Image

സ്വപ്നജീവിയുടെ ഭ്രമകല്പന (മില്ലി ഫിലിപ്പ്, ഫിലാഡല്‍ഫിയ)

Published on 15 December, 2025
സ്വപ്നജീവിയുടെ ഭ്രമകല്പന (മില്ലി ഫിലിപ്പ്, ഫിലാഡല്‍ഫിയ)

ഹിമകംബളം മൂടിയ ധരണിയും, നിശ്ചലതയും, 
മഞ്ഞ് ഒരു പുതപ്പ് പോലെ, സാന്ദ്രമാം സമാധാനം പുൽകി

തിളക്കമുള്ള മഞ്ഞിനുള്ളിലെ  ഇരുണ്ട ശാഖകൾ, 
ഹിമത്താൽ  നിശബ്ദമാക്കപ്പെട്ട ആത്മാവിന്റെ ജലപനങ്ങൾ.

തണുപ്പിനെ സഹിക്കുന്ന മരങ്ങൾ,
നിഴൽ വീണ മഞ്ഞ് സൂര്യാംശുവിൽ മിന്നി.

രാത്രിയുടെ കറുപ്പിനെ തഴുകി നീക്കി,
ഈ പ്രഭാതവും നീഹാരം പോലെ  പ്രതീക്ഷ പൊതിഞ്ഞു.

മൂർച്ചയുള്ള ഹിമസൂചിയിൽ ചാഞ്ഞ  ഓരോ മരക്കൊമ്പും,
വാക്കുകളാൽ മുറിഞ്ഞ ഹൃദയത്തിനു സ്വാന്തനമേകി .

നഷ്ടപ്പെട്ട ചിന്തകൾക്ക് ഒരു വഴിത്തിരിവാണോ? 
ഒരുപക്ഷേ - നഷ്ടപ്പെട്ട ആന്തരിക സൗഖ്യത്തിനോ?

ഒരു ശൈത്യകാല കൊടുങ്കാറ്റിനും സൂര്യനെ അകറ്റാനാവില്ല 
സൂര്യതാപത്തിൽ കൊഴിഞ്ഞ ഹിമങ്ങളിൽ

ഊഷ്മളതയിൽ, ഒരു നിശബ്ദ ആശാകിരണമായി 
മഞ്ഞിനുള്ളിൽ അഗ്നിയായി അന്തരാത്മാവും

ഹൃദയവേദനയുടെ  തണുപ്പിൽ നിന്നും അവൾ അഗ്നിയായി 
സൂര്യകിരണമേകിയ  ജ്വലിച്ച ധൈര്യത്തിൽ

സന്ധ്യയെ പുൽകി  ഒരു ജീവനുള്ള സ്വപ്നം.
ഉറക്കമറ്റ മനസ്സിനെ ഭയത്തിൽ മൂടിയ രാവുകൾ

ഓർമ്മയുടെ കണ്ണുകളിൽ കുടുങ്ങി 
ആ വേട്ടയാടുന്ന ഹോമകുണ്ഡമാവുന്ന  ഓർമ്മകൾ!

അവളുടെ വേദന യാഥാർഥ്യമോ അതോ കേട്ടിച്ചമച്ചവയോ?
ഒരു സ്വപ്നജീവിയുടെ ഭ്രമകല്പനയോ?

അവൾ അവളായി  തിരിച്ചുവരില്ല 
തണുപ്പിൽ നിന്നും അവൾ അഗ്നിയായി ഉയരും

അവളുടെ  വേദന നിശബ്ദതയിലൂടെ മാത്രം അലറുന്നു
രക്തരൂക്ഷിതമായ നനുത്ത ഹൃദയത്തിലേക്ക് —ഒരു കടുത്ത ദുഃഖം

ഈ ശബ്ദമില്ലാവേദന  ദിനം തോറും, ചന്ദ്രവര്ഷങ്ങളും താണ്ടി 
എല്ലാം ശീലമായി തീരും...വെറും ശീലമായി ..

സന്ധ്യയായി,
പൊഴിയുന്ന മൃദുവായ മഞ്ഞിനെ നോക്കി
അവൾ എല്ലാം മറന്ന്, ഓർമ്മകളെയും മായിച്ചു

അവളുടെ ശ്വാസത്തിനടിയിലെ നിശബ്ദ വാക്കുകൾ, 
ഈ മൃദുവായ മഞ്ഞ് സ്വപ്നങ്ങളിൽ പൊഴിയെട്ടെ ....

ഉള്ളിലെ അഗ്നിയെ സ്വതന്ത്രയാക്കൂ ....
സ്വപ്നജീവിയുടെ ജല്പനങ്ങളിലെ വഞ്ചനയുടെ സത്യത്തെ 
കാലം തെളിയിക്കട്ടെ ...........

അന്തരാത്മാവിലേക്കു ആഴത്തിൽ 
അവൾ പ്രതീക്ഷയുടെ വാക്കുകൾ കുത്തിയിറക്കി 
ഒരു വാഗ്ദാനത്തോടൊപ്പം - 
വെളുത്തുനനുത്തിനപ്പുറവും  നിന്നിൽ ഒരു അഗ്നിയുണ്ട് 
അവളുടെ  മനസ്സിന്റെ നന്മകൾ .......അവളുടെ മാത്രം നന്മകൾ.

സ്വപ്നജീവിയുടെ ഭ്രമകല്പന (മില്ലി ഫിലിപ്പ്, ഫിലാഡല്‍ഫിയ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക