
വിസ്മയകരമായ ആസൂത്രണങ്ങളുടെയും അതിസാഹസികമായ ദൗത്യങ്ങളുടെയും അതുല്യമായ നിശ്ചയദാർഢ്യങ്ങളുടെയും അമ്പരപ്പിക്കുന്ന കഥകൾ ആണ് ജീവിതത്തിന്റെ വിസ്മയത്തിലേയ്ക്ക് നമ്മെ കൊണ്ടെത്തിക്കുന്നത്. ജീവിതത്തിൽ നാളെ എന്ത് സംഭവിക്കും എന്ന് പറയുക അസാധ്യം. ജീവിതങ്ങൾ കഥയല്ല, പക്ഷേ അവയെ പരിചയപ്പെടുത്താൻ കഥയുടെ ആവശ്യം ചിലപ്പൊഴെങ്കിലും നമുക്ക് ഉണ്ടാകാറുണ്ട്. നമ്മൾ നിത്യജീവിതത്തിൽ കണ്ടുമുട്ടുന്നവർ എല്ലാം ജീവിതത്തിൽ വിജയിച്ചവർ അല്ല, മറിച്ചു തോറ്റവരും ധാരാളമാണ് . അങ്ങനെ ജീവിതത്തിൽ തോൽക്കാൻ വിധിക്കപെട്ട ഒരു അമ്മയുടെ കഥ.
ഒരിക്കൽ ഞാൻ സ്വർഗ്ഗത്തിൽ ചെന്നുപെട്ടു. അതെനിക്ക് മനോഹരമായ കാഴ്ചകൾ സമ്മാനിച്ചു. അതുവരെ കാണാത്ത കാഴ്ചകൾ, എന്റെ ചിറകുകൾ വിരിച്ച് ഞാൻ പറന്നുയർന്നു. ലോകം മുഴുവനായി ഞാൻ കണ്ടു. ആകാശത്തിലൂടെ പാറിപറന്നു നടന്നു. എന്റെ കണ്ണുകൾ അതുവരെ കാണാത്ത പല അത്ഭുത കാഴ്‌ചകൾ കാട്ടിത്തന്നു . ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത എന്തൊക്കെയോ അനുഭവിച്ചു! എന്റെ സന്തോഷം ഏറെ നാൾ നീണ്ടു നിന്നില്ല. പ്രിയപ്പെട്ടവരെ പിരിഞ്ഞിട്ടു എനിക്കെന്തു സ്വർഗം. എന്റെ മനസ്സിൽ എന്റ്റെ കുട്ടികളെ പറ്റി മാത്രമായിരുന്നു ചിന്ത. അവരുള്ള ലോകത്തേക്ക് തിരികെ നടക്കാൻ എന്റെ മനസ്സ് കൊതിച്ചു. പക്ഷേ എന്റെ സൂക്ഷ്മ ശരീരത്തിന് അതാകുമായിരുന്നില്ല. കുട്ടികളോടുള്ള സ്നേഹവും അവർക്ക് എന്നെ കാണുവാൻ കഴിയില്ല എന്ന ദുഃഖവും എന്നെ വല്ലാതെ അലട്ടി. എങ്കിലും ഞാൻ അവരെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. അവരുടെ വളർച്ചയിൽ ഞാൻ അഭിമാനം കൊണ്ടു. എന്റെ സ്ത്രീ ജന്മത്തെ 'അമ്മ എന്ന മഹത്തരമായ പദവിയിലേക്ക് ഉയർത്തിയത് അവരാണല്ലോ.
അങ്ങനെ മകന്‍ വലുതാകുന്നതും വിവാഹം കഴിക്കുന്നതും കാലങ്ങളായി സ്വപ്നം കണ്ടുകൊണ്ടു കഴിഞ്ഞിരുന്ന ഞാൻ ഇന്ന് മകന്റെ വിവാഹം മറ്റൊരു ലോകത്തു നിന്നും കാണുബോൾ പറഞ്ഞാശ്വസിക്കാന്‍ പോലും കഴിയാത്തവിധം വേദനിപ്പിക്കുന്ന ഒരു മാനസികാവസ്ഥയിലേക്കു പതിക്കുന്നു. എന്റെ അസാന്നിധ്യം സൃഷ്‌ടിച്ച ശൂന്യത ഞാൻ വേദനയോടെ നോക്കി കണ്ടു. അശ്രുകണങ്ങളാൽ ഞാൻ പുഷ്പാർച്ചന നടത്തി. വിവാഹമണ്ഡപത്തിൽ തെളിഞ്ഞ ദീപനാളങ്ങളിൽ ഞാൻ എന്റെ സാന്നിധ്യം തെളിച്ചു. ഒരു മന്ദമാരുതനായി വന്നു ഞാൻ അവനെ ആശ്ലേഷിച്ചു. ഇന്ന് അവൻ മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഒരിക്കൽ എന്റെ കൈകളെ ചുറ്റി പിടിച്ച അവന്റെ വിരലുകൾ ഇന്ന് പുതുജീവിതത്തിന്റെ ഊടും പാവും നെയ്യുകയാണ് .
ജനിച്ച നാൾ മുതൽ അവന്റെ ഉടുപ്പും നടപ്പും കഴിപ്പും ഉറക്കവുമെല്ലാം നിയന്ത്രിച്ചുവന്നിരുന്ന ഒരവകാശം പെട്ടെന്നൊരു ദിവസം നഷ്ടമായപ്പോൾ, കാലങ്ങളായി മറ്റെന്തിനേക്കാളും വലിയതായി മകന്റെ ഭക്ഷണകാര്യത്തിൽ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന അമ്മയ്ക്കത് സഹിക്കാനാകാത്ത ശൂന്യതയായി. കാലങ്ങളായി കാത്തുസൂക്ഷിച്ച മകന്റെ അധിപത്യം നഷ്ടപ്പെട്ടതിന്റെ നൊമ്പരം, സ്വന്തം മകനെ ഒന്ന് താലോലിക്കാനാകാതെ പോയതിന്റെ ദുഃഖം, അങ്ങനെ ദുഃഖങ്ങളുടെ ഒരു കൂമ്പാരവുമായി തന്നെയാണ് ഞാൻ സ്വർഗത്തിൽ ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്.
സ്വന്തം സാമ്രാജ്യമായിരുന്ന അടുക്കള പോലും അന്യമായി .രാവിലെ എഴുന്നേറ്റ് കോട്ടുവായിട്ട് കണ്ണ് തിരുമ്മി അടുക്കളയിൽ വന്നുനോക്കുന്ന കുട്ടികളെ എനിക്ക് ഓർമ്മ വരുന്നു. ഇന്ന് കുട്ടികളുടെ മർമ്മരങ്ങൾ അടുക്കളയിലെ പത്രങ്ങളോട് പരിഭവം പറയുന്നത് ഞാൻ കേൾക്കുന്നു . "അമ്മയില്ലാത്ത വീട് ശൂന്യമാണ്. നിറച്ചുണ്ടിരുന്നവന്റെ ഒഴിഞ്ഞ വയർ പോലെ ശൂന്യം. അമ്മയുടെ കൈപുണ്യം അറിയാത്ത ദിനങ്ങൾക്ക് തൃപ്തിയുണ്ടാവില്ല. അമ്മയുടെ കൈപുണ്യമേൽക്കാത്ത രസകൂട്ടുകളോട് പിണങ്ങി നാവ് വിശപ്പിനോട് പരിഭവം പറഞ്ഞേക്കാം. ഒരായിരം ചോദ്യങ്ങൾ അടുക്കളയുടെ ചുമരിൽ തട്ടി പ്രതിധ്വനിച്ചത് എനിക്ക് കേൾക്കാമായിരുന്നു .
ഞാൻ ഭൂതകാലത്തിന്റെ ഉള്ളറകളിലേക്ക് എത്തി നോക്കി. മനസ്സ് തുറന്നു സന്തോഷിച്ച ഒത്തിരി ഒത്തിരി നിമിഷങ്ങള്‍, കൊച്ചു കൊച്ചു തമാശകള്‍, ചെറിയ ചെറിയ പിണക്കങ്ങൾ. ഓര്‍മകളുടെ ഇന്നലകളിലെയ്ക്ക് ഒന്ന് തിരഞ്ഞു നോക്കുബോൾ എനിക്ക് സഹിക്കുവാൻ കഴിയുന്നില്ല . മനസ്സിനെ മഥിക്കുന്ന യാതൊരു ചിന്തയുമില്ലാതെ എന്റെ കൈപിടിച്ച് നടന്നുപോയിരുന്ന മകന്റെ ആ ഓര്‍മ്മ എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു. ഗൃഹാതുരതയുടെ അവസാനിക്കാത്ത ഊര്‍ജ്ജം പോലെ ആഘോഷങ്ങളുടെ ഓര്‍മ്മകൾ എന്നെ തടവറയിൽ ആക്കുന്നു. ആ ഓർമ്മകൾ ഒക്കെയും ഏത് ക്യാമറയിലെടുത്തതിനേക്കാളും സുവ്യക്തമായി എന്നെന്നും എനിക്ക് അനുഭവപ്പെടുന്നു.
മൂകമായി നമ്മുടെയുള്ളിൽ പതിഞ്ഞുകിടക്കുന്ന അന്തരാത്മാവിൽ പ്രകടമായ അനുഭവങ്ങൾ നാം വീണ്ടും വീണ്ടും ഓർക്കുവാൻ ആഗ്രഹിച്ചു പോകും. പലരും ജീവിതത്തിൻറെ അഗ്നിപരീക്ഷണങ്ങളിലൂടെ പല ഘട്ടങ്ങളിലും കടന്നുപോകുന്നവരാണ്. ജീവിതാനുഭവങ്ങളുടെ കനൽക്കട്ടയിൽ പൊള്ളിയും മുറിപ്പാടോടെയും അതിജീവിച്ചുവന്നവർ, അവർക്ക് പറയുവാൻ ഒരായിരം കഥകൾ കാണും. സങ്കല്പത്തെക്കാൾ വിചിത്രമായ സത്യങ്ങൾ ആവിഷ്‌ക്കരിക്കപ്പെടുന്ന ഒരേ ഒരു സാഹിത്യരൂപമേ വാസ്തവത്തിൽ ലോകത്തുള്ളു അതാണ് "ജീവിതം".