
രണ്ടായിരം സംവത്സരങ്ങളുടെ സുദീർഘമായ കാലഘട്ടം ഓരോ ഡിസംബറിലും ആവർത്തിക്കപ്പെടുന്നപ്രതീക്ഷകളുടെ ഒരു ജന്മോത്സവം.. ഡിസംബർ പിറക്കുന്നതോടെ പടിഞ്ഞാറൻ നാടുകൾ ഈ പ്രതീക്ഷയുടെഉത്സവത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയായി. ഇന്നിപ്പോൾ പടിഞ്ഞാറിന്റെ ഈ ഉത്സവം ലോകംഏറ്റെടുക്കുകയും ലോകമാസകലം ആഘോഷിക്കപ്പെടുന്ന ഒരുത്സവമായി മാറുകയും ചെയ്തു. ജനജീവിതത്തിൽപുത്തൻ പ്രതീക്ഷയുടെ നിറ ദീപങ്ങൾ തെളിയിക്കുന്ന ഈ ഉത്സവം പുതു വർഷത്തിലേക്കുള്ള ചവിട്ടുപടിയായിവർത്തിച്ചു കൊണ്ട് ഇന്നിനെക്കാൾ മെച്ചപ്പെട്ട ഒരു നാളെ എന്ന മനുഷ്യരാശിയുടെ സ്വപ്നത്തിനു താങ്ങുംതണലുമായി നിൽക്കുന്നു.. സമൂഹമായി ജീവിക്കുന്നതിനുള്ള പരിശീലനം ജന്മ വാസനയായി നേടിയെടുത്തമനുഷ്യ വർഗ്ഗം അടുത്ത ഒരു വർഷത്തേക്കുള്ള മാനസികമായ പ്രവർത്തണോർജ്ജം നേടിയെടുക്കുന്നത്‌ഡിസംബർ മാസത്തിലെ ഈ പ്രതീക്ഷയുടെ ഉത്സവത്തിൽ നിന്നാണെന്നു പറഞ്ഞാൽ അത്അംഗീകരിക്കുന്നവരായിരിക്കും ലോക ജനതയിലെ മഹാ ഭൂരിപക്ഷവും എന്നതാണ് സത്യം.
ക്രിസ്തു ജനിച്ചതിനും ജീവിച്ചതിനും തെളിവില്ലെന്ന് വാദിക്കുന്ന ഭൗതിക വാദികൾക്ക് പോലും പ്രത്യക്ഷമായൊപരോക്ഷമായോ ഈ പ്രതീക്ഷയുടെ ഉത്സവത്തിൽ പങ്കാളികൾ ആവേണ്ടി വരുന്നു. ഇരുട്ടിൽ സഞ്ചരിച്ച ജനംവലിയോരു വെളിച്ചം കണ്ടു എന്ന സംവേദനത്തിൽ അധിഷ്ഠിതമായ ഒരു മാനവിക സ്വപ്നം ലോകത്തിന്സമ്മാനിക്കാൻ കഴിഞ്ഞു എന്നതിലാണ് ആധുനിക ശാസ്ത്രം ചൊവ്വയിൽ കോളനി പണിയാനുള്ള ആശാരിമാരെഅന്വേഷിക്കുന്ന ഇന്നും ഈ ഉത്സവത്തിന്റെ നിറം കെടാതെ സൂക്ഷിക്കുന്നത് എന്ന് ചിന്തിച്ചാൽമനസ്സിലാക്കാവുന്നതാണ്.
മത ഗ്രന്ഥങ്ങൾ മനുഷ്യ സൃഷ്ടികളാണ് എന്ന ശാസ്ത്രീയ വിലയുരുത്തലോടെ മാറ്റി നിർത്തിയാലും യാതൊരുഭൗതിക പാരമ്പര്യങ്ങളും അവകാശപ്പെടാനില്ലാത്ത ഒരു ദരിദ്ര യുവാവ് അജ്ഞതയുടെയും ആചാരങ്ങളുടെയുംതടവിലായിരുന്ന ഒരു ജനതയെ വളരെ ലളിതമായ ഒരു ആശയ സംവേദനത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ സുഖംഅനുഭവിപ്പിക്കുകയും സ്വപ്നങ്ങളുടെ വെളിച്ചം പരത്തുകയും ചെയ്തു എന്നതിലാണ് ക്രിസ്തു എന്ന യാഥാർഥ്യംഇന്നും ജന മനസ്സുകളിൽ ജീവിക്കുന്നത്. ദൈവത്തെ സ്നേഹിക്കുക, മനുഷ്യനെ സ്നേഹിക്കുക എന്നീ പകരംവയ്ക്കാനില്ലാത്ത സൂത്രവാക്യങ്ങളിലൂടെ ജന്തു വർഗ്ഗത്തിലെ കേവലമൊന്നു മാത്രമായ മനുഷ്യനെ ഇരയ്ക്കുംഇണയ്ക്കും വേണ്ടിയുള്ള പ്രകൃതി സഹജമായ അവന്റെ പോരാട്ടങ്ങളിൽ നിന്ന് മെരുക്കിയെടുക്കപ്പെട്ടകാട്ടാനയെപ്പോലെ സമൂഹത്തിന് പ്രയോജനപ്പെടുത്തിയെടുത്തു എന്നതിലാണ് യേശു എന്ന സാധാരണമനുഷ്യന്റെ ചിന്ത കാലമിത്ര കഴിഞ്ഞിട്ടും മനുഷ്യ സമൂഹത്തിന്റെ മാനസിക ഇരുട്ടിൽ പ്രകാശം പരത്തി ഇന്നുംക്രിസ്തുവായി തെളീഞ്ഞു കത്തി നിൽക്കുന്നത്.
അയൽക്കാരൻ എന്ന ക്രിസ്തുവിന്റെ വാക്കിന് അപരൻ എന്നാണ് അർഥം. അപരൻ എന്നതിനെ വിശാലമായഅർത്ഥത്തിൽ എടുത്താൽ അത് താനൊഴികെയുള്ള തന്റെ ലോകം എന്നാണ് അർഥം വരുന്നത്. സ്നേഹിക്കുകഎന്നത് മത ഗ്രന്ഥങ്ങളുടെ പരിമിതമാക്കപ്പെട്ട ഭാഷയാണ്. യേശു ഉദ്ദേശിച്ചത് കരുതുക എന്ന് തന്നെയാണ്. തന്നെപ്പോലെ ഒട്ടും കുറയാതെ അപരനെ കരുതണം എന്ന ക്രൈസ്തവ ദർശനം നടപ്പിലാക്കിയാൽ തങ്ങളുടേത്എന്ന് തങ്ങൾ കരുതുന്ന പലതും വിട്ടൂകൊടുക്കേണ്ടി വരും എന്ന ഭയം മൂലമാണ് ക്രിസ്തുവിന്റെ പേരിലുള്ളമതങ്ങൾ പോലും കരുതൽ എന്ന മഹത്തായ ആശയത്തെ സ്നേഹം എന്ന ചെറിയ ഫ്രയിമിലാക്കി ഭിത്തിയിൽആണിയടിച്ച് തൂക്കിയിട്ടിരിക്കുന്നത്.
ക്രൈസ്തവ ദർശനങ്ങളുടെ അന്തസത്ത മത വിശ്വാസികളേക്കാൾ അധികമായി അതിന്റെ വിശാല അർത്ഥത്തിൽഉൾക്കൊള്ളുന്നത് ഭൗതിക വാദികൾ ആണെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടായിരിക്കണമല്ലോസ്വതന്ത്രവും വിശാലവുമായ സാമൂഹ്യ ക്രമങ്ങൾക്കായി അവർ പോരാടുന്നത് ? മതങ്ങൾ അണിയിച്ചു കൊടുത്തഅമാനുഷികതയുടെ കിന്നരിത്തൊപ്പികൾ ഊരിമാറ്റിയാൽ പച്ച മനുഷ്യനായ യേശുവും ഇത് തന്നെയാണല്ലോചെയ്തു കൊണ്ടിരുന്നത് ?
ശാന്തവും സ്വഛവും സമാധാന പൂർണ്ണവുമായ ഒരു ലോക ക്രമത്തിനായി വിപ്ലവകരമായ ആശയങ്ങളുടെ അക്ഷയഖനി തന്നെയാണ് യേശുവിന്റെ ഹൃസ്വ ജീവിതം. ലബോറട്ടറി ത്വരകങ്ങളിൽ അതിനു തെളിവുകൾ തപ്പുന്നവർക്ക്കണ്ടെത്താൻ ആവുന്നില്ലെങ്കിലും ആ ആശയങ്ങൾ അവർക്കും ആശ്വാസ ദായകമാണ് എന്നതിനാൽ അതിനെപിന്തുടരാവുന്നതാണ്.
ഓരോ ഡിസംബറും കരുതൽ എന്ന ക്രൈസ്തവ ദർശനത്തിന്റെ മാനസിക ഊർജ്ജം പേറി നിൽക്കുന്നപ്രതീക്ഷകളുടെ ക്രിസ്മസ് കാലമാണ്. ക്രിസ്തുവിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട മതങ്ങളും രാഷ്ട്രങ്ങളും വരെസംഘർഷാത്മക സാഹചര്യങ്ങളുടെ പോർ വിളികൾ ഉപേക്ഷിച്ച് മടങ്ങി വരുവാൻ സമയമായിരിക്കുന്നു - കരുതലിൽ അധിഷ്ഠിതമായ പുതിയ ലോക ക്രമത്തിൽ അതിരുകളില്ലാത്ത ഭൂമിയിലെ ലേബലുകളില്ലാത്തമനുഷ്യന്റെ പുത്തൻ സമൂഹം അണിചേരുന്ന മണ്ണിലെ സ്വർഗ്ഗത്തിലേക്ക്. ക്രിസ്മസ് ആശംസകൾ !
കൃസ്തുമസ് രചനകൾ
‘A THRILL OF HOPE’ AND LIGHT– FOR OUR LIFE IN DARKNESS (Rev. Dr. John T. Mathew)
പുണ്യജന്മം (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)
'മറ്റേ ജ്ഞാനി' - ഒരു ക്രിസ്തുമസ്സ് കഥ (സ്വതന്ത്ര തര്‍ജ്ജമ, സംഗ്രഹം: സുധീര്‍ പണിക്കവീട്ടില്‍)
പോയിൻസെറ്റിയ - വിശുദ്ധ രാത്രിയുടെ പൂക്കൾ (വാൽക്കണ്ണാടി - കോരസൺ)