Image

സോദോംഗമോറയിലെ പെണ്‍കുട്ടി (നോവല്‍- ഭാഗം 5: ജോണ്‍ ജെ. പുതുച്ചിറ)

Published on 13 December, 2025
സോദോംഗമോറയിലെ പെണ്‍കുട്ടി (നോവല്‍- ഭാഗം 5: ജോണ്‍ ജെ. പുതുച്ചിറ)

'ഫിലിപ്പിന്റെ ബ്രദറിന്റെ വീട് ഇവിടെയാണ്. അവിടം വരെ പോകേണ്ട ആവശ്യമുണ്ടായി. അതു കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇവിടെവന്നത്. ഞങ്ങള്‍ക്കുള്ള വണ്ടി ഉടനെ വരും.' ഷേര്‍ളി പറഞ്ഞു. 'നീ എന്താണ് ഒന്നും മിണ്ടാതെ നില്‍ക്കുന്നത്! എവിടെ അരവിന്ദ്?'
ഉഷയ്ക്ക് ഒന്നും മിണ്ടുവാന്‍ കഴിഞ്ഞില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. വിതുമ്പലോടെ അവള്‍ കൂട്ടുകാരിയുടെ തോളില്‍ തലചായ്ച്ചു.
കാര്യമായ എന്തൊക്കെയോ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നതായി ഷേര്‍ളിക്കു മനസ്സിലായി. അല്ലാത്തപക്ഷം വിവാഹം കഴിഞ്ഞിട്ട് രണ്ടു ദിവസം മാത്രമായ ഉഷ തനിച്ച് ഇത്രദൂരം സഞ്ചരിക്കുമായിരുന്നില്ല. അവളുടെ ഉദ്ദേശവും ഭീതിപ്പെടുത്തുന്നതാവണം. എന്തെങ്കിലും അനര്‍ത്ഥങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ് ഇവളെ കണ്ടെത്തിയതു നന്നായി.
'ഉഷ ഇപ്പോള്‍ ഞങ്ങളോടൊപ്പം വരൂ. എല്ലാം നമുക്കു വീട്ടില്‍ ചെന്നു സംസാരിച്ചാല്‍ മതി.' ഷേര്‍ളി പറഞ്ഞു.
'ഞാന്‍ വരുന്നില്ല ഷേര്‍ളീ... ഞാന്‍ പോവുകയാണ്....'
'എവിടേയ്ക്ക്?'
ആ ചോദ്യത്തിന് ഉഷയ്ക്ക് മറുപടി ഇല്ലായിരുന്നു. ആ നിശബ്ദത ഷേര്‍ളിയുടെ ഊഹത്തെ ഒന്നുകൂടി ബലപ്പെടുത്തുന്നതായിരുന്നു.
'ഉഷ ഇപ്പോള്‍ മറ്റൊരിടത്തേയ്ക്കും പോകുന്നില്ല. ഞങ്ങളോടൊപ്പം വന്നേ തീരൂ. ബാക്കിക്കാര്യങ്ങളൊക്കെ നമുക്കു പിറകെ സംസാരിക്കാം.' ഷേര്‍ളി കട്ടായം പറഞ്ഞു.
ഫിലിപ്പ് അപ്പോഴേയ്ക്കും പോയി കൗണ്ടറില്‍ നിന്ന് ഉഷയ്ക്കു വേണ്ടിയുള്ള ടിക്കറ്റും വാങ്ങിക്കൊണ്ടു വന്നു.
കൂടുതല്‍ എന്തെങ്കിലും എതിര്‍ത്തു സംസാരിക്കുന്നതിനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഉഷ അപ്പോള്‍. തന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിയിരിക്കുന്നു. എങ്കിലും എല്ലാ വിവരങ്ങളും തുറന്നു പറയുവാന്‍ കൂട്ടുകാരിയെ കണ്ടുമുട്ടിയതില്‍ തെല്ല് ആശ്വാസവും തോന്നി.
മറ്റൊരു തീവണ്ടി കൂടി വന്നു. അവര്‍ മൂവരും അതില്‍ കയറി. അടുത്തടുത്ത സീറ്റുകളില്‍ നിശ്ശബ്ദരായി ഇരുന്നു. ഫിലിപ്പ് ബുക്ക്സ്റ്റാളില്‍ നിന്നും വാങ്ങിയ ഒരു ദിനപ്പത്രത്തിലുടെ കണ്ണുകളോടിച്ചു.
നിശ്ശബ്ദയായിരുന്നെങ്കിലും ഷേര്‍ളിയുടെ മനസ്സ് ആകാംഷാഭരിതമായിരുന്നു. ഉഷയ്ക്ക് എന്താണു സംഭവിച്ചത്? കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു. അല്ലാത്തപക്ഷം വിവാഹത്തിന്റെ ഈ അടുത്ത ദിവസങ്ങളില്‍ അവള്‍ തനിച്ച് ഇത്ര ദൂരം യാത്ര ചെയ്യുമായിരുന്നില്ല. അരവിന്ദുമായി അവള്‍  തെറ്റിപ്പിരിഞ്ഞുവെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
എങ്കില്‍ എന്തായിരിക്കും കാരണം? ഉഷയുമായി വര്‍ഷങ്ങളോളമുള്ള പരിചയം അവള്‍ക്കുണ്ട്. യാതൊരുവിധ സ്വഭാവദൂഷ്യവും ഉഷക്കില്ല. ആ നിലയ്ക്ക് അരവിന്ദു തന്നെയാവണം ഈ തെറ്റിപ്പിരിയലിനു കാരണക്കാരന്‍. ഏതായാലും വീട്ടില്‍ ചെന്നിട്ട് എല്ലാം വിശദമായി ചോദിച്ചറിയണം. ഇപ്പോള്‍ ഉഷ എന്തെങ്കിലും സംസാരിക്കുന്നതിനുള്ള മൂഡിലുമല്ല.
ഉഷ ഓടിയകലുന്ന പ്രകൃതി ദൃശ്യങ്ങളില്‍ കണ്ണും നട്ടിരിക്കുകയാണ്. എങ്കിലും അവളുടെ മനസ്സ് നോക്കെത്താദൂരത്താണെന്ന് വ്യക്തമായിരുന്നു. തിരയലറുന്ന സമുദ്രം കണക്കെ അതു പ്രക്ഷുബ്ധവുമായിരിക്കണം.
എന്തെങ്കിലും പറഞ്ഞ് കൂട്ടുകാരിയുടെ മനസ്സിലെ വ്യഥയകറ്റണമെന്ന് ഷേര്‍ളിക്കുണ്ട്. എന്നാല്‍ കാരണമറിയാതെ എങ്ങനെയാണ് സമാധാനിപ്പിക്കുക!
ഷേര്‍ളി കഴിഞ്ഞ വാരത്തില്‍ കണ്ട ആ സിനിമയുടെ കഥ പറഞ്ഞു. ഉഷ അതു ശ്രദ്ധിക്കുന്നതുപോലെ നടിച്ചു. എങ്കിലും അവളുടെ മനസ്സ് അവിടെത്തന്നെയാണോയെന്ന് ഷേര്‍ളിക്ക് സംശയമുണ്ടായിരുന്നു.
തീവണ്ടി അതിന്റെ പ്രയാണം തുടര്‍ന്നു. അത് പല സ്റ്റേഷനുകളിലും നിറുത്തുകയും ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്തു. ഒടുവില്‍ അത് അവര്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷനില്‍ എത്തി അവര്‍ മൂവരും അവിടെയിറങ്ങി.
അവിടെനിന്ന് ഓട്ടോറിക്ഷയില്‍ അവര്‍ വീട്ടിലേയ്ക്കു തിരിച്ചു. ഉഷ ആകെ ചിന്താക്കുഴപ്പത്തിലായിരുന്നു. ഇതുവരെ ഒരു ലക്ഷ്യമുണ്ടായിരുന്നു - മരണം. അതിന്റെ തീരത്തു നിന്നാണ് ഷേര്‍ളി തന്നെ രക്ഷപ്പെടുത്തിക്കൊണ്ടു പോകുന്നത്. ഇനിയെന്ത് എന്നതിനെക്കുറിച്ച് ഒരൂഹവുമില്ല.
വീട്ടില്‍ ചെന്നപ്പോള്‍ ഷേര്‍ളിക്ക് ഭര്‍ത്താവിനെ ഓഫീസിലേയ്ക്ക് അയയ്‌ക്കേണ്ടതിന്റെ തിരക്കായിരുന്നു. അവള്‍ പെട്ടെന്ന് ഭക്ഷണം തയ്യാറാക്കി വിളമ്പി. താമസംവിനാ ഫിലിപ്പ് ബാങ്കിലേയ്ക്കു തിരിച്ചു.
ഷേര്‍ളിയും ഉഷയും അവിടെ തനിച്ചായി.
'ഇനി പറയൂ. നിനെക്കെന്തുപറ്റി? എനിക്കതറിയാന്‍ ധൃതിയായി' ഷേര്‍ളി പറഞ്ഞു.
'പറയാം, ഞാന്‍ എല്ലാക്കാര്യങ്ങളും തുറന്നു പറഞ്ഞിട്ടുള്ള ഒരേയൊരു കൂട്ടുകാരി നീ മാത്രമാണ്. എങ്കിലും ഞാന്‍ ഇപ്പോള്‍ പറയുന്ന സത്യം കേള്‍ക്കുമ്പോള്‍ നീയും വിശ്വസിക്കില്ല. എന്തിന്! എനിക്കുപോലും വിശ്വസിക്കാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണത്.'
'എന്താണെന്നാല്‍ പറയൂ. നിന്നെ എനിക്കു വിശ്വാസമാണ്. നമ്മള്‍ ഇന്നോ ഇന്നലെയോ കണ്ടുതുടങ്ങിയവരല്ലല്ലോ. എന്താണു പ്രശ്‌നം?'
'ഷേര്‍ളി ഞാന്‍... ഞാന്‍ ഗര്‍ഭിണിയാണ്.'
ഷേര്‍ളി ആദ്യം ഒന്നു ഞെട്ടി. പിന്നെ സ്വരം താഴ്ത്തി തിരക്കി.
'പറയൂ എങ്ങനെ സംഭവിച്ചു'
'ഇനി ഞാന്‍ പറയുന്നതാണ് നീ വിശ്വാസിക്കാത്തത്. അത് എങ്ങനെ സംഭവിച്ചുവെന്ന് എനിക്കുതന്നെ അറിയില്ല.'
'അതു നുണ. അരവിന്ദുമായി നീ നേരത്തെ...'
'ഇല്ല. ആദ്യരാത്രിയിലാണ് ഞാന്‍ ഛര്‍ദ്ദിച്ചത്. അതിനുശേഷം അദ്ദേഹം എന്നെ സ്പര്‍ശിച്ചതേയില്ല. പിറ്റേന്നു മെഡിക്കല്‍ ചെക്കപ്പു നടത്തിയപ്പോള്‍ ഞാന്‍ ഗര്‍ഭവതിയാണെന്നു തെളിഞ്ഞു. അതോടെ അരവിന്ദ് പിണങ്ങിപ്പോയി.'
'പിന്നീട് അന്യനാട്ടില്‍ പോയി മരിക്കുക എന്ന ലക്ഷ്യത്തോടെ നീയും യാത്ര തിരിച്ചു അല്ലേ?'
ഉഷ നിശബ്ദയായി തലയാട്ടി.
'ഇനി പറയൂ. ആരാണ് നിന്റെ ഗര്‍ഭത്തിനുത്തരവാദി?'
'സത്യമാണു ഷേര്‍ളി. ഞാന്‍ ഇന്നേവരെ ഒരു പുരുഷനുമായും ലൈംഗികമായി ബന്ധപ്പെട്ടിട്ടില്ല. ഞാന്‍ പറയുന്നതു വിശ്വസിക്കൂ.'
ഷേര്‍ളി പരിഹാസ ഭാവത്തില്‍ ചിരിച്ചു.
'നൂറ്റാണ്ടുകള്‍ക്കു മുമ്പ് കന്യകാമറിയം പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ഗര്‍ഭം ധരിച്ചു. അങ്ങനെയാണ് അവള്‍ യേശുക്രിസ്തുവിനെ പ്രസവിച്ചത്. അതുപോലെ വല്ല അത്ഭുതവുമാണോ ഇത്?'
ആ വാക്കുകളിലെ പരിഹാസം ഉഷയ്ക്കു മനസ്സിലാകുമായിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
'ഉഷേ നിന്നെ വിഷമിപ്പിക്കാന്‍ വേണ്ടിയല്ല ഞാന്‍ പറഞ്ഞത്, ബുദ്ധിയും വിദ്യാഭ്യാസവുമുള്ള ഒരു യുവതിയല്ലേ നീയും. പുരുഷബന്ധം കൂടാതെ നിന്റെ ഒരു കൂട്ടുകാരി ഗര്‍ഭവതിയാണെന്നു പറഞ്ഞാല്‍ നീ വിശ്വസിക്കുമോ?'
'ഇല്ല. പക്ഷെ എന്നില്‍ ഇത് എങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല. നിദ്രയിലോ, അബോധാവസ്ഥയിലോ പോലും ഒരു പുരുഷന്‍ എന്നിലേയ്ക്കു കടന്നു വന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.'
'പിന്നെ എങ്ങനെ?'
'അതാണ് എനിക്കുമറിയാത്തത്. ആര്‍ക്കുമാര്‍ക്കും ഉത്തരം നല്‍കാനാവാത്ത ചോദ്യം.'
ഷേര്‍ളിക്ക് എന്നിട്ടും സ്‌നേഹിതയുടെ വാക്കുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒപ്പം അവിശ്വസിക്കാനും.
ഉഷ സാധാരണഗതിയില്‍ നുണ പറയുന്ന ശീലമുള്ളവളല്ല. അതുപോലെ തന്നെ അവള്‍ക്ക് യാതൊരുവിധ പ്രേമബന്ധങ്ങളും ഉണ്ടായിരുന്നില്ല. ഏതെങ്കിലുമൊരു പുരുഷന്റെ വലയില്‍ കുടുങ്ങുന്ന സ്വഭാവമല്ല അവളുടേത്. ആ നിലയ്ക്ക് ഉഷയുടെ വാക്കുകള്‍ അവിശ്വസിക്കാനും പ്രയാസം.
പിന്നെ എങ്ങനെ സംഭവിച്ചു?

Read More: https://www.emalayalee.com/writer/304

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക