Image

തുടര്‍ഭരണത്തിന്റെ കോട്ടകള്‍ തകര്‍ന്ന് എല്‍.ഡി.എഫ്; യു.ഡി.ഫ് തരംഗം ഒരു സൂചന (എ.എസ് ശ്രീകുമാര്‍)

Published on 13 December, 2025
തുടര്‍ഭരണത്തിന്റെ  കോട്ടകള്‍ തകര്‍ന്ന് എല്‍.ഡി.എഫ്; യു.ഡി.ഫ് തരംഗം ഒരു സൂചന (എ.എസ് ശ്രീകുമാര്‍)

കടുത്ത ഭരണവിരുദ്ധ വികാരത്തില്‍ ഇടതു മുന്നണിയുടെ കോട്ടകള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആഞ്ഞുവീശിയത് യു.ഡി.എഫ് തരംഗം. ബി.ജെ.പിയുടെ എന്‍.ഡി.എ ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം നേടിക്കൊണ്ട് കേരളത്തില്‍ നില മെച്ചപ്പെടുത്തി. ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലൂടെ സി.പി.എം നേതാക്കള്‍ ലക്ഷണമൊത്ത അമ്പലം വിഴുങ്ങികളാണെന്ന് തെളിയിച്ചതിന് അയ്യപ്പ ഭക്തരുള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങള്‍ സി.പി.എമ്മിനും സര്‍ക്കാരിനും കൊടുത്ത ചാട്ടവാറടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഹൈലൈറ്റ്. അമ്പലക്കൊള്ളയില്‍ ആവര്‍ത്തിച്ച് ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സി.പി.എം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ പേരിനുപോലും  നടപടിയെടുക്കാത്തതിന് ജനം കൊടുത്ത ബാലറ്റ് പ്രഹരമാണിതെന്നും പറയാം.

അതോടൊപ്പം, തുടര്‍ഭരണത്തിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയുമാണ്. വാസ്തവത്തില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും വലിയ വിയര്‍പ്പൊഴുക്കേണ്ടേി വന്നില്ല. സി.പി.എം അവര്‍ക്ക് താലത്തില്‍ കൊടുത്ത വിജയമാണിതെന്നതില്‍ സംശയമില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയമൊന്നും ഇവിടെ അശേഷം ഏശിയില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ക്ഷേമ പെന്‍ഷന്‍ കുട്ടിയതുള്‍പ്പെടെയുള്ള സുഖിപ്പീരുകള്‍ ചീറ്റിപ്പോയി. ''ഐ ആം ദ സ്റ്റേറ്റ്...'' എന്ന വിധത്തില്‍ ലൂയി പതിനാലാമന്‍ കളിച്ച പിണറായി വിജയന് വ്യക്തിപരമായി ഏറ്റ ലോക തോല്‍വി കൂടിയാണ് ഈ ജേനവിധി എന്ന് വിലയിരുത്താം. സര്‍ക്കാരിന്റെ  പദ്ധതികളുടെ മികവെല്ലാം വെറുക്കപ്പെട്ട ഈ അഹന്തയില്‍ വെന്ത് വെണ്ണീറായിപ്പോയി.

''എന്നിട്ടും അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്...'' എന്ന നിലയിലാണ് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം മണി പ്രതികരിച്ചത്. ''എല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ടുണ്ട്. എന്നിട്ട് ഏതോ തക്കതായ, നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. നന്ദികേടല്ലാതെ പിന്നെ അനുകൂലമാണോ..? ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്റെ ചരിത്രത്തില്‍ നടന്നിട്ടുണ്ടോ..? ഇല്ലല്ലോ..? ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു എന്നാണ് എനിക്ക് തോന്നുന്നത്. നല്ല ഒന്നാന്തരം പെന്‍ഷണന്‍ മേടിച്ച് ഇഷ്ടം പോലെ തിന്നു. എന്നിട്ട് നേരെ എതിര് വോട്ട് ചെയ്തുവെന്ന് പറഞ്ഞാല്‍, അതിന്റെ പേര് ഒരുമാതിരി പെറപ്പ്പണീന്ന് പറയും...'' എന്നായിരുന്ന ജനങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള എം.എം മണിയുടെ പരാമര്‍ശം.

കഴിഞ്ഞ തവണ, അതായത് 2020 ഡിസംബര്‍ 8, 10, 14 തീയതികളില്‍ നടന്ന തദ്ദേശ തിരഞ്ഞടുപ്പില്‍ 514 ഗ്രാമ പഞ്ചായത്തുകളില്‍ ഇടതു മുന്നണി വിജയിച്ചപ്പോള്‍ യു.ഡി.എഫ് 377-ല്‍ ഒതുങ്ങി. 22 സീറ്റുകള്‍ എന്‍.ഡി.എയും 28 എണ്ണം മറ്റുള്ളവരും സ്വന്തമാക്കി. ബ്ലോക്ക് പഞ്ചായത്തില്‍ 108 എണ്ണം എല്‍.ഡി.എഫിന്റെയും 44 സീറ്റുകള്‍ യു.ഡി.എഫിന്റെയും പേരില്‍ കുറിക്കപ്പെട്ടു. 11 ജില്ലാ പഞ്ചായത്തുകള്‍ ഇടതു മുന്നണിയും 3 എണ്ണം യു.ഡി.എഫും നേടി. ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ ഒന്നില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. എന്നാല്‍ മുനിസിപ്പാലിറ്റികളില്‍ യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. യു.ഡി.എഫ്-45, എല്‍.ഡി.എഫ്-35.

എന്നാല്‍ 2026-ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ പോരാട്ടമായ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഇരട്ട ചങ്കുള്ളവര്‍ പ്രതീക്ഷിക്കാത്ത ഫലം. 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 നഗരസഭകള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേയ്ക്ക് നടന്ന വോട്ടെടുപ്പില്‍ യു.ഡി.എഫ് പോലും പ്രതീക്ഷിക്കാത്ത തരംഗമാണ് അക്ഷരാര്‍ത്ഥത്തില്‍ ആഞ്ഞടിച്ചത്. ഒരേയൊരു കോര്‍പറേഷന്‍, അതായത് കോഴിക്കോട് മാത്രമാണ് എല്‍.ഡി.എഫിന് നേടാനായത്. കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ ഇടതുമുന്നണിയില്‍ നിന്നും യു.ഡി.എഫ് ഭരണം തിരിച്ചു പിടിച്ചു. കൊല്ലത്ത് ഇതാദ്യമായി യു.ഡി.എഫ് അധികാരത്തിലെത്തി. കണ്ണൂരില്‍ അധികാരം നിലനിര്‍ത്തി. തിരുവനന്തപുരത്ത് താമര വിരിയുകയും ചെയ്തു.

ജില്ലാ പഞ്ചായത്തുകളില്‍ 7-7 എന്ന നിലയില്‍ സമനില പിടാക്കാനായത് മാത്രമാണ് ഇടതു മുന്നണിയുടെ ഏക ആശ്വാസം.  ബ്ലോക്ക് പഞ്ചായത്തുകളില്‍ 79 എണ്ണം യു.ഡി.എഫും, 63 എണ്ണം എല്‍.ഡി.എഫും കരസ്ഥമാക്കി. ഗ്രാമപഞ്ചായത്തുകളില്‍ 504 എണ്ണം യു.ഡി.എഫ് സ്വന്തമാക്കിയപ്പോള്‍, എല്‍.ഡി.എഫിന് 341 എണ്ണമേ വിജയിക്കാനായുള്ളൂ. എന്‍.ഡി.എ 26 ഇടത്ത് ഭരണം നേടി. ആറിടത്ത് മറ്റുള്ളവരും വിജയിച്ചു. മുനിസിപ്പാലിറ്റികളില്‍ 54 എണ്ണമാണ് യു.ഡി.എഫിനൊപ്പം നിന്നത്. 28 എണ്ണം ഇടതുപക്ഷത്തും നിലയുറപ്പിച്ചു. രണ്ടിടത്ത് എന്‍.ഡി.എ അധികാരം നേടി. പാലക്കാട് നഗരസഭയില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തിയപ്പോള്‍, തൃപ്പൂണിത്തുറയില്‍ ബി.ജെ.പി അധികാരം പിടിച്ചെടുക്കുകയായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ ഇലക്ഷന്റെ ടെസ്റ്റ് ഡോസായി വിലയിരുത്തപ്പെടുന്ന സാഹചര്യത്തില്‍ മൂന്നാം തവണയും അധികാരത്തിലെത്തി അപൂര്‍വ ഹാട്രിക്ക് തികയ്ക്കാമെന്ന പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും സ്വപ്നം തകരുമെന്ന് തന്നെ കരുതാം. കാരണം തദ്ദേശ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയും വലിയൊരു തിരിച്ചടി എല്‍.ഡി.എഫും സി.പി.എമ്മും ഇതിന് മുമ്പ് നേരിട്ടിട്ടില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിനും യു.ഡി.എഫിനും ന്യായമായും പ്രതീക്ഷിക്കാം. എന്നാല്‍ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള കടിപിടി അതിരുവിട്ടാല്‍ കാര്യങ്ങള്‍ കൈവിട്ട് പോവുകയും ചെയ്യും. ഏതായാലും അനിവാര്യമായ ഒരു മാറ്റം വേണമെന്ന് കേരളം ആഗ്രഹിക്കുന്നുവെന്നതിന്റെ കൃത്യമായ ജനവിധിയാണിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 
 

Join WhatsApp News
കാവിൽ 2025-12-13 17:42:29
ഇലക്ഷൻ അടുക്കു മ്പോൾ മാത്രം നക്കാപിച്ച കൊടുക്കുകയും .ഒരു കള്ള പ്പെണ്ണു കേസും അതിൻ്റെ കോലവു മായി ഇറങ്ങുന്ന തരംതാണ രാഷ്ട്രീയത്തിന് ജനം കൊടുത്ത മറുപടി . അതിന് ഇത് സതീശൻ്റെ വിജയമല്ല . സ്വർണം കട്ടതിൻ പ്രതിഫലം അത്രയേയുള്ളു. രാഹുൽ തരംഗം ഇപ്പോഴും കോൺഗ്രസ്സിൽ ഉണ്ട് . അതാണ് വിജയംകണ്ടത്
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-14 00:33:57
മത വിശ്വാസത്തേക്കാൾ എത്രയോ ഭീകരമാണ് കമ്മ്യൂണിസം എന്ന അന്ധവിശ്വാസം.ലോകത്തിനുതന്നെ ഭീഷണി. മത വിശ്വാസം വിശ്വാസികളെ മാത്രമേ ബാധിക്കുള്ളൂ ; മറിച്ച് കമ്മ്യൂണിസം ഒരു രാജ്യത്തെ അപ്പാടെ മുച്ചൂടും മുടിപ്പിക്കും. അതിൽ വിശ്വസിക്കുന്നവരെയും അല്ലാത്തവരെയും. ആ പരമ സത്യം മനസ്സിലാക്കിയതുകൊണ്ടായിരിക്കണമല്ലോ കേരളത്തിലെ ഒരുമാതിരിപ്പെട്ട എല്ലാ കമ്മ്യൂണിസ്റ്റുകളും കുഞ്ഞു കുട്ടി പരാധീനങ്ങളുമായി എത്രയോ നാൾ മുൻപേ അവിടം വിട്ട് ന്യൂയോർക്കിലെ എൽമോണ്ടിലേക്ക് ചേക്കേറിയത്. അതുകൊണ്ട് അവരും അവരുടെ വരാൻ പോകുന്ന തലമുറകളും safe. നാലാമത്തെ പ്രബല മതമാണ് കമ്മ്യൂണിസം. മനുഷ്യരെ ഊളകളാക്കുന്ന പ്രത്യയശാസ്ത്രം. ലോകത്തിന്റെ 'അർ‍ഭൂതം'. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക