന്നെ അത് 'മത നിന്ദ' ആണെന്നു പറഞ്ഞയാൾ ആരെയോ വിളിച്ചു പറഞ്ഞു. ഉടൻ തന്നെ ചിലർ വന്നു ചന്ദ്രദാസിനെ പുറത്തേക്കു കൊണ്ടുപോയി. താമസിയാതെ ജനബാഹുല്യം വർദ്ധിച്ചു. രക്ഷിക്കാൻ വന്ന പോലീസും ശിക്ഷകരായി മാറി. അവർക്ക് ഒത്താശ ചെയ്‌തു കൊടുക്കുന്ന അധികാരികൾ! എന്നാൽ യഥാർത്ഥത്തിൽ ലോകത്തെ ഭയപ്പെടുത്തുന്നത് ഇവരല്ല. ഈ പ്രവൃത്തി കണ്ടിട്ടും 'ഞങ്ങളുടെ സഹോദരന്മാർ ചെയ്യുന്നത് തെറ്റാണ്' എന്ന് പറയാൻ ആർജ്ജവമില്ലാത്ത ഭൂരിപക്ഷത്തിന്റെ മൗനമാണ്. അതുകൊണ്ടു മാത്രമാണ് ഈ തീവ്രവാദം പടർന്നു പന്തലിച്ചു ലോകത്തെ വിഴുങ്ങുന്നത്. ഈ ക്രൂരതയുടെ ദൃശ്യങ്ങൾ കണ്ട് ഹിന്ദുക്കൾ മാത്രമല്ല, മനുഷ്യത്വത്തിന്റെ കണികയെങ്കിലും ശേഷിക്കുന്ന ഏതൊരാളിന്റെയും ഹൃദയത്തിൽ മുറിവേറ്റിട്ടുണ്ട്.
ഇത് കണ്ടപ്പോൾ ഓർമ്മയിൽ നിന്നും മായാതെ കിടക്കുന്ന മറ്റൊരു സംഭവം തെളിഞ്ഞു വന്നു. 1999 ജനുവരി 23, മയൂർഭഞ്ജ്, ഒറീസ്സ. ഗ്രഹാം സ്റ്റെയ്ൻസ് എന്ന ആസ്ട്രേലിയൻ ക്രിസ്ത്യൻ മിഷനറി ഒറീസ്സയിലെ ഒരു ഗ്രാമത്തിൽ മൂന്നു പതിറ്റാണ്ടിലേറെയായി ആതുര ശുശ്രൂഷ ചെയ്യുന്ന ആളായിരുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പത്തും ആറും വയസ്സുള്ള രണ്ട് ആണ്മക്കളെയും ജീവനോടെ അവരുടെ കാറിലിട്ടു പെട്രോൾ ഒഴിച്ച് തീ വച്ചു കൊന്നു. അന്ന് ആളിക്കത്തിയ തീജ്വാലയ്ക്കുള്ളിൽ നിന്നും ആ പിഞ്ചു ബാലന്മാരുടെ ദീനരോദനം കേട്ട് അട്ടഹസിച്ചു ചിരിച്ചു കൊണ്ട് 'ജയ് ശ്രീ റാം" വിളിച്ച് ആനന്ദിച്ച് ഒരു കൂട്ടം നരാധമന്മാർ അവിടെ നിന്നിരുന്നു. അവർ 'ബജ്‌രംഗ് ദൾ' എന്ന ഹൈന്ദവ സംഘടനയുടെ പ്രവർത്തകരായിരുന്നു. അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി അതുൽ ബിഹാരി വാജ്‌പേയ് ആയിരുന്നു. അദ്ദേഹം ഇതിനെ അപലപിക്കുകയും കർശന നടപടി ഉണ്ടാകുമെന്നു പ്രഖ്യാപിക്കയും ചെയ്‌തു. ഒരു വർഷത്തിനു ശേഷമാണെങ്കിലും അതിനു നേതൃത്വം കൊടുത്ത ദാരാ സിംഗിനെ അറസ്റ്റ് ചെയ്‌തു ജീവപര്യന്തം ശിക്ഷിച്ചു.
എന്നാൽ അന്ന് ഇതിന് ആശീർവാദം നൽകിയതെന്ന് പറയപ്പെടുന്ന ഭജ്‌രംഗ് ദൾ സംസ്ഥാന ചീഫ് ആയിരുന്ന പ്രതാപ് ചന്ദ്ര സാരംഗി പിന്നീട് ബിജെപി യുടെ ലോകസഭാംഗവും നരേന്ദ്ര മോദി മന്ത്രിസഭയിൽ രണ്ടു വർഷം സഹമന്ത്രിയാകുകയും ചെയ്‌തു എന്നത് ചരിത്രം. ഈ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വന്ന ചില വീഡിയോകൾ അക്ഷരാർത്ഥത്തിൽ ഭാരതത്തിലെ ക്രിസ്ത്യാനികളെ ഭയപ്പെടുത്തുന്നതാണ്. ബിജെപി യുടെ പോഷക സംഘടനയിലെ അംഗങ്ങൾ എന്ന് സ്വയം അവകാശപ്പെടുന്ന ചിലർ ദേവാലയത്തിൽ ആരാധനാ സമയത്തു കടന്നു ചെന്ന് യേശുക്രിസ്‌തു ജനിച്ച രീതി അംഗീകരിക്കാനാവില്ലെന്നും അതുകൊണ്ട് ഇവിടം വിട്ടു പൊയ്ക്കൊള്ളണമെന്ന് അന്ത്യ ശാസനം നൽകുന്നതാണ്. മറ്റൊന്ന്, വഴിയരുകിൽ ക്രിസ്‌തുമസ് ഉത്പന്നങ്ങൾ വിൽക്കുന്ന ഹിന്ദുക്കളായവരെ 'ഇത് ഹിന്ദു രാഷ്ട്രമാണ്, ഇവിടെ ക്രിസ്ത്യാനികളുടെ ഉത്പന്നങ്ങൾ വിൽക്കാനാവില്ലെ’ന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ഓടിക്കുന്നതാണ്. മറ്റൊന്ന്, കടയിൽ നിന്നും നിയമാനുസൃതമായി മാംസം വാങ്ങി വീട്ടിൽ കൊണ്ടുപോയ ഒരു യുവാവിനെ 'ബീഫ് കൈവശം വച്ചു' എന്ന് പറഞ്ഞു തല്ലിക്കൊന്നു തള്ളുന്നതാണ്. ഇതൊക്കെ നമ്മുടെ മഹത്തായ ഭാരതത്തിലാണ് സംഭവിക്കുന്നത് എന്നോർക്കണം. ഇവിടെയും അധികാരത്തിലുള്ളവരും ഭൂരിപക്ഷം വരുന്ന നല്ലവരായ ഹിന്ദുക്കളും മൗനം പാലിക്കുന്നു എന്നതാണ് ഭയപ്പെടുത്തുന്ന വസ്‌തുത. പ്രബുദ്ധർ എന്നവകാശപ്പെടുന്ന കേരളത്തിൽ തന്നെ ഒരു 'ബംഗാളി'യെ കണ്ടിട്ട് കള്ളലക്ഷണമുണ്ടെന്നു പറഞ്ഞു തല്ലിക്കൊന്നു. ഇവിടെ മതമല്ല, മാറിവരുന്ന സംസ്‌കാരമാണ് ശ്രദ്ധിക്കപ്പെടേണ്ടത്. കാരണം, കൊന്നവരും കൊല്ലപ്പെട്ടവനും ഹിന്ദുക്കൾ തന്നെയാണ്.
നാടിനെ ത്വരിതഗതിയിൽ മുന്നോട്ടു നയിക്കുന്ന നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പാർട്ടിയെ കരിതേച്ചു കാണിക്കാൻ മറ്റു ചില മതത്തിൽ പെട്ടവർ ബിജെപി യുടെ വേഷമിട്ടു മനപ്പൂർവ്വം ചെയ്യുന്ന വൃത്തികേടുകളാണ് ഇവയൊക്കെ എന്ന് ബിജെപി അവകാശപ്പെടുമ്പോൾ ഒരു ചോദ്യം ഉയരുന്നു. എങ്കിൽ പിന്നെ എന്തുകൊണ്ട് ഇവരുടെ ശരിയായ ഐഡൻറിറ്റി വെളിച്ചത്തു കൊണ്ടുവന്നു നിയപരമായി നടപടി എടുക്കുന്നില്ല?
എന്ത് തന്നെയായാലും വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന ഈ സ്ഥിതിവിശേഷം അപലപിക്കപ്പെടേണ്ടതാണ്. ഈ ഛോട്ടാ നേതാക്കന്മാരെ നിലയ്ക്കു നിർത്താൻ മുകളിലുള്ളവർ തയ്യാറാകണം. ഇതിന്റെയൊന്നും പേരിൽ നടപടി എടുക്കാത്തിടത്തോളം ഇതൊക്കെ അധികാരികളുടെ ഒത്താശയോടെ നടക്കുന്ന സംഭവങ്ങളാണെന്നു കരുതേണ്ടി വരും. അത് മതസൗഹാർദത്തിനും മതേതരത്തിനും ലോകം മാതൃകയാക്കുന്ന ഭാരതത്തിനു കളങ്കമേൽക്കുന്നവയാണ്. പല രാഷ്ട്രീയ പാർട്ടികളും ചില മത വിഭാഗങ്ങളുടെ ദേശദ്രോഹപരമായ ചെയ്തികൾക്കു നേരെ നാല് വോട്ടിനു വേണ്ടി കണ്ണടയ്ക്കുമ്പോൾ അത് ആത്യന്തികമായി അവരുടെയും രാജ്യത്തിന്റെയും നാശത്തിലേക്കാണ് നയിക്കുക എന്ന് മനസ്സിലാക്കണം. സർവ്വോപരി, മതങ്ങളെല്ലാം മനുഷ്യ സൃഷ്ടിയാണെന്നുള്ള സത്യം മനസ്സിലാക്കി അതിലുപരിയാണ് മാനവികതയും മനുഷ്യസ്നേഹവും എന്ന യാഥാർഥ്യം ഉൾക്കൊണ്ടു മതങ്ങളെ അതിന്റെ വഴിക്കു വിട്ടാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളൂ.
എല്ലാവർക്കും സ്നേഹവും സാഹോദര്യവും തുളുമ്പുന്ന ക്രിസ്‌തുമസ് ആശംസകൾ!
_________________
Read More: https://www.emalayalee.com/writer/170