
ഇരുൾ മൂടിയ
മേഘങ്ങളുടെ
സാന്ദ്രമൗനത്തിൽ നിന്നാണ്
നീ പ്രാണന്റെ
പ്രണയമായി
പെയ്തിറങ്ങുന്നത്.
ആ ദാഹജലം
ഊറ്റിക്കുടിച്ചാണ്
എന്നീലെ
ജീവബിന്ദു
മാനം
തൊടുന്ന
ഹിമശൈലമായി
വളരുന്നത്.
മരമറിയാതെ
ഒരില കൊഴിയും പോലെ
നിഴലിൽ നിന്ന്
ഒരു നിശാശലഭം
നിലാവിലേക്ക്
പറക്കും പോലെ
വസന്തത്തിൽ നിന്ന്
വഴി മാറിയ
ഒരു പൂക്കാലം
ഉർവ്വരതയിൽ വിടരും പോലെ
നീ കാറ്റായി വീശുമ്പോൾ
മാത്രം
ഞാൻ നിനക്കിളവേൽക്കാൻ
ഒരു താഴ്‌വാരമാകുന്നു.
എന്നോ
ജീവിത മലരിയിൽ
വിടർന്ന
ജലശംഖുപുഷ്പത്തിന്റെ
മദസൗരഭമാകുന്നു.