
പള്ളിമേടയിലെ സന്ധ്യ,
കത്തനാർ ശാന്തമായി ഇരുന്ന്
ഒന്നു വീശിയതും,
ഓടിയെത്തി ഒരു പെരുംകള്ളൻ.
“അച്ചോ… കുമ്പസാരമുണ്ട്,”
പതിഞ്ഞ ശബ്ദം ,
മുഖത്ത് ഭക്തി,
കണ്ണുകളിൽ ജയിലിന്റെ നിഴൽ.
അച്ചൻ വടിയുംകുത്തി
പള്ളിയിലേക്കു നടന്നു.
കുമ്പസാരക്കൂട്ടിൽ
കണ്ണടച്ച് കത്തനാർ,
അൾത്താരയ്ക്ക് മുന്നിൽ
പാപങ്ങൾ കാത്തുനിന്നു.
കള്ളൻ പറഞ്ഞു:
“കള്ളം പറയില്ല ഞാൻ, അച്ചോ…
പക്ഷേ കള്ളുകുടിക്കരുതേ,
കഞ്ചാവടിക്കരുതേ,
മോഷ്ടിക്കരുതേ,
എന്നൊന്നും പറഞ്ഞേക്കരുതേ”
ഉടനെ കണ്ണുതുറന്ന കത്തനാർ :
“എവിടുന്നാ വരുന്നത്, മകനെ?”
“ജയിൽ നിന്നാണ്,
ശിക്ഷ കഴിഞ്ഞിറങ്ങിയതാ.”
“കള്ളസാക്ഷി പറഞ്ഞവന്
ശിക്ഷ കിട്ടാതെ പോകുമോ?”
“ഞാൻ കള്ളനാണ്,
കള്ളുകുടിയനാണ്…
പക്ഷേ കണ്ടതേ പറയൂ.
രണ്ടെണ്ണം വിട്ടാൽ
സത്യമേ പറയൂ,
കർത്താവാണെ സത്യം!”
കൈകൂപ്പി നിൽക്കുന്ന
ആ കള്ളനെ കണ്ടപ്പോൾ
അച്ചന് തോന്നി,
ദൈവത്തിന്റെ
കൂട്ടം തെറ്റിയ കുഞ്ഞാട്.
അച്ചൻ അന്തരീക്ഷത്തിൽ
കുരിശുവരച്ചു,
എന്നിട്ടു മുട്ടുകുത്തി പ്രാർഥിച്ചു
“കർത്താവേ,
ഇവനെ അനുഗ്രഹിക്കണമേ.”
അനുഗ്രഹം ഏറ്റുവാങ്ങി
തലകുനിച്ചു നിന്നു കള്ളൻ,
കുമ്പസാരക്കൂട്ടിൽ
പട്ടച്ചാരായത്തിന്റെ ഗന്ധം!
ഇരുളിന്റെ മറവിൽ
പള്ളിമേടയിലേക്കു മടങ്ങിയ അച്ചനെ
മേശപ്പുറത്ത് കാത്തുനിന്നത്
ബാക്കി വെച്ച കള്ളുകുപ്പിയും
ഒരു കാലി ഗ്ലാസും,
ഒരു ചോദ്യംചിഹ്നം പോലെ.
കത്തനാരെ നോക്കി
അച്ചൻ ഉയരങ്ങളിലേക്കു നോക്കി
നിശ്ശബ്ദമായി പറഞ്ഞു:
“കർത്താവേ…
ഇവർ ചെയ്യുന്നതെന്താണെന്ന്
ഇവർ അറിയുന്നില്ലല്ലോ.”