Image

ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം (ശ്രീമത് ഭഗവത് ഗീത - അധ്യായം 13: സുധീർ പണിക്കവീട്ടിൽ)

Published on 19 December, 2025
ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം (ശ്രീമത് ഭഗവത് ഗീത - അധ്യായം 13: സുധീർ പണിക്കവീട്ടിൽ)

ഈ അധ്യായത്തിൽ അർജുനന്റെ സംശയത്തിന് മറുപടിയായി ഭഗവാൻ നൽകുന്ന വിവരങ്ങളാണ്.  നമ്മുടെ ശരീരത്തെ ക്ഷേത്രം എന്നും അതറിയുന്നനമ്മളെ ക്ഷേത്രജ്ഞർ എന്നും അറിയിക്കുന്നു.  എന്നാൽ ഭഗവാൻ എല്ലാ ക്ഷേത്രങ്ങളെയും അറിയുന്നവനാകുന്നു. എല്ലാറ്റിലും പരമമായ യാഥാർഥ്യം അറിവാണെന്നു ഭഗവൻ ഉപദേശിക്കുന്നു. ബുദ്ധിയുള്ള ഒരാൾ അയാളെ അറിയാൻ  ശ്രമിക്കുന്നു. പ്രകൃതിയിൽ നിന്നും നമ്മുടെ ശരീരത്തിൽ നിന്നും നമ്മുടെ ആത്മാവ് വേർതിരിഞ്ഞിരിക്കുന്നു എന്നറിവുണ്ടാകുമ്പോൾ നമ്മുടെ പ്രകൃതിഗുണം  (സുഖവും ദുഖവും ) നമ്മെ ബാധിക്കുന്നില്ല. നമ്മൾ നമ്മുടെ ശരീരത്തെ മനസ്സിലാക്കുന്നുവെന്നത്  നമ്മുടെ തോന്നൽ  മാത്രമാണ്. കയർ കണ്ടു പാമ്പാണെന്ന് തോന്നുന്ന പോലെ. വെളിച്ചമില്ലാത്തേടത്തോളം പാമ്പ് യഥാർത്ഥമായി തോന്നും. അറിവിന്റെ പ്രകാശം പരക്കുമ്പോൾ പാമ്പ് അപ്രത്യക്ഷമാകുന്നു. കയറിനെ നമ്മൾ പാമ്പ് എന്ന് ധരിക്കുന്നു.

ശരീരം മാറ്റമുള്ളതും അസ്ഥിരവുമാണ്. എന്നാൽ നമ്മുടെ ആത്മാവ് മാറാത്തതും  സ്ഥിരവുമാകുന്നു. ഒന്ന് മിഥ്യയും മറ്റേത്  സത്യവുമാകുന്നു. ഒരു കർഷകൻ അവന്റെ വയലിൽ നെല്ല് വിതച്ചാൽ അവൻ കൊയ്യുന്നത് നെല്ലാണ്. അതേപോലെ നമ്മൾ ചെയ്യുന്ന സത്കർമ്മങ്ങളും ദുഷ്കര്മങ്ങളുമാണ് നമുക്ക് ലഭിക്കുന്നത്.  അതുകൊണ്ട് നന്മയുള്ള ചിന്തകളും കർമ്മങ്ങളും ചെയ്യുക. അതാണ് ക്ഷേത്രവും ക്ഷേത്രജ്ഞനും തമ്മിലുള്ള വ്യത്യാസം. ക്ഷേത്രം നമ്മൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു. പതിമൂന്നു എന്ന സംഖ്യ പാശ്ചാത്യനാടുകളിൽ ചിലതിൽ അശുഭമായി കാണുമ്പോൾ ഭാരതീയരെ സംബന്ധിച്ച് അതു ശുഭകരമാണ്. ഇതിനെ ത്രയോദശി എന്നാണു വിളിക്കുന്നത്. ഇത് ചാന്ദ്രമാസത്തിലെ പതിമൂന്നാം ദിവസം വരുന്നു, അങ്ങനെ മാസത്തിൽ രണ്ടു ത്രയോദശികൾ -കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും. ഭഗവത് ഗീതയിലെ പതിമൂന്നാം അധ്യായം മുതൽ തത്വചിന്താപരമായ വിഷയങ്ങൾ ഭഗവാൻ  ചർച്ച ചെയ്യുന്നു.
ഇനി വിശദമായി…
ശ്രീമത് ഭഗവത് ഗീതയിൽ 700 ശ്ലോകങ്ങൾ ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. എന്നാൽ പതിമൂന്നാം അധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ചോദിച്ചതായി ഒരു ശ്ലോകം ചില ഗ്രൻഥങ്ങളിൽ കാണുന്നു. അത് താഴെ  ചേർക്കുന്നു. 

പ്രകൃതീം പുരുഷം ചൈവ 
ക്ഷേത്രം ക്ഷേത്രജ്ഞമേ വ ച
ഏതദ് വേദിതുമി ച്ഛാമി 
ജ്ഞാനം ജ്ഞേയം ചാ കേശവാ..

അല്ലയോ കൃഷ്ണാ, പ്രകൃതിയെയും പുരുഷനെയും, ക്ഷേത്രത്തെയും ക്ഷേത്രജ്‌ഞനെയും, ജ്ഞാനത്തെയും, ജ്ഞേയത്തെയുംപ്പറ്റി എല്ലാമറിയാൻ ഞാനാഗ്രഹിക്കുന്നു. ഇതിനു മറുപടിയായി ഭഗവാൻ പറയുന്നു താഴെ പറയുന്ന ശ്ലോകത്തെയോടെയാണ്  ഭഗവത് ഗീതയുടെ മറ്റു പതിപ്പുകൾ  ആരംഭിക്കുന്നത്.

ഇദം ശരീരം കൗന്തേയ 
ക്ഷേത്രമിത്യ ദീധീ യതേ 
ഏതദ്യോ വേത്തി തം പ്രാഹു:
ക്ഷേത്രജ്‌ഞ ഇനി തദ്വി ദ :

ഓ കൗന്തേയ ഈ ശരീരത്തെ ക്ഷേത്രമെന്നു വിളിക്കുന്നു. ക്ഷേത്രത്തെ അറിയുന്നവൻ ക്ഷേത്രജ്‌ഞൻ എന്നും അതേക്കുറിച്ചറിയുന്നവർ പറയുന്നു. ഓ ഭരതാ എല്ലാ ക്ഷേത്രേങ്ങളെയും അറിയുന്നവൻ എന്ന എന്നെ മനസിലാക്കുക.ക്ഷേത്രത്തെക്കുറിച്ചുള്ള അറിവും, ക്ഷേത്രത്തെ അറിയുന്നവൻ എന്ന അറിവും എന്റെ അറിവായി കരുതുക. എന്താണ് ആ ക്ഷേത്രം. അതിന്റെ  പ്രകൃതി എന്ത്? എന്തെല്ലാം വികാരങ്ങളോട് കൂടിയതാണത്? എവിടെ നിന്നുണ്ടായതാണ് അത് (ക്ഷേത്രം) ആരാണ്? അതിന്റെ പ്രഭാവങ്ങൾ എന്തൊക്കെ? ഇവയെപ്പറ്റി എന്നിൽ നിന്നും ചുരുക്കമായി കേൾക്കുക. ഈ വിഷയത്തെക്കുറിച്ച് വളരെ വ്യക്തമായി പല  രീതിയിലും നിരവധി സ്തോത്രങ്ങളിലും ഋഷികൾ പാടിയിട്ടുണ്ട്. വളരെ യുക്തിയുക്തമായും നിശ്ചിതമായും അവരുടെ  കീർത്തനങ്ങളിൽ ഇത് "ബ്രഹ്മ"മാണെന്നു സൂചനയുണ്ട്. മഹാഭൂതങ്ങൾ (ആകാശം, വായു, അഗ്നി, ജലം, പൃഥ്വി) ബുദ്ധി, മൂല പ്രകൃതി, അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കാർമേന്ദ്രിയങ്ങളും മനസ്സ് ഉൾപ്പെടെ പതിനൊന്നു ഇന്ദ്രിയങ്ങൾ പിന്നെ  ശബ്ദ, സ്പർശ, രൂപ,  രസ,ഗന്ധ ങ്ങളാകുന്ന  പഞ്ചേന്ദ്രിയങ്ങൾ ആഗ്രഹം, വിരോധം, സുഖം, വേദന, ദേഹം ഇങ്ങനെ വികാരങ്ങളോടുകൂടി ചുരുക്കമായി പറയപ്പെടുന്നതാണ് ക്ഷേത്രം. ക്ഷേത്രം അഥവാ, "ഇദം ശരീരം" ദേഹവും, മനസ്സും, ബുദ്ധിയും മാത്രം ചേർന്നതല്ല. അതിന്റെ ഗ്രഹണശക്തിയിലൂടെ അനുഭവപ്പെടുന്ന വികാരങ്ങളും ചിന്തയും, എല്ലാം ക്ഷേത്രമെന്ന ഒറ്റ വാക്കിൽ ഉൾകൊള്ളുന്നു. അടുത്ത അഞ്ച് ശ്ലോകങ്ങൾ ക്ഷേത്രജ്ഞന്റെ ഗുണങ്ങളെപ്പറ്റി പറയുന്നു. വിനയം, നാട്യമില്ലായ്മാ, അഹിംസ, ക്ഷമ, ആർജ്ജവം, ഗുരുസേവനം, പവിത്രത, ദൃഢത, ആത്മസംയമനം, ഇന്ദ്രിയ വിഷയങ്ങളിൽ  നിസ്സംഗത, അഹങ്കാരമില്ലായ്മ, ജനനം, മരണം, വാർദ്ധക്യം,  രോഗം,വേദന ഇവയിൽ ദുഃഖ രൂപമായ ദോഷത്തെ കാണാതിരിക്കൽ, ആസക്തിയില്ലായ്മ, മകൻ, ഭാര്യ,, വീട് തുടങ്ങിയവയിൽ അഭിനിവേശമില്ലായ്മ, അഭിലഷണീയവും അനഭിലഷണീയവുമായത് ലഭിക്കുമ്പോൾ എപ്പോഴും  ഒരേ മനോനില, എന്നോടുള്ള വ്യതിചലിക്കാത്ത ഭക്തി സമൂഹത്തിൽ നിന്ന് വേറിട്ട് ഏകാന്തമായി കഴിയാൻ ശ്രമിക്കൽ, അദ്ധ്യാത്മജ്ഞാനത്തിൽ നിരന്തര നിഷ്ഠ, യഥാർത്ഥ ജ്ഞാനത്തിന്റെ പ്രയോജനം മനസ്സിലാക്കൽ ഇവയെല്ലാം ജ്ഞാനമെന്നും മറിച്ചുള്ളവ അജ്ഞാനമെന്നും പറയുന്നു.അറിയേണ്ടത് ഏതാണോ യാതൊന്നറിഞ്ഞാൽ  അമരത്വം  പ്രാപിക്കാൻ കഴിയുമോ അതാണ് അനാദിയായ പരബ്രഹ്‌മം അത് ഞാൻ പറഞ്ഞു തരാം.

സർവ്വേന്ദ്രിയ ഗുണാഭാസം 
സർവ്വേന്ദ്രിയ വിവർജിതം 
അസക്തം സർവ്വഭ്യചൈവ 
നിർഗുണം ഗുണഭോക്ത്യ ച

അത് ഉള്ളതെന്നോ ഇല്ലാത്തതെന്നോ പറയപ്പെടാവുന്നതല്ല. എല്ലായിടത്തും കയ്യും, കാലും, കണ്ണുകളും, തലയും,  വായും, കാതുമുള്ള അത് (ബ്രഹ്‌മം) ഈ ലോകത്തിൽ സകലതിനെയും ആവരണം ചെയ്തു സ്ഥിതിചെയ്യുന്നു. എല്ലാ ഇന്ദ്രിയ ഗുണങ്ങളെയും പ്രകാശിപ്പിക്കുന്നുവെങ്കിലും ഇന്ദ്രിയങ്ങളില്ലാതെ ഒന്നിലും ചേരാതെ നിൽക്കുന്നു. (സ്വാമി ചിന്മയാനന്ദയുടെ ഒരുദാഹരണത്താൽ ഇത് വിശദമാക്കാം. പഞ്ഞി തുണികളിൽ  എല്ലാമുണ്ട്. എന്നാൽ തുണി പഞ്ഞിയിലില്ല. അതേസമയം തുണിയിലെ പഞ്ഞിയാണ് അതിനെ താങ്ങുന്നത്.) അതേപോലെ പരബ്രഹ്മം എല്ലാറ്റിനും ആധാരമാകുന്നു. ഗുണങ്ങളില്ലാത്തതും എന്നാൽ ഗുണങ്ങളെ അനുഭവിക്കുന്നതുമാകുന്നു. അത് എല്ലാറ്റിന്റെയും അകത്തും പുറത്തുമുണ്ട്. അത് ചലിക്കാത്തതും ചലിക്കുന്നതുമാകുന്നു. വളരെ സൂക്ഷ്മമായതുകൊണ്ട് അതിനെ (പരമാത്മാവ്) ഗ്രഹിക്കാൻ പ്രയാസം. അത് വളരെ അകലെയും എന്നാൽ അടുത്തുമുണ്ട്. ഭാഗിക്കപ്പെടാത്തതും എന്നാൽ ഭൂതങ്ങളിൽ വിഭജിക്കപ്പെട്ടപ്പോലെ സ്ഥിതിചെയ്യുന്നതും സർവ്വചരാചരങ്ങളുടെ രക്ഷകണെന്നറിയപ്പെടുന്നെങ്കിലും അറിയപ്പെടുന്നെങ്കിലും  അത്  ഗ്രസിക്കുകയും, സൃഷ്ടിക്കുകയും ചെയ്യുന്നു. അത് (പരമാത്മാവ്) വെളിച്ചങ്ങളുടെ വെളിച്ചവും തമസ്സിനപ്പുറവും . അറിവും അറിയപ്പെടേണ്ടതും, അറിവിനാൽ നേടേണ്ടതും എല്ലാവരുടെയും ഹൃദയത്തിൽ ഇരിക്കുന്നതുമാകുന്നു. 

ജ്യോതിഷാമപി തജ്‍ജ്യോതി 
തമസ:പരം ഉച്യതേ 
ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം 
ഹൃദിസർവസ്യ വിഷ്ഠിതം

അപ്രകാരം ക്ഷേത്രവും, അറിവും, അറിയപ്പെടേണ്ടതും ഞാൻ ചുരുക്കമായി വിവരിച്ചുകഴിഞ്ഞു. എന്റെ ഭക്തർ ഇത് മനസ്സിലാക്കുമ്പോൾ എന്നോട് കൂടിയിരിക്കാൻ അർഹതയുള്ളവരാകുന്നു. പ്രകൃതിയും പുരുഷനും രണ്ടും അനാദിയാണ്. എല്ലാ ഗുണങ്ങളും വികാരങ്ങളും പ്രകൃതിയിൽ നിന്ന് ജനിച്ചവയാണെന്നറിയുക. കാര്യകാരണങ്ങളുടെ  കാര്യത്തിൽ പ്രകൃതി കാരണമാകുന്നു. സുഖദുഃങ്ങളുടെ  അനുഭവത്തിൽ പുരുഷൻ ഹേതുവാകുന്നു. പ്രകൃതിയിൽ സ്ഥിതിചെയ്യുന്ന പുരുഷൻ പ്രകൃതിയുടെ ഗുണങ്ങളെ അനുഭവിക്കുന്നു. ഈ ഗുണങ്ങളോടുള്ള പുരുഷന്റെ ആസക്തിയനുസരിച്ച് അവൻ ഉത്തമയോനിയിലും അധമയോനിയിലും ജനിക്കുന്നു. 

ഈ ദേഹത്തിൽ ഇരിക്കുന്നവനെങ്കിലും പരമപുരുഷൻ എല്ലാം വീക്ഷിക്കുന്നവനും അനുമതി നൽകുന്നവനും, അനുഭവിക്കുന്നവനും, പരമേശ്വരനും പരമാത്മാവുമാണെന്നും പറയപ്പെട്ടിരിക്കുന്നു. പുരുഷനെയും, പ്രകൃതിയെയും എല്ലാ ഗുണങ്ങളോടും കൂടി ഒരുമിച്ചറിയുന്നവൻ അവൻ ഏതവസ്ഥയിലും ആയാലും അവൻ രണ്ടാമത് ജനിക്കുന്നില്ല. ചിലർ ധ്യാനം കൊണ്ട് ആത്മാവിനെ തന്നിലൂടെ തന്നിൽ തന്നെ കാണുന്നു. മറ്റുള്ളവർ യോഗജ്ഞാനത്തിലൂടെ (സാംഖ്യയോഗം) ചിലർ കർമ്മയോഗത്തിലൂടെയും കാണുന്നു.  ഇങ്ങനെ ധ്യാന, ജ്ഞാന, കർമ്മയോഗങ്ങൾ അറിയാത്തവർ മറ്റുള്ളവരിൽ നിന്ന് കേട്ടപ്രകാരം  ആരാധിക്കുന്നു.അവർ കേട്ടത് പരമമായ രക്ഷയാണെന്നു കരുതുമ്പോൾ അവർക്കും മരണത്തെ അതിക്രമിക്കാം. സ്ഥാവരമോ, ജംഗമോ, ആയി യാതൊരു വസ്തു ഉണ്ടാകുന്നുവോ, അത് ക്ഷേത്ര-ക്ഷേത്രജ്ഞന്മാരുടെ സംയോഗത്താലാണെന്നറിയുക. എല്ലാറ്റിലും തുല്യമായി സ്ഥിതിചെയ്യുന്ന പരമാത്മാവിനെ ദർശിക്കുന്നയാൾ നശ്വരമായ വസ്തുക്കളിലും അനശ്വരത ദർശിക്കുന്നു. (നശ്വരമായ  വസ്തുക്കൾ നശിക്കുമ്പോഴും പരമാത്മാവിനു നാശമില്ലെന്ന സത്യദർശനമാണിവിടെ പറയുന്നത്) എല്ലായിടത്തും തുല്യമായി താമസിക്കുന്നവനായി ആ പരമേശ്വരനെ കാണുന്നവൻ തീർച്ചയായും തന്നത്താൻ ആത്മാവിനെ നശിപ്പിക്കുന്നില്ല.അതുകൊണ്ട് അവൻ പരമോന്നതസ്ഥാനത്തെ പ്രാപിക്കുന്നു. എല്ലാ പ്രവർത്തിയും പ്രകൃതിയാൽ നിർവഹിക്കപ്പെടുന്നു എന്ന കാണുന്നവൻ, ആത്മാവ് പ്രവർത്തനരഹിതമാണെന്നു കാണുന്നവൻ സത്യാവസ്ഥ കാണുന്നു. നാനാവിധത്തിലുള്ള ചരാചരങ്ങളുടെ  ഏകത്വം ഒന്നിലാണെന്നും ആ ഒന്നിൽ നിന്നാണെല്ലാം ഉത്ഭവിച്ചതെന്നുമറിയുന്നവൻ ബ്രഹ്മപദം പ്രാപിക്കുന്നു.  അനശ്വരവും, പരമവുമായ ഈ ആത്മാവ് ഓ, കൗ,ന്തേയ, ശരീരത്തെ തന്നെ വസിക്കുന്നുവെങ്കിലും പ്രവർത്തിക്കാത്തതുകൊണ്ട് അതിൽ അഴുക്ക് പുരളുന്നില്ല. (ആത്മാവ് കർമ്മഫലത്തോട് ബന്ധപ്പെടുന്നില്ലെന്നു സാരം) നിർഗുണനും അനാദിയുമായ ഈ ആത്മാവ് എല്ലായിടത്തും പരന്ന്  കിടക്കുന്നെങ്കിലും ആകാശം സൂക്ഷ്മഭാവത്തോടെ സ്ഥിതിചെയ്യുന്നതുകൊണ്ട് മലിനമാകാതിരിക്കുന്നപോലെ സകല ശരീരങ്ങളിലും വ്യാപിച്ചിരിക്കുന്ന ആത്മാവ് മലിനപ്പെടുന്നില്ല. ഒരേ ഒരേ സൂര്യൻ മുഴുവൻ വിശ്വത്തെയും പ്രകാശിപ്പിക്കുന്നപോലെ ക്ഷേത്രത്തിന്റെ യജമാനനായ ക്ഷേത്രജ്‌ഞൻ (ആത്മാവ്) എല്ലാ ക്ഷേത്രങ്ങളെയും പ്രകാശിപ്പിക്കുന്നു.

അറിവിന്റെ കണ്ണുകളാൽ ക്ഷേത്രത്തെയും, ക്ഷേത്രജ്ഞനെയും തിരിച്ചറിയുന്നവരും ചരാചരങ്ങളും പ്രകൃതിബന്ധത്തിൽ നിന്നുള്ള മുക്തിയെപ്പറ്റിയും അറിയുന്നവർ പരമപദം പ്രാപിക്കുന്നു.
അദ്ധ്യായം -13  സമാപ്തം 
അടുത്തത് " ഗുണത്രയവിഭാഗയോഗം"

Read More: https://www.emalayalee.com/writer/11

 

Join WhatsApp News
പവിത്രൻ കാരണയിൽ 2025-12-19 08:06:29
ഇതെല്ലാം എനിക്ക് പുതിയ അറിവുകളാണ്. വളരെ നന്ദി 👍🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക