
ജോലി ചെയ്തു ജീവിക്കുന്ന അമേരിക്കക്കാർക്ക് പുതുവർഷത്തിൽ ഓരോ വീട്ടിലും $1,000 മുതൽ 2,000 വരെ റീഫണ്ട് ലഭിക്കുമെന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു. പ്രസിഡന്റ് ട്രംപിന്റെ One Big Beautiful Bill Act നൽകുന്ന നികുതി ഇളവാണ് അതിനു കാരണം.
2026 ആദ്യ ക്വാർട്ടറിൽ ചെക്കുകൾ ലഭിക്കും. 2025ൽ ശരാശരി റീഫണ്ട് $2,939 ആയിരുന്നുവെന്നു ഓക്സ്ഫോർഡ് ലീഡ് എക്കണോമിസ്റ്റ് നാൻസി വാൻഡാൻ ഹൗട്ടൻ എഴുതിയ റിപ്പോർട്ടിൽ പറയുന്നു.
"$100 ബില്യൺ മുതൽ $150 ബില്യൺ വരെ തിരിച്ചു കൊടുക്കും എന്നാണ് ഞാൻ മനസിലാക്കുന്നത്. അതായത് ഓരോ കുടുംബത്തിനും $1,000 മുതൽ 2,000 വരെ," ബെസന്റ് പറഞ്ഞു.
നികുതി കുറയുമ്പോൾ വേതനം യഥാർത്ഥമായി കൂടുമെന്നു ബെസന്റ് ചൂണ്ടിക്കാട്ടി. ട്രംപിന്റെ ബില്ലിൽ ഓവർടൈം നികുതി നിർത്തിയിട്ടുണ്ട്. ടിപ്പ് വാങ്ങുന്നവർക്കുള്ള നികുതിയും.
സമ്പന്ന വിഭാഗങ്ങൾക്കു മെച്ചം നൽകുകയും അടിസ്ഥാന സഹായമായ ഫുഡ് സ്റ്റാമ്പുകളും മെഡിക്കെയ്ഡും ഇല്ലാതാക്കുകയും ചെയ്യുന്നതാണ് ട്രംപിന്റെ ബില്ലെന്ന വിമർശനം ഉയർന്നിരുന്നു.
2024ൽ കൂടുതൽ നികുതി നൽകിയ 94 മില്യൺ ആളുകൾക്കു 2025ൽ തിരിച്ചു നൽകിയത് $275 ബില്യൺ ആയിരുന്നു എന്നാണ് ഐ ആർ എസ് കണക്ക്. അത് 18% കണ്ടു വർധിക്കുമ്പോൾ കൂടുതലായി $50 ബില്യൺ 2026ൽ തിരിച്ചു നൽകും.
ഹൗട്ടൻ ചൂണ്ടിക്കാട്ടുന്നത് സോൾട്ട് എന്നറിയപ്പെടുന്ന സ്റ്റേറ്റ്-ലോക്കൽ നികുതികൾക്കുള്ള ഇളവിന്റെ പരിധി നീക്കം ചെയ്തത് സമ്പന്നർക്കാണ് പ്രയോജനപ്പെടുക എന്നാണ്. $10,000 പരിധി ഉണ്ടായിരുന്നത് $40,000 ആക്കി.
Working Americans will get up to $2,000 tax refunds