Image

മുച്ചിലോട്ടു മാധവൻ (പുസ്തക നിരൂപണം: ജെ. മാത്യുസ്)

Published on 19 December, 2025
മുച്ചിലോട്ടു മാധവൻ (പുസ്തക നിരൂപണം: ജെ. മാത്യുസ്)

ജനിച്ചുവളർന്ന നാടിന്റെ മോചനത്തിനുവേണ്ടി ത്യാഗപൂർവം പോരാടിയ മനുഷ്യന്‍, നാസികളുടെ അധിനിവേശത്തെ വെല്ലിവിളിച്ച ധീരനായ വിപ്ലകാരി, ഹിറ്റ്ലറുടെ  സൈന്യം വധശിക്ഷവിധിച്ച രക്തസാക്ഷി, ഭാരതീയനായ ഏക മലയാളി- മുച്ചിലോട്ടു മാധവൻ!  ജനിച്ച നാട്ടിലോ മരിച്ച രാജ്യത്തോ മുച്ചിലോട്ടു മാധവന് ഒരു സ്മാരകമില്ല. കോൺക്രീറ്റുകൊണ്ട് വാർത്തെടുത്ത ഒരു പ്രതിമയോ പേരെഴുതിപ്പതിപ്പിച്ച ഒരു  സ്മാരകശിലയോ ആ രക്തസാക്ഷിക്കിന്ന് ഈ മണ്ണിലില്ല. പക്ഷേ, ഉണ്ട്! ഏതു പ്രതിമയെക്കാളും ഉയർന്നുനിൽക്കുന്ന, ഏതു മന്ദിരത്തെക്കാളും മഹത്വമുള്ള, കാലത്തിനോ കാലാവസ്ഥക്കോ മങ്ങലേൽപ്പിക്കാൻ കഴിയാത്ത അനശ്വരമായ ഒരു സ്മാരകം-അക്ഷരങ്ങൾകൊണ്ട്  മഹത്വവൽക്കരിക്കപ്പെട്ട "പരന്ത്രീസ്കുഴൽ"- ശ്രീ അഭിനാഷ് തുണ്ടുമണ്ണിൽ രചിച്ച ചരിത്ര-സാഹിത്യം

ഒരു ‘സാധാരണ നോവൽ' അല്ല  ശ്രീ അഭിനാഷിന്റെ "പ്രരന്ത്രീസ് കുഴൽ ".
ഇതിൽ ചരിത്രമുണ്ട്, സാഹിത്യമുണ്ട്, രാഷ്ട്രീയമുണ്ട്, പ്രതിരോധമുണ്ട്, വിപ്ലവമുണ്ട്, മരണത്തെ അതിജീവിച്ച അനുരാഗമുണ്ട് -അവതമ്മിൽ ഒന്നിനോടൊന്നു ഇഴചേർത്തുനിറുത്തുന്ന സർഗ്ഗവൈഭവമുണ്ട്. 1930-കളിൽ നിന്നാരംഭിച്ച് 1942 അവസാനം വരെയുള്ള 'ചെറിയ' കാലയളവിലേക്ക് തിരിച്ചുപിടിക്കുന്ന "പരന്ത്രീസ് കുഴൽ " എന്ന അത്ഭുത ദർപ്പണത്തിലൂടെ  അഭിനാഷ് തുണ്ടുമണ്ണിൽ പ്രതിഫലിപ്പിക്കുന്നത്  നൂറ്റാണ്ടുകളുടെ ഇതിഹാസമാണ്, ‘പരിഷ്കൃത' മനുഷ്യൻ അനുഭവിച്ച ഏറ്റവും ഹീനവും ഭയാനകവുമായ നരഹത്യതയുടെ നേർക്കാഴ്ചയാണ്, വിദേശാധിനിവേശത്തിനെതിരെ പൊരുതിയ വിപ്ലവകാരികളെ തൂക്കിയ കഴുമരങ്ങളുടെ നീണ്ട നിരയാണ്.

മയ്യഴിയാണ്‌ മാധവന്റെ ജന്മസ്ഥലം-,ആ കാലത്തെ ഒരു ഫ്രഞ്ച് കോളനി. തലമുറ തലമുറയായി കൈമാറിപ്പോന്ന  അന്ധവിശ്വാസങ്ങളിലും യുക്തിരഹിതമായ ആചാരങ്ങളിലും കീഴ്പ്പെട്ടുകിടന്ന ഗ്രാമീണജനത.  ജാതിയായിരുന്നു അവരെ വേർതിരിക്കുന്ന ഒരേയൊരു ഘടകം. ‘പ്രായമായവർ പൂർണ്ണമായും ഫ്രഞ്ചുകാർക്ക് അടിമപ്പെട്ടും ആരാധിച്ചും ആചാരങ്ങളിൽ തളച്ചിടപ്പെട്ടും' കഴിഞ്ഞിരുന്നു. ഫ്രഞ്ച് കമ്പനിയുടെ  കൈത്തറിമില്ലിൽ, നിലനിന്നിരുന്ന ചൂഷണത്തിനും പീഡനത്തിനുമെതിരെ മാധവന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ തല ഉയർത്തിപ്പിടിക്കാൻ തൊഴിലാളികൾക്ക് ഊർജ്ജം നൽകി. പക്ഷേ, വർഗ്ഗീയതയുടെ വിഷക്കാറ്റൂതി ജനങ്ങളെ ജാതീയമായി വിഘടിപ്പിച്ചു ദുർബലരാക്കി ഫ്രഞ്ചു കമ്പനി പകരം വീട്ടി!

ഉപരിപഠനത്തിനായി സ്കോളർഷിപ്പോടെ ഫ്രാൻസിലേക്ക് പോകാൻ മാധവൻ നിർബന്ധിതനായി. ഹിറ്റ്ലറുടെ വംശഹത്യക്കെതിരെയുള്ള  ചെറുത്തുനിൽപ്പിൽ   സജീവമായ മാധവൻ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന്  നാസിപ്പടക്കെതിരെ അതിസാഹസികമായ  പ്രതിരോധം സൃഷ്ടിച്ചു. രണ്ടാം ലോക യുദ്ധത്തിൽ, ഹിറ്റ്ലറുടെ നാസിപ്പട്ടക്കെതിരെ യുദ്ധം ചെയ്ത ഇന്ത്യൻ യുവാവ്, 
ഒരേയൊരു മലയാളി- മുച്ചിലോട്ടു മാധവൻ-അറസ്റ്റു ചെയ്യപ്പെട്ടു, ഏഴുമാസത്തോളം  അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു, 1942 സെപ്റ്റംബർ 21-തീയതി, ഇരുപത്തെട്ടാമത്തെ   വയസ്സിൽ ആ വിപ്ലവകാരി- മുച്ചിലോട്ടു മാധവൻ- തൂക്കികൊല്ലപ്പെട്ടു!

ഒരിക്കലെങ്കിലും പരിചയപ്പെടുന്നവരുൾപ്പെടെ നൂറില്‍    പരം  കഥാപാത്രങ്ങൾ  ഈ നോവലിനെ സജീവമാക്കുന്നു. ഓർമ്മയിൽ നിന്നും ചരിത്രത്തിൽ നിന്നും 
പേരെടുത്തു പറയപ്പെടുന്നവർ ഒട്ടേറെ വേറെയും! അൻസാരി ചായക്കടയിലും ദിവാകരന്റെ ഷാപ്പിലും വന്നും പൊയിയുമിരിക്കുന്നവർ എത്രയോ പേർ! 
ഗാന്ധിജി, നെഹ്‌റു, സുഭാഷ് ചദ്രബോസ്, വിനോബാ ഭാവെ, രാജേന്ദ്ര പ്രസാദ്, ഇ. വി. രാമസ്വാമി നായിക്കർ, എ. കെ. ജി., ബങ്കിംഗ്  ചന്ദ്ര ചാറ്റർജി, എം. എൻ. റോയ്  തുടങ്ങി ഒട്ടുമിക്ക ഇന്ത്യൻ നേതാക്കളും ഈ നോവലിലൂടെ കടന്നുപോകുന്നുണ്ട്.
കാറൽ മാർക്സ്, ഏംഗൽസ്, മാക്സിം ഗോർക്കി, വിക്ടർ ഹ്യൂഗോ, ബെൽസാക്, പിക്കാസോ തുടങ്ങിയലോകപ്രസിദ്ധരായ ചിന്തകരും സാഹിത്യകാരന്മാരും കലാകാരന്മാരും സമ്മേളിച്ചിരുന്ന ഫ്രാൻസിലെ ‘കഫേ ഡി ഫ്ലോർ', ഈ നോവലിൽ പല പ്രധാന സംഭവങ്ങൾക്കും വേദിയാകുന്നുണ്ട്.

ചരിത്രവിദ്യാർത്ഥിക്ക്  ഒരു പഠന ഗ്രന്ഥമാണ് അഭിനാഷ് തുണ്ടുമണ്ണിലിന്റെ "പരന്ത്രീസ് കുഴൽ". മാനവ ചരിത്രത്തിൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത ചരിത്ര സംഭവങ്ങളിലേക്ക് വെളിച്ചം തെളിക്കുണ്ട് പുസ്തകത്തിൽ പലയിടത്തും.
ക്രൈസ്തവസഭയിൽ പലതരത്തിലുള്ള നവീകരണങ്ങൾക്ക്  തുടക്കം കുറിച്ച ജർമ്മൻ പാതിരി  മാർട്ടിൻ ലൂഥർ  1543 -ൽ എഴുതിയ "വോൻ ഡെൻ ജൂഡെൻ ഉണ്ട് ഹെറൻ ലുഗെൻ " എന്ന 'പ്രമാണഗ്രന്ഥം' ലോകചരിത്രത്തെ എത്തരത്തിൽ മാറ്റിമറിച്ചുവെന്ന്
പഠിക്കേണ്ടതാണ്.
1883-ൽ ഫ്രാൻസിസ് ഗാൾട്ടൻ  രൂപം കൊടുത്ത ‘യൂജെനിക്സ് ' തീയറി സമൂഹത്തിൽ വരുത്തിയ സ്വാധീനം പഠനാർഹമാണ്.   ഉദാഹരണങ്ങൾ വേറെയുമുണ്ട്.

സാഹിത്യഗവേഷകർക്ക് വളരെ പ്രയോജനകരമായ ചില അമൂല്യഗ്രന്ഥങ്ങൾ "പരന്ത്രീസ് കുഴലിൽ" പേരെടുത്തു പറയുന്നുണ്ട്. ആദ്യത്തെ നോവൽ ആയി പരിഗണിക്കപ്പെടുന്ന, മുറസാക്കി ഷികിബുവിന്റെ   'ദ ടെയിൽ ഓഫ് ഗൻജി', ആദ്യത്തെ പ്രണയ നോവൽ ആയി കരുതപ്പെടുന്ന, സാമുവേൽ റിച്ചാർഡ്സിന്റെ ‘പമീല'എന്നിവക്കുപുറമെ  ലോവർ ഡെപ്ത്, ക്രിട്ടിക് ഓഫ് ക്രിട്ടിക്കൽ ക്രിട്ടിസിസം,  ദ അണ്ടർ ഡോഗ്സ്,  ഇറ്റ് കാന്റ് ഹാപ്പെൻ ഹിയർ, ഇൻ ദ സെക്കൻഡ് യീയർ, മെസേഗം,  ഗ്ലിമ്സസ്‌ ഓഫ് വേൾഡ് ഹിസ്റ്ററി തുടങ്ങി ഗ്രന്ഥങ്ങളുടെ ഒരു നീണ്ട ലിസ്റ്റുതന്നെ അഭിനാഷ് സാഹിത്യ ഗവേഷകരുടെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. 
വാസ്തുവിദ്യയുടെ അത്ഭുത സൃഷ്ടിയായ താജ് മഹൽ എന്ന ശവകുടീരത്തിന്റെ നിർമ്മാണം, തറക്കല്ലുമുതൽ താഴികക്കുടംവരെ നേരിട്ടുകണ്ട ജോൺ ബാപ്ടിസ്റ്റ ടവേനിയറുടെ യാത്രാവിവരണം ‘ദ സിക്സ് വോയേജസ് ഓഫ് ജോൺ ബാപ്ടിസ്റ്റാ ടവേനിയർ' പരന്ത്രീസ് കുഴലിൽ പരാമർശിക്കപ്പെടുന്നുണ്ട്.   
സമകാലികരുടെ നോട്ടം ചെന്നെത്താത്ത, നൂറ്റാണ്ടുകളോ സഹ്രാബ്ദങ്ങൾ പോലുമോ  ആയുസ്സുള്ള ഈ അമൂല്യഗ്രന്ഥങ്ങൾ മാനവസംസ്കാരത്തിന്റ നാഴികക്കല്ലുകളാണ് !
അവ ഓരോന്നിലും അഭിനാഷ് കാലഘട്ടത്തിന്റെ മുദ്ര പതിപ്പിച്ചിരിക്കുന്നു.

വിട്ടുപിരിയാതെ ചിന്തയിൽ തങ്ങിനിൽക്കുന്ന ചില കഥാപാത്രങ്ങളുണ്ട് പരന്ത്രീസ് കുഴലിൽ. അതിലൊരാളാണ് ചോതി കുറത്തി. പോലീസിന്റെ പിടിയിൽപെടാതെ സമരനേതാക്കൾക്ക് ഒളിവിൽ കഴിയാൻ ചോതി കുറത്തി അവളുടെ കുടിൽ ഒഴിഞ്ഞുകൊടുത്തു. സ്വന്തം കുഞ്ഞിനെയുംകൊണ്ട് അവൾ വെളിയിൽ  കാവലിരുന്നു. പോലീസ് അറിഞ്ഞാൽ ആദ്യം കൊല്ലുന്നത് അവളെയും കുഞ്ഞിനെയും അണെന്നറിഞ്ഞുകൊണ്ടുള്ള കാവൽ! അവളുടെ കാ
വലിന്  അർഹമായ കൂലികൊടുക്കാൻ ആർക്കുണ്ട് കഴിവ് !  

അലക്കുകാരൻ ചേലന്റെ തുണിക്കെട്ടിലുള്ള കുപ്പായങ്ങളിൽ പലതും കലാപത്തിൽ കൊല്ലപ്പെട്ടവരുടേതോ പലായനം ചെയ്തവരുടേതോ ആയിരുന്നു. ‘ചത്തോരെടെ കുപ്പായം അലക്കുകാരന്....ഞാനും പത്ത് പുത്തനുണ്ടാക്കട്ടെ'. കുപ്പായം വിറ്റ് ചേലൻ പണക്കാരനായി! ആഭ്യന്തര കലാപത്തിന്റെ മറ്റൊരുപോൽപന്നം !

പരന്ത്രീസ്കുഴലിലെ ഫാബിയൻ, ദബോറ, മാർട്ടിൻ, വിശാലാക്ഷി, ഫിലിപ്, എമിലി സോള  തുടങ്ങിയ കഥാപാത്രങ്ങൾ ഓർമ്മയിൽ മായാതെ നിൽക്കുന്നു. 1799 -ൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ പൊരുതി മരിച്ച മൈസൂർ സുൽത്താൻ ടിപ്പുവിന്റെ  ഇളം തലമുറയിൽപ്പെട്ട നൂർ ഇനായത് ഖാൻ, ബ്രിട്ടനുവേണ്ടി ഹിറ്റ്ലർക്കെതിരെയുള്ള  യുദ്ധത്തിൽ സജീവമാകുന്നതും ഫ്രാൻസിൽ വച്ച് മാധവനുമായി ബന്ധപ്പെടുന്നതും  ചരിത്രത്തിന്റ മറ്റൊരു വൈരുദ്ധ്യം!
1933-ൽ ഇൻഡ്യക്കാരെ അവഹേളിച്ചുകൊണ്ട് ഹിറ്റ്ലർ നടത്തിയ വിവാദപരാമർശനത്തിൽ, ഹിറ്റ്ലറെക്കൊണ്ട് മാപ്പെഴുതിപ്പിച്ച ധീരനായ ഭാരതീയൻ- ചെമ്പകരാമൻ പിള്ള  ഈ നോവലിൽ ചർച്ചാവിഷയമാകുന്നുണ്ട്.

അനാഥത്വത്തിന് ഈ നോവലിൽ അഭിനാഷ് നൽകുന്ന വ്യഖ്യാനം തികച്ചും ശ്രദ്ധേയമാണ്. ആ ' വിരസമായ തുരുത്തിലേക്ക് വന്നടിഞ്ഞ  തടിക്കഷണം പോലെയാണ് നീരച്ചി. ഒരനാഥ'. എവിടെനിന്നോ എങ്ങനെയോ വന്നെത്തിയതാണ്. ആർക്കുവേണമെങ്കിലും അവകാശപ്പെടാ൦, ഉപയോഗിക്കാം,
രഹസ്യമായി അനുഭവിക്കാം, പരസ്യമായി പഴിപറയാം, ആവശ്യം കഴിഞ്ഞാൽ വലിച്ചറിയാം- ‘അനാഥ'!

മരണത്തിനുപോലും തോൽപിക്കാൻ കഴിയാത്ത രണ്ട് പ്രണയകഥൾ  കണ്ണുനനയിക്കുന്നതാണ്. കുട്ടിയമ്മയ്ക്കു ഫ്രഞ്ച്പട്ടാളക്കാരനോടുള്ള പ്രേമം ജീവനേക്കാൾ വലുതാണ്. യുദ്ധത്തിൽ പങ്കെടുക്കാൻ ഫ്രാൻസിലേക്ക് തിരിച്ചുവിളിക്കപ്പെട്ട അയാൾ തിരിച്ചുവന്നില്ല. വന്നുകൊണ്ടിരുന്നത് ആഴ്ചകളും മാസങ്ങളും വർഷങ്ങളും മാത്രം. ഓരോ ദിവസവും അണിഞ്ഞൊരുങ്ങി അവൾ കാത്തിരിക്കുന്നു പ്രതീക്ഷയോടെ, ഒരു  വധുവിനെപ്പോലെ. അടുത്തില്ലെങ്കിലും ഉണ്ടെന്നഭാവത്തിൽ അയാളോട് അവൾ പ്രണയം പങ്കിട്ടിരുന്നു, ഒരു ഭ്രാന്തിയെപ്പോലെ!

ഫ്രഞ്ചു വനിതയായ ഗിസെലെയെ മാധവൻ പരിചയപ്പെടുന്നത് കഫേ ഡി ഫ്ലോറിൽ വച്ചാണ്. വിപുലമായ വായനയും സ്വതന്ത്രചിന്തയുമുള്ള ഗിസെലെയുമായുള്ളനിരന്തരമായ സമ്പർക്കം അവരറിയാതെതന്നെ ചെന്നെത്തിയത് പ്രണയത്തിലാണ്. 
ഗിസെലെയുടെ പിതാവുമായുള്ള കൂടിക്കാഴ്ചയിൽ മാധവന്റെ വീക്ഷണങ്ങൾക്ക് വിപ്ലവകരമായ മാറ്റങ്ങളുണ്ടായി.’ജീവിതം എന്തിനാണ്'? എന്ന ലളിതവും, പക്ഷേ സങ്കീർണവുമായ അദ്ദേഹത്തിന്റെ ചോദ്യം മാധവന്റെ ചിന്തയെ ജ്വലിപ്പിച്ചു. നീതിക്കുവേണ്ടിയുള്ള നിരന്തരമായ സമരമാണ് ജീവിതം എന്നും, വിശാലമായ ലോകം തന്നെയാണ് പോർമുഖമെന്നും വിനാശകരമായ  ദേശീയതയല്ല മനുഷ്യത്വവും നീതിബോധവുമാണ് മനുഷ്യർക്ക് ഉണ്ടാകേണ്ടതെന്നും മാധവന് ബോദ്ധ്യപ്പെട്ടു. ഹിറ്റ്ലറുടെ വംശഹത്യക്കെതിരെ സമാനതകളില്ലാത്ത പ്രതിരോധം തീർക്കാൻ ഫ്രാൻ‌സിൽതന്നെയുണ്ടാകുമെന്ന് മാധവൻ ദൃഢപ്രതിജ്ഞ ചെയ്തു. 
മാധവന്റെ വീക്ഷണത്തിൽ വന്ന അപ്രതീക്ഷിതമായ ഈ വ്യതിയാനം ഗിസെലെയെ ഉത്കണ്ഠപ്പെടുത്തി. പ്രതിരോധപ്രവർത്തനങ്ങളുമായി മാധവൻ ഫ്രാൻ‌സിൽ  തുടർന്നാൽ അവന്റെ ജീവൻതന്നെ അപകടത്തിലാകുമെന്ന് അവൾ ഭയപ്പെട്ടു.
മാധവനെ വിവാഹം കഴിച്ച്, ‘ഇൻഡ്യയുടെ മരുമകളായി’,  അവനോടൊപ്പം ജീവിക്കുവാനുള്ള തീവ്രമായ  പ്രണയദാഹം കണ്ണീരോടെ അവളറിയിച്ചു. മാധവന് അവളോടും കലർപ്പില്ലാത്ത പ്രണയം ഉണ്ടെന്നും അവർ വിവാഹിതരായി സസന്തോഷം ജീവിക്കുമെന്നും അവൻ ഉറപ്പുകൊടുത്തു. പക്ഷേ, അവളുടെ കണ്ണീർപ്രവാഹത്തിന് മാധവന്റെ ദൃഢനിശ്ചയത്തെ വ്യതിചലിപ്പിക്കാൻ കഴിഞ്ഞില്ല. അവസാനദിവസം, മാധവനെ തൂക്കിലേറ്റാൻ കൊണ്ടുപോകുമ്പോൾ ഗിസെലെ കരഞ്ഞുകൊണ്ട് ഉച്ചത്തിൽ പറഞ്ഞു, ‘ഞാൻ നിനക്കായി കാത്തിരിക്കും. ഞാൻ നിന്നെ സ്നേഹിച്ചതുപോലെ ഈ ഭൂമിയിൽ ഒരു സ്ത്രീയും ഒരു പുരുഷനേയും സ്നേഹിച്ചുകാണില്ല'. മാധവൻ മറുപടി പറഞ്ഞു, ‘ഞാൻ തിരിച്ചുവരും. ഞാൻ നിന്നെ സ്നേഹിച്ചതുപോലെ ലോകത്തൊരു പുരുഷനും ഒരു സ്ത്രീയെയും സ്നേഹിച്ചിട്ടുണ്ടാവില്ല'.

എത്രയോ പ്രതീക്ഷകൾ പ്രതീക്ഷകളായിത്തന്നെ അവശേഷിക്കുന്നു!
തൂക്കിക്കൊന്നശേഷം ശവങ്ങൾ കത്തിച്ച ചാരം കുടുംബാംഗങ്ങൾക്ക് നൽകി. ‘എന്നാൽ മാധവന്റെ മാത്രം ചിതാഭസ്മകലശം സ്വീകരിക്കാൻ 
ആരുമുണ്ടായിരുന്നില്ല'.   എന്നാൽ പതിറ്റാണ്ടുകൾക്കുശേഷം അതേറ്റുവാങ്ങാൻ അന്വേഷിച്ച് ഒരാൾ വന്നെത്തി- അഭിനാഷ് തുണ്ടുമണ്ണിൽ. ക്ലേശകരമായിരുന്നു അന്വേഷണം- ദീർഘമായ യാത്രകൾ, ചാരിത്രരേഖകളുടെ പരിശോധന, സാഹിത്യഗ്രന്ഥങ്ങളിലുള്ള സൂചനകൾ, അസാധാരണമായ ക്ഷമ!
ആ ചിതാഭസ്‌മകലശത്തിലെ ഓരോകണികയ്ക്കും അക്ഷരംകൊണ്ട്  ജീവൻ നൽകി: അനശ്വരമായ ഒരു സ്മാരകം- സർഗ്ഗവൈഭത്തോടെ 
ശ്രീ അഭിനാഷ് തുണ്ടുമല്ലിൽ രചിച്ച "പരന്ത്രീസ് കുഴൽ".          

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക