
ആറു പതിറ്റാണ്ടു മുൻപ് കാലയവനികക്കുള്ളിൽ മൺമറഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മഹാവിപ്ലവകാരിയും എഴുത്തുകാരനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന വിനായക ദാമോദർ സവർക്കരുടെ ജീവിതത്തെ അപനിർമ്മിക്കുന്ന കഥകളും ദുർവ്യാഖ്യാനങ്ങളും അവസാനിക്കാതെ നിറഞ്ഞാടുന്ന കേരളത്തിൽ സവർക്കറുടെ പേരിലുള്ള ഒരു അവാർഡിനെ സംബന്ധിച്ചു അടുത്തിടെയുണ്ടായ വിവാദം വിഷയത്തെ വീണ്ടും സജീവമാക്കുകയാണ്.
ബ്രിട്ടീഷ് ഇന്ത്യയിൽ ആരംഭിച്ച ദേശിയ മുന്നേറ്റങ്ങളുടെ പ്രാരംഭ ദിശയിൽ തന്നെ ഒരു സവ്യ സാചിയെപ്പോലെ ചിന്താ ചാഞ്ചല്യമോ പ്രതിപാദന ക്ലേശമോ അലട്ടാതെ സ്വാതന്ത്ര്യ സമരാഗ്നിൽ വിപ്ലവത്തിന്റെ തീജ്വാല പരത്തിയ സാന്നിധ്യമായിരുന്നു സവർക്കർ. 1883 മെയ് 28 നു മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ച വിനായക ദാമോദർ സവർക്കർ എങ്ങനെ ഇന്ത്യൻ ജനതയുടെ വീർ/ ധീർ സവർക്കർ ആയി എന്ന ചരിത്രത്തിലേക്ക് ഒരു ഹൃസ്വ വീക്ഷണം നടത്താൻ മുതിരുകയാണ്. അഗ്നി പദങ്ങളിലൂടെ അദ്ദേഹം നടത്തിയ ജീവിത യാത്രയെ ശത്രുക്കൾ എങ്ങനെയാണു വിവാദമാക്കുന്നത് എന്നതും അതോടൊപ്പം പരിശോധിക്കുന്നു.
വളരെ ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട സവർക്കർ തന്റെ ഇരുപതാമത്തെ വയസ്സിൽ സായുധ വിപ്ലവത്തിലൂടെ വിദേശ ഭരണത്തിൽ നിന്നും മാതൃഭൂമിയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വന്തം സഹോദരനെയും കൂട്ടി മിത്രമേള എന്ന വിപ്ലവ സംഘടനക്ക് രൂപം നൽകുന്നതോടെയാണ് സ്വാതന്ത്ര്യ സമരചരിത്രത്തിലെ പുതിയൊരേട് തുറക്കപ്പെടുന്നത്. ആ സംഘടനയാണ് മറാത്തി യുവാക്കളെ വ്യാപകമായി ദേശീയ പ്രസ്ഥാനത്തിലേക്ക് ആകർഷിച്ച അഭിനവ് ഭാരത് സൊസൈറ്റിയായി പിന്നീട് മാറിയത്.
ബാലഗംഗാധര തിലകന്റെ നേതൃത്വത്തിൽ പൂനയിൽ സ്ഥാപിതമായ ചരിത്ര പ്രസിദ്ധമായ ഫെർഗൂസൻ കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കി നിയമ വിദ്യാർത്ഥിയായി ലണ്ടനിൽ എത്തിയ സവർക്കർ ബ്രിട്ടീഷ് ചക്രവർത്തിയുടെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ അഭിനവ് ഭാരത് സൊസൈറ്റിയുടെ ഒരു ശാഖയായി 1906 ൽ ഫ്രീ ഇന്ത്യ സൊസൈററ്റി എന്ന രഹസ്യ സംഘടന ലണ്ടൻ ആസ്ഥാനമായി ആരംഭിച്ചു. ഭാരതത്തെ അടിമത്വത്തിൽ നിന്നും
മോചിപ്പിക്കുക എന്ന അടങ്ങാത്ത ആഗ്രഹം ഉള്ളിൽ സൂക്ഷിച്ചിരുന്ന ദേശാഭിമാനികളായ അനേകം ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളിലേക്കു ആകൃഷ്ടരാക്കാൻ സവർക്കർ നേതൃത്വം നൽകിയ ഫ്രീ ഇന്ത്യ സൊസൈറ്റിക്ക് സാധിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണം നടത്തുന്ന പ്രവിശ്യകളിൽ ഏകീകൃതമായ ഒരു സമര രീതിയോ പൊതു നേതൃത്വമോ രൂപപ്പെട്ടിട്ടില്ലാത്ത നാളുകളിലാണ് ബ്രിട്ടീഷ് ഭരണസിരാകേന്ദ്രത്തിൽ ഇത്തരം സാഹസിക പ്രവർത്തനങ്ങൾ നടത്തിയിരുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്ന
മൂന്നു ദേശാഭിമാനികളായ യുവാക്കളെ തൂക്കിലേറ്റാൻ കാരണമായ നാസിക് ഗൂഢാലോചന കേസ് സവർക്കറുടെ പൊതുജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ജനദ്രോഹ നടപടികൾക്ക് കുപ്രസിദ്ധി നേടിയ നാസിക്കിലെ കളക്ടറും മജിസ്‌ട്രേറ്റുമായിരുന്ന എ എം ടി ജാക്‌സൻ ജനകീയ പ്രക്ഷോഭകരെ ക്രൂരമായി വകവരുത്തുന്നതിൽ കീർത്തിനേടിയ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു. വിപ്ലവകാരികളെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി അദ്ദേഹം സവർക്കറുടെ സഹോദരനായ ഗണേഷ് സവർക്കറെ അകാരണമായി പോലീസ് കസ്റ്റഡിയിലെടുക്കുകയും മതിയായ വിചാരണ കൂടാതെ ജീവപര്യന്തം തടവിന് വിധേയനാക്കുകയും ചെയ്തു.
ജാക്‌സനെ വർഗ്ഗശത്രുവായി അടയാളപ്പെടുത്തി അവസരത്തിനായി കാത്തിരുന്ന അഭിനവ് സൊസൈറ്റി പ്രവർത്തകർക്ക് ഗണേഷിന്റെ അറസ്റ്റു പെട്ടെന്നുള്ള പ്രകോപനമാകുകയും അവരുടെ യുവ നേതാവായിരുന്ന അനന്ത ലക്ഷ്മൺ കൻഹാരെ ഒരു പൊതുചടങ്ങിനിടയിൽ ജാക്‌സണ് നേരെ നിറയൊഴിച്ചു അദ്ദേഹത്ത കൊലപ്പെടുത്തുകയും ചെയ്തു. അനന്തരം ചാർജുചെയ്ത ഗൂഢാലോചന കേസ്സിൽ ബോംബെ ഹൈക്കോടതി കൻഹാരെ ഉൾപ്പെടെ മൂന്നുപേരെ തൂക്കിക്കൊല്ലുകയും
വി ഡി സവർക്കറെ നാലാം പ്രതിയാക്കുകയും ചെയ്തു. അന്നത്തെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 121എ വകുപ്പ് പ്രകാരം ബ്രിട്ടീഷ് ചക്രവർത്തിക്കെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തി എന്നതായിരുന്നു സവർക്കെതിരെ ചുമത്തിയ കുറ്റം. തുടരന്വേഷണത്തിൽ കൊലയ്ക്കുപയോഗിച്ച ബ്രിട്ടീഷ് നിർമ്മിത തോക്കു എത്തിച്ചുനൽകിയ കുറ്റം കൂടി അദ്ദേഹത്തിനുനേരെ കൂട്ടിച്ചേർക്കുകയുണ്ടായി.
1910 ൽ ലണ്ടൺ സിറ്റി പോലീസ് ലണ്ടനിൽ നിന്നും സവർക്കറെ അറസ്റ്റുചെയ്തു കപ്പൽ മാർഗ്ഗം ഇന്ത്യയിലേക്കെത്തിക്കാനുള്ള യാത്രക്കിടയിൽ ഫ്രാൻസിന്റെ സമുദ്രാതിർത്തിയായ മാർസെയിൽസ് തുറമുഖത്തിനടുത്തുവെച്ചു വെച്ചു കടലിലേക്ക് എടുത്തുചാടി ഇംഗ്ലീഷ് പോലീസിന്റെ അധികാരപരിധിക്കു പുറത്തുള്ള പ്രദേശത്തേക്ക് നീന്തി രക്ഷപെടാൻ ഒരു അതിസാഹസിക പ്രവർത്തി നടത്തിയും അദ്ദേഹം ആഗോള ശ്രദ്ധ പിടിച്ചുപറ്റി. ഒരു ഫ്രഞ്ച് കോസ്റ് ഗാർഡിന്റെ സഹായത്തോടെ സവർക്കറുടെ ഉദ്യമത്തെ ബ്രിട്ടീഷ് പോലീസ് പരാജയപ്പെടുത്തിയെങ്കിലും ആ സംഭവത്തെ അത്തരത്തിലുള്ള ലോകത്തിലെ ആദ്യ വിഷയമായി ഹേഗിലെ ഇന്റർ നാഷണൽ കോടതിൽ എത്തിച്ചു നിയമ പ്രശ്നമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ഇന്ത്യയിലെത്തിച്ചു വിചാരണക്ക് വിധേയമാക്കിയ സവർക്കറിനു അൻപതുവര്ഷത്തെ ഇരട്ട ജീവപര്യന്ത കഠിന തടവാണ് കോടതി വിധിച്ചത്.
കേവലം 28 വയസ്സുമാത്രം പ്രായമുള്ള ധീരനായ ആ യുവാവിനെ 1911 ജൂലായ് നാലിന് ആൻഡമാൻ ദ്വീപിലെ കുപ്രസിദ്ധമായ സെല്ലുലാർ ജയിലിലേക്ക് നാടുകടത്തി.
ആൻഡമാനിലെ കാലാപാനി (Black Water) എന്നറിയപ്പെട്ടിരുന്ന ഇരുട്ടുനിറഞ്ഞ ഇടുങ്ങിയ ജയിലറയിൽ ഏകനായി തടവനുഭവിച്ച നാളുകളിൽ പകൽവെളിച്ചം കാണാൻ അവസരം ലഭിച്ചിരുന്നത്
എണ്ണയാട്ടുന്ന ചക്കിൽ കാളക്കു പകരക്കാരനായി ഭാരം വലിക്കാനും ചകിരി തല്ലി കയറുണ്ടാക്കാനും വിറകു കീറിക്കാനും ലഭിക്കുന്ന അവസരങ്ങൾ മാത്രമായിരുന്നു. മറ്റൊരു രാഷ്ട്രീയ തടവുകാരനും നേരിട്ടിട്ടില്ലാത്ത രീതിയിൽ കഠിനമായ ജോലികൾ ചെയ്യിപ്പിച്ചു ശാരീരികമായി പീഡിപ്പിച്ച അനുഭവങ്ങൾ ഹൃദയഭേദകമായ കവിതാ ശകലങ്ങളായി ജയിൽ ഭിത്തികളിൽ ലോഹ കഷണങ്ങൾ കൊണ്ട് അദ്ദേഹം കുത്തി കുറിച്ചത് കാലാപാനി കഥയിലെ കദന സാക്ഷ്യങ്ങളായി നിലനിൽക്കുന്നു. ഇന്ത്യക്കാരനായി ജനിച്ച ഹൃദയാലുവായ ഒരു ദേശാഭിമാനിക്കും കണ്ണുനിറയാതെ ആ വരികൾ വായിച്ചു തീർക്കാൻ കഴിയില്ല.1937 ൽ സമ്പൂർണ്ണമായി ജയിൽ മോചിതനായ ശേഷം ആൻഡമാൻ ജയിലിലെ അനുഭവങ്ങൾ വിവരിക്കുന്ന My Transportation of Life എന്ന സവർക്കറുടെ പുസ്തകം ഇക്കാര്യത്തിൽ കൂടുതൽ ആഴത്തിൽ വെളിച്ചം വീശുന്നുണ്ട്. ജയിലിനുള്ളിൽ നിലനിന്നിരുന്ന ക്രൂരമായ പീഡനങ്ങളും ഹിംസാത്മക കൃത്യങ്ങളും സവിസ്തരം അതിൽ പ്രതിപാദിക്കുന്നു. ഇതിനു സമാനമായ ഒരു ജയിൽ വാസം ഇന്ത്യയിൽ ഒരു സ്വാതന്ത്ര്യ സമര സേനാനിയും അനുഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. ലണ്ടനിൽ ബാരിസ്റ്റർ പഠനം വിജയകരമായി പൂർത്തിയാക്കിയെങ്കിലും അകാരണമായി ബിരുദം നിഷേധിച്ച അനുഭവവും മറ്റൊരു വിദ്യാർത്ഥിക്കും ഉണ്ടായിട്ടുമില്ല.
ജന്മനാടിന്റെ സ്വാതന്ത്ര്യം സ്വപ്നം കണ്ടു സമരത്തിനിറങ്ങിയ സവർക്കർക്ക് ബ്രിട്ടീഷ് കോടതി വിധിച്ചത് 78 വയസ്സുവരെയുള്ള കാരാഗ്രഹ വാസമായിരുന്നു. മാതൃഭൂമിയുടെ മോചനത്തിനും ഉയർച്ചക്കും ഉതകുന്ന തന്റെ സ്വപ്നങ്ങൾക്ക് ചിറകു നൽകുവാൻ സെല്ലുലാർ ജയിലിലെ ജീവിതത്തിൽ നിന്നും പുറത്തുവരണമെന്ന തീവ്രമായ ചിന്ത ഏകാന്തതയുടെ പത്തുവർഷം പൂർത്തിയാകുന്നതോടെ അദ്ദേഹത്തെ അലട്ടുവാൻ തുടങ്ങിയിരുന്നു. തന്റെ ശിഷ്‌ട ജീവിതം ബ്രിട്ടീഷ് ജയിലിൽ ഹോമിക്കാനുള്ളതല്ല അത് രാഷ്ട്ര സേവനത്തിനുള്ളതാണ് എന്ന ഉൾവിളി അദ്ദേഹത്തെ അസ്വസ്ഥമാക്കിയിരുന്നു. അതാണ് പിന്നീട് വിവാദമായ ക്ലെമെൻസി പെറ്റീഷനിലേക്കു നയിക്കുന്നത്.
രാഷ്ട്രീയ തടവുകാർക്ക് ബ്രിട്ടീഷ് ഇന്ത്യയിലെ കോടതികൾ നൽകിയ ശിക്ഷ പുനഃപരിശോധിക്കാനോ ഇളവുചെയ്യാനോ അതല്ല റദ്ദുചെയ്യാനോ റോയൽ ഭരണകൂടത്തോട് ആവശ്യപ്പെടാൻ അനുവാദം നൽകുന്ന ഒരേർപ്പാടായിരുന്നു അന്നു നിലവിലുണ്ടായിരുന്ന ക്ലെമൻസി പെറ്റീഷനുകൾ. അധികാരികളുടെ മനസ്സലിയാനും വൈകാരിക പരിഗണന ലഭിക്കാനും ഓരോ അപേക്ഷകരും അവരവരുടേതായ കൗശലങ്ങൾ പ്രയോഗിക്കുന്ന രീതിയിലാണ് നിവേദനങ്ങൾ സമർപ്പിച്ചിരുന്നത്.
ഒരു പരോളുമില്ലാതെ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഏകാന്ത കഠിനതടവ് അനുഭവിച്ച ആദ്യത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ രാഷ്ട്രീയ കുറ്റവാളി എന്ന നിലയിൽ സവർക്കർ പലകുറി അത്തരം നിവേദനങ്ങൾ അയക്കുകയും നിഷ്കരുണം നിരാകരിക്കുകയും ചെയ്തിരുന്നു. അവസാനം ഒരു അടവുനയം എന്ന നിലയിൽ താൻ ചെയ്തുപോയ കുറ്റങ്ങളിൽ ഖേദിക്കുന്നുവെന്നും മേലിൽ റോയൽ അധികാരത്തിനെതിരെ പ്രവർത്തിക്കില്ലായെന്നും കാണിച്ചു ഒരു നിവേദനം അയക്കുന്നു. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി അപേക്ഷ പരിഗണിച്ച അധികാരികൾ 1921 മെയ് മാസത്തിൽ സവർക്കറെ സെല്ലുലാർ ജയിലിൽ നിന്നും കർശനമായ ഉപാധികളോടെ രത്‌നഗിരിയിൽ വീട്ടു തടങ്കലിലേക്കും മാറ്റി പാർപ്പിക്കുവാൻ തീരുമാനിച്ചു. രാഷ്ട്രീയ ഇടപെടലും അതിഥി സന്ദർശനവും കർശനമായി വിലക്കിയിരുന്ന രത്‌നഗിരി വീട്ടുതടങ്കലിൽ വായനയും എഴുത്തും അനുവദിച്ചിരുന്നത് അദ്ദേഹത്തിന് ആശ്വാസം നൽകി. പ്രൗഡ ഗംഭീരമായ നിരവധി സാഹിത്യ രചനകളും സ്വന്തം രാഷ്ട്രീയ വീക്ഷണം വിശദമാക്കുന്ന പുസ്തകവും ജന്മം കൊണ്ടത് ഇക്കാലയളവിലാണ്.
ആന്ഡമാനിലെ പത്തുവർഷത്തെ കഠിനമായ ഏകാന്ത തടവിനും ശാരീരിക ക്ലേശങ്ങൾക്കും ശേഷം ബ്രിട്ടീഷ് അധികാരികൾക്ക് സവർക്കർ സമർപ്പിച്ച ക്ലെമൻസി പെറ്റിഷനെ മാപ്പപേക്ഷിക്കുന്ന ദയാഹർജ്ജിയായി ദുർവ്യാഖ്യാനം ചെയ്യുന്നത് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ത്യാഗപൂർണ്ണമായ പൊതുജീവിതത്തെ തമസ്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ്. വിമർശകർ പറയുന്ന ക്ലെമൻസി പെറ്റീഷനും മേഴ്‌സി പെറ്റീഷനും തമ്മിലുള്ള വ്യത്യാസങ്ങൾ ഒരു ചരിത്രകാരനും കൃത്യതയോടെ രേഖപ്പെടുത്തിയതായി എവിടെയും കാണുന്നില്ല.
രാഷ്ട്രീയ തടവുകാരായി പിടിക്കപ്പെടുന്നവർ അത്തരം നിവേദനങ്ങളിലൂടെ മോചനം നേടി പുറത്തു വരുന്നതും വീണ്ടും സമരം സമര രംഗത്ത് സജീവമാകുന്നതും സാധാരണമായിരുന്നു. 1924 ലെ കാൺപൂർ ബോൾഷെവിക് ഗൂഢാലോചന കേസ്സിൽ പ്രതിചേർക്കപ്പെട്ടു തടവിലായ കമ്മ്യൂണിസ്റ്റ് നേതാവ് എസ് എ ഡാങ്കെ വൈസ്രോയിക്ക് എഴുതിയ അത്തരത്തിലുള്ള ഒരു കത്തിന്റെ ഉള്ളടക്കം 1964 ൽപുറത്തുവന്നിരുന്നു. ആ കത്തിൽ താൻ ചെയ്ത കുറ്റങ്ങളിൽ ഡാങ്കെ ഖേദം രേഖപ്പെടുത്തുകയും തന്നെ കുറ്റവിമുക്തനാക്കുകയാണെങ്കിൽ ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകാർക്കിടയിലും തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് ബ്രിട്ടീഷ് സർക്കാരിന്റെയും ചക്രവർത്തിയുടെയും നന്മയ്ക്കായി തുടർന്ന് പ്രവർത്തിക്കാമെന്നും ഉറപ്പു നൽകിയിരുന്നു. 1942 മുതൽ 45 വരെയുള്ള കാലഘട്ടത്തിൽ ബ്രിട്ടൻ സോവിയറ്റ് യൂണിയന്റെ സഖ്യ കക്ഷിയപ്പോൾ ദേശിയ പ്രക്ഷോഭത്തിൽ ഉണ്ടായിരുന്ന അനേകം കമ്മ്യൂണിസ്റ്റ് അനുഭാവികളായ നേതാക്കൾ ബ്രിട്ടീഷ് പക്ഷത്തേക്ക് കാലുമാറി ദേശിയ പ്രക്ഷോഭത്തെ ഒറ്റുകൊടുത്തതും ചരിത്രമാണ്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു 1921 മുതൽ 1945 വരെയുള്ള
നീണ്ട പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒൻപതു തവണകളിലായി തടവനുഭവിച്ചതു എട്ടു വർഷവും പതിനൊന്നു മാസങ്ങളുമായിരുന്നു. അതിൽ ഏറ്റവും നീണ്ട കാലമെന്നത് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായ മൂന്നു വർഷത്തെ തടവായിരുന്നു. സവർക്കർ കലാപാനിയിലെ ഇരുട്ടറയിൽ പത്തുവർഷത്തിലേറെ കഠിന തടവ് അനുഭവിച്ചപ്പോൾ നെഹ്രുവിന്റെ ജയിൽ വാസം അധികവും താത്കാലിക ജയിലാക്കി മാറ്റിയ സർക്കാർ ഗസ്റ്റ് ഹൗസുകളിലും സ്വകാര്യ ബംഗ്ലാവുകളിലുമായിരുന്നു.
സവർക്കർ എന്ന വിപ്ലവ നായകനോട് ഇന്ത്യയുടെ ചരിത്രം വേണ്ട രീതിയിൽ നീതി പുലർത്തിയിട്ടില്ല എന്ന പുതിയ തിരിച്ചറിവാണ് ഇന്ന് ഭാരതത്തിൽ കാണുന്ന സവർക്കർ സ്മരണകളുടെ വീണ്ടെടുക്കലുകൾ. സ്വാതന്ത്യ സമര പ്രക്ഷോഭങ്ങൾ തികച്ചും അക്രമരഹിതമായിരുന്നുവെന്നും അതിന്റ പിതൃത്വം ഏതാനും കോൺഗ്രസ് നേതാക്കളിൽ മാത്രമായിരുന്നുവെന്നുമുള്ള ചായംപൂശിയ ചരിത്രത്തെയാണ് ആധുനിക ഭാരതം തിരുത്താൻ ശ്രമിക്കുന്നത്.
രാഷ്ട്രീയ രംഗത്ത് സവർക്കർ ഒരു വിപ്ലവ പോരാളിയായിരുന്നെങ്കിൽ സാമൂഹ്യ രംഗത്തു ശ്രദ്ധേയനായ പരിഷ്കർത്താവും സാഹിത്യ രംഗത്ത് ഒരു വൈജ്ഞാനിക പ്രതിഭയുമായിരുന്നു. ഇംഗ്ലണ്ടിൽ ബാരിസ്റ്റർ പഠനം തുടരുന്ന കാലത്തു 1857 ൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ബ്രിട്ടീഷ് വിരുദ്ധ സൈനിക കലാപത്തെ വെറുമൊരു ശിപായിമാരുടെ കലഹമാക്കി ചുരുക്കിയ ബ്രിട്ടീഷ് നടപടിയെക്കുറിച്ചു അദ്ദേഹം ആഴത്തിൽ പഠിച്ചു. ആ കലാപം സായിപ്പ് പഠിപ്പിച്ചതുപോലുള്ള പന്നിക്കും കൊഴുപ്പിനുമെതിരെയുള്ള ഹിന്ദു മുസ്ലിം മതവികാര വിക്ഷോഭം മാത്രമായിരുന്നില്ല കോളനി വാഴ്ചക്കെതിരെയുള്ള ഇന്ത്യാക്കാരുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരമായിരുന്നു എന്ന് കണ്ടെത്തുകയും അതങ്ങനെതന്നെ ലോകത്തെ അറിയിച്ചുകൊണ്ട് Indian war of Independence of 1857 എന്നൊരു പുസ്തകം രചിക്കുകയും ചെയ്തു. 1909 ൽ മറാത്തി ഭാഷയിൽ പൂർത്തിയാക്കിയ പുസ്തകം അദ്ദേഹം തന്നെ ആംഗലേയത്തിലേക്ക് മൊഴിമാറ്റി പുറത്തിറക്കുവാൻ തീരുമാനിച്ചു. എന്നാൽ വിവരം മണത്തറിഞ്ഞ ബ്രിട്ടീഷ് അധികാരികൾ പ്രസിദ്ധീകരണത്തിന് മുൻപ് പുസ്തകം നിരോധിച്ചു. അതുകൊണ്ടൊന്നും പോരാട്ടവീര്യം ചോരാത്ത സവർക്കർ നെതർലണ്ടിൽ എത്തിച്ചു വ്യാജമായ മറ്റൊരു പുറംചട്ട നൽകി പുസ്തകം അച്ചടിച്ച് ഇന്ത്യയിൽ എത്തിച്ചു ബ്രിട്ടീഷ് അധികാരികളെ ഞെട്ടിച്ചു. ശിപായിമാരുടെ ലഹളയായി കണ്ട പ്രക്ഷോഭത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമാക്കി ചരിത്രത്തിൽ ആദ്യമായി അടയാളപ്പെടുത്തി സവർക്കർ സമര സേനാനികൾക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
1924 മുതൽ 1937 വരെയുള്ള വീട്ടുതടങ്കൽ കാലത്തു രാഷ്ട്രീയ പ്രവർത്തനം അസാധ്യമായതിനാൽ സാഹിത്യ സാമൂഹ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനാകുന്നു. പരുഷമായ ജീവിത യാഥാർഥ്യങ്ങൾക്കു നടുവിലും ആദ്രമായ അദ്ദേഹത്തിന്റെ കവിഹൃദയം മറാത്തി കാവ്യലോകത്തിനു വലിയ സംഭാവനകൾ നൽകി.
മറാത്തി ഭാഷ അനുഭവിച്ചിരുന്ന പദദാരിദ്ര്യത്തിനു വിരാമമിട്ടുകൊണ്ട് മറാത്തി ലിപി പരിഷ്കരണത്തിന് നേതൃത്വം നൽകിയ സവർക്കർ കവിതാ രചനയിൽ പുതിയൊരു വൃത്തം കുടി രൂപപ്പെടുത്തിയിട്ടുണ്ട്.
സർഗ്ഗാത്മക രചനകൾ കൂടാതെ കൂടുതൽ ഗൗരവമുള്ള കൃതികളിലേക്കു അദ്ദേഹം കടക്കുന്നുണ്ട്. സ്വന്തം ആത്മകഥാംശം കുടി ഉൾക്കൊള്ളുന്ന My Transportation of Life (മാജിഹി ജന്മദ്ദെപ്) മാസിക് ശിക്ഷൺ എന്നിവ അത്തരത്തിൽ ശ്രദ്ധേയങ്ങളാണ്.
തികഞ്ഞ യുക്തിവാദിയും ദേശിയ വാദിയുമായി തുടരുമ്പോളും ഭാരതീയ ദർശനങ്ങളിൽ അധിഷ്ഠിതമായ ഒരു രാഷ്ട്ര സങ്കല്പം അദ്ദേഹത്തിന്റെ ചിന്തകളിൽ എന്നും പ്രതിഫലിച്ചിരുന്നു. അതിനു പ്രേരകമായതാകട്ടെ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേതുപോലെ ആ സങ്കല്പം നിലനിന്നിരുന്ന ഏതെങ്കിലും ഒന്നിനു എതിരായി രൂപപ്പെട്ടതല്ല ഈ ഭൂമികയിൽ തന്നെ നൈസർഗ്ഗികമായി ഉത്ഭവിച്ചു വളർന്നു വലുതായതാണെന്ന തിരിച്ചറിവും. ഈ തിരിച്ചറിവിന്റെ ആവിഷ്കാരമായിട്ടാണ് 1923 ൽ Hindutva: Who is Hindu (ഹിന്ദുത്വം: ആരാണ് ഹിന്ദു) എന്ന വിഖ്യാത രാഷ്ട്ര മീമാംസാ ഗ്രന്ഥം അദ്ദേഹത്തിന്റേതായി പുറത്തു വരുന്നത്. സാമ്പ്രദായിക മതസങ്കൽപ്പങ്ങളിൽ നിന്നും വിഭിന്നമായ ഒരു ഹിന്ദു രാഷ്ട്രം വിഭാവനം ചെയ്ത സവർക്കർ ചിന്തകൾക്ക് കാലോചിതമായി പരിഷ്‌കാരങ്ങൾ വരുത്തിയാണ് ഡോ:ശ്യാമ പ്രസാദ് മുക്കർജിയും അടൽബിഹാരി വാജ്‌പേയും ലാൽ കൃഷ്ണ അദ്വാനിയും അടക്കമുള്ളവർ തങ്ങളുടെ രാഷ്ട്രീയ നയങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ദീർഘകാലത്തെ വൈദേശിക ആധിപത്യം കവർന്നെടുത്ത ഭാരതീയരുടെ ആത്മവീര്യം വീണ്ടെടുക്കാൻ സവർക്കർ നടത്തിയ ബൗദ്ധിക ചികിത്സയായിരുന്നു വിദേശ അക്രമങ്ങളെ ചെറുത്തുതോൽപ്പിച്ചു ദേശീയ പരമാധികാരം സംരക്ഷിച്ച ഇന്ത്യയുടെ പൂർവ്വകാല സുവർണ്ണ ഘട്ടങ്ങൾ വിവരിക്കുന്ന Six Glorious Epochs of Indian History (ഭാരത ചരിത്രത്തിലെ ആറു സുവർണ്ണ ഘട്ടങ്ങൾ) എന്ന ചരിത്ര ഗ്രന്ഥം.
ആദ്യകാല സായുധവിപ്ലവത്തിന്റെ മാർഗ്ഗത്തിൽ അയവുവരുത്തിയ സവർക്കർ ഹിന്ദുത്വ പുനർനിർണ്ണായ നീക്കങ്ങളോടൊപ്പം സമൂഹത്തിൽ അടിഞ്ഞുകൂടിയിരുന്ന ജാതി വ്യവസ്ഥക്കും അയിത്താചരണത്തിനുമെതിരെ നിരന്തരം പ്രവർത്തിച്ചു. ഹിന്ദു മതത്തിലെ സവർണ്ണാധിപത്യ പൂർവ കല്പിത ധാരണകളെ തച്ചുടക്കുന്ന കാര്യത്തിൽ മഠാധിപതികളായ ശങ്കരാചാര്യരെപ്പോലും സവർക്കർ വിമർശിച്ചു. അനാചാരങ്ങളുടെ ഭാഗമായി ഹിന്ദുക്കൾ പുലർത്തിയിരുന്ന ഓത്തു വിലക്ക് പണി വിലക്ക് തൊടു വിലക്ക് കടൽ വിലക്ക് തീൻ വിലക്ക് പെൺ വിലക്ക് തുടങ്ങിയവകൾക്കെതിരെ അദ്ദേഹം സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു. മഹാത്മജിയും
വിനോബാജിയും ഹരിജനോദ്ധാരണം തുടങ്ങുന്നതിനു മുന്നേ 1931 ൽ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിൽ സമൂഹത്തിലെ ഹീന വിഭാഗം എന്ന് മുദ്രകുത്തിയിരുന്ന ആയിരങ്ങൾക്കായി പതിത പാവന ക്ഷേത്രം നിർമ്മിക്കുകയും അവിടെ ഒരു തോട്ടിയെ പൂജാരിയാക്കി വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. ഹരിജങ്ങളെയും സവർണ്ണ ജാതിക്കാരെയും ഒരുമിച്ചിരുത്തി അനേകം പന്തിഭോജനങ്ങളും അദ്ദേഹം സംഘടിപ്പിച്ചിരുന്നു.
1937 ൽ ഹിന്ദു മഹാസഭയുടെ പ്രസിഡന്റാകുകയും അതിലൂടെ രാഷ്ട്ര സേവന ദൗത്യം തുടരുകയും ചെയ്തു. 1948 ലെ ഗാന്ധിവധത്തിൽ സവർക്കറെ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റു ചെയ്തു ജയിലിലാക്കി. എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയാണുണ്ടായത്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലും സാമൂഹ്യ സാഹിത്യ മേഖലകളിലും സൂര്യ തേജസ്സോടെ പ്രശോഭിച്ചിരുന്ന ആ സുവർണ്ണ നക്ഷത്രം 1966 ഫെബ്രുവരി 26 ന് മുംബയിൽ വെച്ച് പൊലിഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി രാജ്യത്തെ ഏറ്റവുംവലിയ സിവിലിയൻ ബഹുമതിയായ ഭാരത രത്‌നം സ്വന്തമായി എഴുതി എടുത്തപ്പോളും അംഗീകാരത്തിന്റെ ഒരു പരിധിയിലും സവർക്കറെ ഉൾപ്പെടുത്തിയില്ല. ഇന്ദിര ഗാന്ധി സവർക്കറുടെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കിയും 2002ൽ ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ തലസ്ഥാനത്തുള്ള പോർട്ട് ബ്ലയർ വിമാനത്താവളത്തിനു സവർക്കറുടെ പേര് നൽകിയും 2003 ൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അദ്ദേഹത്തിന്റെ ചിത്രം അനാച്ഛാദനം ചെയ്തും സവർക്കറെ സർക്കാരുകൾ ആദരിച്ചെങ്കിലും ഇന്ത്യൻ ജനത ഒന്നാകെ ആദരപൂർവ്വം അദ്ദേഹത്തിന് നൽകിയ വീർ സവർക്കർ എന്ന ബഹുമതി എല്ലാറ്റിനേക്കാളും മുകളിൽ പ്രശോഭിക്കുന്നു. വീരസവർക്കാർക്കു സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് ഉപസംഹരിക്കുന്നു.