
സമാധാനത്തോടെ ജീവിക്കണം. സ്വന്തം വീട്ടില്‍ മരിക്കണം. അതായിരുന്നു പുന്നമൂട്ടില്‍ അന്തപ്പന്‍റെ ആഗ്രഹം. ആര്‍ക്കും ദ്രോഹം ചെയ്യാതെ ജീവിച്ചു. അദ്ധ്വാനിച്ചു. കടമകള്‍ നിറവേറ്റി. അതുകൊണ്ട്, ധനികനായില്ല. അതില്‍ സങ്കടവുമില്ല. പക്ഷേ, പ്രതീക്ഷിക്കാത്തൊരു പ്രതിസന്ധി. അത് പരിഹരി ക്കണം. എങ്ങനെയെന്ന് നിച്ഛയമില്ല. ഇന്നോളം കാത്തുപരിപാലിച്ച ദൈവം, അതിനും ഒരു വഴി കാണിച്ചു തരും. അതായിരുന്നു വിശ്വാസം.
അന്തപ്പന്‍ അതിരാവിലെ എഴുന്നേറ്റു. സഹദേവന്‍റെ വീട്ടിലേക്ക് നടന്നു. അപ്പോള്‍, മനസ്സ് അസ്വസ്ഥമായിരുന്നു. സംഭവിക്കാവുന്നത് എന്തായിരിക്കും എന്ന സ്വയം ചോദ്യത്തിന് ഉചിതമായ ഉത്തരം കിട്ടിയില്ല.
ആകസ്മികമായി സഹപാഠിയെ കണ്ടപ്പോള്‍, സന്തോഷത്തോടെ സഹദേവന്‍ പറഞ്ഞു: “പതിവില്ലാത്തൊരു വരവിന് എന്തോ ഉദ്ദേശമുണ്ട്.” മുന്മുറിയിലെ കസേരയില്‍ ഇരുന്നുകൊണ്ട് അന്തപ്പന്‍ പറഞ്ഞു: എന്‍റെ അനിയന്‍, രാജപ്പന്‍, അവന്‍റെ വസ്തുവും വീടും വിറ്റു. ഞങ്ങടെ കുടുംബസ്വത്ത് അമ്പത് സെന്‍റെ് സ്ഥലവും ഒരു വീടുമായിരുന്നു. അതില്‍, വീടും ഇരുപത്തിയഞ്ച് സെന്‍റെ് സ്ഥലവും എനിക്ക്, വീതമായിട്ട്, അപ്പച്ചന്‍ തന്നു. അതിനോടുചേര്‍ന്ന്, വടക്ക് റോഡുവരെയുള്ള ഇരുപത്തിയഞ്ച് സെന്‍റെ് തരിശ്ഭൂമി രാജപ്പന് കൊടുത്തു. അവനൊരു നല്ല ജോലി ഉണ്ടായിരുന്നതുകൊണ്ട്, അതിലൊരു വീട് വെച്ചു. വസ്തുവില്‍ സ്ഥാപിച്ചു വാങ്ങിയ തുകയും മറ്റും മുടക്കിയാണ് അതിന്‍റെ പണിതീര്‍ത്തത്. സ്ത്രീധനമായിട്ടല്ലെങ്കിലും, അവന്‍റെ ഭാര്യവീട്ടുകാര്‍ നല്‍കിയ സംഭാവന കൊടുത്താണ് ബാദ്ധ്യതകള്‍ തീര്‍ത്തത്. ഇപ്പോള്‍, രാജപ്പനും ഭാര്യയും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയതുകൊണ്ടാണ് വസ്തുവും വീടും വിറ്റത്. അത്രയും ശ്രദ്ധിച്ചുകേട്ട സഹദേവന്‍ പെട്ടെന്ന് പറഞ്ഞു: “അവനെ പഠിപ്പിച്ചു നല്ല നിലയിലാക്കിയത് അന്തപ്പനല്യോ. അതോര്‍ത്ത്, അവനത് ഇഷ്ടദാനം തരേണ്ടതായിരുന്നു”. നിഷേധാര്‍ത്ഥത്തില്‍ തലകുലുക്കി ക്കൊണ്ട് അന്തപ്പന്‍ പറഞ്ഞു: ഞാന്‍ അവന്‍റെ സ്വത്ത് ആഗ്രഹിച്ചില്ല. അവന്‍ സ്നേഹമുള്ളവനാ. വീതംവെച്ചപ്പോള്‍, അപ്പച്ചന്‍ ഞങ്ങളോട് ഒരു പ്രത്യേക കാര്യം പറഞ്ഞിരുന്നു. അതായത് ഞങ്ങളില്‍ ആരുടെയെങ്കിലും വസ്തു വില്‍ക്കേണ്ടിവരികയാണെങ്കില്‍, അത് കൂടപ്പിറപ്പിന് വേണ്ടായെങ്കില്‍ മാത്രമേ അന്യര്‍ക്ക് കൊടുക്കാവുയെന്ന്. രാജപ്പന്‍ അക്കാര്യം മറന്നില്ല. പക്ഷേ അത് വാങ്ങാനുള്ള കഴിവ് എനിക്കില്ലായിരുന്നു. രാജപ്പന്‍ വസ്തു വിറ്റതില്‍ എനിക്ക് സങ്കടമില്ല. എങ്കിലും, ആ കച്ചവടം ഇപ്പോഴൊരു വിനയായി. അത് പറയാനാ ഞാനിങ്ങോട്ട് വന്നത്.
“എന്ത് സംഭവിച്ചു. പറഞ്ഞാട്ടെ. പരിഹരിക്കാവുന്നതാണോ അല്ലയോ എന്ന് നോക്കാമെന്ന് സഹദേവന്‍ പറഞ്ഞു.
അന്തപ്പന്‍ ശാന്തതയോടെ തുടര്‍ന്നു: എപ്പോഴും, അയല്‍ക്കാരുമായി നല്ല രമ്യതയില്‍ കഴിയണമെന്നാണ് ഞങ്ങളോട് അപ്പച്ചന്‍ പറഞ്ഞിട്ടുള്ളത്. ഒരു ആപത്ത് ഉണ്ടായാല്‍ ആദ്യം ഓടിവരേണ്ടത് അയല്ക്കാരാണ്. അതുകൊണ്ട്, വളരെ കരുതലോടയാ ഞാന്‍ ജീവിക്കുന്നത്. രാജപ്പന്‍റെ വീട് പണിതപ്പോള്‍, ആ വീടിന്‍റെ പടിഞ്ഞാറെ ഭിത്തിയോട് ചേര്‍ന്ന്, എട്ടടി വീതിയില്‍, വടക്കേ റോഡ് വക്കോളം എത്തുന്ന സ്ഥലം, എന്‍റെ വീട്ടിലേക്കുള്ള വഴിക്കുവേണ്ടി ഒഴിച്ചിട്ടിരുന്നു. അതിപ്പോള്‍ മതില്‍കെട്ടി സ്വന്തമാക്കാനാ അയല്‍ക്കാരന്‍ പുതുമഠത്തില്‍ അവറാച്ചന്‍ ശ്രമിക്കുന്നത്. അയാള്‍ അങ്ങനെ ചെയ്താല്‍, ഞങ്ങള്‍ എങ്ങനെ വീട്ടില്‍നിന്ന്‍ പോയിവരും. അക്കാര്യം ആലോചിച്ചിട്ട്, ഒട്ടും സമാധാനമില്ല. കേസിനും വഴക്കിനുമൊക്കെ പോകാനെനിക്കു മനസ്സുമില്ല.
അന്തപ്പന്‍റെ വിശദീകരണം കഴിഞ്ഞപ്പോള്‍, സഹദേവന്‍ നിഷ്പക്ഷതയോടെ നിലവിലുള്ള നിയമത്തെക്കുറിച്ച് പറഞ്ഞു: “സ്വന്തം വസ്തുവിന്‍റെ ചുറ്റും മതില്‍ കെട്ടുന്നത് ന്യായമായ കാര്യമാണ്. അത് തടയുന്നത് കുറ്റമാണ്. അവര്‍ പോലീസില്‍ പരാതി കൊടുത്താല്‍ അന്വേഷണം ഉണ്ടാകും. വസ്തു ഭാഗം വച്ചപ്പോള്‍ ചെയ്യേണ്ട പ്രധാനകാര്യം ചെയ്തില്ല. മൂത്ത മകന് കൂടുതലും ഇളയവനു കുറച്ചും കൊടുത്തു എന്നൊരു പരാതി ഉണ്ടാവാതിരിക്കാന്‍ ചെയ്തതുപോലെ തോന്നിപ്പോകുന്നു. രാജപ്പന്‍ വസ്തു വിറ്റപ്പോള്‍ വഴിക്ക് വേണ്ടത്രസ്ഥലം ഒഴിച്ചിടാതെ, ആധാരപ്രകാരമുള്ള സ്ഥലവും വീടും വിറ്റു. അതുകൊണ്ടാണ് ഈ പ്രശ്നം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നിങ്ങള്‍ കയ്യേറ്റം ചെയ്തില്ല, ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. അത് സത്യമാണ്. എന്നാലും, ഒരു കേസ് കൊടുക്കുമ്പോള്‍ ഇതൊക്കെ അതില്‍ ചേര്‍ത്തേക്കാം. അതുകൊണ്ട്, ഉടനെ ഒരു വക്കീലിനെ കാണണം”.
അന്തപ്പന്‍ വിഷണ്ണനായി. “ഇതൊന്നും മനപ്പൂര്‍വ്വം ചെയ്തതല്ല. ഭാഗം വെച്ച പ്പോള്‍ ആധാരമെഴുത്തുകാരന്‍ വഴിയുടെ കാര്യം പറഞ്ഞില്ല. വസ്തു വില്ക്കാന്‍ രാജപ്പന്‍ വന്നില്ല. വില്‍ക്കാനുള്ള ‘മുക്തിയാര്‍ അവന്‍ എനിക്കു തന്നു. ഞാനാണ് വില്പന നടത്തിയത്. വഴിക്കുള്ള സ്ഥലം കഴിച്ച് ബാക്കിയുള്ളത് വിറ്റാല്‍ മതിയെന്ന് അവന്‍ അറിയിച്ചില്ല. ഞാന്‍ ആ കാര്യം ഓര്‍ത്തതുമില്ല. അതുകൊണ്ട് ആരെയും കുറ്റപ്പെടുത്താനാവില്ല.”
വക്കീല്‍ ഗുമസ്തനായി ജോലിചെയ്യുന്ന സഹദേവന്‍, അന്തപ്പന്‍റെ വിഷമം മനസ്സിലാക്കി. അഭിഭാഷകനായ രങ്കനാഥന്‍റെ ഓഫീസില്‍ കൊണ്ടുപോയി. നിയമപരമായ അറിവും, നല്ല ആശയവിനിമയ കഴിവും, ധാര്‍മ്മികതയും, കക്ഷികളോട് പ്രതിബദ്ധതയുമുള്ള പ്രഗല്‍ഭനാണ് അദ്ദേഹമെന്ന് പലരും പറഞ്ഞിട്ടുണ്ട്. സഹദേവന്‍റെ വിശദീകരണംകേട്ട ശേഷം, രങ്കനാഥന്‍ ഉപദേശ രീതിയില്‍ പറഞ്ഞു: ‘ഇഷ്ടമില്ലാത്തൊരു കാര്യമാണെങ്കിലും, രക്ഷക്കുവേണ്ടി ചെയ്യണ്ടത് തക്കസമയത്ത്തന്നെ ചെയ്യണം, അല്ലെങ്കില്‍ വീഴ്ച ഉണ്ടാവും.’ മനസ്സില്ലാമനസ്സോടെ അന്തപ്പന്‍ സമ്മതിച്ചു. അയാളുടെ വക്കാലത്തു വാങ്ങിയശേഷം, മതില്‍കെട്ട് സംബന്ധിച്ച് താല്‍ക്കാലിക നിരോധത്തിന്, മജിസ്ട്രേറ്റ് കോടതിയില്‍, രങ്കനാഥന്‍ അപേക്ഷ കൊടുത്തു. അത് കോടതി അംഗീകരിച്ചു
സ്വന്തം സംരക്ഷണയ്‌ക്കും സ്വസ്ഥമായ കുടുംബജീവിതത്തിനും വേണ്ടി, വസ്തുവില്‍ ചുറ്റ്മതില്‍ കെട്ടാന്‍ തുടങ്ങിയെങ്കിലും, അയല്‍ക്കാരന്‍ അന്തപ്പന്‍ തടസ്സപ്പെടുത്തുകയും മാരകായുധം കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനാല്‍, പ്രസ്തുത മതില്‍ക്കെട്ട് പൂര്‍ത്തിയാക്കുന്നതിനു എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, പ്രതിഭാഗം വക്കീല്‍ “കുഞ്ഞു രാമന്‍ പിള്ള,” ഹര്‍ജി തയ്യാറാക്കി. എങ്കിലും, കോടതിയില്‍ കൊടുത്തില്ല. നിത്യോപയോഗത്തിലിരിക്കുന്ന ഏകവഴി മതില്‍കെട്ടി അടയ്ക്കാതിരിക്കുന്ന തിന് രങ്കനാഥന്‍ ഒരു പരാതി നല്‍കിയതിനാല്‍, കോടതി നടപടിയനുസരിച്ചു വേണ്ടത് ചെയ്യാമെന്ന് അയാള്‍ തീരുമാനിച്ചു
കോടതിയില്‍ വാദിഭാഗത്തിന്‍റെ വാദം കേട്ടശേഷം, കുഞ്ഞുരാമന്‍ പിള്ള വക്കീല്‍ വാദിച്ചു: തന്‍റെ കക്ഷിയുടെ സ്ഥലത്തില്‍ വാദിക്ക് യാതൊരുവിധ അവകാശവും ഇല്ലെന്നും, ഭുമിയുടെ അവകാശം വ്യക്തിപരമാണെന്നും, വസ്തു കൈവശപ്പെടുത്താന്‍ അന്യായമായി എതിര്‍ കക്ഷി ശ്രമിക്കയാണെ ന്നും അതുകൊണ്ട്, വാദിയുടെ ആവശ്യം തള്ളിക്കളയണമെന്നും ആവശ്യപ്പെ ട്ടു. ആവശ്യമെങ്കില്‍, ബഹുമാനപ്പെട്ട കോടതി ഒരു വസ്തുതന്വേഷണ കമ്മീഷനെ വച്ചു വാസ്തവം മനസ്സിലാക്കണമെന്നും അറിയിച്ചു. അത് കോടതി സ്വീകരിച്ചു. ‘മുഹമ്മദ് ഇസ്ലാം’ എന്ന പേരില്‍ അറിയപ്പെട്ട, വിരമിച്ച ജഡ്ജിയെ, ഏകാംഗ അന്വേഷണ കമ്മീഷനായി, കോടതി നിയമിച്ചു.
ഇരു കഷികളുടെയും ആധാരങ്ങളും, മുന്നാധാരങ്ങളും, സര്‍വ്വേയും, വില്ലേ ജാഫീസറുടെ കുറിപ്പും അന്വേഷണ കമ്മീഷന്‍ ശേഖരിച്ചു. അവയില്‍ കേസിന് ആധാരമായ വഴിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടില്ലെന്നു കണ്ടെത്തി. മുഖ്യപാതയില്‍നിന്നും വാദിയുടെ വീട്ടില്‍ വന്നുപോകുന്നതിന്, നിലവിലുള്ള പാത പണ്ടുമുതലേ വാദി ഉപയോഗിക്കുന്നതാണെന്നും, വേറൊരു നടപ്പാത ഇല്ലെന്നും അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിലൂടെ കോടതിയെ അറിയിച്ചു. അത് കുഞ്ഞിരാമന്‍ പിള്ളക്ക് പിടിച്ചില്ല. നിയമ മര്‍മ്മങ്ങള്‍ പഠിച്ച അയാള്‍, തന്‍റെ ആയുധം മാറ്റാന്‍ തീരുമാനിച്ചു. മാത്തച്ചനുമായി കുടിയാലോചിച്ചു.
അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട് മാത്തച്ചന് അനുകൂലമാണെന്ന അഭിപ്രായം ഉണ്ടായി. അക്കാര്യം അന്തപ്പനും അറിഞ്ഞു. അയാളുടെ ഉള്ളം നീറി. വഴി അടഞ്ഞാല്‍ എന്ത് ചെയ്യണമെന്നു നിച്ഛയമുണ്ടായില്ല. നിസ്സഹായത തളര്‍ത്തി. മാനസികമായ നൊമ്പരം വര്‍ദ്ധിച്ചു. കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. ദൈവം ഒരു സുരക്ഷിതമാര്‍ഗ്ഗം കാണിച്ചുതരുമെന്ന ഉറച്ച വിശ്വാസം ആശ്വസിപ്പിച്ചു.
കോടതിയില്‍ വാദപ്രതിവാദം തുടര്‍ന്നു. വാദി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന ആരോപണം കളവായതിനാല്‍, അക്കാരൃം കോടതി പരിഗണിക്കരു തെന്നു രങ്കനാഥന്‍ ആവശ്യപ്പെട്ടു. തത്സമയം, കുഞ്ഞിരാമന്‍ പിള്ള വക്കീല്‍ ഒരു അപേക്ഷ കോടതി മുമ്പാകെ സമര്‍പ്പിച്ചു. വാദിക്ക് അയാളുടെ വീട്ടില്‍ വന്നുപോകാന്‍ നടപ്പാത നല്‍കാമെന്നും, അതിന് പ്രതിഫലമായി ന്യായവില കൊടുക്കണമെന്നും, അതിന് താല്‍പര്യമില്ലെങ്കില്‍, വാദിയുടെ വീടും മൊത്ത വസ്തുവും വിലകൊടുത്ത് വാങ്ങിക്കൊള്ളാമെന്നും കോടതിയെ അറിയിച്ചു.
കുഞ്ഞുരാമന്‍പിള്ളയുടെ അപേക്ഷ കോടതി നിരാകരിക്കണമെന്ന് രങ്കനാഥന്‍ ആവശ്യപ്പെട്ടു. വഴിക്ക് വിലകൊടുക്കണമെന്നും, മറിച്ച് വാദിയുടെ വസ്തു വിലക്ക് എടുത്തുകൊള്ളാമെന്നും അറിയിച്ചത്, ദുരുദ്ദേശപരമാണെന്ന് ബോധ്യപ്പെടുത്താന്‍ അയാള്‍ ശ്രമിച്ചു. നിയമം ദരിദ്രര്‍ക്കോ ധനികര്‍ക്കോ വേണ്ടി ഉണ്ടാക്കിയതല്ല. നീതിക്കുവേണ്ടി നിര്‍മ്മിച്ചിട്ടുള്ളതാണ്. ഭൂമി മനുഷ്യര്‍ക്കുള്ളതാണ്. അതിന്‍റെ അതിരുകളെ മന്‍ഷ്യന്‍ മതിലുകളാക്കുന്നു. അത് പാടില്ല. നിയമം ശിക്ഷിക്കാനുള്ളതല്ല, നീതിക്ക് വഴി തുറക്കാനുള്ളതാ ണ്. ഭുമിയിന്മേലുള്ള അവകാശത്തിനു മഹത്വമുണ്ട്. അതുപോലെതന്നെ, ജീവിക്കാനുള്ള വഴിയുടെ ആവശ്യവും മഹത്വമുള്ളതായി കാണപ്പെടണം എന്ന്കൂടി രങ്കനാഥന്‍ തെര്യപ്പെടുത്തി.
അന്തപ്പന്‍റെ മനസ്സ് പതറി. കേസില്‍ ജയിച്ചാലും തോറ്റാലും സമാധാനം നഷ്ടപ്പെടുമെന്ന് ഭയന്നു. അയല്‍ക്കാരന്‍ വെറുക്കും. അയാള്‍ ശത്രുതയോടെ പ്രവര്‍ത്തിക്കുമെന്ന് വിചാരിച്ചു. അയല്‍സ്നേഹത്തോടെയുള്ള ഭാവി ജീവിതത്തെപ്പറ്റി ചിന്തിച്ചു. അന്തപ്പന്‍, സഹദേവനോടുകുടെ രങ്കനാഥന്‍ വക്കീലിന്‍റെ ഭവനത്തിലെത്തി. വഴിക്ക് വിലകൊടുക്കാമെന്നും കേസ്, ഒരു സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പോടെ, തീര്‍ക്കണമെന്നും പറഞ്ഞു. ആ നിദ്ദേശം വക്കിലിനു ഇഷ്ടപ്പെട്ടില്ല. അയാള്‍ അല്പം ദേഷ്യത്തോടെ പറഞ്ഞു: “കേസ് നടത്തുന്നത് ഞാനാണ്. ഞാന്‍ പറയുന്നതുപോലെ ചെയ്യണം. അത് സാധ്യമ ല്ലെങ്കില്‍ എന്നെ ഒഴിവാക്കണം”. ഇച്ഛാഭംഗത്തോടെ അന്തപ്പന്‍ മടങ്ങി. അയാളുടെ വ്യാകുലത വര്‍ദ്ധിച്ചു. ചിന്തകള്‍ വേദനിച്ചു!
കോടതിയില്‍ വഴിക്കേസിന്‍റെ വാദം വീണ്ടും തുടങ്ങി.
പ്രതിഭാഗം വക്കീല്‍ ന്യായാധിപനെ നോക്കിപ്പറഞ്ഞു: “വീട്ടുമുറ്റത്ത് ഒരു വഴി കൊടുത്താല്‍, അത് പൊതുവഴിയാണെന്നു കരുതി ഏത് പട്ടിക്കും അവടെ വന്നിരുന്നു നെരങ്ങാം. മദ്യപിക്കാം. എന്ത് അഴിമതിയും ചെയ്യാം. അവരെ തടയാന്‍ ആര്‍ക്കും അവകാശമില്ല. പൊതുവഴിക്കും സ്വകാര്യ വഴിക്കും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം കോടതി മനസ്സിലാക്കണം ഒരു വഴി ധനം കൊടുത്തു വാങ്ങുമ്പോള്‍, അത് സ്വകാര്യ സ്വത്താകും. സുരക്ഷിത മാകും. അയല്‍സ്നേഹത്തോടെ ജിവിക്കാന്‍ സാധ്യമല്ലെന്നു ബോദ്ധ്യപ്പെട്ടാല്‍, ഒഴിച്ചു വിടുകയോ ഒഴിഞ്ഞു പോവുകയോ ചെയ്യുന്നതാണ് ഭാവി നന്മക്ക് നല്ലത്”. കുഞ്ഞു രാമന്‍പിള്ളയുടെ ആ വിശദീകരണത്തോടെ കേസിലെ അന്തിമ വാദവും അവസാനിച്ചു.
വിധി പറയാനുള്ള തീയതി കോടതി തീരുമാനിച്ചു.
പത്ത് മാസം പിന്നിട്ട വഴിക്കേസ് സംബന്ധിച്ച് പരസ്പരഭിന്നങ്ങളായ നിഗമനങ്ങള്‍ പൊന്തിവന്നു. ആധാരങ്ങളില്‍ വഴിവിവരം ഇല്ലാത്തത് അന്തപ്പന് ദോഷം ചെയ്യുമെന്നു പലരും കരുതി. ആര് ജയിച്ചാലും രണ്ട് കൂട്ടരും സ്വൈരമായി ജീവിക്കത്തില്ലെന്ന് മറ്റൊരഭിപ്രായം. അന്തപ്പന്‍ ആ പഴയ വീട് വിറ്റിട്ട്, മറ്റെവിടെയെങ്കിലും പോയി സ്വസ്ഥമായി താമസിക്കു ന്നതാണ് നല്ലത് എന്ന് വേറൊരു പക്ഷം. ‘എലിയെ പേടിച്ച് ഇല്ലം ചുടാമോ’ എന്നു ചിന്തിച്ചവരും ഉണ്ട്.
വിധിദിവസം വന്നു. കോടതി വിധി പ്രഖ്യാപിച്ചു: “പരാതിക്കാരനായ പുന്നമൂട്ടില്‍ അന്തപ്പനും, അയാളുടെ പൂര്‍വ്വികരും പുരാതനകാലം മുതല്‍ ഉപയോഗിച്ചുവന്നതും, ഇപ്പോള്‍ പുതുമഠത്തില്‍ മാത്തച്ചന്‍റെ അവകാശത്തി ലുള്ളതുമായ രണ്ട് മീറ്റര്‍ വീതിയുള്ള വഴി, ഇന്നു മുതല്‍ കൈവശംവച്ച് അനുഭവിക്കുന്നതിന് “ഇന്ത്യന്‍ ഈസ്മെന്‍റ് ആക്ട് ആയിരത്തി എണ്ണൂറ്റി എണ്‍പത്തിരണ്ട്, സ്വകാര്യ അവകാശനിയമം വകുപ്പ് പതിമൂന്ന്, വഴിക്കുള്ള അവകാശം അനുസരിച്ച്, പുന്നമൂട്ടില്‍ അന്തപ്പനെ ഈ കോടതി അനുവദിച്ചി രിക്കുന്നു. അതുകൊണ്ട്, കേസില്‍ പ്രതിയായ മാത്തച്ചന്‍ പ്രസ്തുത വഴിയില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുവാന്‍ പാടില്ലാത്തതും, ഗ്രാമ പഞ്ചായത്ത് ഈ പാത രേഖപ്പെടുത്തി സംരക്ഷിക്കേണ്ടതാണെന്നുകൂടി ഈ കോടതി അറിയിക്കുന്നു”.
കോടതിയുടെ വിധി കേട്ടു, ഓര്‍ക്കാപ്പുറത്ത് അടി കൊണ്ടവനെപ്പോലെ, മാത്തച്ചന്‍റെ മനസ്സ് പുകഞ്ഞു. അപ്പീല്‍ കൊടുക്കുമെന്ന് അയാള്‍ ഉറക്കെ പറഞ്ഞു. പക്ഷേ, അപ്പീലിന് നിയമം മാറ്റാന്‍ സാധ്യമല്ലെന്ന് നിയമവിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
അന്തപ്പന്‍ നിഗളിച്ചില്ല. അയാളുടെ ഉള്ളം പറഞ്ഞു: അയല്‍ക്കാര്‍ക്ക് പകയും പോരും പാടില്ല. കരുണയും നന്മയും സ്നേഹവും എന്‍റെ ജീവിതത്തിലെന്നും എന്നെ പിന്തുടരും!
__________________