
മറയുന്നൊരാ മങ്ങിയ വെളിച്ചത്തിലിന്ന് ജീവിതമേ
മടങ്ങാമിനി നിൻ ചതിയിൽ മരിച്ചു ഞാൻ
അടർന്നൊരാ ദളം പോലെ, അണഞ്ഞൊരാ നാളമായ് , ഞാനിന്നരൂപിയായ് പറന്നകലട്ടെ
പൂവുള്ള വഴികളിൽ കൂരമ്പിൻ മുള്ളുകളെൻ
നഗ്നപാദത്തെ പുണർന്നിരുന്നു
കൂടെവരുമെന്ന് ചൊല്ലിപ്പറഞ്ഞിട്ടുമരികിലണയതൊരാ നിഴൽച്ചിത്രവും മാഞ്ഞുപോയി
ഇന്നീ ചിതാഗ്നിതന്നൂഷ്മള സ്പർശത്തിലെന്നുടലെരിയാൻ തുടങ്ങവേ
വേണ്ടിന്നു വേപഥുവാകുന്ന വാക്കുകൾ പൊള്ളിയടർന്നൊരാ മനസെന്നോ ശൂന്യവും
ഒരു കുടം പൊട്ടിച്ചിതറിത്തെറിച്ചപ്പോളവസാനമായൊരാ സ്വന്തബന്ധങ്ങളും
വാടണ്ട പൂക്കളേ വിടരുക വനിയിലായ് ഇനിയൊന്നു നുള്ളിനോവിക്കുവാനില്ല ഞാൻ