
നടിയെ ആക്രമിച്ച പ്രമാദമായ കേസില്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയില്‍ വിവിധ മേഖലകളില്‍ പ്രതിഷേധം ശക്തമാവുകയാണ്. വിധി വന്നതു മുതല്‍ സമൂഹം 'അവളോടൊപ്പം' ആണ്. സര്‍ക്കാരും ഈ നിലപാട് ശക്തമാക്കി. വിധി പകര്‍പ്പ് പരിശോധിച്ച് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പ്രോസിക്യൂഷന്‍. ഓടുന്ന കാറില്‍ നടിയെ പീഡിപ്പിച്ച ക്രൂരകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പ്രതികള്‍ക്കെതിരെയും എല്ലാ വകുപ്പുകളും തെളിഞ്ഞെങ്കിലും അതിന് കാരണക്കാരനായ വ്യക്തി ആരെന്നതിന് ഉത്തരമായിട്ടില്ല. 'സൂത്രധാരന്‍' പകല്‍ വെളിച്ചത്തുതന്നെയുണ്ടെന്നാണ് ഈ കേസിന്റെ വഴിത്തിരിവിന് തന്നെ കാരണക്കാരിയായ മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ നിലപാട് ആവത്തിച്ചത്.
''ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണ്ണമാവുകയുള്ളൂ. പൊലീസിലും നിയമ സംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും കൂടി വേണ്ടിയാണ്. അവര്‍ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പം...'' മഞ്ജു വാര്യര്‍ പറയുന്നു.
അതേസമയം, ദിലീപിനെ വെറുതെ വിട്ട ഏറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ, അത്യന്തം നിരാശാ ജനകവും ആശങ്കപ്പെടുത്തുന്നതുമായ വിധിയില്‍ തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു. 'അവള്‍ക്കൊപ്പം' എന്ന കൂട്ടായ്മ, തിരുവനന്തപുരത്ത് മാനവീയം വീഥിയിലാണ് പരിപാടി നടത്തിയത്. പെണ്‍ സൗഹൃദ വേദിയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തിയത്. അവള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് നടി റിമ കല്ലിങ്കല്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. എന്ത് നീതിയെന്നും വിദഗ്ധമായ തിരക്കഥയെന്നുമാണ് വിധിയെ വിമര്‍ശിച്ച് പാര്‍വ്വതി തിരുവോത്ത് ആക്ഷേപിച്ചത്. നിയമം നീതിയുടെ വഴിക്ക് പോകട്ടെയെന്ന അമ്മ പോസ്റ്റിന് പിന്നാലെ ഡ.ബ്ല്യൂ.സി.സി വിമര്‍ശനം കടുപ്പിച്ചിരുന്നു.
ഇതിനിടെ, വിചാരണ കോടതിയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങള്‍ സോഷ്യല്‍ മീഡിയ കുറിപ്പില്‍ എണ്ണി പറഞ്ഞിരിക്കുകയാണ് അതിജീവിത. ''എട്ടു വര്‍ഷം, ഒമ്പത് മാസം, 23 ദിവസങ്ങള്‍. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു. ഈ വിധി പലരേയും ഒരുപക്ഷെ നിരാശപ്പെടുത്തിയിരിക്കാം. എന്നാല്‍ എനിക്കിതില്‍ അത്ഭുതമില്ല. 2020ന്റെ അവസാനം തന്നെ ചില അന്യായ നീക്കങ്ങള്‍ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയില്‍ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസിലായിരുന്നു...'' പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ട്രയല്‍ കോടതിയില്‍ എന്റെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായ കാര്യങ്ങളും അതിജീവിത ചൂണ്ടിക്കാട്ടുന്നുണ്ട്. ''ഈ കേസില്‍ എന്റെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല. ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡ്, കോടതി കസ്റ്റഡിയില്‍ ഉണ്ടായിരിക്കെ മൂന്ന് തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി. ഈ കേസില്‍ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവച്ചു. അവര്‍ ഇരുവരും എന്നോട് വ്യക്തിപരമായി പറഞ്ഞത് ഈ കോടതിയില്‍ നിന്നും നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് അവര്‍ക്ക് ഈ കോടതിയില്‍ പക്ഷപാതം ഉണ്ടെന്ന തോന്നല്‍ ഉറപ്പായതിനാലാണ് അത്...''
''മെമ്മറി കാര്‍ഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാന്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല. പിന്നീട് ഹൈക്കോടതി നിര്‍ദേശ പ്രകാരം മാത്രമാണ് നല്‍കപ്പെട്ടത്. ഞാന്‍ ഒരു ന്യായമായ വിചാരണയ്ക്കായി ജഡ്ജിനെ മാറ്റണമെന്ന ഹര്‍ജിയുമായി ഫൈറ്റ് ചെയ്യുമ്പോള്‍, പ്രതി ഭാഗം ഹര്‍ജിയുമായി ഫൈറ്റ് ചെയ്യുമ്പോള്‍, പ്രതി ഭാഗം ഇതേ ജഡ്ജി തന്നെ ഈ കേസ് തുടര്‍ന്നും പരിഗണിക്കണം എന്ന ആവശ്യവുമായി ഹര്‍ജിയില് കക്ഷി ചേര്‍ന്നു. ഇത് എന്റെ സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതായിരുന്നു...''
''എന്റെ ആശങ്കകളും അനുഭവങ്ങളും അറിയിച്ച്. ബഹുമാനപ്പെട്ട രാഷ്ട്രപതിയ്ക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും എനിക്ക് കത്തുകള്‍ അയക്കേണ്ടതായും വന്നിട്ടുണ്ട്. ഈ കേസിന്റെ നടപടികള്‍ ഓപ്പണ്‍ കോടതിയില്‍ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാന്‍ കഴിയുന്ന രീതിയില്‍ നടത്തണമെന്ന് ഞാന്‍ ഈ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ആ അപേക്ഷയും തീര്‍ത്തും നിഷേധിക്കപ്പെടുകയായിരുന്നു...'' എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വിഷയത്തില്‍ വ്യത്യസ്തമായൊരു പ്രതിഷേധവും കേരളം ഇന്ന് കണ്ടു. കെ.എസ്.ആര്‍.ടി.സി ബസില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചതിന്റെ പേരിലായിരുന്നു തര്‍ക്കവും പ്രതിഷേധവും. തിരുവനന്തപുരം-തൊട്ടിലപാലം റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ നടന്‍ ദിലീപിന്റെ 'ഈ പറക്കും തളിക' എന്ന സിനിമ പ്രദര്‍ശിപ്പിച്ചത് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായി. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആര്‍ ശേഖറാണ് ബസിനുള്ളില്‍ പ്രതിഷേധത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് ബസിലെ ഭൂരിഭാഗം യാത്രക്കാരും പിന്തുണച്ചതോടെ കണ്ടക്ടര്‍ക്ക് സിനിമ നിര്‍ത്തിവെക്കേണ്ടിവന്നു.
എന്നാല്‍, യാത്രക്കാരില്‍ ചിലര്‍ ദിലീപിന് അനുകൂലമായി നിലപാടെടുത്തു. കോടതി വിധി വന്ന ശേഷം ഇത്തരത്തില്‍ സംസാരിക്കുന്നത് എന്തിനെന്ന് ചിലര്‍ ചോദിച്ചു. പക്ഷേ, ഞങ്ങള്‍ സ്ത്രീകള്‍ ഈ സിനിമ കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു ബസിലിരുന്ന യുവതി പറഞ്ഞത്. കോടതികള്‍ മുകളിലുണ്ടെന്നും ഞാന്‍ എല്ലാ സ്ത്രീകളോടും ചോദിച്ചാണ് അഭിപ്രായം അറിയിച്ചതെന്നു യാത്രിക്കാരിയായ യുവതി പറയുന്നതും, എന്നാല്‍ കോടതി വിധി വന്ന സംഭവത്തില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നമെന്ന തരത്തിലും തര്‍ക്കങ്ങള്‍ തുടര്‍ന്നു. ദിലീപിനൊപ്പവും നില്‍ക്കാന്‍ ആളുകളുണ്ട്. ''അമ്മയെ തല്ലിയാല്‍ രണ്ടു പക്ഷം...'' എന്നാണല്ലോ ചൊല്ല്.