
വേമ്പനാട്ടുകായലിലേയ്ക്കു ഒഴുകിച്ചേരുന്ന കൈപ്പുഴയാറ്...
അതിന്റെ ഇരു കരകളിലും നിരനിരയായ് കെട്ടിപ്പൊക്കിയ കുറേ ഓലക്കുടിലുകൾ.
... വയലും പുഴയും മാത്രം കണ്ടു വളരുന്ന കുറേ മനുഷ്യർ.
മഞ്ചാടിക്കരിയിലെ മണ്ണു കറുത്തിട്ടാണു. പാടശേഖരങ്ങളെ കരിനിലങ്ങളെന്നാണവർ വിളിച്ചിരുന്നതു... ആ കറുത്ത മണ്ണിൽ തെങ്ങും മാവും പൂവരശും ഒതള മരങ്ങളും സമൃദ്ധമായി വളരുന്നു.
ആറ്റുതീരങ്ങളിൽ കൈതയും ഞാങ്ങണയും ആറ്റുവഞ്ചിയും തിങ്ങി വളർന്ന് കാടുകൾ പോലെ തോന്നിയ്ക്കുമായിരുന്നു.
നിലങ്ങൾ ഉഴുതു മറിക്കുമ്പോൾ എന്നോ കത്തിക്കരിഞ്ഞു ചേറിൽ പുതഞ്ഞു പോയ കരിമരക്കഷണങ്ങൾ കാണാം. അവ ശേഖരിച്ചു ഉണക്കി ചാണകവും ചേർത്തു കൊതുകിനെ തുരത്താൻ കാലിക്കൂടുകൾക്കു സമീപം തീയിട്ടു പുകയ്ക്കുമായിരുന്നു.
സന്ധ്യ കഴിഞ്ഞാൽ കാറ്റിനൊപ്പം പുകമണം പരക്കും.
മിക്കവാറും വീടുകളിൽ പശുക്കളെ വളർത്തിയിരുന്നു.
ആറ്റിനക്കരെ നീന്തിപ്പോയി പുല്ലു തിന്ന ശേഷം സന്ധ്യയ്ക്കു മുൻപേ തിരിച്ചു നീന്തി വീട്ടിലെത്തുന്ന പശുക്കൾ.... ചിലപ്പോഴൊക്കെ മുതലകൾക്കു ഭക്ഷണമായിത്തീരാറുള്ള ഹതഭാഗ്യർ....
ഈ കറുത്ത മണ്ണിൽ ദരിദ്രരും നിരക്ഷരരും നിരാശ്രയരുമായി ജീവിച്ച മനുഷ്യരെ ബ്രിട്ടീഷ് മിഷണറിമാർ ക്രിസ്ത്യാനികളാക്കി... ചിലർക്കൊക്കെ പള്ളിയോടു ചേർന്നുള്ള പള്ളിക്കൂടത്തിൽ നിന്നും രണ്ടാം ക്ലാസ്സ് വിദ്യാഭ്യാസവും നൽകി. : പള്ളിയും പള്ളിക്കൂടവും ഒന്നു തന്നെ ഞായറാഴ്ച ആരാധനയും ബാക്കി ദിവസങ്ങളിൽ അദ്ധ്യയനവുമായി നടത്തി വന്ന തു അക്കാലത്തെ ദിവാൻ സർ സി പി രാമസ്വാമി അയ്യരുടെ കല്പനപ്രകാരം നിർത്തലാക്കി. ഏതെങ്കിലും ഒന്നു മതി എന്നു പറഞ്ഞപ്പോൾ പള്ളി മാത്രമായി. ..
സി.എം എസ് മിഷണറിമാർ ഞാര നേം കറുമ്പനേം മത്തായിയും മർക്കോസുമാക്കി. കുഞ്ഞോലൻ ആദി മൈലൻ പൂവൻ തേവൻ കൊച്ചോല തുടങ്ങിയവർ യോനാ ദാനിയേൽ യോശുവ ഔസേപ്പ് തുടങ്ങിയ ബൈബിളിലെ പേരുകൾ സ്വീകരിച്ചു ക്രിസ്ത്യാനികളായി.
അക്കാലത്തെ സ്ത്രീ നാമങ്ങൾ ചീര തേയി കറമ്പി കുറുമ്പ ഓമ പൂമ മാല എന്നിങ്ങനെ യായിരുന്നു. ... മിഷണറിമാർ അവർക്കു പുതിയ പേരുകൾ നൽകി... റാഹേൽ മറിയം രൂത്ത് അന്ന.....
പേരുകൾ മാറിയെങ്കിലും ജീവിത സാഹചര്യങ്ങൾ തെല്ലും മാറിയില്ല.
... ജീവിതാന്തസ്സ്... പുതിയ കാലത്തെ സ്റ്റാറ്റസ് പഴയതു തന്നെ!! പകലന്തിയോളം പണിയും ജീവൻ കിടക്കാൻ മാത്രം ഭക്ഷണവും!!
മഞ്ചാടിക്കരിയ്ക്കു പുറത്തു മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു." തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ".."... ഏവർക്കും സർക്കാർ പള്ളിക്കൂടങ്ങളുടെ വാതായനങ്ങൾ തുറന്നു കൊടുത്തു.... പഞ്ചമി മാർക്കും ക്ലാസ്സു മുറിയിൽ ഇരിപ്പിടം കിട്ടി.
1924 മുതൽ അവർണ്ണർക്കുള്ള സഞ്ചാര സ്വാതന്ത്ര സത്യാഗ്രഹം ആരംഭിച്ചു.
സത്യഗ്രഹികളെ തിരുവിതാംകൂർ പോലീസ് ക്രൂരമായ് മർദ്ദിച്ചു.
മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം അടിമത്ത നിരോധനം വെള്ള വസ്ത്രം ധരിയ്ക്കാനുള്ള സ്വാതന്ത്ര്യം ... കല്ലുമാല പൊട്ടിച്ചെറിഞ്ഞു ആഭരണങ്ങൾ ധരിക്കാനുളള സ്വാതന്ത്ര്യം ... കലാപങ്ങളും സമരങ്ങളും നാടുനീളെ മാറ്റത്തിനായുള്ള കാഹളം മുഴങ്ങിക്കൊണ്ടിരുന്നു.
പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടക്കുന്ന സമയത്തു ഗാന്ധിജി വൈക്കത്തു വന്നു.
... സമരങ്ങളും കയ്യേറ്റങ്ങളും മർദ്ദനം വെടിവെപ്പ് ജയിൽവാസം... ഉരുകിത്തെളിഞ്ഞ നാളുകൾ
തിരുവിതാംകൂർ മാറുകയായിരുന്നു.... മനുഷ്യൻ മനുഷ്യനെ അടിമകളാക്കി മൃഗങ്ങളെപ്പോലെ വില പേശി വിറ്റിരുന്ന ചന്തകൾ കോട്ടയത്തും ചങ്ങനാശേരിയിലും മറ്റനവധി സ്ഥലങ്ങളിലുണ്ടായിരുന്നു.
പുതിയ റോഡുകൾ പാലങ്ങൾ പള്ളിക്കൂടങ്ങൾ ചെറിയ ആശുപത്രികൾ..
കാളവണ്ടികൾക്കു പകരം കരിവണ്ടികൾ... ജലഗതാഗതവും മെച്ചപ്പെട്ടു തുടങ്ങി. നാടിന്റെ മുഖഛായ മാറ്റി!!
ജനങ്ങൾ പുതിയ തിരിച്ചറിവുകളിലേയ്ക്കു ഉണർന്നെഴുന്നേറ്റു.
അപ്പോഴും
മഞ്ചാടിക്കരിക്കാർ ഇതൊന്നുമറിയാതെ - അറിഞ്ഞാലും അതിൽ നിന്നെല്ലാം മാറ്റി നിർത്തപ്പെട്ട ജനതയായി ഊഴിയവേലക്കാരായി ജീവിതം തുടർന്നു.
അങ്ങനെ ജീവിക്കുവാൻ വിധിയ്ക്കപ്പെട്ടവരായി !! ആ വിധിയെ മാറ്റിമറിയ്ക്കാൻ പുതിയ മതത്തിനോ പുതിയ പേരുകൾക്കോ സാധിച്ചില്ല!:
എന്നാലും മാറ്റത്തിന്റെ ചെറു കാറ്റ് വീശിത്തുടങ്ങി....
മഞ്ചാടിക്കരിയിൽ നിന്നും ഏതാനുംആൺകുട്ടികൾ രണ്ടാം ക്ലാസ്സ് പൂർത്തിയാക്കി അടുത്ത ക്ലാസ്സുകളിൽ പഠിക്കാൻ വേണ്ടി അകലെയുള്ള... അക്കാലത്തു അവർക്കു അപ്രാപ്യമായിരുന്ന ദൂരെയുള്ള പള്ളിക്കൂടങ്ങളിൽ നടന്നു പോയി പഠിക്കുവാൻ തുടങ്ങി.
അതിരാവിലെയുള്ള നടത്തം. തിരിച്ചുള്ള നടപ്പ്... ഉച്ചയ്ക്കു പട്ടിണി... മഴക്കാലമായാൽ നാക്കാനുമാവില്ല... പലരും പഠനം ഉപേക്ഷിച്ചു.. പൂർവ്വികരെപ്പോലെ പാടത്തേയ്ക്കു പണിയ്ക്കിറങ്ങി.
ചിലരൊക്കെ പഠനം തുടർന്നു...
പലരും പള്ളിഉപേക്ഷിച്ചു... കാരണങ്ങളുണ്ടായിരുന്നു.... അങ്ങനെ എങ്ങുമില്ലാത്ത കുറയുവാക്കൾ....
സാറാ ക്കൊച്ച് ഒന്നും രണ്ടും ക്ലാസ്സുകൾ പൂർത്തിയാക്കി....തുടർന്നു പഠിക്കുവാൻ വെച്ചൂർ ദേവി വിലാസം ഗവ: സ്ക്കൂളിൽ ചേരുവാൻ തീരുമാനിച്ചു. കൊച്ചു പെണ്ണിന്റെ സഹോദരൻ ഒരു ചെറുവള്ളം അതിനായ് വാങ്ങിച്ചു.... പട്ടിണി കിടന്നും ചെലവു ചുരുക്കിയും കഠിനാദ്ധ്വാനം ചെയ്തും കൊച്ചു പെണ്ണും ഇച്ചിരി കാശു കരുതുന്നുണ്ടായിരുന്നു....... പുസ്തകങ്ങൾ വാങ്ങണം. പുതിയ മുണ്ടും ചട്ടയും വേണം... കുട വേണം... ചോറു കൊടുത്തുവിടണം... കൂട്ടിയാൽ കൂടുമോ... കൊച്ചു പെണ്ണിനു കിടന്നാൽ ഉറക്കം വരില്ലഓരോന്നു ഓർത്തു നെഞ്ചു പിടയ്ക്കും... അപ്പോൾ ആരോ ഉള്ളിലിരുന്നു പറയും തളരരുതു... നിരാശപ്പെടരുതു... എല്ലാറ്റിനും വഴിയുണ്ടാകും... പാറ പോലെ ഉറച്ച തന്റെ തീരുമാനം!!
.... രാവു കനത്തു... പുഴയും വയലും കടന്ന് തണുത്ത കാറ്റ് കുടിലിന്നുളളിലേയ്ക്കു ഒഴുകിയെത്തി... സാറാ യ്ക്കും ഉറക്കം വന്നില്ല....അവളുടെ മനസ്സാകെ സന്ദേഹങ്ങൾ.... പുതിയ പള്ളിക്കൂടം പുതിയ അദ്ധ്യാപകർ...... അതിലൊക്കെ ഉപരി അവളെ വേദനിപ്പിച്ചതു... അമ്മച്ചിയുടെ കഷ്ടപ്പാട് "....... നേരമൊന്നു വെളുത്തെങ്കിൽ... ഉറക്കം വരാതെ അവൾഅമ്മച്ചിയ്ക്കരികിൽ കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി.
തുടരും ...
Read More: https://www.emalayalee.com/writer/300