
ഡിസംബറിന്റെ നഷ്ടം എന്നൊക്കെ പറഞ്ഞാലിതാരിക്കും അല്ലേ ?
അപമാനിതയായ നടിക്ക് നീതിപൂര്‍വ്വമുള്ള വിധി ലഭിച്ചില്ല,കേരളത്തില്‍ ഇടതിന്റെ കാലം അവസാനിക്കുന്നെന്ന് ധ്വനിയുമായി തദ്ദേശതിരഞ്ഞെടുപ്പ് ഫലം,സ്ത്രീ പീഡനത്തിന് ഒരു എംഎല്‍എ നിയമനടപടിക്കു വിധേയനാകുക,ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണം കട്ടോണ്ടുപോകുക ..ഇങ്ങനെ നഷ്ടങ്ങളുടെ പട്ടിക നീളുന്നു.
ഒരു രാത്രികൊണ്ടു ലോകം അവസാനിക്കുന്നില്ല.പ്രഭാതം പൊട്ടിവിടരും ,പകല്‍ വിടര്‍ന്നു വാടും,രാത്രി എഴുന്നെള്ളും.വീണ്ടും പ്രഭാതം പൊട്ടിവിടരും.ഇതങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കും.ഇന്ത്യയിലെ കേസുകളുടെ കാര്യവും അങ്ങനെതന്നെയാണ്.കേസ്,വിധി,അപ്പീല്‍..അതങ്ങനെ അനുസ്യൂതം നീളും.എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം കാത്തുകാത്തിരുന്ന ഒരു കേസിന്റെ വിധി വന്നതാണ്.കേരളം , അല്ല മലയാളി കാത്തിരുന്ന കോടതി വിധി.എന്നിട്ടെന്തായി ?.ഇനി മേല്‍കോടതിയിലേക്ക്.ഇരു കൂട്ടരും -അനുകൂല വിധി കിട്ടിയവനും കിട്ടാത്തവനും അപ്പീലിനു പോകുന്നു.മൂത്തു നരകിച്ചാലും പരിസമാപ്തി ഉണ്ടാകുന്നില്ല.മാറിമാറി കോടതി നിരങ്ങേണ്ട ഗതികേട്.വക്കീലിനു മാത്രം ചാകര.
നടിയെ പീഡിപ്പിച്ച കേസാണ് കേരളത്തിലെ പുതിയ ചര്‍ച്ച.മുറുക്കാന്‍കടയില്‍വരെ തലകീറി ചര്‍ച്ചകള്‍.സോഷ്യല്‍ മീഡിയയില്‍ പ്രതികള്‍ വരെ അരങ്ങുതകര്‍ക്കുന്നു.നടിയെ ക്രിസ്മസ് വിരുന്നിനു ക്ഷണിച്ച് ധാര്‍മിക പിന്തുണ നല്‍കി നമ്മുടെ മുഖ്യമന്ത്രി.ഇതിനിടയില്‍ പോറ്റിയെ കേറ്റി സ്വര്‍ണ്ണം അടിച്ചുമാറ്റിയത് തണുത്തുപോയി.
ഇന്നലെ എന്നോട് അടുത്ത കൂട്ടുകാരി പറഞ്ഞു,''പോകരുത് ,ആ വൃത്തികെട്ടവന്റെ സിനിമ കാണാന്‍ പോകരുത്.നമ്മള്‍ ഒറ്റക്കെട്ടായി സിനിമ ബഹിഷ്‌കരിച്ചാല്‍ അവന്റെ അടപ്പു തെറിക്കും ''.എന്ന്.അവള്‍ പ്രമുഖ നടന്‍മാരുടെയും സംവിധായകരുടെയും ഏതു സിനിമയും വരാന്‍ കാത്തിരിക്കുന്നവളാണ്.അവളാണ് സിനിമയെപ്പറ്റി റിവ്യൂ എനിക്കു തരുന്നത്.കൊള്ളാമെന്ന് ഉറപ്പായാല്‍ ഞാന്‍ പോകും.കൂടിവന്നാല്‍ ഒരു വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമയേ ഞാന്‍ കാണാറുളളൂ.കാരണം അത്രയും നല്ല സിനിമകള്‍ ഇറങ്ങ്ിയാല്‍ ഭാഗ്യം. ദിലീപിന്റെ സിനിമ എങ്ങനെ എന്നറിയാന്‍ ഒരാഗ്രഹം ഉണ്ടായിരുന്നു.പക്ഷേ കേരളത്തിലെ പെണ്‍പട സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ശക്തമാക്കിയിരിക്കയാണ്.
ഒരോ സ്ത്രീയും ബലാല്‍സംഗം ചെയ്യപ്പെട്ട നടിയെ ചേര്‍ത്തുപിടിക്കുന്നു എന്നുള്ളതിന്റെ ശക്തമായ തെളിവ്.ഇതിനു മുന്‍പ് എത്രയോ പ്രമാദമായ പീഡനക്കേസുകള്‍ കേരളം കണ്ടിരിക്കുന്നു.സിനിമാതാരങ്ങളും പ്രമുഖ രാഷ്ട്രീയനേതാക്കളും ഉള്‍പ്പെട്ട പീഡനക്കേസുകള്‍.പക്ഷേ ഇത്രയും പരസ്യ പ്രതിഷേധം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല.സോഷ്യല്‍ മീഡിയയുടെ സ്വാധീനവും ഒരു കാരണമാണെന്നു പറയാതെ വയ്യ.എന്തായാലും ഇനിയും നീതിക്കായി കാത്തിരിക്കേണ്ട അവസ്ഥ.ആരാണ് യഥാര്‍ത്ഥ കുറ്റവാളി,ആരാണ് ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് ചുക്കാന്‍ പിടിച്ചത്,മാഡം എന്നൊരാള്‍ ഉണ്ടോ തുടങ്ങി എന്തെന്തു ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ കിടന്നു കറങ്ങുന്നു.
എന്തു കുന്തമായാലും ശരി ഒരു കാര്യം സ്പഷ്ടമാണ്.കേരളം പഴയ കേരളമല്ല.
ഒരു പെണ്ണിനെ വെറുപ്പാണെങ്കില്‍ അവളെ ഇല്ലാതാക്കാന്‍ അധികം കഷ്ടപ്പെടേണ്ട.ഒരു ഗുണ്ടയെ വിട്ട് അപമാനിച്ചാല്‍ മതി.ചത്തു ജീവിക്കണ്ടേി വരും..പുരുഷനെ ഒതുക്കാന്‍ തീരെ കഷ്ടപ്പെടേണ്ട.പീഡിപ്പിച്ചെന്ന് ഒരു സ്ത്രീയെക്കൊണ്ട് പറയിച്ചാല്‍ മതി.എന്താ അല്ലേ ?.സോഷ്യല്‍ മീഡിയയിലൂടെ ഫേക്ക് എഡി വഴി എന്തു തെമ്മാടിത്തരവും വിളിച്ചുപറഞ്ഞ് ആരെയും കൊന്നൊടുക്കാം.പൊലിസുകാരുടെ കൗശലവും വക്കിലിന്റെ കുബുദ്ധിയും ഇഴഞ്ഞുനീങ്ങുന്ന കോടതിനടപടികളും കൂടെയായപ്പോള്‍ ഒരായുസ്സ് മുഴുവന്‍ കാത്തിരുന്നാലും നീതി അകലെത്തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്.പരാക്രമം സ്ത്രീയോടല്ല വേണ്ടത് എന്ന് ഏതു മരമണ്ടനാണ് പണ്ടു പറഞ്ഞത്.
എന്തായാലും എനിക്ക് ഒരു ചെറുപ്പക്കാരനോട് വല്ലാത്ത ബഹുമാനമുണ്ട്.ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍ നടിയുടെ പ്രതിശ്രുതവരനായിരുന്ന യുവാവിന്റെ കാര്യമാണ്.എത്ര വലിയ നീതിമാനായാലും പതറിപ്പോകുമായിരുന്ന സാഹചര്യത്തില്‍ 'ഞാന്‍ നിനക്കൊപ്പമുണ്ട്,ധൈര്യമായി നിയമവഴി തേടുക 'പറഞ്ഞ് ധൈര്യം നല്‍കിയ ആ ചെറുപ്പക്കാരന്‍.ആഴ്ചകള്‍ക്കു ശേഷം തല ഉയര്‍ത്തിപ്പിടിച്ച് അവളെ താലികെട്ടി ശത്രുവിനെ അമ്പേ തോല്‍പ്പിച്ചുകളഞ്ഞ ആ പയ്യനോടു തോന്നിയ ബഹുമാനം മറ്റാരോടു നമ്മള്‍ക്കു തോന്നും .അവന്‍ കൈവിട്ടിരുന്നെങ്കില്‍ ഒരു പക്ഷേ അതിജീവിതയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല.
പക,കടുത്ത പക ..ഏറ്റവും അടുത്തവര്‍ അകലുമ്പോഴാണ് കൊടിയ വൈരികളാകുന്നത്.നമ്മളാരുമറിയാത്ത മറ്റുചില കാരണങ്ങള്‍,പകകള്‍ പീഡനത്തിന്റെ കാരണഭൂതന്റെ മനസ്സില്‍ ജ്വലിക്കുന്നുണ്ടാവണം.കോടതിയില്‍നിന്നു നീതി കിട്ടിയില്ലെന്ന് അതിജീവിതയ്ക്കു മാത്രമല്ല മലയാളികള്‍ക്കെല്ലാം തോന്നിയിട്ടുണ്ട്.കോടതിയുടെ മുമ്പില്‍ കിട്ടിയ തെളിവുകള്‍വച്ചേ അവര്‍ക്കു വിധി തയ്യാറാക്കാനാവൂ.പരാജയപ്പെട്ടത് ആരെല്ലാമാണ്.പൊലിസ് ? അഭിഭാഷക ?,
പ്രോസിക്യൂഷന്‍ ? പിന്നെ അതിജീവിത...
എന്തായാലും ഇത്തിരി ബോധമുള്ള സ്ത്രീകള്‍ക്ക് ഒരു കാര്യം പിടികിട്ടി.പെണ്ണിന് അപമാനം നേരിട്ടാല്‍ ,പീഡനം ഉണ്ടായാല്‍ ഒരക്ഷരം പുറത്ത് ഉരിയാടരുത്.കേസ് കൊടുക്കരുത്.നീതിക്കായി പൊലിസിനെയും കോടതിയേയും നമ്പരുത്.പ്രതി വാദിയാകും,വാദി പ്രതിയാകും.വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പ് സഹിക്കാനുമാവില്ല.പകരം സ്വയം നീതി നടപ്പാക്കുക.എങ്ങനെയും..ഇതേ നിയമം തന്നെയല്ലേ അപ്പോഴും നിലനില്‍ക്കുന്നത്.മകളെ പീഡിപ്പിച്ചവനോട് കൃഷ്ണപ്രിയയുടെ അച്ഛന്‍ ചെയതതാണ് ശരിയെന്ന് സാധാരണക്കാരനു ബോധ്യമാകുന്ന ചില നേരങ്ങള്‍ !.
സുപ്രിംകോടതിവരെപ്പോകാന്‍ ഉടുപ്പിട്ടുകഴിഞ്ഞു. വാദിയും പ്രതിയും..കോടികള്‍ മറിയും.പ്രഗത്ഭ ക്രിമിനല്‍ അഭിഭാഷകര്‍ ഉള്ളപ്പോള്‍ എന്തു പേടിക്കാന്‍.പക്ഷേ എല്ലാറ്റിനും മീതെ ഒരു കോടതിയുണ്ട്.ഉന്നതനു മീതെ അത്യുന്നതന്‍ എന്നാണ്.അവിടെ വക്കീലും ജഡ്ജിയും ഒരാള്‍ത്തന്നെയാണ്.അതിമിടുക്കരായിരുന്ന ചില ബലാല്‍സംഗ വീരന്‍മാര്‍ ജീവച്ഛവമായി നരകിച്ച് ,എല്ലാം കണ്ടും കേട്ടും നമ്മള്‍ക്കിടയില്‍ത്തന്നെയുണ്ടല്ലോ.അതാണ് ഉയരത്തിലെ നീതി .നമ്മള്‍ക്കതിനെ ദൈവമെന്നോ,വിധിയെന്നോ,കര്‍മ്മഫലമെന്നോ മനോധര്‍മ്മം അനുസരിച്ച് വിളിക്കാം.
അതുംകൂടെയില്ലായിരുന്നെങ്കില്‍ ഹോ എന്നാ കുന്തളിപ്പായിരുന്നേനേ മനുഷ്യര്‍ക്ക്.