
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലെ പ്രഥമ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയമായ സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് ഇടവകയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം സമുചിതമായ പരിപാടികലോടെ ഡിസംബര്‍ 14-ാം തീയ്യതി ഞായറാഴ്ച നടക്കും. അന്നേദിവസം രാവിലെ നടക്കുന്ന പ്രഭാത പ്രാര്‍ത്ഥനക്കും വിശുദ്ധ മൂന്നില്‍മേല്‍ കുര്‍ബ്ബാനയ്ക്കും അമേരിക്കന്‍ അതിഭദ്രാസനാധിപനും പാത്രിയര്‍ക്ക വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സുകൊണ്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്.

വൈകുന്നേരം 5 മണിക്ക് സ്റ്റാറ്റന്‍ഐലന്റ് ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന ഡിന്നര്‍ ബാങ്ക്വറ്റിലും പൊതു സമ്മേളനത്തിനും ആര്‍ച്ച് ബിഷപ്പ് അദ്ധ്യക്ഷത വഹിക്കും. ഇടവകയില്‍ വൈദീക ശുശ്രൂഷ നിര്‍വ്വഹിച്ച മുന്‍ വികാരിമാര്‍, കോറെപ്പിസ്‌ക്കോപ്പന്‍മാര്‍, ശെമ്മാശന്‍മാര്‍, ഭദ്രാസന കൗണ്‍സില്‍ ഭാരവാഹികള്‍, അത്മായ പ്രമുഖകര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കും.

മോര്‍ ഗ്രീഗോറിയോസ് ഇടവകയുടെ മുന്‍ വികാരിമാര്‍, സ്ഥാപകാംഗങ്ങളില്‍ ഒരാളും ഇടവകയിലെ സീനിയര്‍ അംഗവുമായ ഷെവലിയര്‍.ഈപ്പന്‍ മാളിയേക്കല്‍, നാല്‍പ്പത് വര്‍ഷത്തിലധികമായി ഇടവകാംഗങ്ങളായ സീനിയര്‍ അംഗങ്ങള്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കുന്നതാണ്. ഇടവകയുടെ ആരംഭം മുതല്‍ നാളിതുവരെയുള്ള ചരിത്രസംഭവങ്ങള്‍ വിവരിക്കുന്ന ലഘു ഡോക്യുമെന്ററി വീഡിയോ, വിവിധങ്ങളായ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. ഭദ്രാസന ഭാരവാഹികള്‍, വൈദീക ശ്രേഷ്ഠര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

അന്‍പത് വര്‍ഷം പിന്നിടു ഇടവക ഇപ്പോള്‍ ആരാധന നടന്നിവരുന്ന ദേവാലയം സമ്പുര്‍ണ്ണമായി പുനരുദ്ധരിക്കുവാനുള്ള പ്രവര്‍ത്തനത്തിലാണ്. നാല്‍പതോളം കുടുംബങ്ങള്‍ പൗരാണികമായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട് ആരാധിക്കുന്ന ദേവാലയത്തില്‍ ഭദ്രാസനത്തിന്റെ ഭാഗമായി ഉള്ള എല്ലാ ആത്മീക സംഘടനകളും ഊര്‍ജ്ജ്വസലതയോടെ പ്രവര്‍ത്തിച്ചു വരുന്നു.

റവ.ഫാ.രാജന്‍ പീറ്റര്‍(വികാരി), റവ.ഫാ.ആകാശ്‌പോള്‍(സഹവികാരി), റവ.ഫാ.ഫൗസ്റ്റീനോ ക്വിന്റാനില്ല(ഇടവകാംഗം) എന്നിവര്‍ വൈദീക ശുശ്രൂഷ നിര്‍വ്വഹിച്ചു വരുന്നു. വന്ദ്യ വൈദീക ശ്രേഷ്ഠരുടെ നേതൃത്വത്തില്‍ ചാക്കോ പൗലൂസ് (വൈസ് പ്രസിഡന്റ്), ജോസ് ഏബ്രഹാം(സെക്രട്ടറി), ബെന്നി ചാക്കോ(ട്രഷറര്‍), സജി ജോര്‍ജ്(ജോയിന്റ് ട്രഷറര്‍), അലക്‌സ് വലിയവീടന്‍സ്(സ്‌പെഷ്യല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍), എന്നിവര്‍ ഉള്‍പ്പെട്ട മാനേജിംഗ് കമ്മറ്റിയും സുവര്‍ണ്ണ ജൂബിലി കമ്മിറ്റിയും പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ചുവരുന്നു.

ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത പ്രാര്‍ത്ഥനയും 9.15ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയും ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. വിശുദ്ധ ആരാധനയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്ത: ബിജു ചെറിയാന്‍(പി.ആര്‍.ഓ.)