
ഒന്ന്
'''''''''''''''
രമേശൻ സ്ഥിരമായി യാത്ര ചെയ്യുന്നത് സ്റ്റേറ്റ് ട്രാൻസ്പോർട്ടിലാണ്. മിക്കപ്പോഴും ബസ്സിൽ കാണാറുള്ള വനിതാ കണ്ടക്ടറെ , അവരുടെ സരസമായ സംഭാഷണങ്ങളെ, ആത്മാർത്ഥത നിറഞ്ഞ ജോലി സ്നേഹത്തെ വളരെ ആദരവോടുകൂടിയാണ് യുവാവായ രമേശൻ നോക്കി കണ്ടിരുന്നത്.
ഇരുപത്തിയഞ്ചുരൂപ ടിക്കറ്റ് ലഭിക്കാൻ രമേശൻ , ഇരുപത് രൂപ നോട്ടും പത്ത് രൂപ നാണയവും നൽകി , ഇറങ്ങേണ്ട സ്ഥലം പറഞ്ഞു.
പെൻഷൻ ആകാൻ ഒന്നോ രണ്ടോ വർഷങ്ങൾമാത്രം ബാക്കിയുള്ള ആ വനിതാ കണ്ടക്ടർ വാചകമടി തുടങ്ങി.
" കുഞ്ഞേ,നിനക്ക് ഈ പത്തു രൂപ നാണയത്തിന് പകരം ഒരു അഞ്ചു രൂപ നാണയം കൊണ്ടുവന്നു കൂടായിരുന്നോ"
ഒന്നും മിണ്ടാതിരുന്ന തന്റെ കയ്യിൽ ഇരുപത്തിയഞ്ചു രൂപയുടെ ടിക്കറ്റ് നൽകിക്കൊണ്ട് അവർ പറഞ്ഞു.:
"ചില്ലറ കൈ വന്നാൽ ബാക്കി തരാം.'
ചില്ലറ സംബന്ധിയായ പൊതു പ്രസ്താവനകൾ പറഞ്ഞ് ഉന്മേഷഭരിതയായ ആ ബസ് നായിക "ഇനി ആരെങ്കിലും ടിക്കറ്റ് എടുക്കാനുണ്ടോ" എന്ന് ചോദിച്ചു മുന്നോട്ടുപോയി.
" ദേ, കണ്ടില്ലേ സ്റ്റോപ്പിൽ നിൽക്കുന്നവർ വണ്ടി നിർത്തുവാൻ വേണ്ടി കൈ കാണിക്കുന്നതേയില്ല. നമ്മൾ കവടി നിരത്തി മനസ്സിലാക്കണം , അവർ ഈ വണ്ടിയിൽ കയറാനുള്ള വരാണെന്ന് "
അങ്ങനെ കയറിയ രണ്ടുപേരോട് അവർ ചോദിക്കുന്നത് കേട്ടു.
" ഉടയതമ്പുരാൻ നിങ്ങൾക്ക് കൈ രണ്ടു വീതം തന്നിട്ടില്ലേ, സ്റ്റോപ്പിൽ വണ്ടി നിർത്താൻ ചെറുതായിട്ട് കൈ ഒന്ന് അനക്കി കൂടെ...."
കണ്ടക്ടറോടതിന് മറുപടി പറഞ്ഞത് ഒരു വനിതാ യാത്രികയായിരുന്നു.
"ബാലൻഡ്രൈവർ ഞങ്ങളെ സ്റ്റോപ്പിൽ കണ്ടാലുടൻ ചവിട്ടും"
ബസ്സിലെ യാത്രക്കാരെല്ലാമൊന്ന് ചിരിച്ചു . പക്ഷേ വനിതാ കണ്ടക്ടർക്കത്ര രസിച്ചില്ല ഈ ഫലിത മറുപടി............
പിന്നെ അവർ കണ്ടക്ടർ സീറ്റിൽ ഇരുന്നുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു
ആ മുന്നിൽ എഴുന്നേറ്റു നിൽക്കുന്ന അമ്മേ, നിങ്ങൾ അവിടെ ഇരിക്കൂ. നിങ്ങൾ ഉരുണ്ടുവീണാൽ ഞങ്ങളാണ് നിങ്ങളെ ആശുപത്രിയിൽ എത്തിക്കേണ്ടത്. ഇവിടെ ഇരിക്കുന്ന എല്ലാ യാത്രക്കാർക്കും അത് വലിയ ബുദ്ധിമുട്ടാകും.
അടുത്ത സ്റ്റോപ്പിൽ ഒരു യാത്രക്കാരൻ അയാൾക്ക് കിട്ടാനുള്ള ഒരു രൂപ വാങ്ങാതെ പെട്ടെന്ന് പോയപ്പോഴും വന്നു കമന്റ്: അയാൾ ഒരു രൂപ ബാക്കി വാങ്ങാതെ പോയിരിക്കുകയാണ്. കാണുന്നവരോട് എല്ലാം പറയാമല്ലോ ഞാൻ ബാക്കി നൽകാത്ത ആളാണെന്ന്.അടുത്തു കാണുന്ന അമ്മൻ കാവ് വഞ്ചിയിലേക്ക് ഞാനത് എറിയും. അയാളുടെ നന്മയ്ക്കായി പ്രാർത്ഥിക്കാം.
രസമൂറുന്ന മനസ്സുമായി ഇതെല്ലാം കേട്ടിരുന്ന രമേശനോട് അടുത്തിരുന്നയാൾ ഇങ്ങനെ പറഞ്ഞു:
ഇവർ എൽ എൽ ബി കോഴ്സിന് അഡ്മിഷൻ കിട്ടാതെ പോയൊരു ധീര വനിതയാണെന്നു തോന്നുന്നു . ഇവർക്ക് ഈ ബസ് ഒരു കോടതിയാണ്.ഇവിടെ വരുന്നവരെയെല്ലാം വാദിച്ച് വാദിച്ച് പ്രതികളാക്കാൻ നോക്കുകയാണ്. എങ്കിലും അവർക്ക് ഈ കോടതിയോട് നല്ല ബഹുമാനമാണ്.
രമേശന് ഇറങ്ങേണ്ടുന്ന സ്റ്റോപ്പായി. പടിയിറങ്ങുമ്പോൾ കണ്ടക്ടർ അഞ്ചുരൂപ ബാക്കി നൽകിക്കൊണ്ട് പറഞ്ഞു: നാളെ ,മോൻ യാത്രയ്ക്ക് വരുമ്പോൾ ഈ നാണയം കൊണ്ടുവരണെ , ചില്ലറക്ക് എളുപ്പമാകും.........
രണ്ട്.
""""'''"""
രമേശൻ പതിവുപോലെ സ്ഥിരം ബസ്സിൽ കയറി. ഇന്ന് ഒരു കട്ടി മീശക്കാരൻ കണ്ടക്ടർ. സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ ടിക്കറ്റുകൾ നൽകാനാണ് ശ്രമം.
തൊട്ടടുത്ത സ്റ്റോപ്പിൽ നിന്ന് ഒരാൾ കയറി. നേരെ മുമ്പോട്ട് തന്നെ വേഗത്തിൽ പോയി. അപ്പോൾ തന്നെ കണ്ടക്ടർ പ്രതികരിച്ചു.
" ദേ പോകുന്നത് കണ്ടില്ലേ, ഒരുപാട് സീറ്റുകൾ ഇവിടെ ഒഴിഞ്ഞു കിടക്കുന്നു . ഒരു പെൺകുട്ടി ഒറ്റയ്ക്ക് ഇരിക്കുന്ന സീറ്റിൽത്തന്നെ അയാൾ പോയിരിക്കുന്നു"
ദേഷ്യം സഹിക്കാൻ കഴിയാതെ ഒരു കടന്ന വാക്കുകൂടി അയാൾ പറഞ്ഞു :
" ഇവനെയൊക്കെ പോക്സോയിൽ പെടുത്തുന്നതാണ് നല്ലത്"
ടിക്കറ്റ് നൽകാൻ കണ്ടക്ടർ അവരുടെ അടുത്ത് വന്നപ്പോൾ,
ആ പെൺകുട്ടി പറയുന്നതു തൊട്ട് പിന്നിലിരുന്ന് രമേശൻകേട്ടു:
" അച്ഛാ , കണ്ടക്ടർക്ക് അച്ഛനെ പോക്സോ കേസിൽ പെടുത്തണമെന്നുണ്ട് പോലും"
കണ്ടക്ടറുടെ പെട്ടെന്നുള്ള പലായനം കണ്ട് ചുറ്റുമുള്ളവരെല്ലാം ചിരിച്ചു.
അടുത്ത സ്റ്റോപ്പിൽ നിന്ന് ,കപ്പലണ്ടി നിറഞ്ഞ പൊതിയുമായാണ് ഒരാൾ കയറിയത്. അയാൾ രമേശന്റെ ഒപ്പം വന്നിരുന്നു.ആവി പറക്കുന്ന സ്പിരിറ്റിന്റെ മണം .
ടിക്കറ്റിനായി കണ്ടക്ടർ : എവിടെ ഇറങ്ങാനാണ്?
യാത്രികൻ : എവിടെ വരെ വണ്ടി ഉണ്ടോ അവിടം വരെ!
പക്ഷേ ഈ കപ്പലണ്ടി കൊറിച്ചു തീർന്നേ ഞാൻ ടിക്കറ്റ് എടുക്കൂ....
നിസ്സഹായനായ കണ്ടക്ടറുടെ മുഖത്തുനോക്കി രമേശൻ പ്രാർത്ഥിച്ചു: വണ്ടിയോടിയോടി തനിക്കിറങ്ങേണ്ടുന്ന സ്റ്റോപ്പ് എത്രയും പെട്ടെന്ന് എത്തിയിരുന്നെങ്കിൽ......
മൂന്ന്.
""""''''''''
പുതിയ നിയമനം ലഭിച്ച ഒരു കണ്ടക്ടർ വനിത. തിരക്കുള്ള റൂട്ടിലെ ജോലി. പല പല പിഴവുകൾ. ചെക്ക് ഇൻസ്പെക്ടർ.ഒരു ടിക്കറ്റ് കുറവ് ,കണ്ടെത്തൽ. തിരുത്തൽ , നേരെയാക്കാൻ പരിചയത്തിന് ആത്മവിശ്വാസക്കുറവ്.
ഒരു ജോലി ലഭിച്ചത്
കഠിന ശ്രമത്തിന്റെ ഫലം. നഷ്ടപ്പെടാതിരിക്കാൻ എല്ലാ ദൈവങ്ങൾക്കും നേർച്ചയും പ്രാർത്ഥനകളും.
കമ്പി തൂങ്ങി എല്ലാവർക്കും ടിക്കറ്റ് നൽകുമ്പോൾ,ഒരു യാത്രികൻ ഒന്നു മനങ്ങുന്നില്ല.അവർ അയാളോട് പിന്നെയും പിന്നെയും ചോദിച്ചു : എവിടെയാണ് ഇറങ്ങേണ്ടുന്നത്.
അയാൾ പറഞ്ഞു: പാസ്സ് .
പഴയ കണ്ടക്ടർ.
പെൻഷനർ.
"ഇങ്ങനെയൊന്നുമല്ല ടിക്കറ്റിംഗ്. ഒരു പിക്കറ്റിംഗിന്റെ സ്വഭാവത്തിൽ അയാളുടെ കണ്ണുകൾ പുതുകണ്ടക്ടറെ നോക്കിയൊഴിഞ്ഞു .
"ഇതാ ഞാൻ സർവീസിൽ ഉള്ളപ്പോഴേ പറഞ്ഞത് ഈ സ്ത്രീകൾ അബലകളാണെന്ന്. ഈ ജോലി ഒന്നും അവർക്ക് ഒരിക്കലും ശരിയാവുകയില്ല.
അയാളുടെ സ്റ്റോപ്പ് പെട്ടെന്ന് അടുത്തപ്പോൾ ഉറക്കെ നിലവിളി പോലെ പറയുന്നത് കേട്ടു. "ഒന്നു തീർത്തു,എനിക്ക് ഇവിടെ ഇറങ്ങണം " സീറ്റിൽ നിന്ന് ഇറങ്ങാൻ ആവാതെ ഇരിപ്പടം മൂടിയ പഴയ കണ്ടക്ടറെ തന്റെ കൈത്താങ്ങിനാൻ സുരക്ഷിതമായി പടിയിറക്കി വിട്ടു, പുതിയ വനിതാ കണ്ടക്ടർ....
പിറക് സീറ്റിലെ സൈഡിൽ ഇരുന്ന് രമേശൻ ആത്മഗതം ചെയ്തു. കാലം മാറിയത് അറിയാത്ത ശകടങ്ങൾ .......
നാല്
"""'''''''''
സ്ഥിരം വരാറുള്ള പത്തുമണി ബസ്സിലാണ് രമേശൻ ഇന്നും യാത്ര ചെയ്യാൻ ആ ചെറിയ സ്റ്റോപ്പിൽ എത്തിയത്.
കൃത്യസമയത്ത് എത്തിയ ബസ്സിൽ അയാൾ കയറി.പക്ഷേ ഒന്നിടവിട്ട ദിവസങ്ങളിൽ സ്ഥിരം കാണാറുള്ള വനിതാ കണ്ടക്ടറെ ഇന്നു കണ്ടില്ല. പകരം മറ്റൊരാൾ. നിശബ്ദമായ മുറിയിടം, ബസ്സിടം.
മിക്കപ്പോഴും സ്ഥിര യാത്രികർ സഞ്ചരിക്കുന്ന സ്വന്തം ബസ്സിടം. മൂകമായ ഉള്ളിടത്തിൽ ചെറിയ മണിയടി ശബ്ദവും മുരളിലും മാത്രം. പെട്ടെന്നാണ് ,അയാൾ, ബസ് ഭിത്തിയിൽ ആ ചിത്രം കണ്ടത്.ആ വനിതാ കണ്ടക്ടർ വക്കീലുകാരിയുടെ ചിത്രം. ആദരാഞ്ജലികൾ നിറഞ്ഞ ചിത്രങ്ങൾ..,.
പിറകിലെ യാത്രികൻ അടുത്തിരുന്നുയാത്ര ചെയ്യുന്ന മകളോട് പറയുന്നത് കേട്ടു :
ക്യാൻസറസായിരുന്നു ,
അവർ.
സ്നേഹം നിറഞ്ഞ മനസ്സിനു ടമയായിരുന്നതു കൊണ്ട് അവസാനം വരെ മനസ്സിനെ ക്യാൻസർ
ബാധിച്ചതേയില്ല....
അഞ്ച്
"''''''''''''''’''
രമേശന് ഇന്ന് ജീവിതത്തിന്റെ പുതിയ വഴിതിരിച്ച ദിവസമായിരുന്നു. ഫാമിലി കോടതി വിവാഹമോചനം വിധിച്ച ദിവസം.
തന്റെ കുടുംബം രണ്ട് പാത്രമായ ദിവസം.
ശരീരവും മനസ്സും തകർന്ന രമേശൻ, ബസ്റ്റാൻഡിലെത്തിയപ്പോൾ രാത്രിയിലെ അവസാന യാത്രയ്ക്ക് ഒരു പുതിയ ബസ് തയ്യാറായിരിക്കുന്നു. രമേശൻ നേരത്തെ തന്നെ സീറ്റ് പിടിച്ചു. ബസ്സിനുള്ളിലേക്ക് ഒന്ന് രണ്ട് ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥർ നെയിം ബോർഡുകളുമായി കടന്നുവന്നു . അമ്മയും കുഞ്ഞും,അന്ധൻ, പുതിർന്ന പൗരൻ, അംഗപരിമിതൻ തുടങ്ങിയവ.അവർ രമേശൻ ഇരുന്ന സീറ്റിന്റെ മുകളിലെ മെറ്റൽ പാളിയിൽ ഒരു ബോർഡ് തറച്ചു.
കയ്യും തലയും പുറത്തിടരുത്.......