
2025നവംബർ 30-നാണ്, വീണ്ടും ആനന്ദ് ജോണിനെ കണ്ടത്. രണ്ട് വർഷങ്ങൾക്ക് മുമ്പും ഇതേ സമയത്താണ്, ഇതേ ജയിലായ കാലിഫോർണിയയിലെ സാൻ ക്വന്റിനിൽവെച്ച് ഞങ്ങൾ ആനന്ദിനെ സന്ദർശിച്ചത്. ജയിലിൽവെച്ച് ആദ്യമായി കണ്ട ദിവസം ഓർമ്മയിൽ തെളിഞ്ഞു.
അന്ന് ആനന്ദിന്റെ അമ്മ ശശി എബ്രഹാം ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഒരുപാട് ദൂരെ, കാലിഫോർണിയയിലെ മൊട്ടക്കുന്നുകൾ ഉയർന്നുനിൽക്കുന്ന തീർത്തും വിജനമായ തെഹാചാപ്പി എന്ന സ്ഥലത്തേക്കാണ് അന്ന് ഞങ്ങൾ യാത്ര ചെയ്തത്. അത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്നായിരുന്ന. അതിനുമുമ്പ് ഞാൻ ജയിലിനുള്ളിൽ കയറിയിട്ടുള്ള ഏക അവസരം ന്യൂയോർക്കിൽ ഞാനഭിനയിച്ച മാർട്ടിൻ പ്രാക്കാട്ടിന്റെ എ ബി സി ഡി എന്ന സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നു. അന്ന് ദുൽക്കറിനൊപ്പം ജയിൽസെല്ലിൽ ഇരിക്കുന്ന ഒരു സീനായിരുന്നു എന്നാണെന്റെ ഓർമയിൽ.
അങ്ങനെ ചിന്തിച്ചുനിൽക്കുമ്പോൾ, അതിലും പഴയതെങ്കിലും അല്പം ഭയപ്പെടുത്തുന്ന മറ്റൊരു ഓർമ്മ കൂടി മനസ്സിലേക്ക് ഓടിയെത്തി.
ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച എഴുപതുകളുടെ അവസാനമായിരുന്നു ആ അനുഭവം. ആർ ഈ സി വിദ്യാർഥിയായ രാജനെ പോലീസ് കസ്റ്റഡിയിൽ കാണാതായ വാർത്തകളൊക്കെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന സമയമായിരുന്നു അത്, എന്നുകൂടി ഓർക്കണം.

Anand with Mom Shshi sister Sanjana John and friend Eyana Violet
അന്നൊരുദിവസം കോതമംഗലം എൻജിനീയറിങ് കോളേജിലെ പഠനകാലത്താണ് സംഭവം, എന്നെയും എന്റെ രണ്ട് സുഹൃത്തുക്കളേയും സംശയാസപതമായി കസ്റ്റ്ഡിയിൽ എടുത്തു. ഞങ്ങൾ താമസിച്ച ലോഡ്ജിന്റെ അടുത്തുള്ള ഇലക്ട്രിക് സബ്സ്റ്റേഷന്റെ മുൻപിൽവെച്ചായിരുന്നു അറസ്റ്റ് ചെയ്തത്. അന്നൊക്കെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളേയും കേന്ദ്രീകരിച്ചുകൊണ്ട്, നെക്സലൈറ് ശാഖകളും സ്റ്റഡി ക്ലാസ്സുകളും നടക്കാറുണ്ടായിരുന്നു എന്നറിയാമായിരുന്നെങ്കിലും, ഞാൻ അതിലൊന്നും പെട്ടിരുന്നില്ല. എന്നിട്ടും ഞങ്ങളെ മൂന്നുപേരേയും സംശയത്തിന്റെ നിഴലിൽ പിടിക്കപെടുകയായിരുന്നു. കോതമംഗലം പോലീസ് സ്റ്റേഷനിൽ റിമാൻഡിൽവെച്ചു. തീർത്തും അപ്രതീക്ഷിതമായിരുന്നു ആ അനുഭവം. അടിയന്തിരാവസ്ഥ ആയിരുന്നതുകൊണ്ട് ജാമ്മ്യമില്ലാ വകുപ്പുകളൊക്കെയാണ് ചാർജ് ചെയ്തിരുന്നത്. ഒരു ദിവസം മുഴുവൻ റിമാൻഡിൽ വെച്ചുവെങ്കിലും രക്ഷപെടാനുള്ള വഴിതുറന്നത് വളരെ യാദൃച്ഛികമായിട്ടായിരുന്നു. അന്നത്തെ എസ് ഐ ഗോപാലകൃഷ്ണന്റെ നാട്ടുകാരനും കൂട്ടുകാരനുമായ വേണുകുമാറാണ് അന്ന് ഞങ്ങളുടെ ഗാർഡിയൻ ഏയ്ഞ്ചൽ ആയി ഓടിയെത്തിയത്. വേണു അന്ന് ഞങ്ങളുടെ സീനിയർ ആയി എഞ്ചിനീയറിംഗ് കോളേജിൽ ഉണ്ടായിരുന്നു.
ഞങ്ങൾക്ക് അങ്ങനെ ഒരു ഭാഗ്യമുണ്ടായിരുന്നെങ്കിലും ആനന്ദിന് അങ്ങനെയുള്ള ഒരു ഭാഗ്യവും തുണച്ചില്ല . കഴിഞ്ഞ പത്തൊൻപതു കൊല്ലമായി പല സ്ത്രീകളുടെ പീഢനപരാതിയുടെ അടിസ്ഥാനത്തിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. ഫാഷൻ ഡിസൈൻ പഠിക്കാൻ വന്ന ആനന്ദിനെ അവർ മനഃപൂർവം വലയിലാക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അമേരിക്കയിലെ വൻകിട ഡിസൈനേഴ്‌സുമായി സഹകരിക്കാഞ്ഞതുകൊണ്ടു, അവർ വിരിച്ച വലയിൽ ആനന്ദ് പെട്ടുപോയി എന്നും കേട്ടിരുന്നു. എന്തൊക്കെയായാലും 59 വർഷം ജാമ്മ്യംപോലുമില്ലാതെ കിടക്കാൻ മാത്രം എന്തു തെറ്റാണ് ആനന്ദ് ചെയ്യ്തത് . വളരെ യാദൃച്ഛികമായിട്ടാണ് ആനന്ദിന്റെ അമ്മ ശശിയെ സോഷ്യൽമീഡിയായിൽ പരിചയപ്പെടുന്നതും പിന്നീടു പലതവണ ആനന്ദിനെ കാണാനിടയായതും. ഒന്നാലോചിച്ചാൽ ജീവിതം ചിലപ്പോൾ ഏറ്റവും അനിയന്ത്രിത നിമിഷങ്ങളിൽ മനുഷ്യരെ ബന്ധിപ്പിക്കുന്നു എന്നതല്ലേ സത്യം.
അങ്ങനെ കുറേ ഓർമ്മകളൊക്കെ മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് ഞങ്ങൾ സാൻ ഫ്രാൻസിസ്‌കോ നഗരത്തിൽനിന്നും 20 മെയിൽ അകലെയുള്ള സാൻ ക്വന്റിൻ ജയിലിന്റെ വാതിലുകളിലേക്ക് നടന്നത്. ശശിയുടെയും ആനന്ദിന്റെയും കൂട്ടുകാരി അമേരിക്കക്കാരിയായ ഏലിയാനാ വൈലെറ്റാണ് ഞങ്ങൾക്കുവേണ്ടി വളരെ നേരത്തെ അപ്പോയിന്മെന്റ് എടുത്തിരുന്നത് . അതുകൊണ്ടു അന്നു രാവിലെ തന്നെ ഞങ്ങൾ അവിടെ എത്തിയിരുന്നു. സന്ദർശക ലിസ്റ്റിൽ ആദ്യം അനന്ദിന്റെ പേരു കുറിച്ചു.

At the fund raising program in Silicon Valley , with Prema and Shashi.
'ആനന്ദ് ജോൺ അലകസാണ്ടർ'
മറ്റു സന്ദർശകരെപ്പോലെ ഞങ്ങളും അവിടുത്തെ സുരക്ഷാഓഫീസറുടെ മുറിയുടെ വാതിൽക്കൽ കാത്തുനിന്നു. അവരൊക്കെ അവരുടെ പ്രിയപെട്ടവരെ കാണാൻ ആകാംഷയോടെ കാത്തുനിൽക്കുകയായൊരുന്നു. ഒടുവിൽ 9.15 നാണ്അ കത്തേക്ക് കടന്നത്. കഠിനമായ സുരക്ഷാപരിശോധന കഴിഞ്ഞു പ്രധാന സന്ദർശന മുറിയിലെത്തിയയുടൻ തന്നെ ഞങ്ങൾ അവനെ കണ്ടു. അവിടെ മറ്റുള്ള സന്ദർശകരും അവരവരുടെ പ്രിയപെട്ടവരെ കാണാനുള്ള തിരക്കിലായിരുന്നു.
ആനന്ദ് ഇതിനകം തന്നെ ഞങ്ങളെ കാത്തുനിൽക്കുകയായിരുന്നു. പ്രകാശമുള്ളതും, ശാന്തമായതും, പ്രത്യാശ നിറഞ്ഞതുമായ മുഖം.
അപ്പോഴാണ് എനിക്ക് മനസ്സിലായത്, രണ്ടുദിവസം മുൻപ് ആനന്ദിന്റെ പിറന്നാളായിരുന്നു എന്നത്. ഞാനും പ്രേമയും ചേർന്ന് അവനെ ചേർത്ത് പിടിച്ചു, പിറന്നാൾ ആശംസിച്ചു. ഒരു നിമിഷം ജയിലിന്റെ മതിലുകൾ ഒന്നുമല്ലാതെ മനുഷ്യബന്ധത്തിന്റെ ചൂടുമാത്രമാണ് അപ്പോളവിടെ നിലനിന്നത്.
ആനന്ദ് വളരെ ഊർജസ്വലനായി കാണപ്പെട്ടു എന്നത് ഞങ്ങളെ അതിശയിപ്പിച്ചു., പ്രേമ തൊട്ടപ്പുറത്തുള്ള വെൻഡിങ് മിഷൻപോയി ആനന്ദിനിഷ്ടമുള്ള ഭക്ഷണം എടുത്തുകൊണ്ടു വന്നു. അവിടെയും അസാധാരണമായ ക്യു ആയിരുന്നുവെങ്കിലും നേരത്തെ ലൈനിൽ സ്ഥാനംപിടിച്ചതുകൊണ്ടാണ് വേഗത്തിൽ കിട്ടിയത്. ആനന്ദ് പറഞ്ഞതനുസരിച്ച് ആനന്ദിനിഷ്ടമുള്ള ഭക്ഷണങ്ങൾതന്നെയാണ് എടുത്തത് . തടവുപുള്ളികൾക്കു വെൻഡിങ് മിഷ്യൻ ഉപയോഗിക്കാൻ അനുവാദമില്ല എന്നത് ഞങ്ങൾക്കറിയാമായിരുന്നു.

ആനന്ദ് വരച്ച ഗാന്ധിയുടെ പെയിന്റിംഗ് പോപ്പിന് സമർപ്പിക്കുന്നു
പിന്നെ കുറേനേരം ഒരു മേശക്കപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചു. ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ആനന്ദിന്റെ തടവറയിലെ നേട്ടങ്ങളെപ്പറ്റിയാണ് കൂടുതലും സംസാരിച്ചത്. പൂർണ സ്കോളർഷിപ്പോടെ കാലിഫോർണിയയിലെ കാൽ സ്റ്റേറ്റ് ഹേവർഡിൽ നിന്ന് മാസ്റ്റേഴ്‌സ് ഡിഗ്രി പൂർത്തിയാക്കിയതിനെക്കുറിച്ച് അനന്ദ് ഉത്സാഹത്തോടെ ഞങ്ങളോട് പറഞ്ഞു. ഇനി പി.എച്ച്.ഡി. ചെയ്യാനാണ് അദ്ദേഹത്തിന്റെ പദ്ധതി. ഹോളിവുഡിലേക്ക് എഴുതിയ രണ്ടു സിനിമാ സിനോപ്സിസുകളും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഏതു പ്രതികൂല സാഹചര്യത്തിലും കീഴടങ്ങാൻ തയ്യാറാകാത്ത ഒരു വ്യക്തിത്വം. അതിൽ ആനന്ദ് അഭിമാനിക്കുകയും ചെയ്യുന്നു. ഉത്സാഹഭരിഹനായ ഒരു വിദ്യാർഥിയപോലെയാണ് അദ്ദേഹം ഈ നേട്ടങ്ങളെപ്പറ്റിയൊക്കെ സംസാരിച്ചത്.
മാസ്റ്റേഴ്സ് ഡിഗ്രി പൂർത്തിയാക്കി,ഇനി പിഎച്ച്ഡി ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞു.ഹോളിവുഡിനായി രണ്ട് സിനിമാ സ്ക്രിപ്റ്റുകൾക്കുള്ള സിനോസിസ് എഴുതിയതു സ്വീകരിക്കപ്പെട്ടതും ആനന്ദ് സന്തോഷപൂർവം അറിയിച്ചു.
“സ്വപ്നവും കഠിനാധ്വാനവും ഉണ്ടെങ്കിൽ, സാഹചര്യങ്ങൾ എത്ര തീവ്രമാണെങ്കിലും… നേട്ടങ്ങൾ സാധ്യമാണ്.” എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ആനന്ദ്. ജയിൽപുള്ളിയായ ആനന്ദ് ആ തടവറയിൽവെച്ചും മറ്റൊരർഥത്തിൽ ഒരു സ്വതന്ത്രചിന്തകനായി ജീവിച്ചുകൊണ്ടിരിക്കുകയല്ലേ എന്നാണ് അപ്പോൾ തോന്നിയത്.
ആനന്ദിന്റെ ആ നിശ്ച്ചയദാർഢ്യം ഞങ്ങളെ ആഴത്തിൽ സ്പർശിച്ചു. ഞങ്ങൾ ഒന്നിച്ചിരുന്ന് ഏറെ ആത്മീയവും ദാർശനികവുമായ ഒരു സംഭാഷണം നടത്തി. ആനന്ദ് കൂടുതൽ ശക്തനും, പ്രത്യാശ നിറഞ്ഞവനുമായി മാറിക്കഴിഞ്ഞിരുന്നു. ആനന്ദിന്റെ ചിന്തകളിലെ ഏറ്റവും ആഴമുള്ള സംഭാഷണങ്ങളായിരുന്നു എന്നാണ് ആ സന്ദർശനവേളയിൽ ഞങ്ങൾക്കനുഭവപെട്ടത്.
ആ മതിലുകൾക്കുള്ളിലും, അവന്റെ ആത്മാവ് തകർന്നിട്ടില്ല കൂടുതൽ തെളിഞ്ഞു ശക്തിയാർജിക്കുന്നതുപോലെയായിരുന്നു ആ സംസാരം.
ഒരു രീതിയിൽ നോക്കുമ്പോൾ, ഈ ലോകത്തു ജനിക്കുമ്പോൾമുതൽ നമ്മളൊക്കെ നമ്മൾതന്നെ സൃഷ്ട്ടിച്ച, ജയിലറകളിൽ മരിക്കുംവരെ ജീവിക്കുകയാണ്എന്നതല്ലേ യാഥാർഥ്യം.
അതുകൊണ്ട് ഭൗതിക മതിലുകൾക്ക് അത്ര പ്രാധാന്യമില്ല എന്നാണ് ആനന്ദിന്റെ അഭിപ്രായം. ആനന്ദ് അവന്റെ സൃഷ്ടികളിലൂടെ, ചിത്രരചനയിലൂടെ, എഴുത്തിലൂടെ, പഠനത്തിലൂടെ, ഗിത്താർ വായനയിലൂടെ, തുടർച്ചയായുള്ള ആത്മാന്വേഷണത്തിലൂടെ, കൂടുതൽ ശാന്തനായിരിക്കുന്നു.
അടുത്തകാലത്തു ആനന്ദു വരച്ച ഗാന്ധിജിയുടെ പെയിന്റിംഗ് സമർപ്പിക്കാനായി, അമ്മ ശശിയും സഹോദരി ഡോക്ടർ സഞ്ജനയും, കസിൻ വിജയ് യേശുദാസും, സ്റ്റീഫൻ ദേവസിയും, ഒന്നിച്ചു റോമിൽ പോയിരുന്നു. അവിടെവെച്ച് അമേരിക്കക്കാരനായ പോപ്പ് ലിയോ പതിനാലാമന്റെ അഭിനന്ദനവും അനുഗ്രഹാശംസകളും നേടിയിരുന്നു.
കൂടാതെ ഗ്രാംമി അവാർഡ് ജേതാവും ഉഷർ, ജസ്റ്റിൻ ബീബർ എന്നിവരുമായി സഹകരിച്ചിട്ടുള്ള പ്രശസ്ത സംഗീതജ്ഞനുമായ ജെയ്സൺ “പൂ ബെയർ” ബോയ്ഡ് രചിച്ച “വി ആർ ദി ന്യൂ വേൾഡ്” എന്ന പ്രചോദനാത്മക കൃതിയോടെയാണ്.

With Vijay Yesudas at same the program
തുടർന്ന് അനന്ദ് ജോൺ, വിജയ് യേശുദാസ്, സ്റ്റീഫൻ ദേവസ്യ, ജൂലിയ വെന്റൂരി, പെൻറാറ്റോണിക്സ് എന്നിവരുടെ അവതരണങ്ങൾ സമാധാനത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യസൗഹൃദത്തിന്റെയും സന്ദേശം അതിശയകരമായി ഉയർത്തിപ്പിടിച്ചു.
ഗ്രാൻഡ് ഫിനാലെയിൽ ജിസെൽ, ജേസൺ ജൂനിയർ ബോയ്ഡ്, സോർബോൺ സർവകലാശാലയിലെ ഡോ. തോമസ് പെഡ്രെ എന്നിവർ ഒന്നിച്ചെത്തി. ചടങ്ങിന്റെ ഉച്ചസ്ഥാനത്ത് ഡോ. ജോൺ വത്തിക്കാനിലേക്ക് പ്രതീകാത്മകമായ ലാമ്പ് ഓഫ് ലൈറ്റ് സമർപ്പിച്ചു. അതിലും പ്രധാനമായി, അവർക്കു അമേരിക്കയിൽ ജനിച്ച പോപ്പ് ലിയോ XIV നൽകിച്ച ഹൃദയസ്പർശിയായ അഭിനന്ദനവും അനുഗ്രഹവും ലഭിച്ചു—അഭിമാനവും വികാരവും നിറഞ്ഞ ഒരു മറക്കാനാവാത്ത നിമിഷമായി അത് അവിടെ അലയടിച്ചു.
“ജീവിതത്തിന്റെ അവസാനം, നമ്മൾ നമ്മളുടെ ഉള്ളിൽ നിർമ്മിച്ച സൃഷ്ടികളാണ് നിലനിൽക്കുന്നത്.”
നമ്മളുടെ സൃഷ്ടിയും ദൈവവും നമ്മൾതന്നെ എന്ന് ആനന്ദ് പറഞ്ഞപ്പോൾ ഞാൻ പൂർത്തീകരിച്ചു
”അഹം ബ്രഹ്മാസ്മി”
ആനന്ദിന്റെ വ്യക്തതയും ധൈര്യവും ആഴത്തിലുള്ള ദർശനവും ഞങ്ങളെ പ്രതീക്ഷിച്ചതിലും കൂടുതൽ സ്പർശിവെന്നു പറയാതിരിക്കാൻ നിവൃത്തിയില്ല.
ട്രംപിന്റ് പുതിയ നിയമനുസരിച്ചു അമേരിക്കയിൽ പൗരത്വമില്ലാത്തവർ തെറ്റുചെയ്താൽ നാടു കടത്തുക എന്നതാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ആനന്ദിനെ കുറ്റാരോപിതനായി പിടിക്കപ്പെടുമ്പോൾ അങ്ങനെ ഒരു നിയമം നിലവിൽ ഇല്ലായിരുന്നു എന്നതോർക്കണം. മാത്രമല്ല ഒരു തടവുപുള്ളിക്കായി ഒരു വർഷം അമേരിക്കൻ സർക്കാർ ചെലവിടുന്നത് 250000 ഡോളറാണ്. ഏകദേശം രണ്ടരക്കോടിയോളം രൂപ. സാൻ ക്വിന്റണിൽ ഏതാണ്ടു രണ്ടായിരത്തോളം തടവുപുള്ളികൾ ഉണ്ട് എന്നാണറിഞ്ഞത്.
തീവ്രവാദികളോ, രാജ്യസുരക്ഷയ്ക്കു ഭീഷണി അല്ലാത്ത തടവുകാരെ സംരക്ഷിക്കാനും പരിപാലിക്കാനും വേണ്ടി രാജ്യത്തെ സാധാരണ പൗരന്മാർ അടക്കുന്ന നികുതിയിൽനിന്നാണ് വലിയൊരു തുക ചെലവാകുന്നത്,ഇതും നമ്മൾ മറക്കരുത്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ട്രംപ് ഭരണകൂടം ഇതിന് ഒരു യുക്തിപൂർണ്ണ പരിഹാരം കണ്ടെത്തിയിരുന്നെങ്കിൽ എന്ന് ഇന്നും തോന്നുന്നു. അങ്ങനെയായിരുന്നുവെങ്കിൽ ആനന്ദ് ജോണിനെപോലുള്ള, നിയമപരമായ വ്യക്തതയില്ലാതെ വർഷങ്ങളായി തടവിൽ കഴിയുന്നവർക്ക് എങ്കിലും അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകാനുള്ള ഒരു വഴി തുറന്നേനേ.
പസഫിക് സമുദ്രത്തിന്റെ ഉൾക്കടലിൽ മൂന്നു വശത്തും ചുറ്റപെട്ടു നിൽക്കുന്ന ഒരു ചെറിയ തുരുത്തിനു മീതെയാണ് ആ ജയിൽ . ഉയർന്ന് നിൽക്കുന്ന ആ തടവറ ദൂരത്തിൽ നിന്ന് നോക്കുമ്പോൾ ഒരു ഫൈവ്-സ്റ്റാർ റിസോർട്ടുപോലെയെ തോന്നൂ. അടുത്തെത്തിയാലും അത് ഒരു ജയിലാണ് എന്ന് വേർതിരിച്ചറിയാൻ പ്രയാസമാണ്. അത്രയും മനോഹരമാണ് സാൻ ക്വൻറ്റിൻ ജയിലും അതിന്റെ പരിസരങ്ങളും, പക്ഷേ അതിനകത്ത് ശ്വാസംമുട്ടി കഴിയുന്നവരുടെ ജീവിതങ്ങൾ പുറത്തുള്ളവർക്ക് അറിയാൻ കഴിയില്ലല്ലോ.
ആനന്ദ് തന്റെ സെല്ലിൽ ഇരുന്നു ദൂരേക്കു നോക്കുമ്പോൾ കാണുന്ന ലോകം മനോഹരമാണ് പക്ഷെ അപ്പോൾ ആ താവുകാരന്റെ മനസ്സിൽ എന്തായിരിക്കും എന്നൊക്കെ ഞാൻ വെറുതെ സങ്കല്പിക്കുകയായിരുന്നു.
ഇപ്പോഴയത്തെ ഏറ്റവും സന്തോഷകരമായ വാർത്ത. പത്തൊമ്പത് ദീർഘവർഷങ്ങൾക്കുശേഷം അനന്ത് ഒടുവിൽ വംശീയ നീതിക്ക് അർഹനായി. വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർ ഇന്ത്യക്കാരെ കുറിച്ച് നിരവധി വംശീയമായ പരാമർശങ്ങൾ ഉന്നയിച്ചതിനാൽ, പുതിയ നിയമം ഇപ്പോൾ അദ്ദേഹത്തിന്റെ കേസിൽ ബാധകമാണ്.
അതുകൊണ്ട് ഒരു ശുഭാപ്‌തി വിശ്വാസ്സമുണ്ട്. അധികം താമസിയാതെതന്നെ കേസിൽ തീരുമാനമാകുമെന്നനും, നാട്ടിലേക്കു പോകാമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് ആനന്ദും, ഡൽഹിയിൽ താമസിക്കുന്ന ആനന്ദിന്റെ അമ്മ ശശിയും സഹോദരി സഞ്ജനയും. അതിനായുള്ള പ്രാർഥനയിലാണ് അവരിപ്പോൾ. കൊച്ചിയിലെ തന്റെ അച്ഛൻ അലക്സാണ്ടറുമായി വർഷങ്ങളായി ഒരുതരത്തിലുള്ള ബന്ധവും ഇല്ലെന്ന കാര്യം അറിഞ്ഞപ്പോൾ അതീവ വേദനിച്ചു. അനന്ദിന്റെ ഓരോ ചുവടുമാറ്റവും, ഓരോ ചെറിയ വിജയം പോലും, എല്ലാം അദ്ദേഹത്തിന്റെ അമ്മ ശശിയുടെയും സഹോദരി സഞ്ജനയുടയും നിരന്തരമായ ത്യാഗങ്ങളിലും അടങ്ങാത്ത മാനസികശക്തിയിലുമാണ് നിന്നുപുറപ്പെട്ടത്. അത്രയും കഷ്ടപ്പാടുകളും നേട്ടങ്ങളും നടുവിൽ, അവർ ഒരുമിച്ച് നിന്നുകൊണ്ട് ഒരു സ്വരത്തിൽ പ്രഖ്യാപിച്ചു:
“ ഞങ്ങൾക്കൊപ്പം എപ്പോഴും ദൈവം മുണ്ട് എന്ന വിശ്വാസത്തിലാണ് ഞങ്ങളിപ്പോൾ”