
ഫോമായുടെ കേരള കൺവെൻഷൻ എന്നത് ഒരു വാർഷിക പരിപാടി മാത്രമല്ല; അത് പ്രവാസി മലയാളികൾക്കും കേരള സമൂഹത്തിനുമിടയിലെ സാമൂഹിക–സാംസ്കാരിക ബന്ധങ്ങൾ പുതുക്കിപ്പണിയുന്ന, സേവനത്തിന്റെയും സഹകരണത്തിന്റെയും വലിയൊരു ദൗത്യമാണെന്ന് ഫോമായുടെ ജനറൽ സെക്രട്ടറി ബൈജു വർഗീസ് വ്യക്തമാക്കുന്നു. ബേബി മണക്കുന്നേലിന്റെ സാരഥ്യത്തിൽ ഫോമായുടെ പ്രവർത്തനങ്ങൾ മുൻകാലങ്ങളിൽ കാണാത്ത തരത്തിൽ വ്യാപകവും ഊർജസ്വലവുമായതായി മാറിയെന്നും, അതിന്റെ പരമാവധി പ്രകടനവേദിയായിരിക്കും ഈ വർഷത്തെ കേരള കൺവെൻഷനെന്നും അദ്ദേഹം പറയുന്നു.

ഫോമായുടെ നിലവിലെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
ഫോമായുടെ ചരിത്രത്തിൽ തന്നെ ഏറ്റവും സജീവമായ കാലഘട്ടങ്ങളിലൊന്നാണ് ഇത്. 12 റീജിയനുകളും ശക്തമായ ഉണർവോടെയാണ് മുന്നോട്ട് പോകുന്നത്. എല്ലാ റീജിയനുകളിലും ഇനോഗുറേഷൻ പരിപാടികളും തുടർച്ചയായ ചാരിറ്റി, കൾച്ചറൽ, റീജിയണൽ പ്രോജക്റ്റുകളും നടന്നു. ഇതിനു മുമ്പ് ഫോമായിൽ കാണാത്ത തരത്തിലുള്ള വ്യാപ്തിയും പങ്കാളിത്തവുമാണ് ഈ കാലയളവിൽ ഉണ്ടായത്.
അംഗസംഘടനകളുടെ എണ്ണം വൻതോതിൽ വർധിച്ചതായി പറയുന്നു. അതിന്റെ പ്രാധാന്യം എന്താണ്?
പ്രസിഡന്റ് ബേബി മണക്കുന്നേൽ നേതൃത്വം ഏറ്റെടുക്കുമ്പോൾ 83–84 അംഗസംഘടനകളായിരുന്നു ഫോമായിലുണ്ടായിരുന്നത്. ഇന്ന് അത് 99-ലെത്തി. നൂറിന് മുകളിലേക്ക് പോകാനാണ് സാധ്യത. അമേരിക്കയിൽ നിരവധി അംബ്രെല്ല സംഘടനകൾ ഉള്ളപ്പോൾ, അവയെല്ലാം മറികടന്ന് ഫോമായെ തിരഞ്ഞെടുത്ത് അംഗത്വം എടുക്കുന്നത് തന്നെ ഞങ്ങൾക്ക് വലിയ അംഗീകാരവും അഭിമാനവുമാണ്.
ഫോമായുടെ ഏറ്റവും ശക്തമായ മുഖം ചാരിറ്റി പ്രവർത്തനങ്ങളാണെന്ന് പറയാം. ഈ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ എന്തൊക്കെയാണ്?
കോടിക്കണക്കിന് രൂപയുടെ സഹായങ്ങളാണ് ഫോമായിലൂടെ കേരളത്തിലെത്തിക്കൊണ്ടിരിക്കുന്നത്. ഹൗസിംഗ് പ്രോജക്റ്റുകൾ ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. ഞങ്ങളുടെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ പരമാവധി വീടുകൾ പൂർത്തിയാക്കി ജനങ്ങൾക്ക് കൈമാറുകയാണ് ലക്ഷ്യം. ‘Giving Back to Community’ എന്ന ആശയം ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളുടെയും ഹൃദയഭാഗത്തുണ്ട്. ബേബി മണക്കുന്നേൽ(പ്രസിഡന്റ്),സിജിൽ പാലക്കലോടി(ട്രഷറർ), ഷാലു പുന്നൂസ്(വൈസ് പ്രസിഡന്റ്), പോൾ പി. ജോസ്(ജോയിന്റ് സെക്രട്ടറി) അനുപമ കൃഷ്ണൻ(ജോയിന്റ് ട്രഷറർ), പീറ്റർ മാത്യു കുളങ്ങര,(കേരള കൺവൻഷൻ ചെയർ) കോ-ചെയർമാരായ ജോൺ പട്ടാപ്പതി, സാബു കട്ടപ്പുറം, സണ്ണി വള്ളിക്കുളം, ലാലി കളപ്പുരയ്ക്കൽ എന്നിവരുടെ പിന്തുണ വളരെ വലുതാണ്.

ഈ വർഷത്തെ ഫോമാ കേരള കൺവെൻഷന്റെ രൂപരേഖ ഒന്നുപറയാമോ?
ഫോമായുടെ ഏറ്റവും വലിയ ഇവന്റുകളിൽ ഒന്നായ കേരള കൺവെൻഷൻ ജനുവരി 9, 10, 11 തീയതികളിൽ നടക്കും. ജനുവരി 9–10 കോട്ടയം വിൻസർ കാസിലിലാണ് പ്രധാന പരിപാടികൾ.കേരളത്തിലെ പ്രമുഖ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യം കൺവെൻഷന് മിഴിവേകും. പി. രാജീവ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവർ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. കോട്ടയം വേദിയിൽ വി. എൻ. വാസവൻ, ഫ്രാൻസിസ് ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരും പങ്കെടുക്കും.ജനുവരി 11-ന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ബിസിനസ് മീറ്റ് പ്രവാസി മലയാളി സംരംഭകരെയും കേരളത്തിലെ ബിസിനസ് ലോകത്തെയും ബന്ധിപ്പിക്കും. ഉദ്ഘാടനകർമ്മം മന്ത്രി പി. രാജീവ് നിർവഹിക്കും. എംഎൽഎമാരായ ഹൈബി ഈഡൻ, ഉമ തോമസ്, കെ. ജെ. മാക്സി, മാത്യു കുഴൽനാടൻ, ആന്റണി ജോൺ, റോജി എം. ജോൺ എന്നിവരും എത്തിച്ചേരും. സക്സസ്ഫുൾ ബിസിനസുകാരുടെ അനുഭവപങ്കിടലുകൾ, അമേരിക്കയിലെ ഇൻവെസ്റ്റ്മെന്റ് സാധ്യതകൾ, യുവ സംരംഭകർക്ക് മാർഗനിർദേശം—ഇവയാണ് മുഖ്യലക്ഷ്യം.

ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഈ കൺവെൻഷനിൽ വലിയ പ്രാധാന്യമാണല്ലോ. എന്തൊക്കെയാണ് പ്രധാന പദ്ധതികൾ?
നഴ്സിംഗ് വിദ്യാർത്ഥികൾക്കായി 25 സ്കോളർഷിപ്പുകൾ (ഓരോന്നും 50,000 രൂപ), ഫോമ ഹൗസിംഗ് പ്രോജക്റ്റുകളുടെ താക്കോൽദാനം, ഇലക്ട്രിക് വീൽചെയറുകളും സാധാരണ വീൽചെയറുകളും, കാഴ്ചപരിമിതർക്കുള്ള സ്കൂട്ടറുകൾ, 50 തയ്യൽ മെഷീനുകളുടെ വിതരണം എന്നിവ നടക്കും. ജനുവരി 5-ന് പിറവത്ത് 70 വയസിന് മുകളിലുള്ള വിധവകളായ അമ്മമാർക്കായി പ്രത്യേക സഹായ പദ്ധതിയും സംഘടിപ്പിക്കുന്നു. അത് ഫോമാ പ്രസിഡന്റിന്റെ സ്വപ്നപദ്ധതിയാണ്.
ഈ സേവനപ്രവർത്തനങ്ങളിൽ വിമൻസ് ഫോറത്തിന്റെ പങ്ക് വളരെ നിർണായകമാണല്ലോ?
തീർച്ചയായും. നഴ്സിംഗ് സ്കോളർഷിപ്പുകളും തയ്യൽ മെഷീൻ വിതരണവും വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിലാണ്. ഫണ്ടുയർത്തൽ മുതൽ നിർവഹണം വരെ അവർ വലിയ ഉത്തരവാദിത്തത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ചെയർപേഴ്സൺ സ്മിത നോബിൾ,സെക്രട്ടറി ആശാ മാത്യു,ട്രഷറർ ജൂലി ബിനോയ്,വൈസ് ചെയർപേഴ്സൺമാരായ ഗ്രേസി ജെയിംസ്,വിഷിൻ ജോ,ജോയിന്റ് സെക്രട്ടറി സ്വപ്ന സജി സെബാസ്റ്റ്യൻ,ജോയിന്റ് ട്രഷറർ മഞ്ജു പിള്ള ഉൾപ്പെടെയുള്ള മുഴുവൻ വിമൻസ് ഫോറം ടീമും ഈ കൺവെൻഷന്റെ കരുത്താണ്.
യുവജനങ്ങൾക്കായുള്ള പരിപാടികൾ?
നഴ്സിംഗ് ബിരുദധാരികൾക്കും സ്റ്റുഡന്റ് വിസ ആഗ്രഹിക്കുന്നവർക്കുമായി അമേരിക്ക–യുകെ നഴ്സിംഗ് മൈഗ്രേഷൻ സെമിനാർ, കരിയർ ഗൈഡൻസ് സെഷനുകൾ എന്നിവ സംഘടിപ്പിക്കുന്നു. ഭാവി യുവാക്കളിലാണെന്ന ഉറച്ച വിശ്വാസമാണ് ഇത്തരം പരിപാടികൾക്ക് പിന്നിൽ.

സാംസ്കാരിക പരിപാടികളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ സാന്നിധ്യം കൺവെൻഷന് പ്രത്യേക തിളക്കം നൽകും. 3000-ത്തിലധികം ഗാനങ്ങൾ രചിച്ചും 30 സിനിമകൾ സംവിധാനം ചെയ്തും 25 സിനിമകൾ നിർമ്മിച്ചും 78 സിനിമാ തിരക്കഥകൾ എഴുതിയും മലയാള സിനിമയെ സമ്പന്നമാക്കിയ അദ്ദേഹത്തെ ആദരിക്കുന്നത് ഫോമായ്ക്ക് അഭിമാനകരമാണ്.ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയനായ വിവേകാനന്ദനും സംഘവും നയിക്കുന്ന സംഗീത നിശ, പ്രമുഖ മിമിക്രി കലാകാരനായ ശ്രീധർ പറവൂരിന്റെ ഹാസ്യപരിപാടി, കോട്ടയത്തെ ലക്ഷ്മി സിൽക്സ് സ്പോൺസർ ചെയ്യുന്ന ഫാഷൻ ഷോ/ബ്യൂട്ടി പേജന്റ് എന്നിവയും കൺവെൻഷന്റെ മാറ്റ് കൂട്ടും.
ഫോമായുടെ കേരള കൺവൻഷന്റെ ദൗത്യം ഒറ്റവാക്കിൽ പറഞ്ഞാൽ?
പ്രവാസ ജീവിതത്തിൽ വിജയം നേടിയവർ ജന്മനാടിനോടുള്ള കടപ്പാട് മറക്കരുത് എന്ന സന്ദേശമാണ് കൺവൻഷന്റെ അന്തസത്ത. കേരളവുമായി ബന്ധം നിലനിർത്തുകയും, അവിടുത്തെ ആവശ്യങ്ങൾക്കായി കൈത്താങ്ങാവുകയും ചെയ്യുന്നതാണ് ഞങ്ങളുടെ ദൗത്യം. കേരള കൺവെൻഷൻ അതിന്റെ ഏറ്റവും വ്യക്തമായ പ്രകടനവേദിയാണ്.