
മദ്ധ്യാഹ്നമായിരുന്നിട്ടും കടല് തീരത്ത് ധാരാളം ആളുകള് എത്തുന്നുണ്ടായിരുന്നു .
കാറ്റാടി മരങ്ങളുടെ ചില്ലകളിളക്കി വീശിക്കൊണ്ടിരുന്ന ചെറിയകാറ്റ് ഉഷ്ണത്തിനു നേരിയ ശമനം നല്കികൊണ്ടിരുന്നു.
സർബത്ത് വിൽക്കുന്ന പെട്ടികടകൾക്ക് അരികിൽ, വശങ്ങളില് ‘സെന്റ് ഫ്രാന്സിസ് സ്പെഷ്യല് സ്കൂള് അമ്പലമൂല’ എന്നെഴുതി വച്ചിരിക്കുന്ന മഞ്ഞനിറത്തിലുള്ള ഒരു സ്കൂള് ബസ് വന്നു നിര്ത്തി. അതില്നിന്നുമിറങ്ങിയ കുട്ടികള് കടല്തീരത്തിറങ്ങി കളിക്കാൻ തുടങ്ങി.
വയനാട്ടില്നിന്നും വന്ന അവരെല്ലാവരും ആദ്യമായിട്ടായിരുന്നു കടല് കാണുന്നത്. ചിലര് വലിയ ആഹ്ളാദത്തോടെ തിരകളില് കാലുകള് നനയ്ക്കുന്നു. ഓളങ്ങള് കാലിനെ കടലില് മുക്കുമ്പോള് ഉച്ചത്തില് ചിരിച്ചുകൊണ്ട് ചിലർ തിരിഞ്ഞോടി. മറ്റു ചിലര്ക്കു വെള്ളത്തില് ഇറങ്ങാന് ഭയമായിരുന്നുവെങ്കിലും അവരുടെ കണ്ണുകള് ഇമവെട്ടാതെ പാഞ്ഞുവരുന്ന തിരകളില് വിസ്മയം പൂണ്ടു നിന്നു. അവർക്കും കടൽ വല്ലാതെ ഇഷ്ടമായി. കുട്ടികള്ക്കു ചുറ്റുമായി അധ്യാപികമാരും രക്ഷകര്ത്താക്കളും ജാഗ്രതയോടെ നിൽക്കുന്നുണ്ട്.
അവരുടെ അടുക്കല് നിന്നും ഒരല്പം മാറിനിന്നുകൊണ്ട് കുട്ടികളെയും നിരീക്ഷിച്ചുകൊണ്ട് നില്ക്കുന്ന ഒരു കന്യാസ്ത്രിയെ കണ്ടപ്പോള് നല്ല പരിചയം തോന്നി.
ഒരു പക്ഷെ അവര് സ്കൂളിലെ പ്രധാന അധ്യാപികയായിരിക്കും. ഒന്നുകൂടെ സൂക്ഷമായി നോക്കിയപ്പോൾ തിരുവസ്ത്രത്തിലും ആ മുഖം ഏതെന്നു മനസ്സിലായി. ഒരിക്കലും മറക്കാനിടയില്ലാത്ത മുഖം. ദീപ, അങ്ങനെയിപ്പോള് വിളിക്കുന്നത് ശരിയാണോന്നറിയില്ല അവളിപ്പോള് സിസ്റ്റര് സെലെസറ്റീനാണ്. ആ പേരിനു സ്വര്ഗ്ഗത്തില്നിന്നും വന്നവളെന്നു അര്ത്ഥംകൊടുക്കാമെന്നു തോന്നുന്നു.
ആ നിമിഷം അവളുടെ കണ്ണില്പ്പെടാതെ എങ്ങോട്ടെങ്കിലും മാറിനില്ക്കാനാണ് തോന്നിയത്. എന്നാല് എനിക്കതിനാവുന്നതിനു മുന്പേതന്നെ ഞാനവളുടെ കണ്ണില്പ്പെട്ടു. എന്നെനോക്കി ചിരിച്ചുകൊണ്ട് അവൾ അടുത്തേക്ക് നടന്നുവന്നു. ചൂണ്ടയില് കുരുങ്ങിയപോലെ അവളുടെ കണ്ണുകളില് കുരുങ്ങി ഞാന് പിടഞ്ഞു.
പത്തിരുപതു വര്ഷങ്ങള് കഴിഞ്ഞിരിക്കുന്നു അവളെ കണ്ടിട്ടു. നല്ലകിളിരമുള്ള അവളുടെ മെലിഞ്ഞുനീണ്ട മൂക്കിനു മുകളിലായി വെള്ളി ഫ്രയിമിലുള്ള ഒരു കണ്ണടയുണ്ടെന്നതല്ലാതെ വേറെ മാറ്റങ്ങളൊന്നും വന്നിട്ടില്ല.
“ അപ്പോള് എനിക്കാളുമാറിയില്ല, ചെറിയൊരു സംശയം തോന്നിയിരുന്നു..”
അവളുടെ ശബ്ദം പഴയതിലും വളരെ മയമായിരിക്കുന്നു.
ഒരിക്കൽ കുപ്പിച്ചില്ലുപോലെ തുളച്ചുകയറുന്ന ഒച്ചയിട്ടു ചാടിത്തുള്ളി നടന്നിരുന്ന പാവാടക്കാരി. ഇന്ന്, തിരുവസ്ത്രത്തിൽ പൊതിഞ്ഞ ശാന്തത. ശബ്ദത്തിനും അവളെ പോലെ പാകത വന്നിരിക്കുന്നു.
ശിരോവസ്ത്രത്തില് നിന്നും പുറത്തേക്കു രക്ഷപ്പെടാന് വെമ്പുന്ന മുടിയിഴകളില് അങ്ങിങ്ങായി വെള്ളികെട്ടിയതു പ്രായം നല്കുന്ന അഴകിന്റെ ശോഭയേറ്റി.
അവളെന്നെ അടിമുടി നോക്കുന്നത് ഞാന് ശ്രദ്ധിച്ചു. അകാലവാര്ദ്ധക്യത്തില് പെട്ടതുപോലുള്ള എന്റെ രൂപം അവളില് അമ്പരപ്പ് ഉളവാക്കിയെന്നു തോന്നുന്നു.
കാതില് ഒരു വോളിബോള് കോര്ട്ടിലെ വിസിലും ആരവവും മുഴങ്ങി. കൂടെയുള്ള കളിക്കാരന് ഉയര്ത്തിവിട്ട പന്തിലേക്ക് ഉയര്ന്നുചാടി വലയുടെ അപ്പുറത്തേക്ക് ആര്ക്കും പിടികൊടുക്കാത്ത തകര്പ്പന് സ്മാഷ് ചെയ്യുമ്പോഴുള്ള കയ്യടിയുടെ ശബ്ദം ഇപ്പോഴും കേള്ക്കാം. അവളും ഒരുപക്ഷെ അതൊക്കെ ചിന്തിച്ചിരിക്കാം.
“ എന്താണിവിടെ?”
ചിന്തയില്നിന്നും ഉണര്ത്തിക്കൊണ്ട് അവള് ചോദിച്ചു
“ ഒന്നുമില്ല നാട്ടിലെ ഗ്രാമങ്ങളിലൂടെ വെറുതെ ഒന്നു കറങ്ങാമെന്നു കരുതി”
“അതുകൊള്ളാലോ, എല്ലാവരും കാഴ്ചകള് കാണാന് യൂറോപ്പിലേക്ക് പോകുമ്പോള് ഗ്രാമം കാണാനും ഒരാള്!”
യൂറോപ്പിലേക്ക് ആളുകള് പോകുന്നത് അവരുടെ ജീവിതാഘോഷമാണ്. ജനിച്ച നാടിന്റെ മുക്കും മൂലയിലൂടെയുമൊക്കെ സഞ്ചരിക്കണമെന്നത് എന്റെ ജീവിത അഭിലാഷമാണ്. ഇന്നുവരെ അതിനുപോലും കഴിഞ്ഞിട്ടില്ല. ഒരുപക്ഷെ ഈ യാത്രയ്ക്കൊടുവില് എനിക്കെന്നെ വീണ്ടെടുക്കാന് കഴിഞ്ഞേക്കും.
“ സിസ്റ്ററെ വാ.. കളിച്ചാം..”
ശരീരം കൊണ്ട് വലുതെങ്കിലും കുഞ്ഞിന്റെ മനസ്സുള്ള ഒരുവന് നിഷ്കളങ്കമായ ചിരിയോടെ സെലസ്റ്റീന്റെ കയ്യില് വന്നു പിടിച്ചുകൊണ്ട് പറഞ്ഞു. അതുകണ്ട് അതുപോലുള്ള മറ്റൊരുവളും ഓടിവന്നു അവരുടെ സിസ്റ്ററെ കളിക്കാനായി വിളിച്ചു.
“ കണ്ടോ, ഇതു ഞങ്ങളുടെ മാത്തച്ചനും പാത്തുമ്മയും”
അതുകേട്ടപ്പോള് അവര് ചിരിച്ചുകൊണ്ട് എന്നെ നോക്കി.
കുട്ടികള് കൈയ്യില് പിടിച്ചു വലിച്ചപ്പോള് അവള് അവള്ക്കൊപ്പം നടക്കുന്നതിനിടയില് തിരിഞ്ഞു നിന്നു ചോദിച്ചു
“ ചോദിക്കാന് വിട്ടുപോയി. ഒറ്റയ്ക്കാണോ വന്നത് കുടുബം..?
“ ഞാനിപ്പോള് ഒറ്റയ്ക്കാണ്”
അപ്രതീക്ഷിതമായത് കേട്ടതു കൊണ്ടാകാം അവളുടെ മുഖത്തെ ചിരികെട്ടു. കുട്ടികളുടെ കൈപിടിച്ചു അവൾ കടല് തീരത്തേക്ക് നടന്നു.
സെലസ്റ്റീന് കുട്ടികള്ക്കൊപ്പം നടന്നു പോകുന്നതും നോക്കി വെറുതെനിന്നു. എന്നും അവളുടെ നടപ്പ് അങ്ങിനെയായിരുന്നു ഏതു ആള്ക്കൂട്ടത്തിനിടയിലും നടുവളക്കാതെയും തലനിവര്ത്തിപ്പിടിച്ചുമായിരുന്നു അവളുടെ നില്പ്പും നടപ്പും. ഞാനോ ജീവിതം അതിന്റെ വഴിയെ നയിക്കുമ്പോഴും കൂടെപ്പോകാന് മടിച്ചു തലകുമ്പിട്ടു എവിടെയോ തങ്ങി നില്ക്കുന്നു.
“നമ്മള് നമ്മുടെ വഴിവെട്ടിപോകണം സാറെ”
ഒരിക്കല് ചെന്നയിലേക്ക് ട്രെയിനില് യാത്രചെയ്യവേ പരിചയപ്പെട്ട പ്രശസ്ത മോട്ടിവേഷന് സ്പീക്കര് അഭിജിത്ത് ശങ്കര് യാത്രക്കിടയിലുള്ള സംഭാഷണത്തില് പറഞ്ഞു. അയാള് പറഞ്ഞത് ശരിയാണെന്ന് തലകുലുക്കിയെങ്കിലും, അതിനുള്ള ധൈര്യമോ ആത്മബലമോ ഒരിക്കലും ഉണ്ടായിട്ടില്ല.
“തീരുമാനം എടുക്കാനുള്ള കഴിവില്ലാത്തവരുടെ ജീവിതം പരാജയപ്പെടുന്നതിനു വേറെ കാരണം അന്വേഷിക്കേണ്ടതില്ല. തീരുമാനമെടുക്കാനുള്ള ശക്തിയാണ് ഒരാളെ നേതാവും വിജയിയുമാക്കി മാറ്റുന്നത്”
അഭിജിത്ത് ശങ്കറുടെ വീഡിയോകളില് ആവര്ത്തിച്ചു കേള്ക്കാറുള്ള വാചകങ്ങൾ ഓർത്തുവെങ്കിലും തീരുമാനങ്ങൾ എന്ന വാക്കിൽ തട്ടിതടഞ്ഞു മനസ്സ് വെറുതെ നിന്നു.
പത്രോസ് മൂപ്പന്റെ പേരക്കുട്ടി നല്ലോണം പാട്ടുപാടുന്ന കൊച്ചാണെന്ന് അമ്മ പറഞ്ഞപ്പോള് ‘അല്ലേലും അവരുടെ കൂട്ടക്കാര് പണ്ടേ നല്ല പട്ടുകാരാണെന്നു’ പറഞ്ഞു അപ്പനും അതു ശരിവച്ചു. പള്ളിയില് പാട്ടുകാരുടെ കൂട്ടത്തില് തലയെടുപ്പോടെ അവള് നിന്നു പാടുന്നത് കാണാന് തന്നെ ഒരു ഭംഗിയായിരുന്നു.
പെരുന്നാളിന്റെയന്നു പാട്ടുകുര്ബനയില് നന്നായി പാടിയെന്നു കുര്ബാന കഴിഞ്ഞനേരം മെത്രാനച്ചന് പറഞ്ഞപ്പോള് അവളുടെ മുഖം നിലാവുദിച്ചപോലെ തിളങ്ങി. അക്കാര്യം അത്താഴം കഴിക്കുമ്പോള് വീട്ടില് എല്ലാരോടുമായി അമ്മ പറഞ്ഞതുകേട്ടപ്പോള് എന്റെ മനസ്സിലായിരുന്നു സന്തോഷം തോന്നിയത്.
എന്നിട്ടും പുതുക്രിസ്ത്യാനിയുടെ വീട്ടിലെ പെണ്ണിനെ ഈ വീട്ടിലേക്ക് കേറ്റാന് പറ്റില്ലെന്ന് അമ്മ പറഞ്ഞപ്പോള് അപ്പനും ബന്ധുക്കളും ഒറ്റക്കെട്ടായിരുന്നു
തീരുമാനം എടുക്കേണ്ടതും ആണത്തം കാട്ടേണ്ടതുമായ സമയം ഇതാണെന്ന് കൂട്ടുകാര് പറഞ്ഞിട്ടും അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.
അവളുടെ മുഖത്തു നോക്കാതെ, തീരുമാനങ്ങൾ പറയാൻ കഴിയാതെ വെറുതെ നിന്നപ്പോള് ചിരിച്ചുകൊണ്ട് സാരമില്ലാന്നു പറഞ്ഞു അവൾ തിരിഞ്ഞു നടന്നുപോയപ്പോള് കുനിഞ്ഞു പോയതായിരുന്നു എന്റെ തല. പിന്നീടങ്ങോട്ട് കുനിഞ്ഞുനടക്കാന് ഞാന് പരിശീലിക്കുകയായിരുന്നു.
ബീച്ചിൽ കുട്ടികളുടെ വേറൊരു സംഘംകൂടി വന്നിരിക്കുന്നു. വലിയ തിരക്കും ഒച്ചയും കൊണ്ട് പരിസരം നിറഞ്ഞു.
ചൌക്കമരത്തില് പുറംചാരി കുട്ടികളുടെ കളികണ്ടു നിന്നു. സിസ്റ്റര് സെലെസ്റ്റിനും കുട്ടികളും തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളെ വരിവരിയായി നിര്ത്തി ബസില് കയറ്റി എല്ലാവരും കയറിയെന്നു ഉറപ്പിച്ചശേഷം അവളും ബസില് കയറി.
അവൾ ഒരിക്കല് കൂടി എന്റെ അടുക്കല് വരികയോ കൈവീശി യാത്ര പറയുകയോ ചെയ്യുമെന്നു പ്രതീക്ഷിച്ചു ഞാന്നിന്നു. ബസിന്റെ വാതിലുകള് അടഞ്ഞു. അവളിരിക്കുന്ന വശത്തെ ജനാലയിലൂടെ അവ്യക്തമായി അവളെ കാണാൻ കഴിഞ്ഞു. ബസ് പുറപ്പെടുന്നതിനു മുമ്പായി അവള് തിരിഞ്ഞുനോക്കി കൈവീശുമെന്നു ഞാന് ആശിച്ചു. കര്ത്തവ്യവ്യഗ്രതയാലാവണം അങ്ങിനെയൊ ന്നുമുണ്ടായില്ല.
ബസ് മുന്നോട്ടുപോയി ജാലകത്തിലൂടെ പുറത്തേക്കു തള്ളിനിന്ന അവളുടെ ശിരോവസ്ത്രം കാറ്റിലിളകി യാത്ര പറയുന്നത് കണ്ണില് നിന്നും മറയുന്നതുവരെ കണ്ടു നിന്നു.
വെയില് മങ്ങി തുടങ്ങിയെങ്കിലും ഉഷ്ണം അധികരിച്ചു. തളർന്നു തുടങ്ങിയ കാഴ്ചയിലൂടെ തോള് സഞ്ചി ചുമലിലിട്ടു ബസ്സ് പോയ വഴിയിലേക്ക് ഞാന് നടക്കാൻ തുടങ്ങി.