Image

'മറ്റേ ജ്ഞാനി' - ഒരു ക്രിസ്തുമസ്സ് കഥ (സ്വതന്ത്ര തര്‍ജ്ജമ, സംഗ്രഹം: സുധീര്‍ പണിക്കവീട്ടില്‍)

Published on 17 December, 2025
'മറ്റേ ജ്ഞാനി' - ഒരു ക്രിസ്തുമസ്സ് കഥ (സ്വതന്ത്ര തര്‍ജ്ജമ, സംഗ്രഹം: സുധീര്‍ പണിക്കവീട്ടില്‍)

നക്ഷത്രങ്ങളും ഗ്രഹങ്ങളും നോക്കി ഭാവി-വര്‍ത്തമാനങ്ങള്‍ പ്രവചിച്ചിരുന്ന പേര്‍ഷ്യയിലെ വിദ്വാന്മാര്‍ അസാധാരണമായ ഒരു നക്ഷത്രത്തിന്റെ തിളക്കം കണ്ട് അത് ലോകരക്ഷകന്‍ പിറക്കാന്‍ പോകുന്നതിന്റെ സൂചനയാണെന്ന് മനസ്സിലാക്കി.  അവര്‍ പൊന്നും, മൂറും, കുന്തിരിക്കവും, തിരുമുല്‍കാഴ്ച്ചയായി സമര്‍പ്പിക്കാന്‍ കയ്യില്‍ കരുതി നക്ഷത്രദിശ നോക്കി പുറപ്പെട്ടു. പുല്‍ക്കൂട്ടില്‍ ജനിച്ച് വീണ ദൈവപുത്രനെ കണ്ട് മടങ്ങി. ഇത് ബൈബിള്‍ കഥ.

എന്നാല്‍ ഹെന്റ്രി വാന്‍ ഡൈക് (Henry Van Dyke) എന്ന അമേരിക്കന്‍ ഗ്രന്ഥകാരനും, അദ്ധ്യാപകനു, വൈദികനും ഒരു 'മറ്റേ ജ്ഞാനി'യെപ്പറ്റി പറയുന്നു. ക്രുസ്തുമസ്സ് ആഘോഷങ്ങളുടെ ഈ അവസരത്തില്‍ ഈ കഥ ഓര്‍ക്കുന്നത് പ്രയോജനപ്രദമായിരിക്കും. ദൈവത്തെ പ്രീതിപ്പെടുത്താന്‍ വിലപ്പിടിപ്പുള്ള സമ്മാനങ്ങളുമായി ഇന്ന്  മനുഷ്യന്‍ മത്സരിക്കയാണു്. ഓരോരുത്തരുടെയും  ദൈവങ്ങള്‍ക്ക് പാര്‍ക്കാന്‍ മനോഹരഹര്‍മ്മ്യങ്ങള്‍ ഉണ്ടാക്കുന്നതിലും മനുഷ്യനു വാശിയേറുന്നു. പട്ടിണിയകറ്റാന്‍ മനുഷ്യന്‍ പാ ടു്‌പ്പെടുമ്പോള്‍ ദൈവത്തിന്റെ പ്രീതിയാര്‍ജ്ജിക്കാന്‍ ചിലര്‍ ഉപവാസം എന്ന പേരില്‍ പട്ടിണി കിടക്കുന്നു,  ശരീരം കുത്തിനോവിക്കുന്നു, ചില പ്രത്യേകതരം വസ്ര്തങ്ങള്‍ ധരിക്കുന്നു, ചിലര്‍ ദിഗംബരന്മാരും, ശ്വേതാംബരന്മാരും ആകുന്നു. കഷണ്ടികള്‍ മുടിക്കായി കേഴുമ്പോള്‍ തല വടിച്ച് നടക്കുന്നു ചിലര്‍. ഇതൊക്കെ സാധാരണ ജനത്തിനു കണ്ട് രസിക്കാന്‍ പറ്റുമെങ്കിലും ചിലര്‍ ദൈവനാമത്തില്‍ നമ്മളെ കശാപ്പും ചെയ്യുന്നു. രക്തദാഹികളായ ദൈവവിശ്വാസികളെ ഭയന്ന് ജീവിക്കുക എത്രയോ ദയനീയം.  ആരെയും കാണാതെ, ആരുടെയൊക്കെയോ ഊഹാപോഹങ്ങളില്‍ മറഞ്ഞിരിക്കുന്ന ദൈവം മനുഷ്യനില്‍ നിന്ന് എന്താണാഗ്രഹിക്കുന്നത്. അവന്‍ തന്നെ സ്രുഷ്ടിച്ച മനുഷ്യരില്‍ നിന്ന് സമ്മാനപൊതികളൊ, പൊതിചോറോ, അയല്‍പക്കകാരന്റെ ചോരയോ, അങ്ങനെ നിസ്സാരനായ മനുഷ്യന്റെ വികല ബുദ്ധിയില്‍ തോന്നുന്ന എന്തെങ്കിലുമോ അവന്‍ ആഗ്രഹിക്കുന്നുണ്ടോ? അവന്റെ പേരില്‍ പടവെട്ടി ജീവന്‍ വെടിയുന്നവരോട് അവന്‍ കരുണ കാണിക്കുമോ?  മതഭ്രാന്ത്ന്മാരുടെ വാളിനിരയാകുന്ന നിരപരാധികള്‍ക്ക് സ്വര്‍ഗ്ഗം കൊടുക്കുമോ?

ഒരു പക്ഷെ ഹെന്റ്രി വാന്‍ ഡൈകിന്റെ കഥ അതിനു ഉത്തരം നല്‍കുന്നുണ്ട്. ഈ കഥയില്‍ മൂന്നു വിദ്വാന്മാര്‍ക്കൊപ്പം നാലാമത് ഒരു വിദ്വാനെപ്പറ്റി പറയുന്നു. നക്ഷത്രോദയവും അതിന്റെ സഞ്ചാരവും നോക്കി ലോകരക്ഷകന്‍ പിറക്കാന്‍ പോകുന്ന സ്ഥലം ലക്ഷ്യമാക്കി അവിടേക്ക് പോകാന്‍ നാലു പേരും തയ്യാറായെങ്കിലും ആദ്യം മൂന്നുപേര്‍ പുറപ്പെട്ടു. അവരെ ഒരു നിശ്ചിത സ്ഥാനത്ത് കണ്ടുമുട്ടാം എന്ന് നാലാമത്തെ ജ്ഞാനി അല്ലെങ്കില്‍ വിദ്വാന്‍ അറിയിച്ചിരുന്നു.

രാജാക്കന്മാരുടെ രാജാവായി, എല്ലാവരുടേയും രക്ഷകനായി പിറക്കുന്ന ശിശുവിനു  കാഴ്ചവയ്ക്കാന്‍ പേര്‍ഷ്യയിലെ ധനികനായ അദ്ദേഹം എല്ല സ്വത്തുക്കളും വിറ്റ് മൂന്ന് രത്‌നങ്ങള്‍ കരുതി. ഒന്നു് നീല നിശീഥിനിയുടെ ഒരു കീറു് പോലെയുള്ള ഇന്ദ്രനീലക്കല്ല്, ഉദയസൂര്യന്റെ കിരണങ്ങളെക്കാള്‍ ചുവപ്പേറിയ മാണിക്യം, അരുണോദയത്തിലെ ഹിമശൈലശ്രുംഗങ്ങളെപോലെയുള്ള മുത്ത്.   അനര്‍ഘമായ ആ രത്‌നങ്ങള്‍ തന്റെ അയഞ്ഞ കുപ്പായ കീശയിലിട്ട് ആ ജ്ഞാനി ചിന്തിച്ചു.  പ്രത്യാശയില്ലാത്ത മതം യാഗപീഠത്തിലെ കെട്ടുപോയ തീ പോലെയാണു്. ജനിക്കാന്‍ പോകുന്ന, താന്‍ കാണാന്‍ പോകുന്ന ശിശു മനുഷ്യരാശിയുടെ പ്രത്യാശയായിരിക്കും.

ഈശ്വരനെ തേടിയുള്ള ഈ തീര്‍ത്ഥാടനത്തിനു മറ്റ് സുഹ്രുത്തുക്കളെ വിളിച്ചെങ്കിലും അവരില്‍ ആര്‍ക്കും ഈ താരോദയത്തില്‍ വിശ്വാസമുണ്ടായില്ല.  അവരെല്ലാം ഒഴിവ് കഴിവ് പറഞ്ഞ് ഒഴിഞ്ഞു.  നാലാമത്തെ ജ്ഞാനി കിഴ്‌ക്കേ ചക്രവാളത്തിലേക്ക് ഒന്ന് കൂടി നോക്കി. അവിടെ അതാ കരിഞ്ചുവപ്പാറന്ന ഒരു ശോഭ വട്ടം ചുറ്റി കുങ്കുമവും പൊന്‍ നിറവുമുള്ള  രശ്മികളിലൂടെ പിരിഞ്ഞ് ശുഭ്രമായ തേജസ്സോടെ ഒരു ബിന്ദുവില്‍ ലയിക്കുന്നു. അനന്തതയില്‍ വളരെ സൂക്ഷ്മമായി എന്നാല്‍ പൂര്‍ണ്ണതയോടെ ചൊരിഞ്ഞ അതിന്റെ പ്രകാശം തന്റെ കയ്യിലുള്ള മൂന്നു രത്‌നങ്ങള്‍ ഒന്നായി തീര്‍ന്ന് പ്രസരിപ്പിക്കുന്നപോലെ അദ്ദേഹത്തിനു തോന്നി. ആ നക്ഷത്ര ശോഭ രക്ഷകന്‍ പിറക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനയാണു്. അദ്ദേഹത്തിനു സംശയമേ ഉണ്ടായിരുന്നില്ല.

മുമ്പേ പുറപ്പെട്ട മൂന്ന് ജ്ഞാനികള്‍ക്കൊപ്പം  ദൈവമായി അവതരിക്കുന്ന ശിശുവിനെ കാണാന്‍ തന്റെ കുതിരപ്പുറത്ത് അദ്ദേഹം യാത്ര തുടങ്ങി. തന്റെ കൂട്ടുകാരായ മൂന്ന് വിദ്വാന്മാര്‍ കാത്ത് നില്‍ക്കുന്ന സ്തലത്തേക്ക് നൂറ്റിയമ്പത് ഫര്‍സംഗ് (ഒരു ഫര്‍സംഗ് ഇന്നത്തെ നാലു മൈല്‍ എന്നു കരുതിപോരുന്നു) ഉള്ളത്‌കൊണ്ട് കുതിരയുടെ വേഗത കണക്കാക്കി പത്താം ദിവസം അവരെ കണ്ടുമുട്ടാമെന്ന് അദ്ദേഹം കണക്ക്കൂട്ടി.

സമതലങ്ങളും,കുന്നുകളും, മൈതാനങ്ങളും താണ്ടി അദ്ദേഹം പ്രയാണം തുടര്‍ന്നു. യൂഫ്രട്ടീസ്സും, ടൈഗ്രിസ്സും ചോള വയലുകളിക്ക് ഒഴുക്കുന്ന നീര്‍ച്ചാലുകളുടെ കുളിരും കൊണ്ട് ദിവ്യ ഉണ്ണിയെ തേടി അക്ഷീണമുള്ള യാത്ര. എന്നാല്‍ ഈന്തപനകളാല്‍ നിബിഡമായ ഒരു പ്രദേശത്തെത്തിയപ്പോള്‍ കുതിര അതിന്റെ കുതിപ്പ് മന്ദഗതിയിലാക്കി. എന്തോ പന്തികേട്! അവിടം ശ്മശാനം പോലെ മൂകം. ഒരു ഇല അനങ്ങുന്നില്ല. ഒരു കിളിയും പാടുന്നില്ല.  കുതിര അവിടെ നിന്നു. ഒരു കറുത്ത രൂപത്തിനു മുന്നില്‍.

അദ്ദേഹം കുതിരപ്പുറത്ത് നിന്നുമിറങ്ങി. അവിടെ ഒരു ആള്‍ രൂപം അവശനിലയില്‍ കിടന്നിരുന്നു. അയാളെ പരിശോധിച്ചപ്പോള്‍ ചതുപ്പ്‌നിലപ്രദേശങ്ങളില്‍ കൊയ്ത്തുകാലത്ത് പരക്കുന്ന മാരകമായ പനിപ്പിടിച്ച് കിടക്കുന്നയാളാണെന്ന് വൈദ്യന്‍ കൂടിയായ അദ്ദേഹത്തിനു മനസ്സിലായി. ഇദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ നിന്നാല്‍ തന്റെ യാത്ര മുടങ്ങി ഉദ്ദിഷ്ട സമയത്ത് മറ്റ് മൂന്നു ജ്ഞാനികളെ കണ്ടുമുട്ടുക പ്രയാസമാകും.  അദ്ദേഹം തിരിഞ്ഞ് നടന്നപ്പോള്‍ അവശനായ കിടന്ന മനുഷ്യന്‍ ജ്ഞാനിയുടെ വസ്ര്തത്തിന്റെ തുമ്പില്‍ തന്റെ ശുഷ്‌ക്ക്മായ വിരല്‍ കൊണ്ട് പിടിച്ചു.

ഒരു നിമിഷം അദ്ദേഹം പ്രാര്‍ത്ഥിച്ചു. എന്നെ നന്മയുടെ വഴിക്ക് നയിക്കേണമേ, എനിക്ക് വിവേകത്തിന്റെ വഴി കാണിച്ച് തരേണമേ' പിന്നെ അദ്ദേഹം ഒന്നുമാലോചിച്ചില്ല. തന്റെ കൈവശമുണ്ടായിരുന്നു അപ്പവും, വീഞ്ഞൂം ആ മനുഷ്യനു നല്‍കി. അസും മാറാനുള്ള മരുന്നുകള്‍ ഏല്‍പ്പിച്ചു.

അവശനായ മനുഷ്യന്‍ പറഞ്ഞു. പകരം തരാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല. ഞങ്ങളുടെ പ്രവാചകന്മാരില്‍ നിന്നും ഞാന്‍ കേട്ടിരിക്കുന്നു രക്ഷകന്‍ ബെതലഹേമില്‍ പിറക്കുമെന്ന്.  ദീനാനുകമ്പ കാണിച്ച നിങ്ങളെ ദൈവം രക്ഷിക്കും.

പുണ്യകര്‍മ്മം നടത്തി യാത്ര ആരംഭിച്ചെങ്കിലും മറ്റ് മൂന്ന് വിദ്വാന്മാരെ കണ്ടുമുട്ടേണ്ട സ്ഥലത്ത് വൈകിയാണു എത്തിയത്. അവിടെ കുറച്ച് ഇഷ്ടിക കഷണങ്ങള്‍ക്ക് താഴെ ഒരു തോല്‍കടലാസ്സില്‍ ഒരു കുറിമാനമുണ്ടായിരുന്നു. ഞങ്ങള്‍ പോകുന്നു. അത് അദ്ദേഹത്തെ നിരാശനാക്കിയെങ്കിലും അദ്ദേഹം തന്റെ യാത്ര തുടരാന്‍ തന്നെ തീരുമാനിച്ചു.  ഒറ്റക്ക് ഒരു കുതിരമേല്‍  മരുഭൂമി മറികടക്കുന്നത് അപായകരമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം തന്റെ നാട്ടിലേക് തിരിച്ച്‌പോയി ബെതലഹേമില്‍ ജനിക്കുന്ന ശിശുവിനു നല്‍കാന്‍ കരുതിയിരുന്ന മൂന്ന് രത്‌നങ്ങളില്‍ ഒന്ന് വിറ്റ് ഒരു സാര്‍ത്ഥവാഹകസംഘമൊരുക്കി വീണ്ടും ബെതലഹേം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

കയ്യില്‍ അവശേഷിച്ച  മറ്റ് രണ്ട് രത്‌നങ്ങളുമായി അദ്ദേഹം ബെതലഹേമില്‍ എത്തിയപ്പോഴേയ്ക്കും മൂന്നു വിദ്വാന്മാര്‍ മേരിയേയും ജോസഫിനേയും കണ്ട് അവരുടെ സമ്മാനങ്ങള്‍ നല്‍കി തിരിച്ച് പോയിരുന്നു. അവിടെ ഒരു വീട്ടില്‍ കുഞ്ഞിനെ താരാട്ട് പാടിയുറക്കി കൊണ്ടിരുന്ന സ്ര്തീയില്‍ നിന്നും മേരിയും ജോസഫും ഹെരോദ് രാജാവിനെ ഭയന്ന് അവിടം വിട്ട് പോയിയെന്നദ്ദേഹം അറിഞ്ഞു. ഹെരോദ് രാജാവ് രണ്ടു വയസ്സിനു താഴെയുള്ള എല്ലാ ആണ്‍കുട്ടികളേയും കൊന്നു കളയുന്നുവെന്ന് അറിയിച്ച്‌കൊണ്ട് ആ സ്ര്തീ അവരുടെ ആ പ്രായത്തിലുള്ള ആണ്‍കുഞ്ഞിനെ മുറുക്കെ പിടിച്ച് നിന്നു. അപ്പോഴേയ്ക്കും ഹെരോദ് രാജാവി ന്റെ ഭടന്മാര്‍ വാളുമായി അവിടേക്ക് എത്തിച്ചേര്‍ന്നു. ആ സ്ര്തീ കരഞ്ഞ്‌കൊണ്ട് അവരുടെ മകനെ രക്ഷിക്കണേ എന്നു ജ്ഞാനിയോട് അഭ്യര്‍ത്ഥിച്ചു. വാളുമായി വീട്ടു വാതില്‍ക്കല്‍ വന്ന ഭടനു തന്റെ കൈവശമുണ്ടായിരുന്ന മാണിക്യക്കല്ല് നല്‍കി. ഭടന്‍ അത് വാങ്ങി ഇവിടെ കുട്ടികളില്ലെന്ന് കൂടെയുള്ളവരെ ധരിപ്പിച്ച് മാണിക്യകല്ലുമായി കടന്നുപോയി. ജ്ഞാനി വളരെ ദു:ത്തോടെ ഓര്‍ത്തു. ഞാന്‍ ഈശ്വരനുവേണ്ടി കരുതിയിരുന്ന രണ്ട് രത്‌നങ്ങളും മനുഷ്യനു വേണ്ടി ചിലവാക്കി. ഞാന്‍ ദൈവത്തിന്റെ മും നോക്കാന്‍ അര്‍ഹനാണോ? അത് കേട്ട് ക്രുതാര്‍ത്ഥതയോടെ ആ സ്ര്തീ അദ്ദേഹത്തെ അറിയിച്ചു. എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച അങ്ങയെ ദൈവം അനുഗ്രഹിയ്ക്കും.നിങ്ങള്‍ക്ക് അവന്‍ ശാന്തിയും സമാധാനവും നല്‍കും.

ഈ ജ്ഞാനി മുപ്പത്തിമൂന്ന് വര്‍ഷം ആ ദിവ്യ ശിശുവിനേയും കുടുംബത്തേയും തേടി അലഞ്ഞു. തന്റെ കയ്യില്‍ അവശേഷിച്ച രത്‌നം നല്‍കി ദൈവപുത്രനു മും കാണിക്കാനുള്ള ഉല്‍ക്കടമായ ആശയോടെ അദ്ദേഹം അലഞ്ഞ് തിരിഞ്ഞ് അവസാനം ജെറുസലേമില്‍ എത്തി. അവിടെ ജ്ഞാനിയെ കാത്ത് നിന്നിരുന്ന വിശേഷം മാനവരാശിയുടെ ഉന്നമനത്തിനായി ഉപദേശങ്ങളും, അത്ഭുതങ്ങളുമൊക്കെ കാണിച്ച ഒരു വ്യക്തിയെ അന്ന് കുരിശ്ശിലേറ്റി കൊല്ലുന്നുവെന്നാണു്. ജ്ഞാനി ചിന്തിച്ചു. അദ്ദേഹം ലോകരക്ഷകന്‍ തന്നെയായിരിക്കും. നക്ഷത്രങ്ങള്‍ ചൂണ്ടികാട്ടിയ ദിവ്യ പുരുഷന്‍. തന്റെ കയ്യില്‍ അവശേഷിച്ചിട്ടുള്ള രത്‌നം നല്‍കി താന്‍ ആ പുണ്യപുരുഷന്റെ ജീവന്‍ രക്ഷിക്കും.അപ്പോഴാണു നിരത്തിലൂടെ കുറെ ഭടന്മാര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ചങ്ങലക്കിട്ട് വലിച്ചിഴച്ച് കൊണ്ട് പോകുന്നത്. എന്നെ അടിമപെണ്ണായി വില്‍ക്കാന്‍ പോകുകയാണു, എന്നെ രക്ഷിക്കൂ എന്ന് ആ പെണ്‍കുട്ടി വിലപിച്ച്‌കൊണ്ടിരുന്നു.

അപ്പോള്‍ എന്ത് ചെയ്യണമെന്ന് ജ്ഞാനിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല.  ദിവ്യ പുരുഷന്റെ കണ്ടുമുട്ടുമ്പോള്‍ അദ്ദേഹത്തിനു സമര്‍പ്പിക്കാനായി തന്റെ ഹ്രുദയത്തോട് ചേര്‍ത്ത് വച്ചിരുന്ന അവസാനത്തെ രത്‌നം പുറത്തെടുത്തു.  അതിനപ്പോള്‍ കൂടുതല്‍ പ്രകാശവും, ശോഭയും അനുഭവപ്പെട്ടു. പെണ്‍ക്കുട്ടിയെ രക്ഷിക്കാന്‍ വേണ്ടി ഭടന്മാര്‍ക്ക് ആ രത്‌നം നല്‍കി. പെണ്‍ക്കുട്ടി സന്തോഷവതിയായി.

നക്ഷത്രങ്ങള്‍ കാണിച്ച് തന്ന ദിവ്യ ശിശുവിനെ, ഇപ്പോള്‍ പ്രായമായ ആ പുണ്യാത്മവിനെ കാണുമ്പോള്‍ ഇനി എന്ത് കൊടുക്കുമെന്ന ചിന്തയില്‍ അദ്ദേഹം മോഹാത്സ്യപ്പെട്ടു. ആ അര്‍ദ്ധബോധാവസ്ഥയില്‍ സൗമ്യമായ ഒരു സ്വരം അദ്ദേഹം കേട്ടു. 'എന്റെ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്‌തേടത്തോളം  എല്ലാം എനിക് ചെയ്തു എന്നു ഞാന്‍ സത്യമായിട്ട് നിങ്ങളോട് പറയുന്നു.' അദ്ദേഹത്തിന്റെ തീര്‍ത്ഥാടനം വിജയകരമായി പര്യവസാനിച്ചു. അദ്ദേഹത്തിന്റെ നിധികള്‍ (രത്‌നങ്ങള്‍) ദൈവം സ്വീകരിച്ചു.  അദ്ദേഹം തീര്‍ച്ചയായും ദൈവത്തെ കണ്ടുമുട്ടി.

പ്രച്'ന്നവേഷവും, കീശയില്‍ കാശും, കാറില്‍ സാധനങ്ങളുമായി ദൈവ സന്നിധി തേടി പോകുന്നവര്‍ ദൈവത്തെ കണ്ടുമുട്ടുന്നില്ല.  ഈ ലോകം മനോഹരമാക്കാന്‍ ദൈവവചനങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കുക. ഉദരപൂരണത്തിനു വേണ്ടി ഒരാള്‍ മാറ്റി മറയ്ക്കുന്ന  വചനങ്ങള്‍ കേട്ട് അദ്ദേഹത്തെ ദൈവദൂതനായി കാണുമ്പോള്‍ ദൈവം നമ്മില്‍ നിന്നകലുന്നു. 'വായിക്കാന്‍ മടിയുള്ളവരേ ദൈവരാജ്യം നിങ്ങള്‍ക്കുള്ളതല്ല. കാരണം നിങ്ങള്‍ വേറെ ഒരാള്‍ പറഞ്ഞ് തരുന്നത് കേട്ട് അത് ശരിയെന്ന് ധരിച്ച് ഭൂമിയില്‍ അശാന്തി പരക്കുന്നു.'

നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന തത്വം മേല്‍പറഞ്ഞ കഥയിലെ നാലാമത്തെ ജ്ഞാനി ജീവിതത്തില്‍ പകര്‍ത്തിയത് കൊണ്ട് അദ്ദേഹത്തിന്റെ ജീവിതം ധന്യമായി.  മനൂഷ്യന്‍ സ്വയം അറിവ് നേടുകയും അതിലൂടെ സ്വതന്ത്രനാകുകയും ചെയ്യണം.  ഓരോ വര്‍ഷവും ക്രുസ്തുമസ്സ് വരുന്നു. വചനങ്ങള്‍ സ്വയം വായിച്ച് നോക്കാന്‍ അവസരം ലഭിക്കുന്നു. സൗമ്യതയുള്ളവര്‍ക്ക് ഭൂമിയെ അവകാശപ്പെടുത്താം.  അല്ലാത്തവര്‍ക്ക് അതിനെ നശിപ്പിക്കാം.  

എല്ല്‌ളാവര്‍ക്കും നന്മകള്‍ നേരുന്നു.


ശുഭം
 

Join WhatsApp News
പവിത്രൻ കാരണയിൽ 2025-12-17 02:29:57
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👍🎉🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക