Image

ഓര്‍മ്മയുടെ വാടാമലരുകള്‍ (അനുഭവം: ജോണ്‍ വേറ്റം)

Published on 16 December, 2025
ഓര്‍മ്മയുടെ വാടാമലരുകള്‍ (അനുഭവം: ജോണ്‍ വേറ്റം)

നാല്പത്‌ വര്‍ഷം പിന്നിടുന്ന ജറുസലേം യാത്രയുടെ ആത്മസ്പന്ദനങ്ങള്‍ മുഴങ്ങുന്ന ഈ സമയത്ത്, ആത്മീയവും ഭൗതികവുമായ യാഥാര്‍ത്ഥൃങ്ങളെ കാണിച്ചുതന്ന, അപൂര്‍വമായ അനുഭവങ്ങളോട് കെട്ടടങ്ങാത്ത കടപ്പാട്!    

1985 ഡിസംബര്‍ മാസം പതിനെട്ടാം തീയതി ഞാന്‍ ജറുസലേമില്‍ എത്തി. ആ സമയത്ത്, ഓള്‍ഡ് സിറ്റി, ന്യു സിറ്റി എന്ന് രണ്ട് ഭാഗങ്ങള്‍ ജറുസലേമില്‍ ഉണ്ടായിരുന്നു. “സെന്‍റ് മാര്‍ക്ക് സിറിയക്ക് ഓര്‍ത്തഡോക്‍സ്‌ മോണസ്റ്ററി” ഓള്‍ഡ് സിറ്റിയില്‍ ആയിരുന്നു. അത്, ജറുസലേം യോര്‍ദ്ദാന്‍ ഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഡയനേഷ്യസ് ബഹനാം യാക്കുബ് ജജ്ജാവിയുടെ ആസ്ഥാനം കൂടിയായിരുന്നു. യേശുക്രിസ്തു, തന്‍റെ ശിഷ്യന്മാരുമൊത്ത്, അവസാന അത്താഴം കഴിച്ച സെഹിയോന്‍ മാളിക, ഈ മോണസ്റ്ററിയുടെ താഴത്തെ നിലയിലാണ്. 

യേശുവും ശിഷ്യന്മാരും അന്തിമ അത്താഴം കഴിച്ച സ്ഥാനത്ത് നിര്‍മ്മിച്ച മദ്ബഹായില്‍. ജറുസലേം ഭദ്രാസന മെത്രാപ്പോലീത്തയോടൊപ്പം.

അരമനയോടു ചേര്‍ന്നു നിന്ന ഒരു പഴയ അതിഥിമന്ദിരത്തിലായിരുന്നു എന്‍റെ താമസം. അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന, ആര്‍ച്ച് ബ്ഷപ്പ് മാര്‍ അത്താനാസിയോസ് യേശു ശമുവേലിന്‍റെ കത്ത്, അവിടെ താമസിക്കുന്നതിനു സഹായിച്ചു. എന്നെ പുണ്യ സ്ഥലങ്ങള്‍ കാണിക്കുന്നതിന് മാര്‍ ഡയനേഷ്യസ്, ‘സമീര്‍’ ‘സുഹില്‍’ എന്നീ രണ്ട് പേരെ ചുമതലപ്പെടുത്തി. സാധാരണക്കാര്‍ക്ക് പ്രവേശിക്കുവാന്‍ അനുവാദമില്ലാത്ത സ്ഥലങ്ങളില്‍ മെത്രാപ്പോലീത്ത എന്നെ കൊണ്ടുപോയി വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ചു.. 

യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ കബറിനു മുന്നില്‍, നിക്കോദെമോസിന്‍റെ   കബറിന്‍റെ പാര്‍ശ്വഭാഗത്ത്.
    
മോണസ്റ്ററിയില്‍ നിന്നും നടന്നെത്താവുന്ന ദൂരത്താണ് സുപ്രസിദ്ധമായ “ഹോളി സപ്പുള്‍ക്കര്‍” ദൈവാലയം. അതിന്‍റെ അകത്തും പുറത്തുമായി, മുപ്പതോളം  സന്ദര്‍ശകസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. വിവിധ സഭകളുടെ ചാപ്പലുകളും, ക്രിസ്തു  ക്രൂശിക്കപ്പെട്ട സ്ഥാനത്തു പണിത അള്‍ത്താരയും, ക്രിസ്തുവിന്‍റെ കബറിടവും, തൈലാഭിഷേകത്തിന് ഉപയോഗിച്ച കല്പലകകളും, ആദാമിന്‍റെ കബറും അതില്‍ ഉള്‍പ്പെടുന്നു. യേശുവിന്‍റെ പുതിയ കബറിടത്തിലാണ്, ഇപ്പോള്‍ സന്ദര്‍ശകര്‍ എത്തുന്നത്‌. എന്നാല്‍, ക്രിസ്തുവിന്‍റെ ശരീരം അടക്കംചെയ്ത യഥാര്‍ത്ഥ കബറിടം, പുതിയ കബറിടത്തില്‍ നിന്നും നാല്പത് അടി അകലെയാണ്. അവിടെ, ഇടത്തും വലത്തുമായി, പാറ തുരന്നുണ്ടാക്കിയ രണ്ട് അറകള്‍. അവയില്‍ ഒന്നില്‍ യേശുവിനെയും, മറ്റേതില്‍ നിക്കോദേമോസ് എന്ന് പേരുള്ള യഹൂദനെയും അടക്കം ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്നു. അടയ്ക്കപ്പെടാതെ തുറന്നുകിടന്ന, പ്രസ്തുത അറകളിലെത്താന്‍, വലിച്ചുകെട്ടിയിരുന്ന വടത്തില്‍ പിടിച്ചുനടക്കണമായിരുന്നു. അങ്ങനെ, അവിടെയെത്താന്‍ പ്രയാസമുള്ളതിനാല്‍, സന്ദര്‍ശകര്‍ക്കുവേണ്ടി പുതിയ കബറിടം പണിഞ്ഞതാണ്. യഥാര്‍ത്ഥ കബറിനും പുതിയ കബറിനും ഇടയിലുള്ള സ്ഥലം, ആരുടെ അവകാശത്തിലാണെന്ന്, അപ്പോഴും നിശ്ഛയിക്കപ്പെട്ടിരുന്നില്ല. അതിനാല്‍, അവകാശമുന്നയിച്ച അര്‍മീനിയന്‍സഭയും സുറിയാനി സഭയും, അവിടെ ഒരു മേശമേല്‍ തവണയനുസരിച്ച്‌, കുര്‍ബാന അര്‍പ്പിക്കുമായിരുന്നു.      

യേശുക്രിസ്തുവിന്‍റെ പുതിയ കബറിങ്കല്‍.

ഗെത്ത്ശെമന തോട്ടവും, ക്രിസ്തുവിന്‍റെ അമ്മ മറിയാമിന്‍റെ കബറിടവും, ഒരു റോഡിന്‍റെ(ദു:ഖത്തിന്‍റെ വഴി) ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്നു. റോഡില്‍നിന്നും ഏകദേശം നൂറ് അടി അകലെ, അമ്പത് അടി താഴ്ചയിലാണ് കബറിടം. അവിടെ  എത്താന്‍ പടികള്‍ ഉണ്ട്. കന്യക മറിയമിന്‍റെ കബറിടത്തിനു മുകളില്‍ അര്‍മീനിയന്‍ സഭയുടെ പ്രധാന ത്രോണോസ്. മറ്റ് സഭകളുടെ ത്രോണോസുകളും അതേ പള്ളിയില്‍ ഉണ്ട്. പലപ്പോഴും, ഈ ത്രോണോസുകളില്‍ ഒരേസമയത്ത് കുര്‍ബാന നടത്തും. യേശുവിന്‍റെ അമ്മ മറിയത്തിന്‍റ കബറിടം, കണ്ണാടികൊണ്ട് ആവരണം ചെയ്തിട്ടുണ്ട്.  കുര്‍ബാന അര്‍പ്പിക്കുന്നവര്‍, അതിന്‍റെ മുമ്പിലൂടെ, ധൂപം കാട്ടി കടന്നുപോകും. 
സെന്‍റെ് മാര്‍ക്ക് മോണസ്റ്ററിയില്‍ ഉള്ളവര്‍, ആചാരപ്രകാരം ആരാധനക്കുവരും. അവര്‍, കബറിടത്തിലേക്കു നീളുന്ന കല്പ്പടവുകള്‍ക്കകലെ വന്നു നില്‍ക്കും. തുടര്‍ന്ന്‍ മൂന്ന് നിരകളിലായി മുന്നോട്ട് പോകും. മുന്നിലുള്ള രണ്ട് പേര്‍, ആചാരപ്രകാരം    ഉപയോഗിക്കുന്ന വടി തറയില്‍ ഇടിച്ചു ശബ്ദമുണ്ടാക്കി നടക്കും. യേശുവിന്‍റെ അമ്മ മറിയാമിന്‍റെ കബറിന്നരികെയുള്ള, സുറിയാനി സഭയുടെ ത്രോണോസില്‍, ജറുസലേം   മെത്രാപ്പോലീത്ത കുര്‍ബാന അര്‍പ്പിക്കും. 

യേശുക്രിസ്തുവിന്‍റെ അമ്മ മറിയമിന്‍റെ കബറിടത്തിനു മുന്നില്‍.
 
ദാവീദ് രാജാവിന്‍റേതായിരുന്ന പട്ടണത്തില്‍നിന്നു നടന്നെത്താവുന്ന ദൂരത്താണ് ഗത്ത്ശമന തോട്ടം. വേലികെട്ടി പ്രവേശനം നിയന്ത്രിച്ചിരുന്ന പ്രസ്തുത തോട്ടത്തില്‍, അനുസ്യൂതം ഒഴുകുന്ന ഇളങ്കാറ്റ്. സുഖദമായ ശാന്തത. പഴക്കമേറിയ ഒലിവ്മരങ്ങള്‍. അവയില്‍ ഒന്നിന്‍റെ ചുവട്ടിലിരുന്ന് യേശു പ്രാര്‍ത്ഥിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. യേശു ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ കിടന്നുറങ്ങിയ സ്ഥാനത്ത് പണിത ചാപ്പലില്‍ ഞാനും പ്രവേശിച്ചു. ഒലിവ് മരങ്ങളില്‍ ചാരിനിന്നു.   


ഗെത്ശെമന തോട്ടത്തില്‍. ജറുസലേം ഭദ്രാസന മെത്രാപ്പോലീത്തയോടൊപ്പം.

മാര്‍ത്താ, മറിയ എന്നീ സഹോദരികളുടെ ഗ്രാമം “ബേഥാന്യ,” ജറുസലെമില്‍ നിന്നും രണ്ടില്‍പരം മൈലുകള്‍ക്കകലെയാണ്. അവിടെയുള്ള അതിപുരാതന സന്ദര്‍ശക സ്ഥാനം ലാസറിന്‍റെ കബറിടമാണ്. അത് കാണുവാന്‍ ഞാനും മെത്രാപ്പോലീത്തയും പോയി. ഏകദേശം, മുപ്പത് അടി താഴ്ചയിലാണ് കബറിടം. ഇടുങ്ങിയ വാതിലിലൂടെ, ഇരുപത്തിയഞ്ച് ചവിട്ടുപടികള്‍ കടന്ന്, താഴെയുള്ള ചെറിയ മുറിയില്‍ എത്താം. അവിടെയാണ് ലാസറിന്‍റെ കല്ലറ. ദീപങ്ങളും, അലങ്കാരങ്ങളും ഇല്ലാത്തൊരു മുറി. ഭിത്തിയില്‍ ഒരു ബോര്‍ഡ്മാത്രം. ലാസറിന്‍റെ ശവകുടീരം എന്ന അറിയിപ്പ്.    

ലാസറുടെ കബറിടത്തിങ്കല്‍ ജറുസലേം ഭദ്രാസനമെത്രാപ്പോലീത്തയോടൊപ്പം.

ഡിസംബാര്‍ മാസം ഇരുപത്തിയൊന്നാം തീയതി, മെത്രാച്ചനും അദ്ദേഹത്തിന്‍റെ രണ്ട് സുഹൃത്തുക്കളും, ഞാനും, ഡ്രൈവര്‍ സുഹിലും നസറത്തിലേക്ക് പോയി. ‘ഷക്കിം’ ‘ജര്‍സിം’ മലകളുടെ താഴ്വരയിലൂടെയായിരുന്നു യാത്ര. ഒലിവ് മരക്കൂട്ടങ്ങളും, കൃഷിത്തോട്ടങ്ങളും, കൂറ്റന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ മലഞ്ചരിവുകളും നല്ല കാഴ്ച്ച കളായിരുന്നു. ജറുസലേമില്‍ നിന്നും അന്‍പത്തിയെട്ട് കിലോമീറ്റര്‍ അകലെയുള്ള, ‘നബിളോസ്’ എന്ന ഗ്രാമത്തില്‍ എത്തിയപ്പോള്‍, റോഡരുകില്‍ കാര്‍ നിര്‍ത്തി. ഞങ്ങള്‍, എതിര്‍വശത്തുള്ള യാക്കോബിന്‍റെ കിണറ്റിങ്കല്‍ (ബൈബിള്‍ ഉല്‍പത്തി 26:32-33). ചെന്നു. അപ്പോള്‍, കിണര്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ സ്വന്തമായിരുന്നു. കിണറിന് ഒരുനൂറ്റി ഇരുപതടി താഴ്ച. ഉപരിഭാഗത്തിന്‍റെ അര്‍ദ്ധവ്യാസം പതിനെട്ട് ഇഞ്ച്. അതുകൊണ്ട്, ചെറിയ തൊട്ടിയില്‍ വെള്ളം കോരിയെടുത്തു കുടിച്ചു.

യോര്‍ദ്ദാന്‍ നദിയില്‍ ,യേശു സ്നാനം സ്വീകരിച്ച സ്ഥാനത്ത് നിര്‍ത്തി ജറുസലേം ഭദ്രാസന മെത്രാപ്പോലീത്ത എന്‍റെ തലമേല്‍ വെള്ളം ഒഴിച്ച്  ആശീര്‍വാദിക്കുന്നു.
          
ഞങ്ങള്‍ യാത്ര തുടര്‍ന്നു. നബിളോസില്‍ നിന്നും അറുപത്‌ കിലോമീറ്റര്‍ അകലെയു ള്ള “കബഥ” ഗ്രാമത്തിലെത്തി. ഇസ്രായേല്‍ നടത്തിയ യുദ്ധങ്ങളില്‍ മരിച്ച കുറെ  പട്ടാളക്കാരുടെ സ്മാരകങ്ങള്‍ അവിടെ കാണാമായിരുന്നു. “അഫില” എന്ന ഗ്രാമം  പിന്നിട്ട്, മലമുകളിലുള്ള നസറെത്ത് പട്ടണത്തില്‍ എത്തി. ക്രിസ്തുവിന്‍റെ അമ്മ തന്‍റെ മാതാപിതാക്കളോടൊത്തു വസിച്ച സ്ഥാനത്ത്, സുന്ദരമായി പണിതുയര്‍ത്തിയ   “അനണ്‍ഷിയേഷന്‍ ദൈവാലയം” സന്ദര്‍ശിച്ചു. കന്യകമറിയം വെള്ളം കോരിയ ചെറിയ കിണറും, സുപ്രധാന കാഴ്ചകളും കണ്ടശേഷം, മടക്കയാത്ര ആരംഭിച്ചു.. 

ചാവുകടലിന്‍റെ കരയില്‍. ജറുസലേം ഭദ്രാസന മെത്രാപ്പോലീത്തയോടൊപ്പം.

തെബര്യാസിലേക്കുള്ള റോഡിലൂടെയാണ് സഞ്ചരിച്ചത്‌. കാനാവില്‍ എത്തി. യേശു വെള്ളത്തെ വിഞ്ഞാക്കിയ സ്ഥാനത്ത് നിര്‍മ്മിച്ച സെന്‍റെ് ജോര്‍ജു് ഗ്രീക്ക്‌ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ പ്രവേശിച്ചു. യേശു തന്‍റെ അമാനുക്ഷിക ശക്തിയാല്‍ വെള്ളം വീഞ്ഞാക്കി വച്ച, രണ്ട് വലിയപാത്രങ്ങള്‍ സന്ദര്‍ശക മുറിയുടെ  ഭിത്തിയോട് ചേര്‍ത്തു സൂക്ഷിച്ചിരുന്നു. ഇവിടെ വാഴ്ത്തുന്ന വീഞ്ഞ് വിശ്വാസികള്‍ വാങ്ങുന്നു. അവിടെനിന്നും ഞങ്ങള്‍ ‘ഗലീല’യിലേക്ക് പോയി. വഴിയരികില്‍ നിന്നു നോക്കിയാല്‍, അകലെ വളഞ്ഞുകിടക്കുന്ന ഗലീലാക്കടലും, ഈന്തപ്പന, ഓറഞ്ച്, പൈന്‍. വാഴ എന്നിവ കൃഷി ചെയ്യുന്ന തീരപ്രദേശവും കാണാമായിരുന്നു. ആ ഘട്ടത്തില്‍, ഗലീലക്കടല്‍ത്തീരം വിനോദസഞ്ചാരികളുടെ സന്ദര്‍ശനകേന്ദ്രമായി മാറിയിരുന്നു. യേശു, അഞ്ച് യവത്തപ്പവും രണ്ട് മീനും വാഴ്ത്തി വര്‍ദ്ധിപ്പിച്ചു, അയ്യായിരത്തോളം പേരെ തീറ്റി തൃപ്തരാക്കിയ സ്ഥാനത്ത് നിര്‍മ്മിച്ച ദൈവാലയം സന്ദര്‍ശിച്ചു. “മൗണ്ട് ഓഫ് ദി ബിയറ്റിറ്റൃൂട്” (അനുഗ്രഹത്തിന്‍റെ മല) എന്ന് അറിയപ്പെടുന്ന സ്ഥലത്ത്, ക്രിസ്തു ഗിരിപ്രഭാഷണം നടത്തിയ സ്ഥാനത്തു പണിത “ചര്‍ച്ച് ഓഫ് ദി ബിയാറ്റിറ്റൃൂട്” എന്ന ദൈവാലയത്തിലും കടന്നു ചെന്നു. അതിനു ശേഷം, ഗലീലക്കടലിനോട് ചേര്‍ന്നു നില്‍ക്കുന്ന റോണ്‍ ബീച്ച് ഹോട്ടലില്‍ ഭക്ഷണം കഴിച്ചു. “പീറ്റര്‍ ഫിഷ്‌” എന്ന് പേരുള്ള വറുത്ത മീനായിരുന്നു പ്രധാന ഇനം.  

ബെത്ലഹെമിലെ വെള്ളിനക്ഷത്രത്തിനു മുന്നില്‍.

യോര്‍ദ്ദാന്‍ നദി ഗലീലക്കടലില്‍ വീഴുന്ന സ്ഥലത്തിന് അടുത്താണ് യേശു സ്നാനം സ്വീകരിച്ച ഇടം. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തുന്ന   ആ ഭാഗത്ത്, യോര്‍ദ്ദാന്‍ നദിയുടെ വീതി എഴുപത് അടി മാത്രമായിരുന്നു. യേശു സ്നാനമേറ്റ സ്ഥാനത്ത്, മെത്രാപ്പോലീത്ത എന്നെ നിറുത്തി. യോര്‍ദ്ദാന്‍ നദിയിലെ വെള്ളം എന്‍റെ തലയില്‍ ഒഴിച്ചു പ്രാര്‍ത്ഥിച്ചു! ആത്മീയാനന്ദം ലഭിച്ച അസുലഭ സന്ദര്‍ഭം. ഒരു അപ്രതീക്ഷിത അനുഭവം!  

ഞങ്ങള്‍ ചാവുകടലിന്‍റെ തീരത്തേക്ക് പോയി. വഴിയുടെ വശങ്ങളില്‍ വിശാലമായ കൃഷിഭുമി. പാറകള്‍ നിറഞ്ഞ കുന്നുകള്‍. മേച്ചില്‍പ്പുറങ്ങള്‍. മുന്തിരിത്തോട്ടങ്ങള്‍. ചില ഇടങ്ങളില്‍ മരുഭൂമി, ഗലീലയില്‍നിന്നും ആരംഭിക്കുന്ന യോര്‍ദ്ദാന്‍വാലി, ചാവുകടല്‍വരെയെത്തുന്നു. റോഡരുകില്‍ നീളുന്ന കമ്പിവേലി, ഇസ്രായേലിനേയും യോര്‍ദ്ദാന്‍ നദിയേയും തമ്മില്‍ വേര്‍തിരിയ്‌ക്കുന്നു. വേലിക്കരികെ യഹൂദപ്പട്ടാളം കാവല്‍നില്‍ക്കുന്നത് കണ്ടു. 

ബാഗ് പൈപ്പ് സംഗീത ഉപകരണം ഉപയോഗിക്കുന്നവരുടെ കൂടെ.

സ്ഥിരതാമസമില്ലാത്ത, മഡുവിയന്‍ വര്‍ഗ്ഗത്തിന്‍റെ കൂടാരങ്ങളും സമതലങ്ങളില്‍ ഉണ്ടായിരുന്നു. ഗുഹകളും പാറക്കെട്ടുകളുമുള്ള “ബാറ്റ്ഷാന്‍” മലനിരകള്‍, യോര്‍ദ്ദാന്‍വാലിയുടെ വശങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്നത് മനോഹര കാഴ്ചയായിരുന്നു. യരീഹോ പട്ടണം ആരംഭിക്കുന്ന സ്ഥലത്ത്, ജോഷ്വയു  ടെയും മോശയുടെയും സ്മരണകളെ ഉണര്‍ത്തുന്ന അതിപുരാതനമായ സ്മാരകങ്ങള്‍ കാണാമായിരുന്നു. അതിന് എതിരേ, ക്രിസ്തു പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട സ്ഥലത്ത് പണിത, “മോണസ്റ്ററി ഓഫ് ടെംറ്റേഷന്‍” ഉയര്‍ന്നു നില്‍ക്കുന്നതും കണ്ടു. ചാവുകടലിന്‍റെ തീരത്ത് ധാരാളം ഉപ്പളങ്ങള്‍. ചാവുകടലില്‍ പ്രവേശിക്കാതിരിക്കാന്‍  ക്രമപ്പെടുത്തിയ കമ്പിവേലിയില്‍ വൈദ്യുതി കടത്തിവിട്ടിരുന്നു. അതുകൊണ്ട്, അകലെ നിന്നു കടലിന്‍റെ ഭംഗി ആസ്വദിച്ചശേഷം, മെത്രാച്ചനും ഞാനും മടങ്ങി.  
     
എന്‍റെ ജറുസലേം യാത്രയുടെ പ്രധാന ഉദ്ദേശൃം സുപ്രസിദ്ധ “ഡെഡ് സീ സ്ക്രോള്‍” (ചാവുകടലിലെ ഗ്രന്ഥച്ചുരുളുകള്‍) കാണുകയെന്നതായിരുന്നു. അത് സുക്ഷിക്കപ്പെടുന്ന ഗ്രന്ഥാലയം (SHRINE OF  THE BOOK) എന്ന മ്യുസിയത്തില്‍ പോകാന്‍ ഞാന്‍ കാത്തിരുന്നു. മേത്രാച്ചന്‍റെ സഹായത്തോടെ, ഞാനും മ്യുസിയത്തില്‍ പ്രവേശിച്ചു. അതിന്‍റെ ഉള്ളിലുള്ള നല്ല ക്രമീകരണങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. സുറിയാനി സഭയിലെ മേല്പട്ടക്കാര്‍ ഉപയോഗിക്കുന്ന ഔദ്യോഗിക ശിരസ്ത്രം (കാവുക്) പോലെയാണ് മ്യുസിയത്തിന്‍റെ കാണപ്പെടുന്ന ബാഹ്യഭാഗം. ഒരു തുരങ്കം എന്നപോലെയാണ് ഉള്ളിലേക്ക് പോകുന്ന വഴി. അത് നീളുന്തോറും താഴ്ന്നു, വൃത്താകൃതിയിലുള്ള അടിത്തറയില്‍ എത്തുന്നു. തറയുടെ നടുവില്‍, വൃത്താകൃതിയിലുള്ളൊരു പീഠം. അതിന്‍റെ മദ്ധ്യഭാഗത്ത് കുത്തനെ സ്ഥാപിച്ച ഒരു സ്തംഭം. അതിന്മേല്‍ വീതിയുള്ള വളയം. അതിന്‍റെ പുറത്തു സ്ക്രോള്‍ ചുറ്റി വച്ചിരിക്കുന്നു. അത് യഥാര്‍ത്ഥ സ്ക്രോളിന്‍റെ പകര്‍പ്പാണ്. യഥാര്‍ത്ഥമായ സ്ക്രോള്‍, കാറ്റും വെളിച്ചവും ചൂടും തണുപ്പും ഏല്‍ക്കാതെ, സുരക്ഷിതമായി സുക്ഷിച്ചു വച്ചിട്ടുണ്ട്. മെത്രാപ്പോലീത്തയുടെ സ്വാധീനത്താല്‍, അതും കാണുവാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു.     

മോസ്ക് ഓഫ് ഒമാര്‍ മുസ്ലിം പള്ളിയിലെ ഇമാമിനോടും ജെറുസലേം ഭദ്രാസനമെത്രാപ്പോലീത്തായോടുമൊപ്പം.

യേശുക്രിസ്തുവിന്‍റെ ജനനത്തൊടെ ബേത്ലഹേം ക്രിസ്തുമതത്തിന്‍റെ ജന്മഭൂമിയായി. ബെത്ലഹേം എന്നത് അര്‍ത്ഥമാക്കുന്നത് “അപ്പത്തിന്‍റെ ഭവനം” എന്നാണു്.     “നീയോ, ബെത്ലഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളില്‍ ചെറുതായിരുന്നാലും യിസ്രായേലിന് അധിപനായിരിക്കേണ്ടവന്‍ എനിക്ക് നിന്നില്‍നിന്ന് ഉത്ഭവിച്ചു വരും.” എന്ന പ്രവചനവും (മീഖാ 5 : 2), “ഞാന്‍ ജീവന്‍റെ അപ്പമാകുന്നു; എന്‍റെ അടുക്കല്‍ വരുന്നവനു വിശക്കുകയില്ല; എന്നില്‍ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കുകയു മില്ല” എന്ന യേശുക്രിസ്തുവിന്‍റെ വാഗ്ദാനവും(യോഹന്നാന്‍ 6 :35) ബൈബിളിന്‍ പ്രകാരം ബെത്ലഹെമിനോട് ബന്ധപ്പെട്ടതാണ്.    
 
AD 326 ല്‍, റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റെന്‍റയിന്‍ ഒന്നാമനും, അദ്ദേഹത്തിന്‍റെ മാതാവ് “ഹെലന”യും ചേര്‍ന്ന്‌, യേശു ജനിച്ച ഗുഹയുടെ മുകളില്‍ ഒരു പള്ളി  പണിയിപ്പിച്ചു. പിന്നീട്, ആറാം നൂറ്റാണ്ടില്‍ ഉണ്ടായ ലഹളയില്‍ അത് നശിച്ചു. യേശു ജനിച്ച സ്ഥാനം മാത്രം സുരക്ഷിതമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍, കുരിശുയുദ്ധം മുഖേനെ, തുര്‍ക്കികളുടെ കയ്യില്‍നിന്നും ക്രിസ്ത്യാനികള്‍ പലസ്തീന്‍ പിടിച്ചെടുത്തു. യേശു ജനിച്ച സ്ഥാനത്ത് അവശേഷിച്ച പള്ളി പുതുക്കിപ്പണിതു. അതിന് ശേഷം, റോമന്‍ കത്തോലിക്കാസഭയിലെ ലാറ്റിന്‍ വിഭാഗവും, ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയും, അര്‍മീനിയന്‍ സഭയും ദൈവാലയത്തെ സംരക്ഷിച്ചു.  
“തിരുപ്പിറവി ഗുഹ” അഥവാ “ജനനപ്പള്ളി” എന്നറിയപ്പെടുന്ന നേറ്റിവിറ്റി ചര്‍ച്ചിന്‍റെ പ്രവേശനകവാടം (വിനയത്തിന്‍റെ വാതില്‍) ചെറുതാണ്. ചര്‍ച്ചിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം യേശു ജനിച്ച സ്ഥലം (Grotto of the Naivity ) ആണ്. അവിടെ യേശു ജനിച്ച സ്ഥാനം ഒരു വെള്ളിനക്ഷത്രം കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത്  “ബെത്ലഹെമിലെ നക്ഷത്രം” “പുല്‍ക്കൂട് നക്ഷത്ര ഗുഹ” എന്നും വിളിക്കപ്പെടുന്നു. 

ഒലീവ് മലയില്‍
                              
ബെത്ലഹേം ഇസ്രായേലിന് അധീനമായതോടെ, ആ പുണ്യഭൂമി, കൃഷിയിടങ്ങളും  കമ്പോളങ്ങളുമുള്ള സ്ഥലമാക്കി മാറ്റപ്പെട്ടു. എന്നിട്ടും, ക്രൈസ്തവലോകം കൗതുകത്തോടെ ആചരിക്കുന്ന ഒരു പരമ്പരാഗത ചടങ്ങ് അവിടെ തുടരുന്നുണ്ട്. ആണ്ടുതോറും, ആഡംമ്പരസമൃദ്ധിയില്‍, ഭക്തിയോടും സന്തോഷത്തോടും കു‌ടി, നടത്തപ്പെടുന്ന ക്രിസ്തുമസ് ആഘോഷം. അത്, എല്ലാ വര്‍ഷവും ഡിസംബര്‍ മാസം  ഇരുപത്തി നാലാം തീയതി ഉച്ചക്ക്, ബേത്ലഹേം പട്ടണത്തിലുള്ള ലാറ്റിന്‍ പത്രിയാര്‍ക്കിസിന്‍റെ ആസ്ഥാനത്തുനിന്ന് ഘോഷയാത്രയോടെ ആരംഭിക്കും. വെളുത്ത കുതിരകളുടെ പുറത്ത് ഇരുന്നു സവരിചെയ്യുന്ന പോലിസ് സംഘങ്ങളും, വാദ്യമേളങ്ങളോടുകൂടിയ ഗായകഗണങ്ങളും, വിദ്യാര്‍ത്ഥികളുടെ സ്കൗട്ടുകളും, ജനപ്രതിനിധികളും പങ്കെടുക്കുന്ന ഘോഷയാത്ര, നേറ്റിവിറ്റി ചര്‍ച്ചിന്‍റെ മുമ്പിലുള്ള മര്‍ജര്‍ സ്ക്വയറില്‍ എത്തും. വെളുത്തതും, ചുവന്നതും, സ്വര്‍ണ്ണനിറത്തിലുള്ളതും അലംകൃതവുമായ തൊപ്പികള്‍ ധരിച്ച പുരോഹിതന്മാരുടെ രണ്ട് നിരകളുടെ നടുവിലൂടെ, ലാറ്റിന്‍ പാത്രിയാര്‍ക്കിസ് ദൈവാലയത്തില്‍ പ്രവേശിക്കും. അപ്പോള്‍,  മര്‍ജര്‍ സ്ക്വയറില്‍ പല രാജ്യങ്ങളില്‍നിന്നും വന്ന ഗായകസംഘങ്ങള്‍ ക്രിസ്മസ്   ഗീതങ്ങള്‍ പാടിത്തുടങ്ങും. പാതിരാത്രിയാകുമ്പോള്‍, ദൈവാലയത്തിനുള്ളില്‍ ആരാധന ആരംഭിന്നതുവരെ, അത് തുടരും. റോമന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലായിരുന്നു പ്രസ്തുത ആഘോഷവും ആരാധനയും നടത്തപ്പെട്ടത്.             
1985 ല്‍, ജറുസലേം ഭദ്രാസന മെത്രാപ്പോലീത്തയുടെ ദൈവാലയങ്ങളിലെ അംഗങ്ങളും  ബേത്ലഹെമിലെ ക്രിസ്തുമസ് ആഘോത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി. നേറ്റിവിറ്റി ചര്‍ച്ചിന്‍റെ അയലത്തുള്ള സുറിയാനിപ്പള്ളിയിലായിരുന്നു അവരുടെ പരിശീലനം. അത് കാണാന്‍, എന്നെയും രണ്ട് സഹായികളോടൊപ്പം, മെത്രാപ്പോലിത്ത അയച്ചു. അപ്പോള്‍, സന്ധ്യാസമയമായിരുന്നു. പിറ്റേന്ന് നടക്കുന്ന ഘോഷയാത്രയില്‍ “ബാഗ്‌ പൈപ്പ്” (സഞ്ചിയും ഊത്തു കുഴലുകളുമുള്ള സംഗീത ഉപകരണം) ഉപയോഗിച്ചു  ഘോഷയാത്രയില്‍ പങ്ക് ചേരേണ്ട ഒരു കൂട്ടം കലാകാരന്മാരുടെ പരിശീലനം. പരിചയപ്പെടുത്തലും ഭക്ഷണവും കഴിഞ്ഞു മടങ്ങിപ്പോകാന്‍ തുടങ്ങിയപ്പോള്‍, ഞാന്‍ ഞെട്ടിപ്പോയി! എന്‍റെ “വാലറ്റ്” നഷ്ടപ്പെട്ടു. എങ്ങനെ, എപ്പോള്‍. എവിടെ നഷ്ടപ്പെട്ടു എന്ന് നിശ്ഛയമുണ്ടായില്ല. എന്നോടൊപ്പം വന്ന സഹായികളും, പള്ളിക്കാരും, പരിശീലനസ്ഥലത്തും, പരിസരത്തും, ഞങ്ങള്‍ സഞ്ചരിച്ച കാറിനുള്ളിലും പരിശോധി ച്ചിട്ടും വാലറ്റ് കിട്ടിയില്ല. വാലറ്റ് ഇല്ലാതെ, യഥാസമയം അമേരിക്കയിലേക്ക് മടങ്ങാന്‍ സാധിക്കുമായിരുന്നില്ല. ഡ്രൈവിംഗ് ലൈസെന്‍സ്, ക്രെഡിറ്റ്‌ കാര്‍ഡ്, അമേരിക്കന്‍ ഡോളര്‍ എന്നിവ വാലറ്റിലുണ്ടായിരുന്നു.     

ഒലിവ് മലയില്‍. ക്രിസ്തു സ്വര്‍ഗ്ഗാരോഹണംചെയ്ത സ്ഥാനത്തുള്ള പാറയില്‍ സ്പര്‍ശിക്കുന്നു,
                                 
നേറ്റിവിറ്റി ചര്‍ച്ചിന്‍റെയും, സംഗിത പരിശീലനം നടന്ന സുറിയാനിപ്പള്ളിയുടെയും  ഇടയില്‍, മര്‍ജര്‍ സ്ക്വയറിന്നടുത്ത്, ഉണ്ടായിരുന്ന പോലീസ്‌ സ്റ്റേഷനില്‍ വാലറ്റ്  നഷ്ടപ്പെട്ട വിവരം അറിയിക്കാനെത്തി. എങ്കിലും, എന്‍റെ താല്‍ക്കാലിക വിലാസം മെത്രാപ്പൊലീത്തയുടെ അരമനയിലെ അതിഥിമന്ദിരത്തിന്‍റേതായിരുന്നതിനാല്‍, അരമനക്കടുത്തുള്ള പോലീസ്‌ സ്റ്റേഷനില്‍ പരാതി കൊടുക്കണമെന്ന നിര്‍ദ്ദേശമാണ് ലഭിച്ചത്. അതനുസരിച്ചു, ഞങ്ങള്‍ യറുശലേമിലെ ഓള്‍ഡ് സിറ്റിയിലുള്ള പോലിസ് സ്റ്റേഷനില്‍ എത്തി. ഒരു വിനോദസഞ്ചാരിയുടെ പരാതിയെന്ന രീതിയില്‍ ഒരു കുറിപ്പെഴുതി വച്ചിട്ട്, വാലറ്റ് നഷ്ടപ്പെട്ട സ്ഥലത്തുള്ള പോലീസ്‌ സ്റ്റേഷനിലാണ് നടപടിയെടുക്കേണ്ടതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനാല്‍, വീണ്ടും ഞങ്ങള്‍ നേറ്റിവിറ്റി ചര്‍ച്ചിന്‍റെ അയലത്തുള്ള പോലീസ്‌ സ്റ്റേഷനില്‍ ചെന്നു. അപ്പോഴും, അവിടെ പരാതി സ്വീകരിച്ചില്ല. കു‌ടെ വന്നവര്‍ എന്ത് ചെയ്യണമെന്നറിയാതെ കൂടിയാലോചിച്ചുകൊണ്ട്, പോലിസ് സ്റ്റേഷന്‍റെ മുറ്റത്ത് നിന്നു. എന്‍റെ മനസ്സ് നന്നേ വേദനിച്ചു. ഞാന്‍ മര്‍ജര്‍ സ്ക്വയറിലേക്ക് നോക്കി, നിസ്സഹായനായി നിന്നു. എനിക്ക് തിരിച്ചുപോകാന്‍ “അടിയന്തിര യാത്രാസര്‍ട്ടിഫിക്കറ്റ്" കിട്ടുമോന്ന് സംശയിച്ചു. മുബൊരിക്കലും അനുഭവിക്കാഞ്ഞൊരു മാനസിക സമ്മര്‍ദ്ദം. വലിയ ഉത്കണ്ഠ. സഹായിച്ചവരെ വിഷമിപ്പിച്ചുവെന്ന ചിന്ത. അപമാനഭാരം.  

സമയം പാതിരാത്രിയോടടുത്തു. നിരാശരായി ഞങ്ങള്‍ മടങ്ങിപ്പോകാന്‍ തുടങ്ങി.  അപ്പോള്‍, പോലീസ്‌ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ എന്നെ വിളിച്ചു. ഞാന്‍ അയാളുടെ അടുത്തുചെന്നു. എന്‍റെ വാലറ്റ് കാണിച്ചു കൊണ്ട്, അയാള്‍ പറഞ്ഞു: “ഇത്  ഇപ്പോഴാണ് കിട്ടിയത്. ഒരു സ്ത്രി കൊണ്ടുവന്നു തന്നു. നിങ്ങളുടെ മുമ്പിലൂടെ യാണല്ലോ അവള്‍ നടന്നുപോയത്‌” ഞാന്‍ വാലറ്റ് വാങ്ങി തുറന്നുനോക്കി. അതില്‍ വച്ചിരുന്നത്‌ ഒന്നും സഷ്ടപ്പെട്ടില്ല. എന്‍റെ വാലറ്റ് പോലിസ്സ് സ്റ്റേഷനില്‍ ഏല്‍പിച്ച സ്ത്രിയോട് നന്ദി പറയാനും, പാരിതോഷികം കൊടുക്കാനും ഞാന്‍ ആഗ്രഹിച്ചു. പക്ഷേ, പോലീസും എന്‍റെ സഹായികളും അവിടെ തിരഞ്ഞിട്ടും ആ സ്ത്രീയെ കണ്ടില്ല. ഞങ്ങളുടെ അരികിലൂടെ നടന്നു ചെന്നു വാലറ്റ് കൊടുത്തിട്ട് ഞങ്ങളുടെ മുന്നിലൂടെ അവള്‍ തിരിച്ചുപോയെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ വീണ്ടും പറഞ്ഞു. അങ്ങനെ ഒരു സ്ത്രീ ഞങ്ങളുടെ അരികില്‍ വന്നതും പോയതും ഞങ്ങളില്‍ ആരും കണ്ടില്ല. എന്‍റെ കോട്ടിന്‍റെ പോക്കറ്റില്‍ ഭദ്രമായി സുക്ഷിച്ച വാലറ്റ് എങ്ങനെ കളഞ്ഞുവെന്നും, എങ്ങനെ സ്ത്രീക്ക് കിട്ടിയെന്നും, അവള്‍ ആരെന്നും അറിഞ്ഞില്ല. പിന്നീട്, അങ്ങനെ സംഭവിച്ചത് എന്തിനെന്ന് സ്വയം ചോദിച്ചിട്ടുണ്ട്.       
         
അര്‍മീനിയന്‍, കോപ്റ്റിക്ക്, സിറിയന്‍ സഭാ വിഭാഗങ്ങളുടെ ഒരു സംയുക്ത സമ്മേളനത്തില്‍ സംബന്ധിക്കുവാന്‍, മെത്രാപ്പോലീത്ത എന്നെയും കൊണ്ടുപോയി. സന്ധ്യക്ക്‌ ആരംഭിച്ച കൂടിവരവില്‍, ഏറെ കുടുംബങ്ങള്‍ പങ്കെടുത്തു. സഭകളുടെ സൗഹൃദസംഗമത്തിന്‍റെ ഗംഭീരമായ ചടങ്ങില്‍, പങ്കെടുത്തവരില്‍ അധികവും ധനികരും സഭാപ്രമാണികളുമായിരുന്നു. എന്നിട്ടും, വിഭാഗീയത പ്രകടമായില്ല. സഭകള്‍ തമ്മില്‍ സഹകരിക്കുന്നതിനും, ആവശ്യഘട്ടങ്ങളില്‍ ഒന്നിച്ചു ശക്തമായി  പ്രവര്‍ത്തിക്കാനും അത്തരം കൂടിക്കാഴച്ച സഹായിക്കുമെന്ന് അവര്‍ വിശ്വസിച്ചു.  

ജറുസലേം ഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഡയനേഷ്യസ് ബഹനാം  യാക്കൂബ് ജജ്ജാവിയോടൊപ്പം.

ആ ഘട്ടത്തില്‍, ജറുസലേമിലും യോര്‍ദ്ദാനിലും വസിച്ച ക്രിസ്തീയ കുടുംബങ്ങളുടെ എണ്ണം നാനൂറോളമായി കുറഞ്ഞെന്നും, യഹൂദരെ വര്‍ദ്ധിപ്പിക്കുന്നതിനു സര്‍ക്കാര്‍ സ്വീകരിച്ച നടപടിയാണ് കാരണമെന്നും മെത്രാച്ചന്‍ പറഞ്ഞു. എന്നാലും, യഹൂദ മതത്തില്‍ തുടര്‍ന്നുകൊണ്ടുതന്നെ, ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു വിഭാഗം “ഏവിയോണിക്ക് ആളുകള്‍” കൂടിവരാറുണ്ടെന്നും, എന്തുകൊണ്ട് അവര്‍ അങ്ങനെ   ചെയ്യുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജറുസലെമില്‍ കണ്ട മറ്റ് സ്ഥലങ്ങളെക്കുറിച്ച് വിസ്താരഭയത്താല്‍ വിവരിക്കുന്നില്ല. യറുശലേം മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് ഡയനേഷ്യസ് ബഹനാം ജജ്ജാവിയോട്  സംസാരിച്ചപ്പോഴും, അദ്ദേഹത്തോടൊപ്പം വിശുദ്ധ സ്ഥലങ്ങള്‍ സന്ദരശിച്ച സമയങ്ങളിലും എനിക്ക് ലഭിച്ചത്, പുതിയ അനുഭവങ്ങളും അറിവുകളുമായിരുന്നു. ബൈബിള്‍ സംബന്ധിച്ചുണ്ടായ എന്‍റെ സംശയങ്ങളെ അദ്ദേഹം പരിഹരിച്ചു. ഒരു വിദഗ്ധ ഗുരുവിനെപ്പോലെ പഠിപ്പിച്ചും, പിതാവിനെപ്പോലെ സ്നേഹിച്ചും,  കൂട്ടുകാരന്‍ എന്നപൊലെ കു‌ടെ സഞ്ചരിച്ചും, എന്‍റെ ജീവനില്‍ പറ്റിപ്പിടിച്ച മെത്രാപ്പോലീത്ത, ഏറെക്കാലം കഴിഞ്ഞ് സ്വര്‍ഗ്ഗയാത്ര ചെയ്തുവെങ്കിലും, ഇപ്പോഴും, ആ ആത്മീയപിതാവ്, മനസ്സിന്‍റെ സ്നേഹാദാരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു!    

നാല്‍പ്പതു വര്‍ഷം പിന്നിടുന്ന എന്‍റെ യറുശാലേം യാത്രയിലേക്ക് ഞാന്‍ തിരിഞ്ഞു  നോക്കുബോള്‍, എന്നെ ആത്മാര്‍ത്ഥമായി സഹായിച്ച കുറെ സഹൃദയരേയും, അനഘസ്മാരകങ്ങളായ്ത്തീര്‍ന്ന അനുഭവങ്ങളെയും, വീണ്ടും വരാത്ത മധുരവും    മനോഹരവുമായ സന്ദര്‍ഭങ്ങളെയും ഓര്‍ത്തുപോകുന്നു. വാലറ്റ് നഷ്ടപ്പെട്ടതിനാല്‍  മനസ്സ് വേദനിച്ചപ്പോള്‍, എന്നെ അത്ഭുതകരമായി സഹായിച്ചൊരു സ്ത്രീ അരികില്‍ വന്നുപോയിട്ടും, ഞങ്ങളില്‍ ആര്‍ക്കും അവളെ കാണാന്‍കഴിഞ്ഞില്ല. രാത്രിയായാല്‍ സ്ത്രീകള്‍ ഒറ്റയ്ക്കു യാത്ര ചെയ്യാത്തൊരു സ്ഥലത്ത്, അര്‍ദ്ധനിശയില്‍ ഏകായായ്  വന്നു, എന്‍റെ വാലറ്റ് പോലീസുകാരനെ ഏല്പിച്ചിട്ടുപോയ സ്ത്രീ ആരായിരുന്നു? നീതി നിര്‍വ്വഹിച്ച ആ ധന്യയെ, ഇനിയൊരിക്കലും കാണാന്‍ കഴിയില്ല. എന്നാലും, ഒരുനേരം കാണാന്‍, മായാത്ത നന്ദിയോടും മൃദുവായ വേദനയോടും കു‌ടി, ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോകുന്നു!

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-16 10:51:47
പഴ്സ് പോലീസിനെ ഏൽപ്പിച്ച 'സ്ത്രീ' ഇനി യേശുവിന്റെ അമ്മ എങ്ങാനും ആയിരുന്നുരിക്കാൻ സാധ്യത ഉണ്ടോ??. മറ്റൊരു ചോദ്യം ഞാൻ ശ്രീ വേറ്റത്തോട് ചോദിക്കട്ടേ.... ഇത്രയും തീവ്രമായും ഉള്ളിൽ തട്ടും വിധവും ആത്മാവിലും സത്യത്തിലും യേശുവിനെ വാസ്തവമായി ആരാധിക്കുന്ന, പെന്റെ കുസ്താ വിശ്വാസികൾ എന്തേ യേശു ജനിച്ചു , കളിച്ചു,ദിവ്യാത്ഭുതങ്ങൾ ചെയ്തു നടന്ന , യേശുവിന്റെ പുണ്യ പാദങ്ങൾ പതിഞ്ഞു എന്നു "പറയപ്പെടുന്ന" ഈ പുണ്യ നഗരം ഒരിക്കൽ പോലും സന്ദർശിക്കാത്തത്?? ശ്രീ വേറ്റത്തിനു എന്തു തോന്നുന്നു.?? ലോകത്തിലെ മനുഷ്യരായ മനുഷ്യർ മുഴുവനും ആത്മീയ tour പോകുന്ന ഈ പുണ്യ നഗരം അവർ എന്തേ വെറുക്കുന്നു.?? സ്വാഭാവീകമായി അവരല്ലേ ആദ്യം അവിടേക്കു പോകേണ്ടിയത്??? Rejice
കോരസൺ 2025-12-16 15:48:17
ഓർമ്മയുടെ വാടാമലരുകൾ സൗരഭ്യംതൂകി നിൽക്കുന്നു. ഹൃദ്യം, മനോഹരം.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-16 17:03:06
ശ്രീ.വേറ്റമേ, ഇങ്ങനെ അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ എഴുതി പരത്തരുതേ. യേശു കിടന്ന കട്ടിൽ, യേശു പുതച്ച പുതപ്പ്, യേശുവിന്റെ ലിങ്ങാഗ്ര ചർമ്മം, യേശുവിന്റെ നഖം, യേശുവിന്റെ ചെരുപ്പ് യേശുവിന്റെ cell ഫോൺ, എന്നൊക്കെ പറഞ്ഞ് ആ രാജ്യം ആത്മീയ ടൂറിസം വഴി വിശ്വാസികളെ പറ്റിച്ചു കാശ് ഉണ്ടാക്കുന്നു. മോൺസൺ മാവുങ്കലിനെ പോലെ. ഈ ഇസ്രായേൽ ട്രിപ്പ് പോയി കഴിഞ്ഞാൽ പിന്നെ അടുത്ത ഒരു പത്തു ഇരുപതു വർഷം ഈ പോയവർ എല്ലാം ബൈബിൾ കഥാപാത്രങ്ങളെ പോലെ നിത്യ ജീവിതത്തിൻപെരുമാറാൻ തുടങ്ങും. അതിന്റെ പേര് "ബെത്‌ലഹേം syndrome" എന്നാണ്. ഇതേ ഫീലിംങ്ങും കുളിരും, ഹൈന്ദവർക്ക് അയോദ്ധ്യയിൽ പോകുമ്പോഴും, മുസ്‌ളീങ്ങൾക്കു മെക്ക മെദീന യിൽ പോകുമ്പോഴും കിട്ടുന്നുണ്ട്. ഇത്‌ ഒരു ന്യൂറോ dis order ആണെന്ന് മന ശാസ്ത്രജ്ഞർ പറയാറുണ്ട്. ചത്തിട്ടു ചാടി എഴുന്നേറ്റ തങ്കപ്പന്റെ ജനന സ്ഥലം കാണാൻ പോയാൽ നമുക്ക് എന്തു നേട്ടം?? കുറേ കാശു നഷ്ട്ടം അതാണ് ആകെ ഒരു നേട്ടം. പൊയ്കയിൽ അപ്പച്ചന്റെ ജന്മ സ്ഥലമായ ഇരവി പേരൂരിൽ ആയിരക്കണക്കിന് PRDS മക്കൾ എല്ലാവർഷവും ഇതേ പോലെ പോയി നിർവൃതി അടയാറുണ്ട്. ഞങ്ങളുടെ അടുത്ത് തിരുവല്ലയിൽ. ഞാനും പോയിട്ടുണ്ട്. ഒരു വല്ലാത്ത അനുഭൂതി എനിക്ക് feel ചെയ്തു. Rejice
ജോണ്‍ വേറ്റം 2025-12-19 16:31:54
“ഓര്‍മ്മയുടെ വാടാമലരുകള്‍” എന്ന സചിത്രലേഖനം വായിച്ച എല്ലാ മാന്യവായനക്കാര്‍ക്കും, അഭിപ്രായം എഴുതിയ ശ്രി റെജീസിനും, ശ്രി കോരസണും നന്ദി!
Nainaan Mathullah 2025-12-19 19:04:14
Article was very informative. Forgot to comment. Did you see Rachel's tomb in Bethlehem? Rachel was buried near Bethlehem as she died while giving birth to Benjamin. Jacob was travelling back to Canaan from Laban that she gave birth to Benjamin on wayside. Jacob buried her there on wayside and gathered stones above it. Because of this Lea was buried with Jacob in the same cave Machpelah at Hebron along with Abraham and Isaac. although Rachel was Jacob's favorite. This is history. I heard that this site is under Muslim control now.
Sudhir Panikkaveetil 2025-12-19 20:10:03
ശ്രീ വേറ്റത്തിന്റെ ചാവുകടലിലെ ഗ്രന്ഥ ചുരുളുകൾ എന്ന പുസ്തകവും ബൈബിളിനെപ്പറ്റി ധാരാളം വിവരങ്ങൾ നൽകുന്നുണ്ട്. നേരിട്ട് അറിഞ്ഞ വിവരണങ്ങൾ. ഏതൊരു അറിവും പൂർണ്ണമായി നേടുക എന്ന ശ്രീ വേറ്റത്തിന്റെ നിശ്ചയങ്ങൾ ഈടുറ്റ ലേഖനങ്ങൾക്ക് ജന്മം നൽകുന്നു. മതഗ്രന്ഥാങ്ങൾ പകർത്തിയെഴുതിയപ്പോൾ വന്ന പിഴവുകളെപ്പറ്റി എഴുതിയതിൽ കൂടുതൽ കണ്ടെത്തലുകൾ ഉണ്ടെങ്കിൽ പങ്കു വയ്ക്കുക.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-19 22:19:54
ശ്രീ. സുധീർ പണിക്ക വീട്ടിലിന്റെ അറിവിലേക്ക്: കൈകടത്തലുകൾ മറ്റു മത ഗ്രന്ഥങ്ങളിൽ ധാരാളം നടന്നിട്ടുണ്ട്. പക്ഷേ, സത്യ വേദ പുസ്തകത്തിൽ അത് അസാധ്യമാണ് ; കാരണം, അത് ദൈവം എഴുതിപ്പിച്ചതാണ്, പകർത്തി എഴുതിയതല്ല. പിഴവുകൾക്ക് അതീതമാണത്. അതുകൊണ്ടാണത് കാലങ്ങളെ, വിപരീത സാഹചര്യങ്ങളെ അതിജീവിച്ച് ഇന്നും ഒന്നാം പുസ്തകമായി തന്നെ തുടരുന്നത്. മറ്റു മത ഗ്രന്ഥങ്ങളെല്ലാം മനുഷ്യ സൃഷ്ട്ടികൾ തന്നേ, പിഴവുകളിൽ നിന്നും മുക്തമല്ലാതാനും. ഏറ്റവും കൂടുതൽ അച്ചടിക്കപ്പെട്ടിട്ടുള്ളതും,ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെറ്റിട്ടുള്ളതും, ഏറ്റവും കൂടുതൽ വായിക്കപ്പെട്ടിട്ടുള്ളതും, ഏറ്റവും കൂടുതൽ തർജ്ജിമ ചെയ്യപ്പെട്ടിട്ടുള്ളതും ഞങ്ങളുടെ ഈ വിശുദ്ധ പുസ്തകമാണ്. ഒരിക്കലും പിഴവുണ്ടായിട്ടില്ല. എല്ലാ ശാസ്ത്രവും അടങ്ങിയിട്ടുണ്ടതിൽ. വരുവാനുള്ള എല്ലാ സംഭവങ്ങളും അതിൽ പറയുന്നുണ്ട്. ഇത്‌ വരെ സംഭവിച്ചതും ഇപ്പോൾ സംഭവിക്കുന്നതും ബൈബിൾ പ്രകാരമാണ് ഒരിക്കലും പിഴവ് ഉണ്ടാകില്ല. അതിനാണ് പേരിന്റെ കൂടേ സത്യ എന്നും കൂടി ഞങ്ങൾ എഴുതി ചേർത്തത്. ( ട്ടൊ ട്ടോ ട്ടോ ചെറിയ വെടി ഒന്ന്, വലിയ വെടി ഒന്ന്) Rejice ജോൺ
ജോണ്‍ വേറ്റം 2025-12-19 22:43:49
യാക്കോബിന്‍റെ ഭാര്യ റാഹേലിന്‍റെ കല്ലറയും സന്ദര്‍ശിച്ചു. ജറുസലേമിലെ സുപ്രധാന സ്ഥലങ്ങളെല്ലാം കണ്ടുവെങ്കിലും, അവയെക്കുറിച്ചുള്ള വിവരണം വിസ്താരഭയത്താല്‍ ലേഖനത്തിന്‍ ചേര്‍ത്തില്ല. ഡോ. നൈനാന്‍ മത്തുള്ളക്കും ശ്രി സുധീര്‍ പണിക്കവീട്ടിലിനും നന്ദി.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-19 22:58:58
ശ്രീ വേറ്റം എന്റെ ചില ചോദ്യങ്ങൾക്കും( നാലെണ്ണം), സംശയങ്ങൾക്കും മറുപടി തരാതെ പോകുകയാണോ??? ((ഞാൻ അഭിപ്രായങ്ങൾ അല്ല എഴുതിയത്)). എങ്കിൽ അടുത്തതിൽ പിടിച്ചോളാം. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക