
തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അമിതാഹ്ലാദത്തില്‍ യു.ഡി.എഫിലേയ്ക്ക് കേരളാ കോണ്‍ഗ്രസ് എമ്മിനെ ക്ഷണിച്ചവര്‍ക്ക് കൃത്യമായ മറുപടിയുമായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്തുവന്നു. കുറച്ചുകാലമായി മാണി ഗ്രൂപ്പിനെ ഒളിഞ്ഞും തെളിഞ്ഞും പഴയ തട്ടകത്തിലേയ്ക്ക് യു.ഡി.എഫ് നേതാക്കള്‍ സ്വാഗതം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ വലിയ ആത്മാര്‍ത്ഥതയോടെ രോസ് കെ മാണിയെയും കൂട്ടരെയും ക്ഷണിക്കുകയുണ്ടായി. യു.ഡി.എഫ് വിപുലീകരിക്കേണ്ടതുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞിരുന്നു. വരുന്ന 22-ന് മുന്നണി വീപൂലീകരണം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് വിളിച്ചിട്ടുണ്ട്.
എന്നാല്‍ യു.ഡി.എഫിലേയ്ക്ക് ഇല്ലെന്ന പാര്‍ട്ടി നിലപാട് ജോസ് കെ മാണി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഇന്ന് നെഴിപ്പെടുത്തി. ''കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരും. പാലായിലടക്കം മധ്യകേരളത്തില്‍ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ല. ആരും വെള്ളം കോരാന്‍ വരണ്ട. വീമ്പടിക്കുന്ന തൊടുപുഴയില്‍ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണ്. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്. സംഘടനാപരമായി കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്...'' ജോസ് കെ മാണി പറഞ്ഞു. മാണി ഗ്രൂപ്പ് എല്‍.ഡി.എഫില്‍ എത്തിയതിന് ശേഷമുളള രണ്ടാമത്തെ തദ്ദേശ തിരഞ്ഞെടുപ്പായിരുന്നു ഇപ്രാവശ്യത്തേത്.
''ഈ തിരഞ്ഞെടുപ്പില്‍ പാലായും രണ്ടില കരിഞ്ഞുപോയി എന്നൊക്കെയുമായിരുന്നല്ലോ സംസാരം. എന്നാല്‍ തിരഞ്ഞെടുപ്പ് കണക്കുകള്‍ എടുത്ത് പരിശോധിച്ച് നോക്കുക. കഴിഞ്ഞ പ്രാവശ്യം 10 സീറ്റുകളിലാണ് രണ്ടില ചിഹ്നത്തില്‍ വിജയിച്ചത്. ഈ പ്രാവശ്യവും 10 സീറ്റുകളില്‍ രണ്ടില ചിഹ്നത്തില്‍ വിജയിച്ചു. സിംഗിള്‍ മെജോറിറ്റി ഉള്ള പാര്‍ട്ടി കേരള കോണ്‍ഗ്രസ് (എം) തന്നെയാണ്. പാല നിയമസഭ മണ്ഡലത്തില്‍ 2198 വോട്ടിന്റെ ലീഡ് എല്‍.ഡി.എഫിനുണ്ട്. എന്നാല്‍ വീമ്പടിക്കുന്ന തൊടുപുഴയിലെ മുനിസിപ്പാലിറ്റിയില്‍ 38 വാര്‍ഡുകളുണ്ട്. ഇതില്‍ ജോസഫ് ഗ്രൂപ്പ് വിജയിച്ചത് രണ്ടിടത്തു മാത്രമാണ്. തൊടുപുഴ മുനിസിപ്പാലിറ്റി രൂപീകരിച്ചശേഷം ഇതുവരെ ഒരു പ്രാവശ്യം പോലും ജോസഫ് ഗ്രൂപ്പ് ചെയര്‍മാനായി വന്നിട്ടില്ല. അതേസമയം പാലായില്‍ മൂന്നു തവണ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ഇരുന്നിട്ടുണ്ട്...'' ജോസ് കെ മാണി വ്യക്തമാക്കുന്നു.
ഇടതു മുന്നണിയിലേക്ക് കേരള കോണ്‍ഗ്രസ് എം വന്നതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വലിയ വിജയമുണ്ടായി. കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യവും അടിത്തറയും യു.ഡി.എഫ് നേതാക്കള്‍ക്ക് അപ്പോഴാണ് ബോധ്യപ്പെട്ടത്. അതിനുശേഷം പലതവണയായി കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കള്‍ കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് ക്ഷണിക്കാറുണ്ടെന്നും, ഇപ്പോഴത്തെ ചര്‍ച്ചകള്‍ അതിന്റെ തുടര്‍ച്ച മാത്രമാണെന്നും കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി വിടുമെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പക്ഷേ, ഇടത് മുന്നണി വിടേണ്ട രാഷ്ട്രീയ സാഹചര്യം നിലവില്‍ ഇല്ലെന്നാണ് എല്‍.ഡി.എഫ് യോഗത്തിന് ശേഷമുള്ള ജോസ് കെ മാണിയുടെ പ്രതികരണം. കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി യു.ഡി.എഫ്. വാതില്‍ തുറന്നിട്ടിരിക്കുകയാണ്. നാല് മാസത്തിനുള്ളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് എപ്പോള്‍ വന്നാലും ഇരുകൈനീട്ടി സ്വീകരിക്കാമെന്ന് നേതാക്കള്‍ ജോസ് കെ മാണിയെ അറിയിക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് തോല്‍വി കനത്ത തിരിച്ചടി അല്ലെന്ന് വിലയിരുന്നുന്ന കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് ഇല്ലെന്ന തീരുമാനത്തിലാണിപ്പോള്‍. അഞ്ച് കൊല്ലം മുമ്പ് യു.ഡി.എഫ് അപമാനിച്ച് ഇറക്കി വിട്ടതാണെണെന്ന് പാര്‍ട്ടി നേതൃത്വം ഓര്‍മ്മപ്പെടുത്തുന്നു. കോണ്‍ഗ്രസും മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത് ജോസഫ് വിഭാഗത്തിന് അത്ര രസിക്കുന്നില്ലെന്ന് മാത്രമല്ല അവര്‍ക്ക് കടുത്ത പ്രതിഷേധവുമുണ്ട്. രണ്ടില കൊഴിയുകയും കരിയുകയും ചെയ്യുമ്പോള്‍ വെളളം ഒഴിച്ചുകൊടുക്കുന്ന ജോലി യു.ഡി.എഫ് ഏറ്റെടുക്കേണ്ടതില്ല. ജോസ് കെ മാണിയുടെ പുറകെ നടന്ന് വരുന്നുണ്ടോ വരുന്നുണ്ടോയെന്ന് ചോദിക്കേണ്ട എന്താവശ്യമാണ് യു.ഡി.എഫിനുളളതെന്ന് കേരള കോണ്‍ഗ്രസ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് ചോദിക്കുന്നു. ശക്തി ക്ഷയിച്ച കേരള കോണ്‍ഗ്രസ് എമ്മിനെ വേണ്ടെന്നാണ് പി.ജെ ജോസഫിന്റെ അഭിപ്രായം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളായ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കേരള കോണ്‍ഗ്രസ് എമ്മിന് കനത്ത തിരിച്ചടിയുണ്ടായി എന്നത് വാസ്തവമാണ്. ജോസ് കെ മാണിയുടെ സ്വന്തം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയും ചെയ്തു. കോട്ടയം ജില്ലയില്‍ മാത്രം 461 സീറ്റുകളില്‍ മല്‍സരിച്ച കേരള കോണ്‍ഗ്രസ് എമ്മിന് മിക്കയിടത്തും കാലിടറി. കോട്ടയം ജില്ലാ പഞ്ചായത്തും കൈവിട്ടു. പാലാ നഗരസഭ ഭരണം പിടിക്കാനും കഴിഞ്ഞില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കി മണ്ഡലത്തില്‍ ഉള്‍പ്പെടെ വലിയ ലീഡാണ് യു.ഡി.എഫ് സ്വന്തമാക്കിയത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ട് യു.ഡി.എഫിന് ലഭിച്ചെന്ന ആരോപണം നിലനില്‍ക്കേ ഇക്കുറി ജില്ലാ പഞ്ചായത്തില്‍ നാലിടങ്ങളില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) നാലിലും പരാജയപ്പെട്ടു.
ശക്തികേന്ദ്രമായ കട്ടപ്പന നഗരസഭയില്‍ 12 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ജയിക്കാനായത് 4 ഇടത്ത് മാത്രമാണ്. ഇതോടെ കട്ടപ്പന നഗരസഭയില്‍ ഭരണമാറ്റമെന്ന സ്വപ്നം പൊലിയുകയായിരുന്നു. കുടിയേറ്റ കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പുണ്ടായിരുന്നു. ചിലയിടങ്ങളില്‍ സി.പി.ഐയേക്കാളും പരിഗണന നല്‍കിയാണ് സി.പി.എം കേരള കോണ്‍ഗ്രസ് എമ്മിനെ ചേര്‍ത്തു നിര്‍ത്തിയത്. സംസ്ഥാമൊട്ടാകെ 1200-ലധികം സീറ്റുകളില്‍ മല്‍സരിച്ചിട്ടും നേട്ടമുണ്ടായില്ല. എന്നാല്‍ ജോസഫ് പക്ഷം പലയിടത്തും നേട്ടമുണ്ടാക്കി.
മാണി ഗ്രൂപ്പ് ഇടതു മുന്നണിയിലേയ്ക്ക് ചേക്കേറാനുള്ള സാഹചര്യമൊരുങ്ങിയത് 2016-ലാണ്. 2016 ഓഗസ്റ്റ് 7-ന് ബാര്‍ കോഴ വിവാദത്തില്‍ പാര്‍ട്ടിയുടെ പ്രതിഛായ നഷ്ടമായതിനെ തുടര്‍ന്ന് മാണി വിഭാഗം യു.ഡി.എഫ് വിട്ടു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയ്ക്ക് പിന്തുണ അറിയിച്ചു. 2018 ജൂണ്‍ 8-ന് ഒഴിവ് വന്ന രാജ്യസഭ സീറ്റ് മാണി ഗ്രൂപ്പിന് നല്‍കാന്‍ യു.ഡി.എഫില്‍ ധാരണ ആയതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് (എം) വീണ്ടും യു.ഡി.എഫില്‍ ചേര്‍ന്നു. 2019-ല്‍ നടന്ന പാല ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ പിന്തുണയോടെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പരാജയം. 2020 ജൂണ്‍ 20-ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്തതിനെ തുടര്‍ന്ന് ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി. 2020 ഒക്ടോബര്‍ 14-ന് കേരളാ കോണ്‍ഗ്രസ് (എം) ഇടതു മുന്നണിയില്‍ ചേര്‍ന്നു.