
പ്രവാസി മലയാളികള്‍ ഏറെ പ്രതീക്ഷിച്ചിരുന്ന ശബരിമല ഗ്രീല്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതോടെ പ്രസ്തുത പ്രോജക്ട് അനന്തമായി നീളാന്‍ സാധ്യത. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്നാണ് അധികൃതര്‍ പറഞ്ഞിട്ടുള്ളതെങ്കിലും നടപടി ക്രമങ്ങള്‍ക്ക് ഏറെ സമയം വേണ്ടിവരും. ഡീറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കേന്ദ്രത്തിന് സമര്‍പ്പിച്ച് തത്ത്വത്തിലുള്ള അനുമതി കാത്തിരിക്കവെയാണ്, എരുമേലി മണിമല വില്ലേജിലെ 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രില്‍ 25-ന് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം ഹൈക്കോടതി അപ്രതീക്ഷകിതമായി അസാധുവാക്കിയത്.
വലിയ വിമാനത്താവളത്തിനു പോലും 1200 ഏക്കറില്‍ കുറയാതെ ഭൂമി മതിയാകുമെന്നിരിക്കേ, ശബരിമല വിമാനത്താവളത്തിനായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് എന്തിനെന്നതില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാരിനായില്ലെന്നു വിലയിരുത്തിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥരായ അയന ചാരിറ്റബിള്‍ ട്രസ്റ്റ് ഫയല്‍ ചെയ്ത ഹര്‍ജിയിന്‍മേലുള്ള കോടതി ഉത്തരവ്. എന്നാല്‍ ഭാവി വികസനം മുന്നില്‍ കണ്ടാണ് ഇത്രയും സ്ഥലമേറ്റെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് കോടതി ചെവിക്കൊണ്ടില്ല.
സാമൂഹികാഘാത പഠനറി പ്പോര്‍ട്ട് (എസ്.ഐ.എ) ഇതുവരെ പരിശോധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്, ഇതിനു തുടര്‍ച്ചയായുള്ള സര്‍ക്കാര്‍ ഉത്തരവ് എന്നിവയിലെ ഭൂമിയുടെ അളവു സംബന്ധിച്ച ഭാഗങ്ങളും ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക വിജ്ഞാപനവുമാണ് റദ്ദാക്കിയത്. 2013-ലെ കേന്ദ്ര ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം ഒരു പദ്ധതിക്കായി ആവശ്യമുള്ള കുറഞ്ഞ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കുറഞ്ഞ അളവ് ഭൂമി എത്രയെന്ന് നിശ്ചയിക്കാന്‍ വീണ്ടും സാമൂഹികാഘാത പഠനം നടത്തണം. പഠന സംഘത്തില്‍ വിമാനത്താവള പദ്ധതിയെക്കുറിച്ച് അറിവുള്ള സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമാണെന്നും കോടതി പറഞ്ഞു. കണ്ണൂര്‍ എയര്‍പോര്‍ട്ടിനാണ് ഏറ്റവും കൂടുതല്‍ സ്ഥലം ഏറ്റെടുത്തത്-2300 ഏക്കര്‍. കൊച്ചി 1300, തിരുവനന്തപുരം-700, കോഴിക്കോട്-373 എന്നിങ്ങനെയാണ് കേരളത്തിലെ വിമാനത്താവളങ്ങളുടെ ഏക്കര്‍ കണക്കിലുള്ള വിസ്തീര്‍ണം.
2017 ജൂലൈയിലാണ് ശബരിമല എയര്‍പോര്‍ട്ടിന് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമെന്ന് കണ്ടെത്തിയത്. 2023 ജൂണ്‍ 30-ന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയും 2024 മേയ് 20-ന് വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതിയും ലഭിച്ചു. 2025 ഏപ്രില്‍ 25-ന് ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം വന്നു. 2025 നവംബരില്‍ സര്‍വേ പൂര്‍ത്തിയാക്കി. ഡി.പി.ആര്‍ അംഗീകരിച്ച് കേന്ദ്രത്തിന് നല്‍കി. 2263 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റും ഇതോടൊപ്പം എരുമേലി ഒഴക്കനാട് വാര്‍ഡിലെ 307 ഏക്കര്‍ വരുന്ന ജനവാസ മേഖലയുമാണ് പദ്ധതിക്കായി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ശബരി എയര്‍പോര്‍ട്ടിന്റെ നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനി അത് നടപ്പാവാന്‍ യാതൊരു സാധ്യതയുമില്ല.
മൂന്നര കിലോമീറ്റര്‍ നീളമുള്ള കേരളത്തിലെ ഏറ്റവും നീളംകൂടിയ റണ്‍വേയാണ് ഇവിടെ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ അപ്പീല്‍ പോകുന്നതിന് പകരം കോടതി വിധിയനുസരിച്ച് ഭൂമിയേറ്റെടുക്കലുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ പദ്ധതിയുടെ രൂപരേഖയാകെ മാറും. പ്രോജക്ട് ഇനി ട്രാക്കിലെത്തിക്കണമെങ്കില്‍ സാമൂഹികാഘാത പഠനത്തിനുള്ള ടെന്‍ഡര്‍ വിളിക്കുന്നതു മുതല്‍ ഒന്നില്‍ നിന്ന് തുടങ്ങണം. കേരളത്തിന്റെ മറ്റൊരു വികസന സ്വപ്നമാണ് ശബരിമല വിമാനത്താവളം. അവിടെ ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ നേരത്തെ തന്നെ നിലനിന്നിരുന്നു. വിമാനത്താവളത്തിന്റെ നിര്‍മാണം തുടങ്ങിയാല്‍ മൂന്നര വര്‍ഷം കൊണ്ട് വിമാനം പറത്താനാകുമെന്നായിരുന്നു കണക്കുകൂട്ടല്‍.
ശബരിമല വിമാനത്താവളം കൊണ്ട് നാടിന് എന്ത് പ്രയോജനം എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. അതിന് പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയിരുന്നു. എരുമേലിക്ക് ചുറ്റുമുള്ള റോഡുകള്‍ നവീകരിക്കണം. തൊട്ടടുത്തുള്ള ജില്ലകളില്‍ നിന്നു മാത്രമല്ല, തമിഴ്‌നാട്ടില്‍ നിന്നും ഈ എയര്‍പോര്‍ട്ടിലേക്ക് ആളുകള്‍ എത്തും. മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്തും പ്രതിമാസ പൂജാ സമയങ്ങളിലും യാത്രക്കാര്‍ എത്തുമ്പോള്‍ പരിസരത്തിന് അത് സാമ്പത്തികമായി ഗുണകരമാകും. എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് ഒരു നാലുവരി ഗ്രീന്‍ഫീല്‍ഡ് റോഡും ഗതാഗത സജ്ജമാകും. ഇത് കാര്‍ഗോ നീക്കത്തെ സുഗമമാക്കുമെന്നു മാത്രമല്ല, എരുമേലി ഒരു ടൗണ്‍ഷിപ്പായി വികസിക്കുകയും ചെയ്യും.
നാല് വിമാനത്താവളവും കൊച്ചിയിലെ നേവല്‍ ബേസും ഉള്ള കേരളത്തിന് ഇനിയൊരു എയര്‍പോര്‍ട്ട് വേണമോ എന്ന ചോദ്യവും ഇതിനിടെ ഉന്നയിക്കപ്പെട്ടു. തിരുവനന്തപുരം എയര്‍പോര്‍ട്ടിന് പുറമേ കോഴിക്കോട് കരിപ്പൂരും, കൊച്ചിയിലെ നെടുമ്പാശ്ശേരിയിലും എയര്‍പോര്‍ട്ടുകള്‍ നിര്‍മ്മിക്കുമ്പോള്‍ തിരുവനന്തപുരം നഷ്ടത്തിലാകുമെന്ന പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ വിമാന യാത്രികരുടെ എണ്ണം അനുദിനം കൂടി വരുന്നത് അത്തരം വിമര്‍ശകരുടെ വായടപ്പിച്ചു. ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ് നിര്‍മിക്കേണ്ടത്. എന്തുകൊണ്ടെന്നാല്‍ കൂടുതല്‍ യാത്രക്കാര്‍ വിദേശ സഞ്ചാരികളാണ്. ശബരിമലയിലേക്ക് വരുന്നവരില്‍ വിദേശികളും ഉണ്ട്. അവര്‍ക്ക് അയ്യപ്പസന്നിധിയിലേക്കുള്ള യാത്ര വേഗത്തിലാക്കാന്‍ കഴിയും.
കേരളത്തിലെ വിമാനത്താവളങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത് വിദേശ മലയാളികളും പ്രവാസി ഇന്ത്യക്കാരുമൊക്കെയാണ്. വളരെ തുച്ഛമായി മാത്രമേ ടൂറിസ്റ്റുകള്‍ നാട്ടിലെ എയര്‍പോര്‍ട്ടുകളെ ഉപയോഗിക്കുന്നുള്ളു. യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും സൗത്ത് അമേരിക്കയിലും ഫാര്‍ ഈസ്റ്റിലും മിഡില്‍ ഈസ്റ്റിലും ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും ആഫ്രിക്കയിലും ഒക്കെ അനവധി മലയാളി കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്. അവര്‍ക്കെല്ലാം ആശ്രയമാണ് കേരളത്തിലെ ഓരോ വിമാനത്താവളവും. നമ്മുടെ നാട്ടില്‍ നിന്ന് വിദേശങ്ങളിലേക്ക് പഠനത്തിനും ജോലിക്കും മറ്റുമായി യാത്ര ചെയ്യുന്നവരുടെ എണ്ണം അനുദിനം കൂടിവരികയാണ്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും കാനഡയിലേക്കും ഇപ്പോള്‍ ജര്‍മനിയിലേക്കുമൊക്കെ ഒട്ടേറെ കുട്ടികള്‍ യാത്ര ചെയ്യുന്നു. അവരെ സംബന്ധിച്ച് തങ്ങളുടെ അടുത്ത് ഒരു വിമാനത്താവളം എന്നത് സ്വപ്ന തുല്യമാണ്.
ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ശബരിമലയ്ക്ക് 48 കിലോമീറ്റര്‍ മാത്രമാണ് ദൂരം. നെടുമ്പാശേരി എയര്‍പോര്‍ട്ടിലേയ്ക്ക് 113 കിലോ മീറ്റും. വടശ്ശേരിക്കര-പമ്പ, കോട്ടയം-കുമളി, എം.സി. റോഡ്, പുനലൂര്‍-മൂവാറ്റുപുഴ, എരുമേലി ഉള്‍പ്പെടുന്ന ശബരിമല പാതകള്‍ അടുത്താണ്. എരുമേലിയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരമാണ് നിര്‍ദ്ദിഷ്ട വിമാത്താവളത്തിലേക്കുള്ളത്. കോട്ടയം, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളും ചെറുവള്ളിക്ക് അധികം ദൂരത്തല്ല.
ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ഗുണകരമാകും. എരുമേലി, മണിമല വില്ലേജുകളുടെ പരിധിയിലാണ് നിര്‍ദിഷ്ട എയര്‍പോര്‍ട്ട് ഭൂമി. ആന്ധ്രാ, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാനാ തുടങ്ങിയ സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തര്‍ക്കും നിര്‍ദ്ദിഷ്ട വിമാനത്താവളം പ്രയോജനപ്പെടും. ഭക്തരുടെ വരവും കൂടാനിടയാക്കും. നിലവില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ വിദേശയാത്രയ്ക്ക് തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്. മൂന്ന് ജില്ലകളിലായി മൂന്നുലക്ഷത്തോളം പ്രവാസികളുള്ളതായാണ് കണക്ക്.
വിദേശത്തേക്കു പോകാനോ, തിരികെ നാട്ടിലേക്കു വരാനോ എയര്‍പോര്‍ട്ടില്‍ നിന്ന് 100 മുതല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കേണ്ടി വരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയായ ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് കോട്ടയത്തിനും പത്തനംതിട്ടയ്ക്കും 50 കിലോമീറ്ററില്‍ താഴെയേ ദൂരമുള്ളു. ഇടുക്കി ജില്ലയിലുള്ളവര്‍ക്കും ചെറുവള്ളിയാണ് എളുപ്പം. വര്‍ഷങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കും അനിശ്ചിതകാല സമര കോലാഹലങ്ങള്‍ക്കുമൊടുവില്‍ ആറന്‍മുള എയര്‍പോര്‍ട്ട് പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെയാണ് പത്തനംതിട്ട ജില്ലയില്‍ ഒരു എയര്‍പോര്‍ട്ട് വേണം എന്ന ആവശ്യത്തിന് ശക്തിയാര്‍ജിച്ചത്. ചെറുവള്ളി, പ്രപ്പോസ്, കുമ്പഴ, ളാഹ, കല്ലേലി എസ്റ്റേറ്റുകള്‍ പഠനവിധേയമാക്കി. സാധ്യതാപഠനം നടത്തിയതില്‍ ലാഭകരവും അനുയോജ്യവുമായി കണ്ടെത്തിയത് ചെറുവള്ളി എസ്റ്റേറ്റായിരുന്നു.