
''പതിനായിരം മൃതദേഹങ്ങള്‍ ഇതിനോടകം പോസ്റ്റുമോര്‍ട്ടം ചെയ്തിട്ടുണ്ട്. ഇത്രയധികം മര്‍ദനമേറ്റ ശരീരം ആദ്യമായാണ് കാണുന്നത്. നടുക്കുന്ന കാഴ്ചയായിരുന്നു അത്. കാലിന്റെ ചെറുവിരല്‍ മുതല്‍ തലയോട്ടി വരെ തകര്‍ന്നിട്ടുണ്ട്. വാരിയെല്ലുകള്‍ എല്ലാം തകര്‍ന്നു. നട്ടെല്ല് ഒടിഞ്ഞു. വടി കൊണ്ടുള്ള അടികളാണ് ഏറെയും. ശരീരത്തിന്റെ ഒരു ഭാഗത്തും അടിയേറ്റ പാടില്ലാതെയില്ല. മരണശേഷവും മര്‍ദിച്ചിട്ടുണ്ട്...'' പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാം നാരായണ്‍ ബഗേലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. ഹിതേഷ് ശങ്കറിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണിത്.
പൈശാചിക ആള്‍ക്കൂട്ട മര്‍ദനത്തെക്കുറിച്ച് പോലീസ് നല്‍കുന്ന വിശദീകരണങ്ങള്‍ ഡോക്ടറുടെ വെളിപ്പെടുത്തലോടെ സംശയനിഴലിലാണ്. തലച്ചോറിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഡിസംബര്‍ 18-നാണ് രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരു സംഘം മര്‍ദ്ദിച്ചത്. ''നീ ബംഗാളി ആണോടാ...'' എന്നടക്കം ചോദിച്ചായിരുന്നു മര്‍ദ്ദനം. അതേസമയം കൈയില്‍ മോഷണ വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. സംസാരിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ മര്‍ദനമേല്‍ക്കേണ്ടി വന്നു. പിന്നീട് അവശനിലയിലായ രാം നാരായണനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സമാനമായ ആള്‍ക്കുട്ട മര്‍ദനത്തിലാണ് അട്ടപ്പാടിയിലെ നിസ്സഹായനായ മധുവിന്റെ ജീവന്‍ പൊലിഞ്ഞത്. മറക്കാനാവില്ല നമുക്ക് മധുവിനെ. ആ നിഷ്‌കളങ്ക, നിസഹായ നോട്ടവും മറക്കാനാവില്ല. 2018 ഫെബ്രുവരി 22-ാം തീയതിയാണ് ആള്‍ക്കൂട്ടമവനെ മര്‍ദിച്ചുകൊന്നത്. ലോകമനസാക്ഷിക്കു മുന്നില്‍ മലയാളികള്‍ തലകുനിച്ച സംഭവമാണത്. ചുവരെഴുത്തുകളിലും രാഷട്രീയ കവല പ്രസംഗങ്ങളിലും മാത്രമായി മധുവിനെ ഇല്ലായ്മചെയ്ത ആ ക്രൂരതയെ നമ്മളൊതുക്കുമെങ്കിലും ഇപ്പോഴും കണ്ണീര്‍ തോര്‍ന്നിട്ടില്ല മധുവിന്റെ മാതാവിനും സഹോദരിക്കും മറ്റ് ബന്ധുക്കള്‍ക്കും.
അട്ടപ്പാടി ചിണ്ടക്കിയൂര്‍ നിവാസിയായ മധുവിനെ മുക്കാലിയിലെ ചില കടകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഒരു സംഘം പിടികൂടിയത്. മനോദൗര്‍ബല്യത്തെത്തുടര്‍ന്ന് വീട്ടില്‍ നിന്നു മാറി കാട്ടിനുള്ളിലെ ഗുഹയില്‍ താമസിച്ചിരുന്ന മധുവിനെ അവിടെയെത്തിയാണ് കാപാലികര്‍ നരവേട്ട നടത്തിയത്. തുടര്‍ന്ന് ഉടുമുണ്ട് ഉരിഞ്ഞു കൈകള്‍ ചേര്‍ത്തുകെട്ടി മുക്കാലിയിലേക്ക് എത്തിക്കുകയായിരുന്നു. മധു താമസിച്ചിരുന്നിടത്തു നിന്നു കണ്ടെടുത്ത കുറച്ച് അരിയും കറിക്കൂട്ടുകളും അടങ്ങിയ ഒരു ചാക്കും ഒപ്പം തലയിലേറ്റിച്ചു. മുക്കാലിയില്‍ എത്തിയപ്പോള്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു.
എന്നാല്‍ കാട് കയറിയത് എരിയുന്ന വയറിനെ ശമിപ്പിക്കാനായിരുന്നു എന്ന് ആണയിട്ട് പറഞ്ഞിട്ടും ആളുകള്‍ വിശ്വസിച്ചില്ല. കരുണയോടെയുള്ള ഒരു നോട്ടവും ആ മനുഷ്യമൃഗങ്ങളില്‍ നിന്ന് ഉണ്ടായില്ല. അവര്‍ മധുവിനെ മാരകമായി പ്രഹരിച്ചു. ഇതിന്റെ വിഡിയോയും ദൃശ്യങ്ങളും പ്രതികള്‍ പകര്‍ത്തുകയും ചെയ്തു. പിന്നെ പൊലീസിനെ അറിയിച്ചു. പൊലീസ് ജീപ്പില്‍ കൊണ്ടുപോകും വഴി മധു ഛര്‍ദിച്ചതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
അതേസമയം വാളയാര്‍ ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്ന് സംഭവസ്ഥലത്തു വെച്ച് രാം നാരായണ്‍ മരിച്ചിട്ടുണ്ടെന്നും എന്നിട്ടും മര്‍ദനം തുടര്‍ന്നെന്നുമുള്ള ഡോക്ടറുടെ വെളിപ്പെടുത്തല്‍ കൊടുംകൊലയുടെ ആഴം വര്‍ധിപ്പിക്കുന്നതാണ്. രാം നാരയനെ മര്‍ദിക്കുന്നതിന്റെ വീഡിയോ മര്‍ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദന്‍, ബിപിന്‍ എന്നിവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസിനെതിരെ വ്യാപക പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നതിതെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
നാല് ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരുള്‍പ്പെടെ അഞ്ച് പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. പുറത്ത് വന്ന ദൃശ്യങ്ങളില്‍ 15 പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന പോലീസിന്റെ വെളിപ്പെടുത്തലും ഞെട്ടിപ്പിക്കുന്നതാണ്. എന്നാല്‍ ദൃശ്യങ്ങളിലുള്ള പലരും നിലവില്‍ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ പോലീസ് സംശയിക്കുന്ന സ്തീകള്‍ക്ക് മര്‍ദനത്തില്‍ നേരിട്ട് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കും. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
കെട്ടിട നിര്‍ണാണ മേഖലയില്‍ തൊഴിലെടുക്കുന്നതിനാണ് സംഭവത്തിന് നാലുദിവസം മുമ്പ് രാംനാരയണ്‍ പാലക്കാട് എത്തിയത്. പുതിയ ആളായതിനാല്‍ വഴിയൊന്നും അറിയില്ല. അതിനാല്‍ എങ്ങനെയോ വഴിതെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തപ്പെട്ടതാകാം. ഒരു ക്രിമിനല്‍ റെക്കോഡുമില്ലാത്ത ആളാണ്. എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ട്. കുടുംബം പോറ്റുന്നതിന് ജോലിയെടുക്കാനാണ് ഇവിടെ വന്നതെന്നും ബന്ധു ശശികാന്ത് ബഗേല്‍ പറഞ്ഞു.
ഇതിനിടെ റാം നാരായണ്‍ ബഗേലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ കുടുംബം, 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നും തങ്ങള്‍ ചത്തീസ്ഗഡിലെ ദളിത് സമുദായ അംഗങ്ങളായതിനാല്‍ എസ്.സി-എസ്.ടി പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. നഷ്ടപരിഹാരം ലഭിക്കും വരെ കേരളത്തില്‍ തുടരുമെന്നും ഇവര്‍ ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങളോട് പറഞ്ഞു. റാം നാരായണിന്റെ മൃതദേഹം കാണാനാണ് ഭാര്യ ലളിതയും മക്കളായ അനൂജും ആകാശും ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്.
''പിന്നാമ്പുറത്തും നെഞ്ചിലും കൈകാലുകളിലും തലച്ചോറിലും...എല്ലായിടത്തും ക്രൂരതയുടെ അടയാളങ്ങള്‍. അത് ഒരു നിമിഷത്തെ കോപമല്ല, കൂട്ടമനസിന്റെ അന്ധതയും മനുഷ്യത്തിന്റെ പൂര്‍ണ അഭാവവും ആയിരുന്നു. കൂട്ടമര്‍ദ്ദനം നടത്തിയവരില്‍ ഒരാളെങ്കിലും ഇത് വേണ്ട എന്ന് പറഞ്ഞിരുന്നെങ്കില്‍, ഒരാള്‍ പോലും കൈ ഉയര്‍ത്താതിരുന്നെങ്കില്‍, ഇന്ന് ഒരു മനുഷ്യന്‍ ജീവനോടെ ഉണ്ടാകുമായിരുന്നു...'' മനുഷ്യത്വം മറന്നവരുടെ കൊടും പാതകത്തെക്കുറിച്ച് ഏറെ വൈകാരികതയോടെ ഡോ. ഹിതേഷ് ശങ്കര്‍ പറയുന്നു. അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മധുവിന്റെ ദുര്‍വിധി ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണു വഴിയെന്ന ചോദ്യം പൊതുസമൂഹത്തിനു മുന്നില്‍ മുഴങ്ങുമ്പോഴാണ് വാളയാറില്‍ അതിന്റെ തനിയാവര്‍ത്തനം നമ്മെ ആശങ്കപ്പെടുത്തുന്നത്.