
വീണ്ടും ഞാൻ ഇൻഡിക്കേറ്ററിലേയ്ക്ക് നോക്കി. ട്രെയിൻ ഇനിയും ഒന്നര മണിക്കൂർ ലേറ്റാണത്രെ. അല്ലെങ്കിലും ഇത് പതിവുള്ളതാണ്. കുറച്ച് സമയം മൊബൈലിൽ ചിലവഴിച്ചിട്ട് ഞാൻ പുറത്തേയ്ക്കിറങ്ങി. ഇനിയും സമയം ബാക്കി.
അപ്പോഴാണ് റോഡിന് എതിരെയുള്ള ജ്യൂസിൻ്റെ കട കണ്ടത്. പഴയ കാലത്തെ അനുസ്മരിപ്പിക്കും വിധം പച്ച നിറത്തിലുള്ള സോഡാക്കുപ്പി കണ്ടതും അത് കുടിക്കണം എന്നു തോന്നി. ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പുവരുത്തിയതിന് ശേഷം ഞാൻ റോഡ് മുറിച്ചു കടന്നു. ആ കടയ്ക്കരികിലായി തലയിലൂടെ മുണ്ടിട്ട് മറച്ചു ഒരു സ്ത്രീ ഇരുന്നിരുന്നു. ഞാൻ മുന്നിലെത്തിയതും ചുക്കിച്ചുളിഞ്ഞ കൈ നീട്ടി അവർ യാചിക്കുന്നതു പോലെ ചോദിച്ചു,
"മോനെ, ഒരു പത്തു രൂപ തരാമോ?"
പത്തു രൂപയോ ? ഞാൻ കീശയിൽ തപ്പി. അല്ലെങ്കിൽ വേണ്ട ഇങ്ങനെ ചോദിക്കുന്നവർക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചു കൊടുത്താലും കുഴപ്പമില്ല, കാശ് കൊടുക്കരുത് എന്ന് ശ്രീമതി പറയാറുള്ളത് ഓർത്തു.
" ജ്യൂസ് വാങ്ങിത്തരാം, എൻ്റെ കൈയ്യിൽ കാശില്ല ' എന്ന് ഞാനവരോട് പറഞ്ഞു. ജ്യൂസ് വേണ്ട കാശ് മതിയെന്നായി അവർ. "എന്തൊരഹങ്കാരമാണ് വയസായെങ്കിലും " ഞാൻ മനസിൽ പറഞ്ഞു. എങ്കിലും അവരുടെ ക്ഷീണിച്ച മുഖം കണ്ടിട്ട് ഒന്നും വാങ്ങിക്കൊടുക്കാതിരിക്കാനും എനിക്ക് കഴിഞ്ഞില്ല. ഞാൻ കടക്കാരനോട് പറഞ്ഞു, ഒരു മൊസംബി ജ്യൂസ് അവിടെ കൊടുക്കൂ. ഞാനൊരു സോഡ വാങ്ങിക്കുടിച്ചിട്ട് ജ്യൂസിൻ്റെ അമ്പത് രൂപ പ്രത്യേകം നൽകി.
കുറച്ചധിക നേരം കഴിഞ്ഞിട്ടും ആ ജ്യൂസ് അവർ കുടിക്കുന്നില്ല എന്നു കണ്ടപ്പോൾ എനിക്ക് ദേഷ്യം തോന്നി. അമ്പതു രൂപയ്ക്ക്
ജ്യൂസ് വാങ്ങാതെ പത്തു രൂപ കൊടുക്കുന്നതായിരുന്നു ഇതിലും ഭേദമെന്ന് തോന്നി. അവരുടെ കൈയിലെ മുഷിഞ്ഞ ബാഗിൽ നിന്നും ഏതാനും ഗുളികയുടെ കവർ എടുത്ത് തിരിച്ചും മറിച്ചും നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
കടയിലേയ്ക്ക് മറ്റൊരാൾ ജ്യൂസ് കുടിക്കാൻ
വന്നപ്പോൾ അദ്ദേഹത്തോടും അവർ പത്തുരൂപ തരുമോ എന്ന ചോദ്യം വീണ്ടും ആവർത്തിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഞാനൊന്ന് മാറി ചിന്തിച്ചു. ഇക്കാലത്ത് ആർക്കാണ് മറ്റൊരാളുടെ മുന്നിൽ ഇങ്ങനെ യാചിക്കാൻ തോന്നുക? ഒരു പക്ഷേ അവർക്ക് കാശിൻ്റെ അത്രയ്ക്ക് എന്തെങ്കിലും ആവശ്യം ഉണ്ടാകുമോ? എൻ്റെ മനസ് വല്ലാത്ത കുറ്റബോധത്താൽ നീറി.
ഇതിനിടയിൽ കടയിലെത്തിയ ഒരാൾ പത്തുരൂപ അവർക്ക് കൊടുത്തു. ആ കാശ് കിട്ടിയ നിമിഷം അവർ കൈയിൽ ജ്യൂസുമെടുത്ത് തൊട്ടടുത്തുള്ള മെഡിക്കൽ സ്റ്റോറിലേക്ക് ഓടി. എന്തിനെന്നറിയാതെ ഞാനുമവരെ പിൻതുടർന്നു. കടയിലെത്തിയ അവർ കയ്യിലുള്ള മരുന്നിൻ്റെ കവർ അവിടെ കാണിച്ചു കൊണ്ട് പറഞ്ഞു, മോനെ, പത്തു രൂപയുടെ കുറവുള്ളതു കൊണ്ടല്ലേ ഗുളിക തരാഞ്ഞത് , ദാ കാശ് മുഴുവനുമുണ്ട്, വേഗം മരുന്നു തായോ?
അവർ കൊടുത്ത ചില്ലറത്തുട്ടുകളെല്ലാം എണ്ണി തിട്ടപ്പെടുത്തിയ കടക്കാരൻ മരുന്നെടുത്തു കൊടുത്തു. അവർ അതുമായി തിരക്കിട്ട് ഓടി, പിന്നാലെ ഞാനും. അവർ ചെന്നെത്തിയത് വഴിയോരത്ത് തുണി കൊണ്ട് മറച്ച ഒരു ഷെഡിലാണ്. അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരസ്ഥിപഞ്ജരം പോലെ ഒരാൺകുട്ടി, ഉദ്ദേശം ഇരുപത് വയസ് പ്രായം വരും.
അവനൊരു മാറാരോഗിയാണെന്ന് കണ്ടാലറിയാം, വേദന കൊണ്ട് പുളഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്ന അവന് ആ അമ്മ കൊണ്ടുവന്ന ഗുളികയിൽ ഒരെണ്ണം പൊട്ടിച്ചു നൽകി, ആ ജ്യൂസും പകുതി കുടിപ്പിച്ചു. എനിക്ക് സങ്കടം വന്നു. പോക്കറ്റിൽ നിന്ന് ഒരഞ്ഞൂറ് രൂപ
നോട്ടെടുത്ത് ആ അമ്മയുടെ കൈ ചേർത്ത് പിടിച്ചേല്പിച്ചപ്പോൾ ആ കണ്ണുകൾ നിറഞ്ഞെഴുകി.
അവരുടെ കൈ വിടുവിച്ച് തല കുനിച്ച് ആ കുടിലിൽ നിന്ന് ഇറങ്ങുമ്പോ പെയ്യാൻ നിറഞ്ഞ് നിൽക്കുന്ന ഒരു പെരുമഴ മേഘത്തിൻ്റെ തള്ളിച്ചയായിരുന്നു മനം നിറയെ. അപ്പോഴാണ്
വാച്ചിൽ സമയം നോക്കിയത്.
അയ്യോ ട്രെയിൻ...... ഓ ഇനിയും 20 മിനിട്ടുണ്ട്.
എൻ്റെ നടത്തത്തിന് ആക്കം കൂടി, ചിന്തകൾക്കും.