Image

ഗാന്ധിജിയുടെ പേരുവെട്ടി പുതിയ 'വി.ബി.ജി റാം ജി' തൊഴിലുറപ്പ് പദ്ധതിയാക്കിയ സംഘി രാഷ്ട്രീയം (എ.എസ് ശ്രീകുമാര്‍)

Published on 18 December, 2025
ഗാന്ധിജിയുടെ പേരുവെട്ടി പുതിയ 'വി.ബി.ജി റാം ജി' തൊഴിലുറപ്പ് പദ്ധതിയാക്കിയ സംഘി രാഷ്ട്രീയം (എ.എസ് ശ്രീകുമാര്‍)

ഇന്ത്യന്‍ ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്ക് ആശ്വാസമേകുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എന്‍.ആര്‍.ഇ.ജി.എ), 'വി.ബി.ജി റാം ജി' എന്ന ചുരുക്കപേരില്‍ 'വികസിത ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ആയി ലോക്‌സഭ പാസാക്കിയതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുന്നു. നിലവിലെ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന പുതിയ പദ്ധതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ബില്ല് പാസാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളെ ഞെരുക്കി പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന വിമര്‍ശനം ശക്തമാണ്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബില്‍ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് ലോകസഭയില്‍ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ''സംഘ പരിവാര്‍ നിയന്ത്രിക്കുന്ന യൂണിയന്‍ സര്‍ക്കാര്‍ ഇതിലൂടെ രാജ്യത്തെ കര്‍ഷക-കര്‍ഷകത്തൊഴിലാളി ജനസാമാന്യത്തെ വെല്ലുവിളിക്കുകയാണ്. പദ്ധതിയുടെ പേരും ഘടനയും മാറ്റുന്നത് ഗാന്ധിജിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ്. സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്ന് യൂണിയന്‍ ഗവണ്‍മെന്റ് ഒളിച്ചോടി സംസ്ഥാനങ്ങള്‍ക്കുമേല്‍ വലിയ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നതുമാണ് ഈ ബില്‍...'' മുഖ്യമന്ത്രി ആരോപിച്ചു.

ഈ പേരുമാറ്റത്തിന് പിന്നിലെ ഉദ്ദേശ്യത്തെ കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ ചോദ്യം ചെയ്തിരുന്നു. എന്തിനാണ് അവര്‍ മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതെന്നും ഇതിന്റെ ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നില്ലെന്നും ഗുരുതരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും വിമര്‍ശിച്ച പ്രിയങ്ക സമയവും പൊതു പണവും പാഴാകുകയാണെന്നും കുറ്റപ്പെടുത്തി.  ആരുടെയെങ്കിലും 'ഇച്ഛ, അഭിലാഷം, മുന്‍വിധി' എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു നിയമവും പാസാക്കരുതെന്നും വയനാട് എം.പി പറഞ്ഞു. ലോക്‌സഭയിലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 72 (1) പ്രകാരം പ്രിയങ്ക ഗാന്ധി ബില്ലിനെ എതിര്‍ക്കുകയാണുണ്ടായത്.

ഇന്ത്യയിലെ ജനങ്ങളില്‍ കായികപരമായ തൊഴില്‍ ചെയ്യുവാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ഒരു വര്‍ഷം 100 ദിവസം തൊഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. തൊഴിലുണ്ടായാലും ഇല്ലെങ്കിലും മിനിമം നൂറ് ദിവസത്തെ വേതനം ഉറപ്പു വരുത്തുന്നു. ദിവസ വേതനം 291 രൂപയും വാര്‍ഷിക വേതനം 29,100 രൂപയും ആണ്. എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കുക എന്ന ഉദ്ദേശത്തോട് കൂടി 2005-ല്‍ അന്നത്തെ യു.പി.എ സര്‍ക്കാരാണ് എം.ജി.എന്‍.ആര്‍.ഇ.ജി.എ കൊണ്ടുവന്നത്, ഗ്രാമപ്രദേശങ്ങളിലെ ഓരോ വ്യക്തിക്കും വര്‍ഷത്തില്‍ 100 ദിവസത്തെ ശമ്പളമുള്ള ജോലി ഉറപ്പുനല്‍കുന്നതാണ് പദ്ധതി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു വലിയ മാറ്റമുണ്ടാക്കിയ പദ്ധതിയായി ഇത് പ്രശംസിക്കപ്പെട്ടിരുന്നു.

പുതിയ ബില്‍ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40 ശതമാനം ഇനി സംസ്ഥാനം വഹിക്കേണ്ടി വരും. എം.പിമാര്‍ക്ക് വിതരണം ചെയ്ത കരടനുസരിച്ച്, തൊഴില്‍ ദിനങ്ങള്‍ പ്രതിവര്‍ഷം 100-ല്‍ നിന്ന് ഏറ്റവും കുറഞ്ഞത് 125 ദിവസമാകും. നിലവിലെ നിയമത്തില്‍ നിന്ന് വ്യത്യസ്തമായി കേന്ദ്രാവിഷ്‌കൃത പദ്ധതിയെന്നതാണ് ബില്ലിലെ പ്രഖ്യാപനം. അധികച്ചെലവുണ്ടായാല്‍ സംസ്ഥാനം വഹിക്കേണ്ടി വരും. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് ആശങ്ക നല്‍കുന്നതാണ്. പദ്ധതി മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥ പ്രാമുഖ്യത്തിനു വഴിയൊരുക്കുന്ന മാറ്റങ്ങളുമുണ്ട്. ജോലി പൂര്‍ത്തിയായതിന് ശേഷം 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്. സമയപരിധിക്കുള്ളില്‍ വേതനം നല്‍കാത്ത പക്ഷം തൊഴില്‍രഹിത വേതനത്തിനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവന അടിസ്ഥാന സൗകര്യങ്ങള്‍, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും പദ്ധതി പ്രകാരം ജോലി നിശ്ചയിക്കുക. സുതാര്യത ഉറപ്പാക്കാന്‍ ബയോമെട്രിക്‌സ്, ജിയോടാഗിങ് സംവിധാനങ്ങളും ഏര്‍പ്പെടുത്തും. വിവിധ തലങ്ങളില്‍ പരാതി പരിഹാരത്തിനും വ്യവസ്ഥയുണ്ട്. എം.ജി.എന്‍.ആര്‍.ഇ.ജി.എ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായിരുന്നു. ഇതില്‍ നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ വേതനത്തിന്റെ 100 ശതമാനവും കേന്ദ്രമാണ് വഹിച്ചിരുന്നത്.

നൈപുണ്യമുള്ള തൊഴിലാളികളെ നിയമിക്കുന്നതിനും സാധനങ്ങള്‍ ക്രമീകരിക്കുന്നതിനും വരുന്ന ചെലവിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് സംസ്ഥാന സര്‍ക്കാരുകള്‍ വഹിച്ചിരുന്നത്. എന്നാല്‍ പുതിയ ബില്‍ പ്രകാരം വേതനത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാരുകളും വഹിക്കണം. കേന്ദ്രഭരണ പ്രദേശങ്ങളില്‍ 100 ശതമാനവും കേന്ദ്രം വഹിക്കും. വടക്കുകിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്ക് 10 ശതമാനം നല്‍കിയാല്‍ മതിയാകും. ബാക്കി 90 ശതമാനവും കേന്ദ്രം വഹിക്കും.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 60 ദിവസം വരെ തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുതിയ ബില്ലിലൂടെ അധികാരം ലഭിക്കും. കാര്‍ഷിക വിളവെടുപ്പ് സമയങ്ങളില്‍ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കാനാണ് ഈ നീക്കം. തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതിന് ശേഷം ഗ്രാമീണ മേഖലയിലെ കൂലി വര്‍ധിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടാത്തതിന് പിന്നില്‍ മറ്റ് ചില പ്രധാന കാരണങ്ങളുമുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലയില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇവര്‍ പ്രധാനമായും തൊഴിലുറപ്പ് പദ്ധതിയെയാണ് ആശ്രയിക്കുന്നത്.

ഗ്രാമീണ യുവാക്കള്‍ കൃഷിപ്പണിയില്‍ നിന്ന് മാറി മെച്ചപ്പെട്ട വരുമാനമുള്ള മറ്റ് തൊഴിലുകളിലേക്ക് ചേക്കേറുന്നതും തൊഴിലാളി ക്ഷാമത്തിന് കാരണമായിട്ടുണ്ട്. തൊഴിലാളി ക്ഷാമം നേരിടാന്‍ കര്‍ഷകര്‍ വലിയ തോതില്‍ യന്ത്രവല്‍ക്കരണത്തിലേക്ക് തിരിയുന്നതായും കാണാം. കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ സഹായിച്ചത് ഗ്രാമീണ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിലുള്ള വര്‍ധനവാണെന്ന് ലേബര്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2017-18 കാലയളവില്‍ 24.6 ശതമാനമായിരുന്ന ഗ്രാമീണ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 2023-24 ആയപ്പോഴേക്കും 47.6 ശതമാനമായി ഉയര്‍ന്നു. ഉജ്ജ്വല യോജന, ഹര്‍ ഘര്‍ ജല്‍ തുടങ്ങിയ പദ്ധതികള്‍ സ്ത്രീകളെ കൃഷിപ്പണികളിലേക്ക് ഇറങ്ങാന്‍ സഹായിച്ചു.

തൊഴിലുറപ്പ് പദ്ധതി കാരണം കൃഷിപ്പണിക്ക് ആളെ കിട്ടുന്നില്ല എന്ന കര്‍ഷകരുടെ പരാതികള്‍ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ലെങ്കിലും, കണക്കുകള്‍ പ്രകാരം തൊഴിലുറപ്പ് പദ്ധതി മാത്രമല്ല ഇതിന് കാരണം. കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ വിപണിയിലേക്ക് എത്തുന്നത് തൊഴിലാളി ക്ഷാമം ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. പുതിയ ബില്ലില്‍ 100 ദിവസത്തെ തൊഴില്‍ ഗ്യാരണ്ടി 125 ദിവസമായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും, കൃഷിസമയത്തെ നിര്‍ബന്ധിത അവധി തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കര്‍ഷകര്‍ക്ക് കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഈ നിയന്ത്രണം കൊണ്ടുവരുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. കൂടാതെ, പദ്ധതിയുടെ ചെലവില്‍ 40 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന നിര്‍ദേശവും വലിയ പ്രതിസന്ധിയുണ്ടാക്കും. നിലവില്‍ കേന്ദ്രം മുഴുവന്‍ വേതനവും നല്‍കുന്ന സാഹചര്യത്തില്‍, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് വലിയ ബാധ്യതയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ക്ക് മുമ്പ് നല്‍കിയ പേരുകള്‍ സംഘപരിവാരുകാരുടെ ഹിന്ദുത്വ താത്പര്യത്തില്‍ മാറ്റപ്പെട്ടിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ പേര് സംഘികള്‍ക്ക് പിടിക്കില്ല. ഇംഗ്ലീഷ് പേരുകള്‍ ഹിന്ദിയിലേയ്ക്ക് മാറ്റും. ഇന്ത്യ എന്നുള്ളത് ഭാരതമാകും. നാഷനല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക്, ഭാരത്‌നെറ്റ് എന്നാക്കിയത് ഉദാഹരണം. ഏതെങ്കിലും പദ്ധതിയുടെ പേരുകളില്‍ നെഹ്‌റു, ഇന്ദിര, രാജീവ് എന്നുണ്ടെങ്കില്‍ അത് വെട്ടുമെന്ന് മാത്രമല്ല, തങ്ങളുടെ സ്വന്തം നേതാക്കളുടെ പേര് നല്‍കുകയും ചെയ്യും. രാജീവ് ആവാസ് യോജന, 'പ്രധാന്‍ മന്ത്രി ആവാസ് യോജന' എന്നും ഇന്ദിര ഗാന്ധി മാതൃത്വ സഹ്‌യോഗ് യോജന 'പ്രധാനമമന്ത്രി മാതൃത്വ വന്ദന യോജന'യെന്നും പേരുമാറിയിട്ടുണ്ട്. അഹ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട്. ''മോദിയുടേത് ഗെയിം ചെയ്ഞ്ചിങ് സര്‍ക്കാരല്ല, നെയിം ചെയ്ഞ്ചിങ് സര്‍ക്കാരാണ്...'' എന്ന് വിശ്വ പൗരന്‍ ശശി തരൂര്‍ ഒരിക്കല്‍ പരിഹസിച്ചിരുന്നത് ഇത്തരുണത്തില്‍ സ്മരണീയം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക