
സാറായ്ക്കു എട്ടു വയസ്സ് തികയുന്നതേയുള്ളു.
ബാല്യത്തിന്റെ നിഷ്ക്കളങ്ക കൗതുകങ്ങളും ആഹ്ലാദങ്ങളും ചിറക് വിരിക്കുന്ന ഈ പ്രായത്തിൽ ഗഹനമായ ചിന്തകൾക്കു സ്ഥാനമില്ല.
എങ്കിലും
ഇന്ന് അവൾ ചിന്താകുലയായിരുന്നു.
പുതിയ പള്ളിക്കൂടം പുതിയ അദ്ധ്യാപകർ... പുതിയ അന്തരിക്ഷത്തിലവൾ വല്ലാതെ വീർപ്പുമുട്ടി.
ഓലമേഞ്ഞ ചെറിയ ആ പള്ളീക്കൂടത്തിനു പകരം ഇപ്പോഴതാ വലിയ ഒരു പള്ളിക്കൂടം വിശാലമായ മുറ്റം അനവധി ക്ലാസ്സ് മുറികൾ... ധാരാളം കുട്ടികൾ...
വള്ളത്തിലാണു സാറാ വന്നതു... അവളെക്കൊണ്ടുവന്നു വിട്ടശേഷം വല്ലിച്ചൻ . അമ്മയുടെ സഹോദരനെ അവളങ്ങനെയാണു വിളിക്കുന്നതു....വേഗം വള്ളം തുഴഞ്ഞു മടങ്ങിപ്പോയി.. ചെന്നിട്ടു വേണം പാടത്തു കന്നുപൂട്ടാൻ പോവാൻ...
പേടിച്ചു പേടിച്ചു സാറാ ക്ലാസ്സിലെത്തി....
മുപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു.
ആൺകുട്ടികളായിരുന്നു കൂടുതലും. പെൺകുട്ടികൾ പതിനൊന്നു പേർ മാത്രം...
വലിയ ജന്മിമാരുടേയും ഉദ്യോഗസ്ഥരുടേയും മക്കളായിരുന്നു കൂടുതലും..
പെൺകുട്ടികൾ ചിലർ പാവാടയും ജംബറും ധരിച്ചിരുന്നു. ചട്ടയും മുണ്ടും ഉടുത്ത വർ മൂന്നുപേർ മാത്രം. ഒരേ വേഷക്കാരായ തുകൊണ്ടാവാം അവർ വേഗത്തിൽ ചങ്ങാതികളായി.
പല കുട്ടികളും അടുപ്പം കാണിയ്ക്കാതെ അകന്നു മാറി ഇരിക്കുന്നു...
ഗോമതി അതായിരുന്നു മലയാളം ടീച്ചറുടെ പേരു
ചുരുണ്ട മുടിയും വിടർന്ന കണ്ണുകളുമുള്ള വെളുത്തു സുന്ദരിയായ ടീച്ചറെ സാറാ ഇമവെട്ടാതെ നോക്കിയിരുന്നു.
ടീച്ചറിന്റെ നെറ്റിയിലെ ചന്ദനക്കുറിയിൽ നിന്നും ചന്ദനഗന്ധം ക്ലാസ്സ് മുറിയിലാകെ പടരുന്നു.
സൗമ്യമായും സ്നേഹത്തോടെയും പെരുമാറിയിരുന്ന ടീച്ചറെ കുട്ടികൾക്കു ഇഷ്ടമായി.
കൊമ്പൻ മീശയും വട്ടക്കണ്ണകളും സാമാന്യത്തിലധികം ഉയരവും വണ്ണവുമുണ്ടായിരുന്ന ഗോപിനാഥൻ നായർ സാറിനെ കുട്ടികൾ ഭയത്തോടെ നോക്കി... പോരാത്തതിനു കയ്യിൽ ഒരു നീളൻ ചൂരലും... കണക്ക് മാഷാണ്.
മലയാളം പീര്യഡിൽ ഗോമതി ടീച്ചർ വരുമ്പോഴാണു കുട്ടികൾ ഒന്നാശ്വസിക്കുന്നതു... എല്ലാവരും തന്നെ കണിശക്കാരും വാത്സല്യം പ്രകടിപ്പിയ്ക്കാത്തവരും ആയിരുന്നു.
ദിവസങ്ങൾ അതിവേഗം ഓടി മറഞ്ഞു. കൊണ്ടിരുന്നു...
ഇപ്പോൾ സാറായ്ക്കു പേടിയൊന്നുമില്ല.
എല്ലാവിഷയങ്ങൾക്കും അവൾ നല്ല മാർക്കുകൾ വാങ്ങിച്ചു.
ഗോമതി ടീച്ചർ നല്ല ഈണത്തിൽ പദ്യഭാഗങ്ങൾ ചൊല്ലി കേൾപ്പിയ്ക്കും. വള്ളത്തോൾ ഉള്ളൂർ എഴുത്തച്ചൻ കുമാരനാശാൻ തുടങ്ങിയ കവി നാമങ്ങ ളൊക്കെ അവർക്കു പരിചിതമായി.
സാറാ നല്ല ഈണത്തിൽ പദ്യങ്ങൾ ചൊല്ലുമായിരുന്നു.
മനോഹരമായ കൈയ്യക്ഷരം ഹോം വർക്കുകൾചെയ്യുക പകർത്തി എഴുതുക... എല്ലാം അവർ ഭംഗിയായി ചെയ്തുപോന്നു.
... അവളുടെ നോട്ടുബുക്കിൽ ആരും കാണാതെ അവൾ കവിതകളെഴുതി... ഒരിയ്ക്കൽ ഗോമതി ടീച്ചർ കണ്ടുപിടിച്ചു. അവളെ അനുമോദിച്ചു... അവൾക്കു ചെറിയ കഥാ പുസ്തകങ്ങളും കവിതാ പുസ്തകങ്ങളും വായിക്കാൻ നൽകി... ടീച്ചർക്കു അവളെ വലിയ ഇഷ്ടമാണെന്നു അവൾക്കറിയാം ::..j ടീച്ചറ വളെ അരികിൽ വിളിച്ച് വീട്ടുവിശേഷങ്ങൾ തിരക്കും. പഠനം തുടരണമെന്നും മലയാളം ഹയർ പാസ്സായി ഒരു ടീച്ചർ ആ കണമെന്നും അവളോടു പറയുമായിരുന്നു.... കഷ്ടപ്പെട്ടു പഠിയ്ക്കുന്നതാണെന്നു ടീച്ചർക്കറിയാം. പല പെൺകുട്ടികളും ഇടയ്ക്കു പഠനം നിർത്തിപ്പോവാറുണ്ട്.
അക്കാലത്ത് പതിമൂന്നിലും പതിനഞ്ചിലുമൊക്കെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കുമായിരുന്നു...
ഓടിക്കളിച്ചു നടക്കേണ്ട കൗമാരത്തിലേ കുടുംബ ഭാരം പേറേണ്ടി വന്നിരുന്ന പാവം പെൺകുട്ടികൾ..... ബലി മൃഗങ്ങളെപ്പോലെ താലി കെട്ടാൻ കഴുത്തു കുനിച്ചു കൊടുക്കേണ്ടിയിരുന്ന ഒരു ഭൂതകാലo !!!
സാറാ മനസ്സിൽ കണക്കുകൂട്ടി
ഫസ്റ്റ്, സെക്കൻഡ് . തേർഡ് ഫോർത്ത് ഫിഫ്ത്ത് സിക്സ്ത്ത്
ഈ കടമ്പ ക ളെല്ലാം കടന്നാലേ ഗോമതി ടീച്ചർ പറഞ്ഞ പോലെ അദ്ധ്യാപികയാവാൻ സാധിയ്ക്കയു
അതത്ര നിസാര കാര്യമല്ല:::: ഇനിയും പഠിക്കാൻ അപ്പൻ സമ്മതിയ്ക്കില്ല. മുന്നോട്ടു ചെല്ലുന്തോറും ഫീസും മറ്റു ചെലവുകളും കൂടും... ഓർക്കുമ്പോൾ വല്ലാത്തദുഃഖവും നിരാശയും തോന്നും...
വൈകുന്നേരം വള്ളവുമായ് വെല്ലിച്ച നെത്തി.
ആകാശത്തു കരിമേഘങ്ങൾ കുത്തിമറിഞ്ഞു കളിക്കുന്നു.
മഴ പെയ്തേക്കും.
പൊന്തക്കാട്ടിൽ മീനുകളെ തെരഞ്ഞു നടക്കുന്ന കുളക്കോഴികളേയും ആറ്റിറമ്പിൽ വിരിഞ്ഞു നിൽക്കുന്ന ആമ്പൽപ്പൂക്കളേയും കാറ്റിലാടുന്ന കുരുവിക്കൂടുകളും അവൾ നോക്കിയില്ല.
അകലെ മേഞ്ഞു നടക്കുന്ന പൈക്കൾ മഴക്കാറു കണ്ടിട്ടാവാം ഉച്ചത്തിൽ കരയുന്നുണ്ടു്.
അവളുടെ മനസ്സാകെ ഗോമതി ടീച്ചർ പറഞ്ഞ വാക്കുകളായിരുന്നു.
"എന്തു വന്നാലും പഠനം നിർത്തരുതു പഠി പഠിച്ചു ഒരു ടീച്ചറാവണം...നിനക്കതു കഴിയും"....
അമ്മച്ചിയുടെ ആശയും അതു തന്നെ... പക്ഷേ തന്റെ പരിമിത സാഹചര്യത്തിൽ....: ?
പുസ്തകങ്ങൾക്കു വേണ്ടി പഠിയ്ക്കാൻ വേണ്ടി വിശക്കുന്ന ഒരു കുട്ടിയായിരുന്നു സാറാ....
പാഠപുസ്തകങ്ങൾക്കപ്പുറം മറ്റൊന്നും വായിക്കാനില്ലാതിരുന്ന കാലം.
" കൊച്ചിനെന്നാ പറ്റി?
വെല്ലിച്ചന്റെ ചോദ്യം അവളെ ചിന്തകളിൽ നിന്നും ഉണർത്തി.
വാതോരാതെ സംസാരിയ്ക്കാറുണ്ടായിരുന്ന താൻ ഇതുവരെ ഒന്നും മിണ്ടിയില്ലെന്ന് അപ്പോഴാണവൾ ഓർത്തതു...
"ഒന്നുമില്ല വെല്ലിച്ചാ...... ടീച്ചർ പറഞ്ഞു ഇനിയും ഒത്തിരി പഠിക്കണമെന്നും
" അതിനെന്നാ?
അതിനു കോട്ടയത്തിനു പോവണ്ടേ
കാശു ഒത്തിരി വേണ്ടേ?
കൊച്ചു സങ്കടപ്പെടാതെ... വഴിയുണ്ടാക്കാം... ഇവിടെത്ത പഠിത്തം കഴിയട്ടെ..... സാറാ ക്കൊച്ചിന്റെ കണ്ണു നിറയുന്നതുപൈലോനു സഹിയ്ക്കുവേല... അയാൾക്കു അവൾ തന്റെ ജീവന്റെ ഒരു ഭാഗമാണ്.... അയാൾ പണിയെടുക്കുന്നതും ജീവിക്കുന്നതും തന്റെ സഹോദരിയ്ക്കും മകൾക്കും വേണ്ടിയാണ്. ...
പിണങ്ങിപ്പോയ ഭാര്യ തിരിച്ചു വന്നില്ല...... അയാൾ അവരുടെ വീട്ടിൽ ഒരിയ്ക്കൽച്ചെന്നു വിളിച്ചതാണു. ആ സ്ത്രീ അയാളെ ക്കാണാൻ പോലും കൂട്ടാക്കാതെ വരുന്നില്ല എന്നു അകത്തു നിന്നു വിളിച്ചു പറഞ്ഞു. ... അയാൾ പിന്നെ പോയതുമില്ല അവർ മടങ്ങിവന്നുമില്ല.... എത്രയോ വർഷമായി ഒറ്റയ്ക്കു ജീവിക്കുന്നു. കൊച്ചു പെണ്ണു പലപ്പോഴും നിർബ്ബന്ധിക്കും ഒരു പെണ്ണുകെട്ടാൻ... അയാളതു കേട്ടതായി പ്പോലും ഭാവിയ്ക്കില്ല..
പണി കഴിഞ്ഞു വന്നു തന്റെ പശുക്കളോടും പൂച്ചകളോടും വർത്തമാനം പറഞ്ഞിരിക്കും.പിന്നെ ആറ്റിലിറങ്ങി കുളിയ്ക്കും
വേദ പുസ്തകം വായിച്ചു പ്രാർത്ഥിയ്ക്കും.
അത്താഴം: മിക്കവാറും തൈരും മുതുകും
വല്ലപ്പോഴും മീൻ കറി... എത്രയോ വർഷമായി അയാളുടെ ജീവിതം ഒരു മാറ്റവുമില്ലാതെ ഇങ്ങനെ....
കടവത്തു കൊച്ചു പെണ്ണു അവരേയും കാത്തു നിൽപ്പുണ്ടായിരുന്നു.
" അച്ചാച്ചാ കാപ്പി കുടിച്ചിട്ടുപോകാം "...
വേണ്ടാ മഴയ്ക്കു മുൻപേ കണ്ണമ്മേം ശാന്തമ്മേം അഴിച്ചു കൊണ്ടുവരണം... അയാളുടെ പ്രിയപ്പെട്ട പശുക്കൾ...
അതിവേഗം തുഴഞ്ഞു പോകുന്ന സഹോദരനെ നോക്കി കൊച്ചു പെണ്ണു നെടുവീർപ്പിട്ടു.... എത്ര കാലമായി ഒറ്റയ്ക്കിങ്ങനെ.... ഒരു പെണ്ണുകെട്ടാൻ പറഞ്ഞാൽ അതും വേണ്ടാതെ....... കൊച്ചു പെണ്ണു അകലേയ്ക്കു നോക്കി... നിലത്തു കാലുറയ്ക്കാതെ ആടിയാടി നടന്നു വരുന്നുണ്ട് ശമുവേൽ... അമ്മയുടെ മരണശേഷം അയാൾ മിക്ക ദിവസങ്ങളിലും ഇങ്ങനെയാണ്.... ദേഷ്യവും സങ്കടവും കടിച്ചമർത്തി അവൾ നിന്നു...... കൊച്ചിനെ പഠിപ്പിയ്ക്കണ്ടാ എന്നു പറഞ്ഞതിനെ ധിക്കരിച്ചു താൻ പഠിപ്പിക്കുന്നതിന്റെ പ്രതിഷേധം പ്രതികാരം....
തന്റെ തീരുമാനത്തിനു മാറ്റമില്ല...... കൊച്ചു പെണ്ണു ഉള്ളിൽ പറയുന്നുണ്ടായിരുന്നു..... അവൾ പഠിക്കും... ഞാനവളെ പഠിപ്പിയ്ക്കും... എന്തു വന്നാലും.....
തുടരും...
Read More: https://www.emalayalee.com/news/359104