
മയാമി, ഫ്ലോറിഡ: മാത്യു വർഗീസിന്റെ നേതൃത്വത്തിലുള്ള ഫോമാ ടീം പ്രോമിസ് അമേരിക്കൻ മലയാളികൾക്ക് ക്രിസ്തുമസ് - ന്യു ഇയർ മംഗളങ്ങൾ ആശംസിച്ചു.
സംഘർഷങ്ങളും ഭിന്നതയും കലാപങ്ങളും കൊണ്ട് കലുഷിതമായ കാലത്ത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായാണ് ക്രിസ്തുമസ് എത്തുന്നത്. ക്രിസ്തുമസ് നൽകുന്ന ശാന്തിയുടെ സന്ദേശം എന്നത്തേക്കാളും ഇപ്പോൾ പ്രസക്തമാണ്. രാജ്യങ്ങൾ തമ്മിലും രാജ്യങ്ങൾക്കുള്ളിലും സമൂഹങ്ങൾ തമ്മിലും സംഘർഷങ്ങളുടെയും പോരാട്ടത്തിന്റെയും കഥകളാണ് നാം കേൾക്കുന്നത്. അവ്സാനമില്ലാത്തതെന്നു കരുതുന്ന ഈ പോരാട്ടങ്ങൾ മനുഷ്യമനസാക്ഷിയെ നടക്കുന്നു.
ഈ ദുഃഖ-ദുരിതങ്ങൾ മറന്ന് ശാന്തിയുടെയും ഐക്യത്തിന്റെയും പാതയിൽ വിശ്വാസപൂർവം മുന്നേറാൻ നമുക്ക് കഴിയട്ടെ. ക്രിസ്തു പകർന്നു നൽകിയ സ്നേഹത്തിന്റെ സന്ദേശം നമ്മുടെ ഹൃദയങ്ങളെ വിശുദ്ധീകരിക്കട്ടെ.
അത് പോലെ വലിയ പ്രത്യാശയോടെയാണ് മനുഷ്യരാശി പുതുവര്ഷത്തിലേക്കു കാലെടുത്തു വയ്ക്കുന്നത്. യുദ്ധങ്ങളും കൂട്ടക്കുരുതികളും അവമൂലം സൃഷ്ടിക്കപ്പെടുന്ന് പട്ടിണിയും ക്ഷാമവും പുതിയ വര്ഷത്തിലെങ്കിലും ഇല്ലാതാവാൻ നമുക്ക് പ്രാർത്ഥിക്കാം. മനുഷ്യരാശി ഇപ്പോഴത്തെ വിഷമസന്ധിയിൽ നിന്ന് ശാന്തിയുടെയും പുരോഗതിയുടെയും പാതയിലേക്ക് മടങ്ങി വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഇന്ത്യയിലും അമേരിക്കയിലും പ്രതിസന്ധികൾ ഉണ്ടാകുന്നതും നമ്മെ ആശങ്കപ്പെടുത്തുന്നു. പ്രത്യേകിച്ച് ഇന്ത്യ-അമേരിക്ക ബന്ധത്തിലുണ്ടായ വിള്ളൽ. അതുപോലെ വിവിധ വിസകളിൽ എത്തിയവർ നേരിടുന്ന പ്രശ്നങ്ങൾ. അതുപോലെ ഇന്ത്യാക്കാർക്ക് എതിരെ ഉയരുന്ന വംശീയമായ ആരോപണങ്ങൾ. ഇതൊക്കെ നമ്മെ അലോസരപ്പെടുത്തുന്നു. ഇവക്കെല്ലാം ഒരു മാറ്റം പുതുവർഷത്തിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
എല്ലാവർക്കും ക്രിസ്തുമസിന്റെയും നവവത്സരത്തിന്റെയും ആശംസകൾ നേരുന്നതായി ടീം പ്രോമിസ് സ്ഥാനാർഥികളായ മാത്യു വർഗീസ് (പ്രസിഡന്റ്), അനു സ്‌കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറർ) , ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്) , രേഷ്‌മ രഞ്ജൻ (ജോയിൻറ് സെക്രട്ടറി), ടിറ്റോ ജോൺ (ജോയിന്റ് ട്രഷറർ) എന്നിവർ അറിയിച്ചു .