Image

ലയണൽ മെസി വന്നുപോയി; ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രതിസന്ധിയില്‍ (സനില്‍ പി. തോമസ്)

Published on 17 December, 2025
ലയണൽ മെസി വന്നുപോയി; ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രതിസന്ധിയില്‍ (സനില്‍ പി. തോമസ്)

ലയണല്‍ മെസി ഇന്ത്യയിലെ നാലു നഗരങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങി. കൊല്‍ക്കത്തയിലും ഹൈദരാബാദിലും മുംബൈയിലും ന്യൂഡല്‍ഹിയിലും ഫുട്‌ബോള്‍ ഇതിഹാസം എത്തി. ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ ഇതിഹാസതാരത്തെ കണ്ടു. പക്ഷേ, ഇന്ത്യന്‍ ഫുട്‌ബോള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുകയാണ്. ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം 142. ഏഷ്യയില്‍ 46 രാജ്യങ്ങളില്‍ ഇരുപത്തിയേഴാമത്.

സൂപ്പര്‍ കപ്പ് ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തിയ(6-5) എഫ്.സി. ഗോവ ചാമ്പ്യന്‍മാരായി. പക്ഷെ, ഈ സീസണില്‍ ഐ.എസ്.എല്‍. മുടങ്ങുന്ന ലക്ഷണമാണ്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി ക്ലബുകള്‍ നടത്തിയ ചര്‍ച്ചയും സര്‍ക്കാര്‍ ഇടപെടലും ഫലം കണ്ടില്ല. അതിനുപുറമെ ഐ ലീഗ് ഫുട്‌ബോള്‍ നടത്തിപ്പിനും ആളില്ലാത്ത അവസ്ഥ. ഫെഡറേഷന്റെ രണ്ടാം നിര ലീഗായ ഐ ലീഗും ഐ ലീഗ് രണ്ട്, ഐ ലീഗ് മൂന്ന് എന്നിവയും പ്രയോജര്‍ ഇല്ലാത പ്രതിസന്ധിയിലായി. ഐ ലീഗിന് നവംബര്‍ 28ന്  ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ 13 ആയിരുന്നു അവസാന തീയ്യതി. ഐ.ലീഗ് ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വന്നില്ല.
ഐ.എസ്.എലിനുശേഷം നടക്കേണ്ട സൂപ്പര്‍ കപ്പ് നേരത്തെ നടത്തി ഫെഡറേഷന്‍ തലയൂരി. 2024-25ല്‍ നടന്ന ഐ.എസ്.എല്‍ പതിനൊന്നാം പതിപ്പില്‍ 13 ടീമുകളാണ് പങ്കെടുത്തത്. ഇത് റെക്കോര്‍ഡാണ്. ഐ.ലീഗില്‍ നിന്ന് മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബിന് ഐ.എസ്. എലിലേക്ക് സ്ഥാനക്കയറ്റം നല്‍കിയിരുന്നു. 

റിലയന്‍സ് നേതൃത്വം നല്‍കിയ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും(എഫ്.എസ്.ഡി.എല്‍) അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി ഐ.എസ്.എല്‍. നടത്തിപ്പു സംബന്ധിച്ചു നിലവിലുണ്ടായിരുന്ന 15 വര്‍ഷത്തെ കരാര്‍ അവസാനിച്ചതോടെയാണ് നടത്തിപ്പ് പ്രതിസന്ധിയിലായത്.
ഐ.എസ്.എല്‍. നടത്തിപ്പു സംബന്ധിച്ച് എഫ്.എസ്.ഡി. എലുമായി ചര്‍ച്ച നടത്താന്‍ ഫെഡറേഷന്‍ എട്ടംഗ ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചെങ്കിലും കരാര്‍ പുതുക്കാനായില്ല. വലിയ പ്രതിസന്ധിയിലായ ക്ലബുകളില്‍ നിന്ന് വിദേശ താരങ്ങള്‍ മടങ്ങി. ഇന്ത്യന്‍ താരങ്ങള്‍ക്കും ക്യാമ്പുകളില്‍ തുടരാന്‍ പറ്റാത്ത സ്ഥിതിയായി. പല ക്ലബുകളും നിന്നുപോകുന്ന അവസ്ഥയാണ്.

ക്ലബുകള്‍ ചേര്‍ന്ന് ഐ.എസ്.എല്‍. നടത്താനുള്ള നീക്കമാണ് ഏറ്റവും അവസാനം കാണുന്നത്. ഇത് എത്രത്തോളം ഫലപ്രദമാകുമെന്നു കണ്ടറിയണം. സാമ്പത്തിക സഹായം സാധിക്കില്ലെന്ന് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യന്‍ ടീമാകട്ടെ ബംഗ്ലാദേശിനോടും പരാജയപ്പെട്ട് ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ദയനീയ സ്ഥിതിയിലെത്തി. സിംഗപ്പൂരും ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.
ഡ്യൂറാന്‍ഡ് കപ്പ് ഒഴികെ ഒട്ടുമിക്ക അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളും മുടങ്ങി. സന്തോഷ് ട്രോഫിക്കും ഫെഡറേഷന്‍ കപ്പിനും അപ്പുറം, പ്രഫഷണല്‍ ലീഗ് എന്ന ആശയം 1990 കളില്‍ യാഥാര്‍ത്ഥ്യമായത് ദേശീയ ലീഗിന്റെ തുടക്കത്തോടെയാണ്. പിന്നീട് ഐ ലീഗും ഒടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗും എത്തി. പ്രതാപകാലം പിന്നിട്ടെങ്കിലും പല പ്രമുഖ വിദേശ താരങ്ങളും ഐ.എസ്.എലിന്റെ ഭാഗമായി ഇന്ത്യയിൽ കളിച്ചു. 1996ല്‍ 94 -ാം റാങ്കിലെത്തിയ ഇന്ത്യ 2023ല്‍ 102-ാം റാങ്കിലായിരുന്നു. 2016 ലെ 148 ആണ് ഏറ്റവും മോശം റാങ്ക്. അതില്‍ നിന്ന് ഒട്ടും മെച്ചമല്ല ഇപ്പോഴത്തെ സ്ഥിതി. മെസിയെ കൊണ്ടുവരുവാന്‍ നൂറുകണക്കിനു കോടി ചെലവിടുന്നവര്‍ക്ക് ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കരുതോ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക