
മലയാളിക്ക് ചിരിയും ചിന്തയും പകർന്ന ഒരുപിടി നിത്യഹരിത ചലച്ചിത്രങ്ങള്‍ സമ്മാനിച്ച അതുല്യ പ്രതിഭ-ശ്രീനിവാസന് വിട. ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍കൊണ്ടു വെള്ളിത്തിരയിൽ വിസ്മയം തീർത്ത അതുല്യ കലാകാരനായിരുന്നു ശ്രീനിവാസൻ. ശ്രീനിവാസൻ എഴുതിയതും അഭിനയിച്ചതുമായ കഥാപാത്രങ്ങൾ മിക്കവയും മലയാളി പൊതുസമൂഹത്തോട് ചേർന്നുനിൽക്കുന്നവരായിരുന്നു, അവരോട് സംവദിക്കുന്നവരായിരുന്നു.
പതിവ് നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി എത്തിയ അദ്ദേഹത്തിന്‍റെ ഓരോ കഥാപാത്രവും അതുകൊണ്ട് തന്നെ കാലാതിവർത്തിയായി ജനമനസുകളിൽ നിലനിൽക്കുന്നു . അദ്ദേഹത്തിന്റെ 'തലയണമന്ത്ര'വും 'വടക്കുനോക്കിയന്ത്ര'വും 'ചിന്താവിഷ്ടയായ ശ്യാമള'യുമൊക്കെ പ്രേക്ഷക മനസുകളിൽ ചിരപ്രതിഷ്ഠ നേടുന്നത് കഥാപാത്രങ്ങളിലെ ആ വ്യതിരിക്തത കൊണ്ട് തന്നെയാണ് . മികച്ച നടനായിരിക്കെ തന്നെ തിരക്കഥയിലും സംവിധാനത്തിലും അദ്ദേഹം തിളങ്ങി നിന്നു .സാധാരണ മനുഷ്യര്‍ നാട്യങ്ങളില്ലാതെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

തന്റെ കാഴ്ചപ്പാടുകളും ചിന്തകളും വളരെ ലളിതമായി ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ് ശ്രീനിവാസൻ സിനിമകളിലൂടെ അവതരിപ്പിച്ചപ്പോൾ അത് ചിന്തയുടെയും ചിരിയുടെയും പുതിയ തലങ്ങളിലേക്കാണ് മലയാളിയെ എത്തിച്ചത്.
സാമൂഹിക, രാഷ്ട്രീയ വിഷയങ്ങൾക്കു നേരെ കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളെറിഞ്ഞ് പ്രേക്ഷക മനസുകളിലും ചിന്തകൾ ഉണർത്താൻ ശ്രീനിവാസനു കഴിഞ്ഞു.
രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും രൂക്ഷമായി വിമർശിച്ച തിരക്കഥകൃത്തായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിന്‍റെ തൂലികയുടെ മൂർച്ച അറിയാത്ത രാഷ്ട്രീയ പാർട്ടികളോ നേതാക്കളോ കേരളത്തിലില്ലന്ന് പറയാം . രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങളെയും കള്ളത്തരങ്ങളെയും ആക്ഷേപഹാസ്യത്തിലൂടെ അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ എത്തിച്ചു. ശ്രീനി തിരക്കഥ എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'സന്ദേശം' എന്ന സിനിമ ഒരു ഉദാഹരണം മാത്രം .
സാധാ മനുഷ്യരുടെ കണ്ണീരും സന്തോഷങ്ങളുമെല്ലാം ചിത്രീകൃതമായ, മലയാളികളുടെ ഭാവുകത്വത്തിന് പുതിയ മാനം സമ്മാനിച്ച നിരവധി തിരക്കഥകൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു. ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ഉദയനാണ് താരം, കഥ പറയുമ്പോൾ, മഴയെത്തും മുൻപെ, തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, വരവേൽപ്പ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, പട്ടണപ്രവേശം, വെള്ളാനകളുടെ നാട്, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ അതിഭാവുകത്വമില്ലാതെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടങ്ങി സാധാരണക്കാരുടെ ജീവിതത്തിലെ പൊള്ളുന്ന വിഷയങ്ങളിലൂടെ, ജീവിക്കാനുള്ള മനുഷ്യന്റെ തത്രപ്പാടുകളും അതിജീവനത്തിനായുള്ള ഓട്ടപ്പാച്ചിലുകളുമൊക്കെ തന്നെയായിരുന്നു എന്നും അദ്ദേഹത്തിന്റെ എഴുത്തിലെ അസംസ്‌കൃത വസ്തു. മലയാളികളുടെ സ്വീകരണമുറിയില്‍ ചിരി പടർത്തിയ അദ്ദേഹം ഓരോ കഥാപാത്രങ്ങളിലൂടെയും അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു .
സമൂഹത്തിലെ പ്രശ്നങ്ങളിൽ പലതിലും സജീവമായി ഇടപ്പെട്ട ശ്രീനിവാസൻ മുഖം നോക്കാതെ തനിക്ക് പറയാനുള്ളത് തുറന്നു പറയുക തന്നെ ചെയ്തു.

ഇടയ്ക്കെപ്പഴോ സിനിമയ്ക്കും സിനിമയുടെ വെള്ളിവെളിച്ചത്തിനുമപ്പുറം പതിവു നടപ്പുവഴികളിൽ നിന്നെല്ലാം മാറി സഞ്ചരിച്ചു അദ്ദേഹം . സ്വന്തമായി കൃഷി ചെയ്തും ജൈവകൃഷിയുടെ മാഹാത്മ്യത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കിയും സിനിമയ്ക്ക് അപ്പുറത്ത് മറ്റൊരു ലോകം കൂടി ശ്രീനിവാസൻ കണ്ടെത്തി . ശ്രീനിവാസൻ കണ്ട സ്വപ്നമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കണ്ടനാട് പാടശേഖരത്തിൽ പൊന്നുവിളയിക്കുന്നത്.
അഞ്ചു പതിറ്റാണ്ടിനടുത്ത സിനിമാ ജീവിതത്തില്‍ നിന്ന് അദ്ദേഹം വിടവാങ്ങുമ്പോള്‍ മലയാള സിനിമയ്ക്ക് അത് കനത്ത നഷ്ടമാകുന്നു .