
ഇന്നലെ വരെ കൊച്ചു പെണ്ണിന്റെ നിറവയർ കാണുമ്പോൾ , എന്തൊരാധിയും ഉൽക്കണ്ഠകളുമായിരുന്നു.
ഇന്ന് സന്തോഷം തിരതല്ലുന്ന മനസ്സുമായി ശാമുവേൽ ഓടി നടന്നു, മാണിത്തള്ള പറഞ്ഞ പോലെ ഓലക്കീറുകളും വാരിക്കമ്പുകളും എല്ലാം ചേർത്തു നല്ലൊരു മറപ്പെര ഉണ്ടാക്കി. തന്റെ പെണ്ണിനു കയറി നിന്നു കുളിയ്ക്കാൻ കുറച്ചു മരപ്പലകകളും നിരത്തി..... ഒരു 5 സ്റ്റാർ ലുക്ക് വരുത്തി.
മൂരിപ്പാട്ടും പാടി ഓടി നടന്നു പണിയെടുക്കുന്ന മരുമകനെക്കണ്ടപ്പോൾ അതിശയം തോന്നി. അവനിത്ര ഉത്സാഹവാനായി മുമ്പൊരിക്കലും അവർ കണ്ടിട്ടില്ല. മകൾ പിറന്ന സന്തോഷത്തിൽ അയാൾ വിശപ്പും ദാഹവും മറന്ന് നടക്കുകയാണു...
മറിയയ്ക്കു o ഇന്നലെ വരെ നെഞ്ചിൽ തീയായിരുന്നു. ദുരന്തങ്ങൾ ആവർത്തിക്കുമോ എന്ന വർ ഭയപ്പെട്ടിരുന്നു.
അവരും ആധിയും പേടിയും ഒഴിഞ്ഞ ആശ്വാസത്തിലാണ്.
സാറായുടെ കളിയും ചിരിയും നോക്കി ഇരുന്നാൽ സമയം പോണതറിയില്ല...
ദിവസങ്ങളും ആഴ്ചകളും ചേർന്ന് മാസങ്ങൾ പലതു കഴിഞ്ഞു.
കൊച്ചുപെണ്ണ് പാടത്തിറങ്ങിയില്ല , ഇതുവരെ . പഴയ കാലമായിരുന്നെങ്കിൽ പിറ്റേ ദിവസം തന്നെ പണിയ്ക്കിറങ്ങണം.. ചോരക്കുഞ്ഞിനെ മരച്ചുവട്ടിലോ വരമ്പ രികത്തോ കിടത്തണം... പാത്തും പതുങ്ങിയും പേടിച്ചു. വേണം അതിനു മുലപ്പാൽ കൊടുക്കാൻ... പാലു കെട്ടി നെഞ്ചു വിങ്ങും... കുഞ്ഞിന്റെകരച്ചിൽ കേട്ടു പോയി പാലു കൊടുത്തോന്നു പറയുമ്പോഴേ കൊടുക്കാൻ പറ്റൂ...
ആ ഇരുണ്ട കാലത്തിന്റെ ഓർമ്മകൾ പോലും നടുക്കമുളവാക്കും.
ഇക്കാലത്തു 56 ഓ 60 ഓ കഴിയുമ്പം പണിയ്ക്കിറങ്ങും. അടുപ്പിൽ തീപുകയണമെങ്കിൽ....
വിശക്കുന്ന വയറിന്റെ കാളൽ പണിയ്ക്കിറങ്ങാൻ നിർബന്ധിതരാക്കി.
:
കൊച്ചു പെണ്ണിനു സഹായിക്കാൻ ആങ്ങളയുണ്ട് അമ്മയുണ്ട്. ഭർത്താവും പണിയെടുക്കുന്നുണ്ട്.
അതുകൊ കൊണ്ടൊക്കെ ചെലവു കഴിഞ്ഞു പോകും.
മാണിത്തള്ള പ്രത്യേകം പറഞ്ഞിട്ടാണു പോയതു.
" തൊണ്ണൂറു കഴിഞ്ഞു നടു ഉറച്ചിട്ടേ അവളെ പണിയ്ക്കു എറക്കാവൂ"...
അവർ ഇടയ്ക്കൊക്കെ വന്നു വിശേഷങ്ങൾ തിരക്കിപ്പോവും
ആങ്ങളയുടെ മരണം അവരുടെ മനസ്സിനെ വല്ലാതെ ഉലച്ചു. ഒന്നു മിണ്ടാനോ പറയാനോ പറ്റാതെ... പിണക്കത്തിലിരുന്ന തോർത്തു അവർ ദുഃഖിച്ചു...
സാറാക്കൊച്ചിനെ എടുക്കാനും കൊഞ്ചിയ്ക്കാനുംപൈലോ യുണ്ടു്. അയൽക്കാരൊക്കെ വരും.
പണി കഴിഞ്ഞു വന്നാൽ ശമുവേൽ മകളേയുമെടുത്തു കടവിൽ വന്നിരിയ്ക്കും.
ഒരു നാൾ സാറാ ക്കൊച്ച് കമഴ്ന്നു വീണു. പിന്നെ മുട്ടിലിഴഞ്ഞു. പിടിച്ചു നിന്നു...
എട്ടാം മാസത്തിൽ എട്ടടി വെച്ചു.
ചുവടു ഉറയ്ക്കാത്ത കുഞ്ഞിക്കാലടികൾ നോക്കി നോക്കി ഇരിയ്ക്കേ... വീണും എഴുന്നേറ്റും നടന്നും ഓടിയും അവൾ വളർന്നുകൊണ്ടിരുന്നു.
കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും പലവട്ടം കഴിഞ്ഞു. പഞ്ഞ കർക്കിടകവും വെള്ളപ്പൊക്കവും പിന്നെ തുലാമഴയും ഇടിയും മിന്നലും...... മുറ്റത്തെ മാവുകൾ പലവട്ടം പൂത്തു.
ഓണവും സംക്രാന്തിയും പല തവണ കടന്നുപോ പോയി. മാണിത്തള്ള പറയുമ്പോലെ " കാട്ടു കോഴിയ്ക്കെന്തു ഓണവും സംക്രാന്തിയും?... അതൊക്കെ ജന്മിമാർക്കും രാജാക്കന്മാർക്കും...!! എന്നും കോരനു കഞ്ഞി കുമ്പിളിൽത്തന്നെ.... പണിയെടുത്താൽ കഷ്ടിച്ചു ജീവിയ്ക്കാം.. നാളേയ്ക്കു മിച്ചം വെക്കാനൊന്നുമില്ലാത്ത നിസ്വ ജന്മങ്ങൾ!! മിക്കവാറും കുടികളിലൊക്കെ പട്ടിണിയാരിക്കും... അഞ്ചും എട്ടും കുഞ്ഞു വയറുകൾ നിറയ്ക്കാൻ കഴിവില്ലാത്ത അഛനമ്മമാർ... വിശന്നും തളർന്നും ഉറങ്ങിക്കിടക്കുന്ന മക്കളെ നോക്കി നെടുവീർപ്പിടുന്ന വർ...
ഇവിടെ സാറാ ഒരാളല്ലേ ഉള്ളൂ... അതുകൊണ്ടവൾക്ക് അത്ര കഷ്ടപ്പാടില്ല, മറ്റു കുട്ടികളെപ്പോലെ.
സാറായ്ക്കു വയസ്സ് അഞ്ചായി .
തന്റെ മകളെ പഠിപ്പിയ്ക്കണമെന്ന് കൊച്ചുപെണ്ണ് മനസ്സിലുറച്ചു... മഞ്ചാടിക്കരിയിൽരണ്ടു ക്ലാസ്സു പഠിയ്ക്കുവാനേ സാധിയ്ക്കൂ പിന്നെ പഠനം തുടരണമെങ്കിൽ അത്ര എളുപ്പമുള്ള കാര്യമല്ല.
... മൈലുകളോളം നടന്നും നീന്തിയും വേണം അടുത്ത സ്ക്കൂളിലെത്താൻ.. അതിനുള്ള കഴിവു തങ്ങൾക്കില്ല എന്നു ശമുവേൽ തീർത്തു പറഞ്ഞു. കൊച്ചു പെണ്ണു ആങ്ങളയോടു ഇക്കാര്യം പറഞ്ഞു... അയാൾ കേട്ടതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല... രണ്ടു ക്ലാസ്സ് പഠിക്കട്ടെ.. അത്രമാത്രം പറഞ്ഞു.
കൊച്ചു പെണ്ണിനു നിരാശയും സങ്കടവും വന്നു.
കാലം മാറിത്തുടങ്ങിയിട്ടുണ്ട്. സൗകര്യങ്ങൾ മെച്ചപ്പെട്ടു വരുന്നുണ്ടു്.... ടാറിടാത്ത ചെമ്മൺ പാതകൾ വയലിറമ്പിൽ വന്നു തുടങ്ങി.... പട്ടണത്തിൽ കരിവണ്ടികൾ കാളവണ്ടികൾ ഒക്കെ നിരത്തിലൂടെ സഞ്ചരിയ്ക്കുന്നുണ്ടു്.
ഇതൊക്കെ കേട്ടുകേഴ്വി മാത്രo,
മഞ്ചാടിക്കരിയ്ക്കു പുറത്തു ലോകം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരുന്നു.... ഇവിടെ ഒരു മാറ്റവുമില്ലാതെ എല്ലാം പഴയപടി തന്നെ... പത്തു വയസ്സാവുമ്പോഴേ പണിയ്ക്കിറങ്ങുന്ന കുഞ്ഞുങ്ങൾ. ചേറിലും ചെളിയിലും കുഴഞ്ഞ് ജീവിതം തുടങ്ങുകയാണവർ.
മീൻപിടിച്ചും പണിയെടുത്തും കാലം കഴിഞ്ഞു പോകുന്ന യുവാക്കളും യുവതികളും
പിന്നീട് പ്രായത്തിനു മുന്നേ വാർദ്ധക്യം ബാധിച്ചു. രോഗിയായ്
ദുരിതക്കയത്തിലേയ്ക്ക് വീണടിയുന്നവർ....
കൊച്ചു പെണ്ണിന്റെ മനസ്സിൽ പാറ പോലെ ഉറച്ച ഒരു തീരുമാനം കൂടുകൂട്ടി...
"ആരൊക്കെ എതിർത്താലും എത്ര കഷ്ടപ്പാടു സഹിച്ചും എന്തു പണിയെടുത്തും ഞാനെന്റ കൊച്ചിനെ പഠിപ്പിയ്ക്കും..അവളെ ഒരാശാട്ടിയായ് എനിയ്ക്കു കാണണം:
കൊച്ചു പെണ്ണിന്റെ ആഗ്രഹം കേട്ട പെണ്ണുങ്ങൾ മൂക്കത്തു വിരൽ വെച്ചു..
ചിലർ പറഞ്ഞു... ഇവക്കു പ്രാന്താണോ?
നടക്കണ കാര്യാണോ... ആശാട്ടിയാക്കും...
അതൊക്കെ നമ്മടെ വംശത്തിനു പറഞ്ഞിട്ടുള്ളതാണാ ?... എന്തോ വലിയ തെറ്റു ചെയ്തവളെപ്പോലെ അവരെല്ലാം പുഛത്തോടെ കൊച്ചു പെണ്ണിനെ നോക്കി....
...
തുടരും
Read More: https://www.emalayalee.com/writer/300