Image

കൊറിയയിലെ യുദ്ധക്കെടുതികള്‍ നിറഞ്ഞ 1952-ലെ ആ ക്രിസ്മസ് രാവില്‍ സംഭവിച്ചത്...(എ.എസ് ശ്രീകുമാര്‍)

Published on 24 December, 2025
കൊറിയയിലെ യുദ്ധക്കെടുതികള്‍ നിറഞ്ഞ 1952-ലെ ആ ക്രിസ്മസ് രാവില്‍ സംഭവിച്ചത്...(എ.എസ് ശ്രീകുമാര്‍)

തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രിസ്മസ് ആഘോഷിക്കാനുള്ള ഉല്‍സാഹത്തിലാണ്. വീടുകളിലും ദേവാലയങ്ങളിലും നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ബഹുവര്‍ണ്ണ വെളിച്ചങ്ങളുമൊക്കെ ഒരുക്കി ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന സമയം.

ക്രിസ്മസിന്റെ സന്ദേശം സാര്‍വലൗകികമായ സ്‌നേഹത്തിലധിഷ്ടിതമാണ്. സ്‌നേഹത്തിന്റെ, സഹനത്തിന്റെ, പ്രത്യാശയുടെ സന്ദേശം പരത്തിക്കൊണ്ടാണ് എക്കാലത്തും ക്രിസ്മസ് നമ്മുടെ ഹൃദയാന്തരങ്ങളിലേയ്ക്ക് കടന്നുവരാറുള്ളത്. വര്‍ണനാതീതമായ സ്‌നേഹത്തിന്റെയും ആര്‍ദ്രമായ കൃപയുടെയും ശക്തി വിളിച്ചറിയിക്കുന്ന ഒരു കഥയാണിവിടെ പറയുന്നത്.

മഞ്ഞുപെയ്ത് പ്രകൃതി തന്നെ നിശ്ചലമായ 1952-ലെ ഒരു ക്രിസ്മസിന്റെ ശാന്ത രാത്രി. ഇത് കൊറിയയാണ്. രാജ്യം അന്ന് ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലാണ്. ജനങ്ങള്‍ ദുരിതമനിഭവിക്കുന്ന കറുത്ത ദിനങ്ങള്‍. അവശയായ ഒരു യുവതി ഗ്രാമ വഴിയിലൂടെ ഏന്തിവലിഞ്ഞ് നടക്കുന്നു. പൂര്‍ണ ഗര്‍ഭിണിയാണ് അവള്‍. താമയിയാതെ നിരത്തില്‍ അവള്‍ തളര്‍ന്ന് വീണു. യുവതി ഏതു നിമിഷവും ഒരു കുഞ്ഞിന് ജന്മം നല്‍കിയേക്കാം.

വഴിയിലൂടെ നടന്നു പോകുന്നവരോട് യുവതി സഹായത്തിനായി കേണപേക്ഷിക്കുന്നുണ്ട്. എന്നാല്‍ അനുതാപം തൊട്ടുതീണ്ടിയിട്ടില്ലാത്ത അവരാരും അത് ഗൗനിച്ചില്ല. ഇടയ്ക്ക് മധ്യവയസ്‌കരായ ദമ്പതികള്‍ അതുവഴി വന്നു. പുച്ഛത്തോടെ അവര്‍ യുവതിയെ നോക്കി. ''ആരാണ് ഈ ഗര്‍ഭത്തിനുത്തരവാദി...നിന്റെ ആ അമേരിക്കക്കാരനെവിടെ...ജാരനെവിടെ...'' എന്നൊക്കെ ചോദിച്ച് യുവതിയെ കളിയാക്കി അവര്‍ നിഷ്‌കരുണം നടന്നകന്നു. യുദ്ധത്തില്‍ യു.എസിന്റെ നേതൃത്വത്തില്‍ ഐക്യരാഷ്ട്രസംഘടന ദക്ഷിണ കൊറിയയെ സഹായിക്കാന്‍ കളത്തിലിറങ്ങിയതിനാല്‍ അമേരിക്കന്‍ സെനികര്‍ അവിടെയുണ്ടായിരുന്നു. അവരിലാരെങ്കിലുമാകാം ആ ഗര്‍ഭത്തിന്റെ കാരണക്കാരന്‍.

അവളുടെ യാചനകള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞ് നേര്‍ത്ത് ഇല്ലാതായി. ജീവിതത്തിനും മരണത്തിനുമിടയിലുള്ള അപിശപ്തമായ നിര്‍ണായക നിമിഷങ്ങള്‍. അടുത്തെവിടെയോ ഒരു മിഷണറി താമസിക്കുന്നതായി അവള്‍ക്കറിയാമായിരുന്നു. അദ്ദേഹം തന്നെ തീര്‍ച്ചയായും സഹായിക്കുമെന്ന് യുവതി കരുതി. പ്രത്യാശയോടെ മിഷണറിയുടെ വീടന്വേഷിച്ച് അവള്‍ സര്‍വ ശക്തിയും സംഭരിച്ച് നടന്നു. കടുത്ത വേദനയും കൊടിയ തണുപ്പും സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.

ക്രിസ്മസിന്റെ ആ തലേരാത്രിക്ക് കട്ടി കൂടിവന്നു. മഞ്ഞ് തോരാതെ പെയ്യുന്നു. യുവതിക്ക് പ്രസവ വേദന കലശലായി. അവള്‍ തൊട്ടു മുന്നില്‍ കണ്ട ഒരു പാലത്തിന്റെ അടിയിലെ ഇരുളില്‍ അഭയം പ്രാപിച്ചു. അവിടം ഒരു ഈറ്റില്ലമായി. തന്റെ ചോരക്കുഞ്ഞിനെ തണുപ്പില്‍ നിന്ന് രക്ഷിക്കാനായി പെറ്റമ്മ സ്വന്തം വസ്ത്രങ്ങളഴിച്ചെടുത്ത് അവനെ ചുറ്റി. അമ്മയുടെ കരവലയത്തില്‍ സുരക്ഷിതനായി ആ കുഞ്ഞ് അമ്മിഞ്ഞപ്പാല്‍ നുകര്‍ന്ന് ശാന്തമായി ഉറങ്ങി.

ക്രിസ്മസ് ദിനത്തിലേയ്ക്ക് നേരം പുലര്‍ന്നു. ചിലര്‍ക്കുള്ള ക്രിസ്മസ് പാക്കറ്റുകള്‍ കൊടുക്കുന്നതിനായി മിഷണറി വീട്ടില്‍ നിന്നിറങ്ങി നടക്കുകയാണ്. പെട്ടെന്ന് അദ്ദേഹം ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. കരച്ചില്‍ കേട്ട സ്ഥലം ലക്ഷ്യമാക്കി അദ്ദേഹം നടന്നു. അമ്മയുടെ കരവലയത്തില്‍ കിടന്ന് കരയുന്ന കുഞ്ഞിനെ മിഷണറി കണ്ടു. അമ്മ തണുത്ത് മരവിച്ച് മരിച്ചുപോയിരിക്കുന്നു. ആ കുഞ്ഞിനെ മിഷണറി കോരിയെടുത്തു.

അവനിപ്പോള്‍ പത്തു വയസായി. അന്നൊരു ക്രിസ്മസ് ദിവസം ആ വളര്‍ത്തച്ഛന്‍ പണ്ടൊരു ക്രിസ്മസ് തലേന്ന് അവന്റെ അമ്മ മരിച്ച സംഭവം അവനോട് പറഞ്ഞു. കടുത്ത ദുഖത്തില്‍ അവന്‍ പൊട്ടിക്കരഞ്ഞു. തനിക്കുവേണ്ടിയാണല്ലേ സ്‌നേഹനിധിയായ അമ്മ സ്വന്തം ജീവന്‍ ബലികൊടുത്തതെന്ന് അവന്‍ കടുത്ത വേദനയോടെ ഓര്‍ത്തു.

പിറ്റെ ദിവസം മിഷണറി എഴുന്നേറ്റപ്പോള്‍ വളര്‍ത്തു പുത്രനെ കാണുന്നില്ല. വാതില്‍ തുറന്നു നോക്കിയപ്പോള്‍ അന്നു പെയ്ത മഞ്ഞില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ കണ്ടു. അത് അവന്റേതാണെന്ന് തിരിച്ചറിഞ്ഞ് മിഷണറി കാല്‍പ്പാടുകളെ പിന്തുടര്‍ന്ന് നടന്നു. അ നടത്തം അവസാനിച്ചത് ആ പഴയ പാലത്തിന്റെ അടിയില്‍ യുവതിയായ അവന്റെ അമ്മ മരിച്ചു കിടന്ന സ്ഥലത്തായിരുന്നു.

പിഞ്ചു ബാലന്‍ അവിടെ മുട്ടുകുത്തി നില്‍ക്കുന്നതു കണ്ട് മിഷണറി അമ്പരന്നു. വിന്റര്‍ കോട്ട് ഇല്ലാതെ അവന്‍ തണുത്ത് വിറയ്ക്കുന്നു. അവിടത്തെ ഒരു കല്‍ത്തൂണില്‍ മകന്‍ തന്റെ കോട്ട് ഊരി വച്ചിരിക്കുകയാണ്. അപ്പോള്‍ അവന്റെ വിറയാര്‍ന്ന വാക്കുകള്‍ മിഷണറി കേട്ടു...

''പ്രിയപ്പെട്ട എന്റെ അമ്മേ...ഈ കോട്ട് അവിടത്തേയ്ക്കുള്ളതാകുന്നു...എനിക്കു വേണ്ടി ഇത് ധരിച്ചാലും...''

തീവ്രദുഖത്തിന്റെ വികാരമുണര്‍ത്തുന്ന ഈ കഥ വായിക്കുമ്പോള്‍ ഓര്‍മ വരുന്നത് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒരമ്മയും മകനും അനുഭവിച്ച ത്യാഗത്തിന്റെ ചരിത്രമാണ്. ബെത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ മറിയത്തിന്റെ പൊന്‍മകനായി ഉണ്ണിയേശു പിറന്ന 'മിശിഹാചരിത്രം'. മേല്‍പ്പറഞ്ഞ കഥയുമായി ചില സാമ്യങ്ങള്‍ ദൈവ പുത്രന്റെ തിരുജനനത്തിനുമുണ്ട്.

ലൂക്കായുടെ സുവിശേഷത്തില്‍ ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്...കന്യകയായ മേരി പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ് റോമാ ചക്രവര്‍ത്തി അഗസ്റ്റസിന്റെ സ്ഥിതിവിവരക്കണക്കെടുപ്പ് തുടങ്ങിയത്. ഇതുപ്രകാരം സെന്‍സസില്‍ പേരുചേര്‍ക്കാന്‍ നസ്രത്തില്‍ നിന്നും ജോസഫ് പൂര്‍ണ്ണ ഗര്‍ഭിണിയായ മേരിയേയും കൂട്ടി തന്റെ പൂര്‍വ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു.

യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവില്‍ ഒരു പുല്‍ത്തൊട്ടിയില്‍ യേശുക്രിസ്തു പിറന്നു. ദാവീദ് രാജാവിന്റെ പിന്‍തലമുറയില്‍പ്പെട്ടവനാണ് ജോസഫ്. യൂദയാ രാജ്യത്തെ ബെത്‌ലഹേമില്‍ യേശു പിറന്നു എന്ന സൂചനയിലൂടെ, ക്രിസ്തുവിന്റെ ജനനം പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണെന്നു തെളിയിക്കാനാണ് സുവിശേഷകന്‍ ശ്രമിക്കുന്നത്.

ദൈവത്തിന്റെ ഉപാധികളില്ലാത്ത സ്‌നേഹം അനുഭവിച്ച നാം അത് പരസ്പരം പങ്കുവയ്‌ക്കേണ്ടതാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതു കൂടിയാണ് ക്രിസ്മസ്.

''പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്‌നേഹിച്ചു എങ്കില്‍ നാമും അന്യോന്യം സ്‌നേഹിക്കേണ്ടതാകുന്നു...'' (യോഹന്നാന്‍ 1. 4:11).

ദൈവത്തിന്റെ അലൗകികമായ സ്‌നഹം മനുഷ്യരിലൂടെ പ്രകടമാക്കണ്ടതാണ്. അങ്ങനെ ദൈവ സ്‌നഹത്തിന്റെ ഉത്തമ ഉദാഹരണങ്ങളാകാന്‍ നമുക്കാവണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക