
ട്രംപ് ഭരണകൂടം ആളുമാറി നാടു കടത്തിയെന്നു സമ്മതിച്ച കിൽമർ അബ്‌റീഗോ ഗാർഷ്യയെ ഇമിഗ്രെഷൻ അധികൃതർ വിട്ടയച്ചുവെന്നു അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചു. വ്യാഴാഴ്ച്ച ഫെഡറൽ കോടതി നൽകിയ ഉത്തരവിനെ തുടർന്നാണ് പെൻസിൽവേനിയയിലെ ഡീറ്റെൻഷൻ സെന്ററിൽ നിന്നു ഗാർഷ്യയെ മോചിപ്പിച്ചത്.
മെരിലാൻഡ് നിവാസിയായ ഗാർഷ്യയെ എൽ സാൽവദോറിലെ കുപ്രസിദ്ധമായ ജയിലിൽ അടയ്ക്കാൻ വെനസ്വേലൻ കുറ്റവാളി സംഘങ്ങൾക്കൊപ്പം ആയിരുന്നു നാടു കടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ നടത്തിയ നിരന്തരമായ പോരാട്ടങ്ങൾക്കു ശേഷം ഗാർഷ്യയെ എൽ സാൽവദോർ തിരിച്ചയച്ചു. എന്നാൽ യുഎസിൽ എത്തിയ ഉടൻ ഇമിഗ്രെഷൻ അധികൃതർ ജയിലിൽ അടച്ചു.
കൗമാര പ്രായത്തിൽ എൽ സാൽവദോറിൽ നിന്നു അനധികൃതമായി എത്തിയ ഗാർഷ്യക്ക് (30) മെരിലാൻഡിൽ അമേരിക്കൻ പൗരത്വമുള്ള ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.
ഇമിഗ്രെഷൻ അധികൃതർ ഇനി എന്താണ് ചെയ്യുക എന്നാണ് ഗാർഷ്യയുടെ അഭിഭാഷകർ കാത്തിരിക്കുന്നത്. ഏതറ്റം വരെയും പൊരുതുമെന്നു അവർ പറഞ്ഞു.
ജയിലിൽ സൂക്ഷിക്കാൻ ഭരണകൂടത്തിന് അവകാശമില്ലെന്ന വാദം അംഗീകരിച്ചാണ് മെരിലാൻഡ് കോടതി ഗാർഷ്യയെ വിട്ടത്. കാരണം, അദ്ദേഹത്തെ നാടുകടത്താൻ ഇമിഗ്രെഷൻ കോടതിയിൽ നിന്ന് അന്തിമ തീർപ്പുണ്ടായിട്ടില്ല.
എന്നാൽ കോടതിയെ തള്ളിയ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അപ്പീൽ പോകുമെന്നു പ്രഖ്യാപിച്ചു.
Garcia freed from immigration detention