
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്, പ്രത്യേകിച്ച് സി.പി.എമ്മിനെതിരെ ബി.ജെ.പി, കോണ്‍ഗ്രസ് മുന്നണികള്‍ പാടിത്തിമിര്‍ത്ത പാരഡി ഗാനം വിവാദത്തിന്റെ കഠിനമായ കരിമല കയറ്റത്തിലാണ്. കോടികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ''പള്ളിക്കെട്ട് ശബരിമലയ്ക്ക് കല്ലും മുള്ളും കാലുക്ക് മെത്തൈ...'' എന്ന എക്കലത്തെയും നിത്യഹരിത അയ്യപ്പ ഭക്തിഗാനത്തിന്റെ പാരഡിയാണ് സ്വര്‍ണക്കൊള്ളയുടെ സൂപ്പര്‍ തീം ആക്കി ഇറക്കിയത്. വീരമണി പാടിയ ഒറിജിനല്‍ പാട്ടിലെ ''സ്വാമിയേ അയ്യപ്പോ... അയ്യപ്പോ സ്വാമിയേ...'' എന്നതിന് പകരം ''പോറ്റിയേ കേറ്റിയേ... സ്വര്‍ണം ചെമ്പായ് മാറ്റിയേ...'' എന്നു തുടങ്ങുന്ന പാരഡി സി.പി.എമ്മിനെയും ചില ഭക്തരെയും വിറളി പിടിപ്പിച്ചിരിക്കുകയാണിപ്പോള്‍.
''പോറ്റിയേ കേറ്റിയേ... സ്വര്‍ണം ചെമ്പായ് മാറ്റിയേ...
സ്വര്‍ണപ്പാളികള്‍ മാറ്റിയേ... ശാസ്താവിന്‍ ധനമൂറ്റിയേ...
സ്വര്‍ണം കട്ടവനാരപ്പാ... സഖാക്കളാണേ അയ്യപ്പാ...
ലോഹം മാറ്റിയതാരപ്പാ... സഖാക്കളാണേ അയ്യപ്പാ...
ആചാരങ്ങളെ ലംഘിക്കാനായി
അമ്മിണിമാരെ മലകേറ്റീ... അകവും പുറവും കൊള്ളയടിക്കാന്‍
നിയമിച്ചുള്ളത് ഒരു പോറ്റീ...'' എന്നിങ്ങനെയാണ് പാരഡി ഗാനത്തിന്റെ തുടക്കത്തിലെ വരികള്‍.
തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഈ പാട്ട് ഏറെ വൈറലായിരുന്നു. ഖത്തറിലെ പ്രവാസി എഴുത്തുകാരനും കോഴിക്കോട് നാദാപുരം ചാലപ്പുറം സ്വദേശിയുമായ ജി.പി കുഞ്ഞബ്ദുള്ളയാണ് പാരഡി ഗാനത്തിന്റെ വരികള്‍ എഴുതിയത്. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി സ്വദേശിയായ ഡാനിഷ് മുഹമ്മദ് ആണ് പാരഡി ഗാനം ആലപിച്ചിരിക്കുന്നത്.
ഖത്തറില്‍ വച്ചെഴുതിയ പാട്ട് നാട്ടിലെ ഒരു സുഹൃത്തിന് അയച്ചുകൊടുത്തു. പിന്നീട് ഡാനിഷ് മുഹമ്മദ് ഇത് ആലപിക്കുകയും സി.എം.എസ് മീഡിയ ഉടമ സുബൈര്‍ പന്തല്ലൂര്‍ പാരഡി ഗാനം പുറത്തിറക്കുകയുമായിരുന്നു. നാസര്‍ കൂട്ടിലങ്ങാടിയാണ് ഡബ്ബ് ചെയ്തത്. പാട്ട് ഹിറ്റായതോടെ സംസ്ഥാനത്തും വിദേശങ്ങളിലുമെല്ലാം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പൊറ്റിയെ ക്ഷേത്രത്തില്‍ കയറ്റി സ്വര്‍ണ്ണത്തെ ചെമ്പാക്കി മാറ്റി. ആരാണ് സ്വര്‍ണ്ണം മോഷ്ടിച്ചത്..? അത് സഖാക്കളാണ് മോഷ്ടിച്ചത്..? എന്നാണ് വരികളുടെ ആശയം.
ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് കവാടത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ ഈ പാരഡി പാട്ടും പാടിയാണ് യു.ഡി.എഫ് എം.പിമാര്‍ പങ്കെടുത്തത്. അമ്പലക്കള്ളന്‍ പിണറായി രാജിവയ്ക്കണം എന്ന് മുദ്രാവാക്യം വിളിച്ച എം.പിമാര്‍, കോടതി നിരീക്ഷണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫ്. എം.പിമാരുടെ ഈ വേറിട്ട പ്രതിഷേധ രീതി ഉത്തരേന്ത്യയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എം.പിമാര്‍ക്ക് കൗതുകമുണര്‍ത്തി. പല എം.പിമാരും ഈ പാട്ട് കേള്‍ക്കാന്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ഒത്തുകൂടുകയും ചെയ്തു.
പാരഡിക്കെതിരെ സി.പി.എമ്മും രംഗത്തുണ്ട്. അയ്യപ്പ ഭക്തിഗാനത്തിന്റെ ഈണത്തില്‍ പാരഡി ഇറക്കിയത് ശരിയായില്ലെന്നും അത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുമെന്നും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ രാജു എബ്രഹാം പ്രതികരിച്ചു. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് പാട്ട് ഇറക്കിയത്. വിഷയം ഗൗരവമായി പരിശോധിക്കണം. ഭക്തിഗാനങ്ങളെ ഇത്തരത്തില്‍ വികലമായി ഉപയോഗിക്കരുത്. ഇവിടെ ശരണമന്ത്രത്തെയാണ് രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തതെന്നും പരാതിയില്‍ കര്‍ശന നടപടി വേണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പാട്ടിനെ വികലമാക്കിയെന്നും ഭക്തരെ അപമാനിച്ച പാട്ട് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയും റാന്നി സ്വദേശിയുമായ പ്രസാദ് കുഴിക്കാല ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
ഈ പരാതി ഡി.ജി.പി തുടര്‍നടപടിക്കായി സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. കേസെടുത്ത് അന്വേഷി ക്കാന്‍ വകുപ്പുണ്ടോയെന്ന് പരിശോക്കാനാണ് ഈ നടപടി. അന്വേഷണ നീക്കത്തിനിടെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സി.പി.എം നീക്കം ഇരട്ടത്താപ്പാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനവുമുയര്‍ന്നു. കാരണം, ഒമര്‍ ലുലു സംവിധാനം ചെയ്ത 'അഡാര്‍ ലൗ' എന്ന സിനിമയിലെ ''മാണിക്യമലരായ പൂവി...'' എന്ന പാട്ടിനെതിരെ മുസ്‌ലിം മതമൗലികവാദികള്‍ രംഗത്തുവന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 2018-ല്‍ ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടിരുന്നു.
വിവാദങ്ങള്‍ വിഷയത്തെ വളച്ചൊടിക്കുന്നു എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. പറഞ്ഞു. ''ഉണ്ണിക്കൃഷ്ണന്‍ പോറ്റിയേ ശരണമയ്യപ്പാ എന്ന് വിളിച്ചില്ലല്ലോ. സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ചാല്‍ പോലും ദുരുപയോഗം എന്ന് പറയുമോ നിങ്ങള്‍. ഞങ്ങളെല്ലാം വിശ്വാസികളാണ്. ആ പാരഡിഗാനം കിട്ടിയാല്‍ ഞങ്ങളത് വയ്ക്കുകയും ചെയ്യും ആസ്വദിക്കുകയും ചെയ്യും. വെറുതെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. സ്വര്‍ണപ്പാളി കേസില്‍ ഇതുവരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞോ. എല്ലാം ഉണ്ടായിട്ടും പോറ്റിയ്ക്ക് മുമ്പില്‍ മുട്ട് മടക്കുന്നത് അല്ലേ കണ്ടത്...'' എന്ന് തിരുവഞ്ചൂര്‍ പരിഹസിച്ചു.
അതേസമയം, പാട്ടിനെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ കേസ് എടുത്താല്‍ നിയമപരമായി നേരിടുമെന്ന് ഗായകന്‍ ഡാനിഷ് മുഹമ്മദ് വ്യക്തമാക്കി. വിശ്വാസികളെ വ്രണപ്പെടുത്തുന്ന ഒന്നും തന്നെ തന്റെ പാട്ടില്‍ ഇല്ലെന്നും അതുകൊണ്ടാണ് പാട്ട് പാടിയതെന്നും ഡാനിഷ് പറഞ്ഞു. നിരവധി പേര്‍ തന്നെ വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. പാട്ട് കാരണം പ്രതിസ്ഥാനത്ത് ആയവര്‍ക്ക് മാത്രമാണ് വ്രണപ്പെട്ടതെന്നും ഡാനിഷ് ആരോപിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമായി മുമ്പും പാട്ടുകള്‍ പാടിയിട്ടുണ്ടെന്നും ഇതിലും അസാധാരണതയൊന്നുമില്ലെന്നും ഡാനിഷ് പറഞ്ഞു.
''പളളിക്കെട്ട് ശബരിമലയ്ക്ക്...'' എന്ന ഗാനത്തിന് മുന്‍പ് കലാഭവന്‍ മണിയും നാദിര്‍ഷയും ചേര്‍ന്ന് പാടിയ പാരഡി ഗാനവും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. അത് ജനം ആസ്വദിക്കുകയും ചെയ്തതാണ്. എന്നാല്‍ പുതിയ വിവാദത്തില്‍ കേസെടുക്കാന്‍ നീക്കമുണ്ട്. പാരഡിക്ക് കേസെടുത്തിരുന്നെങ്കില്‍ പാരഡിയുടെ രാജാവായ വി.ഡി രാജപ്പന്‍ എത്രയോ കേസില്‍ പ്രതിയാകുമായിരുന്നു എന്നതും ചിന്തനീയം.
''പോറ്റിയെ കേറ്റിയെ... '' എന്ന ഗാനത്തിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന് പാട്ടിന്റെ പ്രൊഡ്യൂസര്‍മാരിലൊരാളായ സുബൈര്‍ പന്തല്ലൂര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു 'കത്തുപാട്ട്' ആണ് അണിയറയില്‍ ഒരുങ്ങുന്നത്. വാസു ജയിലില്‍ നിന്ന് പിണറായി വിജയന് എഴുതുന്ന കത്തിന്റെ രൂപത്തിലാണ് പാട്ട് ക്രമീകരിച്ചിരിക്കുന്നത്. ജി.പി കുഞ്ഞബ്ദുള്ള എന്ന ജി.പി ചാലപ്പുറം തന്നെയാണ് ഇതും എഴുതുന്നത്. പാട്ട് ഉടല്‍ റിലീസ് ചെയ്യും. കത്തുപാട്ട് കുത്തുവാക്കുകള്‍ നിറഞ്ഞതാണെങ്കില്‍ സഖാക്കളും വ്യാജ ഭക്തരും ഉറഞ്ഞു തുള്ളും.