Image

ശ്രീനിവാസനും മലയാള പ്രേക്ഷകരും തമ്മിലുള്ള അന്തര്‍ധാര എന്നും സജീവമായിരുന്നു (എ.എസ് ശ്രീകുമാര്‍)

Published on 20 December, 2025
ശ്രീനിവാസനും മലയാള പ്രേക്ഷകരും തമ്മിലുള്ള അന്തര്‍ധാര എന്നും സജീവമായിരുന്നു (എ.എസ് ശ്രീകുമാര്‍)

ശ്രീനിവാസന്‍ അരങ്ങൊഴിഞ്ഞ ലോകത്ത് ജീവിക്കുകയെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കാരണം രാഷ്ട്രീയത്തിലും സാമൂഹിക-സാംസ്‌കാരിക തലത്തിലും സമസ്ത മേഖലകളിലും യഥേഷ്ടം നടക്കുന്ന കൊടിയ അഴിമതിയും കൊള്ളയും കൊള്ളിവയ്പ്പും പീഡനങ്ങളും എന്നു വേണ്ട എല്ലാത്തരം ജനവിരുദ്ധ അരുതായ്കകളെയും നര്‍മത്തില്‍ ചാലിച്ച സാമൂഹിക വിമര്‍ശനത്തിന്റെ കൂരമ്പുകളാക്കി എയ്തുവിടാന്‍ ഇതുപോലൊരാള്‍ ഇനിയില്ലല്ലോ എന്ന സത്യമാണ് നമ്മെ വേദനിപ്പിക്കുന്നത്. ഒരു നടനു വേണ്ട ആകാര സൗന്ദര്യം എന്ന കാപട്യം നിറഞ്ഞതും എഴുതിപ്പിടിപ്പിച്ചതുമായ അനിവാര്യതയെ പൊളിച്ചടുക്കാന്‍ നായകനായിത്തന്നെ രംഗപ്രവേശം ചെയ്ത ശ്രീനിവാസന്‍ തന്റെ എണ്ണംപറഞ്ഞ തിരക്കഥകളിലൂടെ മലയാള സിനിമയില്‍ അജയ്യനായി വാഴുകയായിരുന്നു.

സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ നിത്യജീവിത പ്രശ്‌നങ്ങളും ആവലാതികളും സ്വതസിദ്ധമായ നര്‍മബോധത്തിലൂടെ, എന്നാല്‍ ഗൗരവതരമെന്ന് തോന്നിപ്പിക്കും വിധത്തില്‍ ചലിക്കുന്ന ചിത്രങ്ങളിലൂടെ സന്നിവേശിപ്പിച്ച ശ്രീനിയുടെ കഥാസന്ദര്‍ഭങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളും മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്. ഒരു ശരാശരി മലയാളിയുടെ അസൂയയും ധാര്‍ഷ്ട്യവും താന്‍പോരിമയും അപകര്‍ഷ ബോധവും ദൗര്‍ബല്യങ്ങളുമെല്ലാം അദ്ദേഹത്തിന്റെ സിനിമാ ഭാഷയിലൂടെ പുനരവതരിക്കപ്പെട്ടപ്പോള്‍ അത് നമ്മള്‍ അറിഞ്ഞോ അറിയാതെയോ ആത്മവിമര്‍ശനത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റായി ഏറ്റെടുത്തുവെന്ന് സമ്മതിച്ചേ മതിയാവൂ.  

ശ്രീനിവാസനെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചലചിത്രകാരന്‍ എന്ന് അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന്റെ 'സന്ദേശം' എന്ന ഒരു സിനിമ തന്നെ ധാരാളം മതി. അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ ലഭിക്കുന്നത്. ഇതിലെ കഥാപാത്രങ്ങളെല്ലാം ഇന്നും നമ്മുടെയൊക്കെ ചുറ്റുവട്ടത്തുതന്നെയുണ്ട്. ''വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍...'' എന്ന സന്ദേശത്തിലെ ഡയലോഗ് താത്വികരെന്ന് നടിക്കുന്ന ചില രാഷ്ട്രീയക്കാരെ അലോസരപ്പെടുത്തുന്നതാണ്.

വാസ്തവത്തില്‍ മലയാളികള്‍ ശ്രീനിവാസനോടൊപ്പം സഞ്ചരിക്കുകയായിരുന്നു. ആ യാത്ര അവസാനിപ്പിച്ച് അദ്ദേഹം ഒറ്റയ്ക്ക് പിരിഞ്ഞുപോയപ്പോള്‍ മലയാളികളുടെ സാമൂഹിക ബോധത്തെയും നര്‍മ്മബോധത്തെയും സ്വാധീനിച്ച ഒരു യുഗത്തിനാണ് അന്ത്യം കുറിക്കപ്പെട്ടത്. മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത ഒരു പ്രതിഭാസം തന്നെയായിരുന്നു ശ്രീനിവാസന്‍. അദ്ദേഹം മിഴിവേകിയ കഥാപാത്രങ്ങള്‍ എല്ലാം അതാതു കാലഘട്ടത്തിന്റെ പ്രതികങ്ങളായിരുന്നു. സന്ദേശത്തിലെ പ്രഭാകരന്‍ കോട്ടപ്പള്ളി, ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയന്‍, വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍, കഥ പറയുമ്പോളിലെ ബാര്‍ബര്‍ ബാലന്‍, പൊന്‍മുട്ടയിടുന്ന താറാവിലെ തട്ടാന്‍ ഭാസ്‌കരന്‍ തുടങ്ങിയവരെല്ലാം സമൂഹത്തിലെ സാധാരണക്കാരുടെ പ്രതിബിംബങ്ങളാണ്. അവരുടെയെല്ലാം കണ്ണീരും കിനാവും പുഞ്ചിരിയും തമാശകളും സന്തോഷങ്ങളുമെല്ലാം ശ്രീനിവാസന്‍ തന്‍മയത്വത്തോടെ ബീഗ് സ്‌ക്രീനിലെത്തിച്ചു.

ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും നാടോടിക്കാറ്റും ടി.പി ഗോപാലഗോപാലന്‍ എം.എയും സന്ദേശവും വടക്കുനോക്കിയന്ത്രവും നാടോടിക്കാറ്റും പട്ടണപ്രവേശവും വരവേല്‍പ്പും കിളിച്ചുണ്ടന്‍മാമ്പഴവും ഉദയനാണ് താരവും കഥ പറയുമ്പോഴും അറബിക്കഥയുമൊന്നും ആരും മറക്കില്ല. കാരണം അതിലെല്ലാം കാലാതിവര്‍ത്തികളായ ജീവിതാവസ്ഥകളുടെ നേര്‍കാഴ്ചയുണ്ട്. ശ്രീനിവാസന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത് 1989-ല്‍ പുറത്തിറങ്ങിയ 'വടക്കു നോക്കി യന്ത്രം' തളത്തില്‍ ദിനേശന്‍ എന്ന സാധാരണക്കാരന്റെ അപകര്‍ഷതാബോധം മൂലം അയാളുടെ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്ന കലഹങ്ങളാണ് വരച്ചുകാട്ടിയത്.

1998-ല്‍ റിലീസ് ചെയ്ത 'ചിന്താവിഷ്ടയായ ശ്യാമള'യാകട്ടെ ഉത്തരവാദിത്തബോധത്തില്‍ നിന്ന് ഓടിയൊളിച്ച് ആത്മീയതയുടെ വ്യാജവേഷം കെട്ടി നടക്കുന്ന ഒരു ഭര്‍ത്താവ് മൂലം അയാളുടെ കുടുംബം അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ നേര്‍സാക്ഷ്യമാണ്. ആ വര്‍ഷത്തെ സാമൂഹ്യ വിഷയങ്ങളെ കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ചിന്താവിഷ്ടയായ ശ്യാമളക്ക് ലഭിച്ചു. ഇങ്ങനെ അദ്ദേഹത്തിന്റെ ഓരോ സിനിമയും ഓരോ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളാണ്. അവയ്‌ക്കെല്ലാം തന്നെ വിവിധ തലങ്ങളിലുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രേക്ഷക മനസില്‍ ശ്രീനിവാസന്‍ മികച്ച നടനുമായി.

ക്യാമറയ്ക്ക് മുന്‍പിലും പുറകിലും നിന്നുകൊണ്ട് വാക്കുകള്‍ക്കതീതമായ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ശ്രീനിവാസന്‍ മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. 48 വര്‍ഷക്കാലം മലയാള സിനിമയുടെ ജീവല്‍ സ്പന്ദനമായി നിലകൊണ്ട് നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസന്റെ സിനിമകള്‍ മനുഷ്യസഹജമായ ബലഹീനതകളെയും കുടുംബബന്ധങ്ങളെയും ഗൗരവത്തോടെയും നര്‍മ്മത്തോടെയും നോക്കിക്കണ്ടവയാണ്. തന്റെ രൂപത്തെ സ്വയം പരിഹസിച്ചുകൊണ്ട് അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണന്നതില്‍ തര്‍ക്കമില്ല.

ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രങ്ങങ്ങളും സിനിമകളും നമ്മുടെയെല്ലാം ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്.  ആ ശ്രീനിവാസന്‍ ടച്ചില്‍ പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളുണ്ട്... പ്രസരിപ്പുള്ള പ്രണയമുണ്ട്... വിതുമ്പുന്ന വിരഹമുണ്ട്... നിസഹായതയുടെ നീറ്റലുണ്ട്... കളങ്കമറ്റ സ്‌നേഹമുണ്ട്... മായാത്ത സൗഹൃദമുണ്ട്... വിദ്വേഷവും പ്രതികാരവുമുണ്ട്... കുറിക്കുകൊള്ളുന്ന ഹാസ്യശരമുണ്ട്... കടുത്ത വിമര്‍ശനത്തിന്റെ മുള്‍മുനയുണ്ട്... സര്‍വോപരി അപ്രിയ സത്യങ്ങളുമുണ്ട്...

''വിടപറയാം
നമുക്കെല്ലാ-
മുപേക്ഷിച്ച്
മറയാം നമുക്കിനി
പരദൃഷ്ടിയില്‍ നിന്ന്...''

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക