
ന്യുയോർക്ക് സ്റ്റേറ്റിന്റെ വടക്കെ അറ്റത്തു കാനഡാ അതിർത്തിയോടു തൊട്ടുരുമ്മി കുമ്പനാട് എസ്റ്റേറ്റ് എന്നൊന്നുകണ്ടാൽ ഏതു മലയാളിയും ആദ്യം അമ്പരക്കും, 215 ഏക്കർ വിസ്താരമുള്ള തോട്ടത്തിലെ കാബിനു മുമ്പിൽ പച്ചമരത്തണലിൽ ഇരുന്നു പൊരിച്ച ചിക്കനും ബിയറും കഴിക്കുമ്പോൾ ആവിസ്മയം ശരീരത്തിലേക്ക് പടർന്നു കയറും.
അമ്പതുവർഷം മുമ്പ് പത്തനംതിട്ട ജില്ലയിലെ കുമ്പനാട്ടു നിന്ന് അമേരിക്കയിലെത്തുമ്പോൾ കീഴുകര വീട്ടിൽ രാജു എന്ന ജോസഫിന് പതിനെട്ടു വയസ്. പ്രീ ഡിഗ്രി വരെയേ പഠിച്ചിട്ടുള്ളുവെങ്കിലും ന്യൂയോർക്കിൽ പഠിച്ചു പരീക്ഷയെഴുതി നോട്ടറിയായി. ഫോട്ടോഗ്രാഫിയിൽ കമ്പംകയറി കാമറ വാങ്ങി സ്വയം പഠിച്ചു. ഇതിനകം 40,000 ചിത്രങ്ങളെങ്കിലും എടുത്തു സൂക്ഷിച്ചിട്ടുണ്ട്.

എസ്റ്റേറ്റിൽ വേട്ടക്ക് അനുമതി നൽകിയ ശേഷം ജോസഫ് കുമ്പനാട്
മൻഹാറ്റനിൽ നിന്ന് 25 കി മീ അകലെ ന്യൂ ഹൈഡ് പാർക്കിൽ തിരുവനന്തപുരത്തിനടുത്ത് കുലശേഖരം സ്വദേശിയായ ഭാര്യ മേഴ്‌സിയോടൊത്ത് രണ്ടു മക്കളുടെ പിതാവും അഞ്ചു കൊച്ചുമക്കളുടെ ഗ്രാൻപായുമായി കഴിയുമ്പോഴാണ് കൊച്ചുന്നാളിലെ സ്വപ്നം വിടർന്നു പന്തലിക്കുന്നത്.
ന്യുയോർക് സ്റ്റേറ്റിൽ എവിടെങ്കിലും അഞ്ചേക്കർ എങ്കിലും ഭൂമി വാങ്ങി കൃഷിചെയ്യണം. അന്വേഷണം തുടങ്ങി. അത് കാനഡയുടെ അതിർത്തിവരെയെത്തി. സെന്റ് ലോറൻസ് കൗണ്ടിയിൽ ആയിരത്തോളം പേർ വസിക്കുന്ന ബ്രാഷർ ഫാൾസ് എന്ന കൊച്ചു പട്ടണത്തിനു സമീപം ആളൊഴിഞ്ഞു കിടക്കുന്ന 210 ഏക്കർ തോട്ടം. 2016 ൽ ആധാരം എഴുതി.

ഹാലെലുയ്യാ--ഇത് ന്യുയോർക്കിലെ കുമ്പനാട് എസ്റ്റേറ്റ്
പണ്ട് കൂപ്പു കച്ചവടക്കാർ 18 വീൽ ട്രക്കിൽ തടി കയറ്റികൊണ്ടു പോകാൻ നിമ്മിച്ച 18 അടി വീതിയുള്ള രണ്ടു വഴികളുണ്ട് തോട്ടത്തിലേക്ക്. ഓക്കും പൈനും കാട്ടുമരങ്ങളും നിറഞ്ഞ സ്ഥലം കണ്ടാൽ വനമാണെന്നേ തോന്നൂ. സ്ഥലത്തിന്റെ ഒരരികിലൂടെ ഡീയർ നദി ഒഴുകുന്നു. മാനും മുയലും കുറുക്കനും സ്വൈരവിഹാരം നടത്തുന്നു.
50 0000 ഏക്കറുള്ള വനവും 1500 ഏക്കറുള്ള സ്റ്റേറ്റ് പാർക്കും സമീപത്തുണ്ട്. ആറിനക്കരെ ജനവാസമുണ്ട്. വീടുകളും വൈദ്യുതി വിളക്കുകളൂം കാണാം.

കുതിരയില്ലാതെ എന്തു തോട്ടം!
എസ്റ്റേറ്റിന് നാടിൻറെ പേരു തന്നെ നൽകി ബോർഡും വച്ചു-കുമ്പനാട്. പക്ഷെ നാട്ടുകാരറിയുന്നുണ്ടോ ന്യുയോർക്ക് സ്റ്റേറ്റിൽ ന്യുയോർക് സിറ്റിയിൽ നിന്നു അറുനൂറു കിമീ. വടക്കു ഇങ്ങിനെയൊരു തോട്ടം ഉണ്ടെന്ന്. ന്യുയോർക്കിൽ കുടിയേറിത്താമസിക്കുന്ന സുഹൃത്തുക്കളെയും സന്ദർശനത്തിനെത്തുന്ന ബന്ധു മിത്രാദികളെയും കൂട്ടിക്കൊണ്ടു പോയി വാരാന്തങ്ങൾ ആഘോഷിക്കും.
ആദ്യം ചെയ്തത് തോട്ടത്തിൽ ഒരു കാബിൻ നിർമ്മകുകയാണ്. 30,000 ഡോളർ ചെലവായി. വൈദ്യുതി ഇല്ലാത്തതിനാൽ ജനറേറ്റർ കൊണ്ടുപോലും. എസ്റ്റേറ്റിന് പുറത്തുള്ള വീട്ടുകാരിൽ നിന്ന് വീപ്പകളിൽ വെള്ളം സംഘടിപ്പിക്കും, ആറ്റിൽ നിന്ന് പിടിക്കുന്ന മീനും തൊട്ടടുത്ത ടൗണിൽ നിന്ന് സംഘടിപ്പിക്കുന്ന കോഴിയും ഗ്രിൽ ചെയ്തു കുശാലാക്കും.

തോട്ടത്തിൽ ഉടമ ജോസഫ് കുമ്പനാട്
വെള്ളം ഡീയർ നദിയിൽ നിന്ന് എടുത്തുകൂടേഎന്നു ചോദിച്ചാൽ നൂറുകണക്കിന് കിമീ ഒഴുകിവരുന്ന വെള്ളമാണ്. എങ്ങിനെ വിശ്വസിച്ച് കുടിക്കും? എസ്റ്റേറ്റിലെ കാബിനു അടുത്തു വരെ കാർ എത്തുമെങ്കിലും ഇതുവരെ സ്വന്തം കുടിവെള്ളം ആയിട്ടില്ല. വൈദ്യുതി ഇല്ലാത്തതാണ് പ്രധാന തടസം. സ്ഥലം വാങ്ങി പത്തു വർഷമായിട്ടും ഭൂമി മുഴുവൻ നടന്നു കണ്ടിട്ടില്ലെന്നു രാജു സമ്മതിക്കുന്നു.
നൂറ്റാണ്ടുകൾക്കു മുമ്പ് ഇരുമ്പു യുഗകാലത്ത് ചീനച്ചട്ടിയും ഭരണിയും മെനഞ്ഞു ജീവിച്ചവരുടെ നാടായിരുന്നു അവിടം. ഇരുമ്പയർ അരിച്ച് ശുദ്ധീകരിക്കുന്ന ഫാക്ടറികളും ഉണ്ടായിരുന്നത്രെ. അവയെല്ലാം മണ്ണോടു മണ്ണു ചേർന്നു.

ഡീയർ നദിയിൽ മീൻപിടുത്തം
പിന്നീട് ആമിഷ് എന്നറിയപ്പെടുന്നവരുടെ കാർഷിക കോളനികൾ ഉണ്ടായി. അവരും ഇന്നില്ല. എന്നാൽ ജർമൻ വംശജരായ മെനനൈറ്റ്സ് ഇപ്പോഴുണ്ട്. അങ്ങിനെയൊരു കുടുംബത്തിൽ നിന്നാണ് കുടിവെള്ളം സംഭരിക്കുന്നത്. പകരം രൂത്തിനെയും മകൾ ആനിനെയും ചിക്കൻ കറി വയ്ക്കാനും പപ്പടം കാച്ചാനും പഠിപ്പിക്കും.
സെന്റ് ലൂയീസ് നദീ തീരം വരെ എത്തുന്ന വിശാലമായ താഴ്‌വരയിൽ ആയിരക്കണക്കിന് പശുക്കളെ വളർത്തുന്ന ഡയറി ഫാമുകളും ഇറച്ചികന്നുകാലികളെ വളർത്തുന്ന റാഞ്ചുകളും ഉണ്ട്. മഞ്ഞുകാലത്ത് സ്കീയിങ് നടത്തുന്ന റിസോർട്ടുകളും. മലമുകളിലേക്ക് ആളുകളെ കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും ഗണ്ടോള എന്ന കേബിൾ കാർ സർവീസും ഉണ്ട്.

മകൻ ജെൻസനോടൊപ്പം; മകൾ ലിസയും ഉമ്മനും
കുറുക്കു വഴിയിലൂടെ പോയാൽ 16 കി മീ അകലെയാണ് കാനഡാ അതിർത്തി. നല്ലവഴിയിലൂടെ 24 കിമീ.അകലെ ചെക്ക് പോസ്റ്റുണ്ട്. 1976ൽ ഒളിപിക്‌സ് നടന്ന മോൺട്രിയോളിലേക്ക് 60 കിമീ ദൂരം. സെന്റ് ലോറൻസ് 2023 ൽ ദേശീയ സ്കീയിങ് ചാമ്പ്യൻഷിപ്പിന് ആതിഥേതത്വം വഹിച്ചു. 113 കി മീ അ കലെയുള്ള ലേക് പ്ലാസിഡിൽ 1932ലും 1980 ലും വിന്റർ ഒളിമ്പിക്സ് നടന്നിട്ടുണ്ട്.
ന്യുയോർക് സിറ്റിയിലെ ജോർജ് വാഷിങ്ങ്ടൻ ബ്രിഡ്ജിൽ നിന്ന് കുമ്പനാട് എസ്റ്റേറ്റ് അവരെ 570 കിമീ ദൂരം. ആറുമണിക്കൂർ കാർ യാത്ര. ന്യുയോർക്കിൽ നിന്നു സംസ്ഥാനതലസ്ഥാനമായ ആൽബനി, ലേക് ജോർജ്, ലേ ക് പ്ളാസിഡ് വഴിയാണ് യാത്ര. കാനഡയിലേക്കുള്ള 87എൻ ഹൈവേയിൽ എക്സിറ്റ് 42 എടുത്താൽ നേരെ കാനഡയിലേക്ക്, ഇടതുവശത്ത് എക്സിറ്റ് 38 എടുത്താൽ രാജുവിന്റെ എസ്റ്റേറ്റിനടുത്തുള്ള ബ്രാഷർ ഫാൾസ്

ദമ്പതിമാർ ജോസഫ്, മേഴ്‌സി; ഭിത്തിയിൽ മാതാപിതാക്കൾ, സഹോദരങ്ങൾ
ശീതകാലത്തു മഞ്ഞുവീഴ്ച ഉള്ളതിനാൽ എസ്റ്റേറ്റിൽ മരങ്ങൾ അല്ലാതെ എന്ത് കൃഷി ചെയ്യാനാണ്? തൽക്കാലത്തേക്ക് തോട്ടത്തിൽ നായാട്ടു നടത്താനുള്ള അവകാശം ഒരു വർഷത്തേക്കു 1500 ഡോളറിനു നാട്ടുകാരനായ ഒരു സ്‌കോട്ടിനും റയനും നൽകിയിട്ടുണ്ട്.
രണ്ടുമക്കൾ. ന്യൂ ജേഴ്സിയിൽതാമസിച്ചു അസ്റ്റോറിയയിൽ റോളക്സ് വാച്ചു കമ്പനിയിൽ ജോലി ചെയ്യുന്ന ജെൻസനും ഹൈഡ് പാർക്കിൽ കൂടെ താമസിക്കുന്ന ലിസയും. മരുമക്കൾ നീനയും ഉമ്മനും . ആകെ അഞ്ചു കൊച്ചുമക്കൾ.

തോട്ടത്തിലെ കാബിനിൽ പാചകം; അയൽക്കാർക്കു പരിശീലനം
120 വർഷം മുമ്പ് കുമ്പനാട് ഇന്ത്യൻ പെന്തക്കോസ്തു ചർച്ച് സ്ഥാപിക്കാൻ മുൻകൈ എടുത്ത എ.എം ജോസഫിന്റെ കൊച്ചുമകനാണ് രാജു. പിതാവ് എ.ജെ. ഏബ്രഹാം മൂന്നാർ സൂര്യനെല്ലി എസ്റ്റേറ്റിൽ ജോലി ചെയ്തു. കൊച്ചുന്നാളിൽ ജീവിച്ച എസ്റ്റേറ്റിന്റെ ഓർമ്മകളാണ് ന്യുയോർക്കിലെ കുട്ടനാട് എസ്റ്റേറ്റിലേക്കു നയിച്ചത്. സഭയുടെ ഗുഡ് ന്യൂസ് എന്ന പ്രസിദ്ധീകരണത്തിന്റെ അമേരിക്കയിലെ പ്രതിനിധികൂടിയാണ്.

സെന്റ് ലൂയിസിലെ സ്കീയിങ്, റിസോട്ടിലേക്കു കേബിൾ കാർ
രാജുവിന്റെ ഫോട്ടോഗ്രാഫി പ്രേമം അഭംഗം തുടരുന്നു. ഇരുപത്തൊന്നാം വയസിൽ ഒരു കൊഡാക് കാമറയുമായാണ് തുടക്കം. പല കാമറകൾ മാറി. ഇപ്പോൾ ഉപയോഗിക്കുന്നത് ഒളിമ്പസിന്റെ മിറർലെസ്സ് OM DE-M1. ഇരുനൂറു വർഷമെങ്കിലും പിന്നിലുള്ള തിരുവിതാംകൂറിലെ അപൂർവ കുടുംബ ചിത്രങ്ങളുടെ ഒരുശേഖരം കണ്ടെടുത്തു നിധി പോലെ സൂക്ഷിക്കുന്നു.

ലേക് പ്ലാസിഡിൽ വിന്റർ ഒളിമ്പിക്സിന്റെ ബാക്കിപത്രം