
എഴുപത്തിയഞ്ചു വർഷത്തിലേറെക്കാലമായി ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യം വിജയകരമായി പ്രവർത്തിച്ചു വരുന്നത് നിയമനിർമ്മാണ സഭകളുടെയും എക്സിക്യൂട്ടീവിന്റെയും നീതിന്യായ സംബ്രദായത്തിന്റേയും പരസ്പര പൂരകമായ സഹവർത്തിത്വത്തിലൂടെയാണ്. ആ സമവാക്യങ്ങൾക്കു സാരമായ കോട്ടമുണ്ടാകാവുന്ന ചില നടപടികളെയാണ് സുപ്രിംകോടതി ഇന്ന് സമർത്ഥമായി പ്രതിരോധിച്ചിരിക്കുന്നത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 32 സഭയിലെ ഭൂരിപക്ഷം മാത്രം നോക്കിയുള്ള ഭരണ കക്ഷികളുടെ നിയമനിർമ്മാണങ്ങളെയും നിർവഹണത്തെയും പൂർണ്ണമായും ഭരണഘടനയുടെ പരിധിയിലാണെന്നു ഉറപ്പു വരുത്തുവാൻ ജുഡീഷ്യറിയെ ചുമതലപ്പെടുത്തുന്നു.
തമിഴ്‌നാട് സർക്കാർ തങ്ങളിൽ നിക്ഷിപ്തമായിട്ടുള്ള എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ചുകൊണ്ട് 2025 ൽ മാത്രം നടത്തിയ രണ്ടു ഭരണഘടന ലംഘനങ്ങളും തന്മൂലമുണ്ടായ കോർട്ടലക്ഷ്യ നടപടികളുമാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതിയുടെ മുന്നിലെത്തിയത്. ആദ്യത്തെ സംഭവം ഡിണ്ടിഗലിൽ രണ്ടു സഹോദരന്മാർക്ക് തുല്യാവകാശമുള്ള ഒരു വസ്തുവിൽ ഒരാൾ ഏകപക്ഷിയമായി ഒരു ക്രിസ്ത്യൻ ദേവാലയം അനധികൃതമായി പണിയാൻ ആരംഭിക്കുന്നു. വിൽസൺ എന്ന് പേരുള്ള അടുത്ത സഹോദരൻ തനിക്കുംകൂടി അവകാശപ്പെട്ട ഭൂമിയിൽ ഒരു വിഭാഗം വിശ്വാസികളുടേയും സർക്കാരിന്റെയും പിന്തുണയോടെ ദേവാലയം പണിഞ്ഞു ആ ഭൂമിയെ പൊതുസ്വത്താക്കി മാറ്റുന്നത് ഭരണഘടന തനിക്കു നൽകുന്ന സംരക്ഷണത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുന്നു. കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച മദ്രാസ് ഹൈക്കോടതി നിർമ്മാണ പ്രവർത്തി സത്വരമായി നിർത്തിവെക്കാൻ ഉത്തരവിടുന്നു. സംഘടിതമായ വോട്ടുബാങ്ക് ലക്ഷ്യമിട്ട മുഖ്യമന്ത്രി സ്റ്റാലിൻ ഹൈക്കോടതി വിധി കാറ്റിൽ പരാതി റവന്യൂ അധികാരികളെ മുന്നിൽ നിർത്തി പള്ളി നിർമ്മാണം പൂർത്തിയാക്കി പരാതിക്കാരനെയും നീതിന്യായ വ്യവസ്ഥയെയും അപ്രസക്തമാക്കി ചരിത്രം സൃഷ്ടിച്ചു. നിർമ്മാണം തടഞ്ഞാൽ വലിയ ക്രമസമാധാന പ്രശ്നമുണ്ടാകും എന്നതായിരുന്നു സർക്കാർ ന്യായം.
രണ്ടാമത്തെ സംഭവം തിരുപ്പുറംകുണ്ഡം കാർത്തിക ദീപം തെളിയിക്കൽ സംബന്ധിച്ചതായിരുന്നു. തമിഴ് ജനതയുടെ പരമ്പരാഗത വൈകാരിക സാക്ഷ്യങ്ങളായ സപ്‌ത മുരുക മലകളിൽ ഒന്നായ തിരുപ്പുറംകുണ്ഡം ക്ഷേത്രം സ്ഥിതിചെയ്യുന്ന മലയുടെ ഒരു ഭാഗത്തുള്ള ഒരു മുസ്ലിം ദർഗ്ഗയാണ് ഇപ്പോൾ വിവാദമാക്കി സാമുദായിക ധ്രുവീകരണത്തിന് ലക്ഷ്യമിടുന്നത്.
ഏകദേശം ആയിരത്തി അഞ്ഞൂറ് വർഷം മുൻപ് ഡൽഹി സുൽത്താനേറ്റിന്റെ ഭാഗമായിരുന്ന സിക്കന്ദർ ഷായുടെ ഖബർ അടക്കം നടത്തിയത് ഈ മലയിലാണെന്ന വിശ്വാസത്താൽ ഇസ്ലാമിക വിശ്വാസികൾ മലയുടെ ഒരു ഭാഗത്തു ആരാധന നടത്തിയിരുന്നു. (ഇതേ സിക്കന്ദർ ഷായുടെ മറ്റു രണ്ടു ദർഗ്ഗകൾ കുടി അതെ ജില്ലയിൽ ഉള്ളതായി ഇംഗ്ലീഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്) മുരുക ക്ഷേത്രത്തിലും സമീപത്തുള്ള കാർത്തിക ദീപം തെളിയിക്കുന്ന സ്തംഭത്തിലും ദർഗ്ഗയിലും എത്തിച്ചേരാനുള്ള വഴികൾ ഒന്നായിരുന്നതിനാൽ അതുസംബന്ധിച്ച ചില തർക്കങ്ങൾ ഉണ്ടാകുന്നതൊഴിച്ചാൽ മറ്റു അനിഷ്ട സംഭവങ്ങളൊന്നും അവിടെ കുറേക്കാലമായി ഉണ്ടായിട്ടുമില്ല. എന്നാൽ അടുത്തകാലത്തായി ദർഗ്ഗയിൽ ആടുകളെ അറക്കുന്നതും അറവുമാലിന്യങ്ങൾ ഹൈന്ദവ വിശ്വാസികൾ പുണ്യ ഭൂമിയായി കരുതുന്ന മലയുടെ ഇതരഭാഗങ്ങളിലേക്കു വലിച്ചെറിയുന്നതും ഇരു വിഭാഗങ്ങളും തമ്മിലുണ്ടായിരുന്ന സൗഹാർദ്ദത്തിന് കോട്ടമുണ്ടാക്കി. ദർഗ്ഗയുടെ നിയന്ത്രണം ആ മതവിഭാഗങ്ങളിൽ ആയിരിക്കുമ്പോൾ ക്ഷേത്രം ഭരണം നിയന്ത്രിക്കുന്നത് ദൈവത്തിൽ ഒരു വിശ്വാസവുമില്ലാത്ത ഡി എം കെ സർക്കാരാണ്. പ്രശ്നം മുൻകാലങ്ങളിലെന്നപോലെ ചർച്ചകളിലൂടെ പരിഹരിക്കുന്നതിന് പകരം വിഷയം വിവാദമാക്കി ഡിണ്ടിഗൽ വിഷയത്തിലേതുപോലെ വോട്ടുബാങ്ക് രാഷ്ട്രീയമാണ് സ്റ്റാലിൻ സർക്കാർ സ്വീകരിച്ച നയം.
വിഷയം ഏറ്റെടുത്തു വിവിധ ഹിന്ദു ഇസ്ലാമിക സംഘടനകൾ കുടി രംഗത്തെത്തി നിൽക്കുമ്പോളാണ് തൃക്കാർത്തിക ഉത്സവം വരുന്നത്.
കാർത്തിക നാളിൽ ദീപത്തൂണിൽ ദീപം തെളിയിക്കുന്ന ചടങ്ങു സമാധാനപരമായി നടക്കില്ലെന്നു ബോധ്യപ്പെട്ട ഒരു ഹിന്ദു വിശ്വാസി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുന്നു. വർഷങ്ങളായി നടന്നുവരുന്ന ദീപം തെളിയിക്കലിനായി തനിക്കും മറ്റു വിശ്വാസികൾക്കും അവസരവും സംരക്ഷണവും ആവശ്യപ്പെട്ട ഹർജ്ജിയുടെ വിശദാംശങ്ങൾ പരിശോധിച്ച കോടതി
സ്ഥലത്തെ സംഘർഷ സാധ്യത കുടി പരിഗണിച്ചു പരാതിക്കാരനും പത്തിൽ കവിയാത്ത വിശ്വാസികൾക്കും മാത്രം ദീപം തെളിയിക്കാമെന്നും അതിനുള്ള സംരക്ഷണം നല്കാൻ CISF സേനയെ ഉപയോഗിക്കാമെന്നും വിധി കൽപ്പിച്ചു.
വിധി നടപ്പിലാക്കാൻ ചുമതലപ്പെട്ട കേസിലെ എതിർകക്ഷികളായ സംസ്ഥാന ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയും കോടതിവിധിയെ അട്ടിമറിക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം സ്ഥലത്തു പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു കോടതിവിധിയുമായി ദീപം തെളിയിക്കാനെത്തിയ പരാതിക്കാരനെയും ഒപ്പമുണ്ടായിരുന്ന ഭക്തരെയും കൈയാമം വെച്ചു ജയിലിലടച്ചു. ക്രമസമാധാനമെന്ന വിചിത്ര വാദമുന്നയിച്ചു രണ്ടാം തവണയും ലെജിസ്ലേറ്റീവിന്റെ പിൻബലത്തിൽ എക്സിക്യൂട്ടീവ് ഇന്ത്യൻ ജുഡീഷ്യറിയെ മുട്ടുകുത്തിച്ചു.
ഡിണ്ടിഗൽ കേസ്സിൽ നീതിപീഠത്തെ ധിക്കരിച്ച സർക്കാരിനെതിരെ കോർട്ടലക്ഷ്യ നടപടിക്കൊരുങ്ങുന്ന ഹൈക്കോടതിയുടെ അതെ ബെഞ്ചിൽ തന്നെ തിരുപ്പുറംകുണ്ഡം കേസിലെ പരാതിക്കാരനും പരാജയത്തിന്റെ അനുഭവവുമായി എത്തുന്നു. ഡിസംബർ 17 നു ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയെയും ഓൺലൈനിലൂടെ കോടതിയിൽ എത്തിച്ച ജഡ്ജി ജി ആർ സ്വാമിനാഥൻ ഭരണഘടനയുടെ സംരക്ഷകൻ (guardian of the constitution) എന്നനിലയിൽ ജുഡീഷ്യറിയുടെ ഉത്തരവാദിത്വങ്ങളും എതിർ കക്ഷികൾ നിരത്തിയ ക്രമസമാധാന വാദങ്ങളും വിശദമായി പരിശോധിച്ചു. എതിർ കക്ഷികളുടെ പേരിൽ ഗുരുതരമായ കോടതി അലക്‌ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ജനുവരി 9 നു നേരിട്ട് ഹാജരായി ബോധ്യപ്പെടുത്താൻ ഒരു അവസരം കുടി നൽകി കേസ് ഒന്‍പതിലേക്ക് മാറ്റി വെക്കുമ്പോൾ ഈ വിഷയം സംബന്ധിച്ച ജഡ്ജിയുടെ ഭാഗത്തുനിന്ന് ഒരു ഓർമ്മപ്പെടുത്തൽ കുടിയുണ്ടായി. Law and Order can not be used as a fig leaf or a blanket excuse to ignore specific judicial mandate.(പ്രത്യേക ന്യായാധികാര നിർദ്ദേശങ്ങളെ അവഗണിക്കുന്നതിനുള്ള മറവിയായൊ പൊതുവായ ന്യായീകരണമായോ നിയമവും ക്രമസമാധാനവും ഉപയോഗിക്കാനാവില്ല)
കോർട്ടലക്ഷ്യ നടപടികൾ സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടു സർക്കാർ ഉടൻ രണ്ടങ്ക ഡിവിഷൻ ബഞ്ചിനെ സമീപിച്ചെങ്കിലും എട്ടു വർഷത്തിലേറെ ഹൈക്കോടതി ജഡ്ജിയായി പ്രാഗൽഭ്യം തെളിയിച്ച ജസ്റ്റിസ് ജി.ആർ.സ്വാമിനാഥന്റെ ഉത്തരവിൽ ഇടപെടാൻ അവർ വിസമ്മതിച്ചു. തുടർന്ന് കഴിഞ്ഞ 19 നു തന്നെ സുപ്രിം കോടതിയിൽ തമിഴ്നാട് സ്റ്റാന്റിംഗ് കൗൺസിൽ പരാതി നൽകിയെങ്കിലും കേസിന്റെ തുടർന്നടപടിയിൽ ഇടപെടുന്നില്ലയെന്നു വ്യക്തമാക്കുകയും അന്തിമ വിധിയിൽ കാരണം കാണുകയാണെങ്കിൽ ഇടപെടാമെന്നു കാണിച്ചു കേസ് അവസനിപ്പിക്കുകയും ചെയ്തു.
കോടതികൾ പോലുള്ള ഭരണഘടന സ്ഥാപനങ്ങളോടുള്ള വിശ്വാസം തകർന്നാൽ അരാജകത്വമായിരിക്കും ഫലം. ഭരണഘടന പോക്കറ്റിലിരുന്നാൽ സംരക്ഷിക്കപ്പെടില്ല അതിനെ കാത്തുസൂക്ഷിക്കുന്ന കോടതികളെ ബഹുമാനിക്കണം. അത് ഭരിക്കുന്നവരായാലും പ്രതിപക്ഷമായാലും രണ്ടു പക്ഷമില്ല.