Image

ലൂസ്സി കാറ്റര്‍ (ചിഞ്ചു തോമസ്)

Published on 13 December, 2025
ലൂസ്സി കാറ്റര്‍ (ചിഞ്ചു തോമസ്)

2024 ഡിസംബർ പതിമൂന്നിന് രാവിലെ മാൽമോ നഗരം ലാളിത്യമുള്ളൊരു സ്ത്രീയെപ്പോലെ തനിമയോടെനിന്ന് മഴ നനഞ്ഞു. ആകാശം ഇരുണ്ട മേഖങ്ങളിൽ ഒളിച്ചിരുന്നു. എന്റെ മുഖത്തും വസ്ത്രങ്ങളിലും വന്നിരുന്ന മഴത്തുള്ളികൾ താഴേക്ക്‌ ഒഴുകി പോകാതെ വന്നുപതിച്ചിടത്തുതന്നെ ഇരിക്കുകയാണ്.കൈയുറയിട്ട കൈകൊണ്ട് ഞാൻ എന്റെ മുഖത്തുവന്നിരുന്നമഴത്തുള്ളികൾ തുടച്ചു.എനിക്ക്  വേദന തോന്നിച്ചു.അപ്പോഴാണ്  മഴത്തുള്ളികൾ കുഞ്ഞ് ഐസ് തുള്ളികളാണെന്നുള്ള സത്യം എനിക്ക് മനസിലായത്. മുഖത്ത് തറച്ച ഐസ് തുള്ളികൾ ഉരയുന്നത്തിന്റെ വേദന. ഞങ്ങൾ സാവകാശം റോഡ് മുറിച്ചു കടന്ന് പറ്റിസറി ഡേവിഡിൽ കയറി. പറ്റിസറി എന്നുപറഞ്ഞാൽ അതിവിശിഷ്ടമായ കേക്ക്, പേസ്റ്റ്റീസ് മുതലായ ഡെലിക്കസീസ് ഉണ്ടാക്കിവിൽക്കുന്ന കട എന്നാണ്. പറ്റിസറി ഡേവിഡിൽ ഞങ്ങൾ തലേന്നുംചെന്നതാണ്.. അവിടെനിന്നും കഴിച്ച പലഹാരങ്ങളുടെ രുചിയും, മധുരം കുറച്ചുമാത്രം ചേർത്ത് ഉയർന്ന നിലവാരമുള്ള ചോക്ലേറ്റ് കൊണ്ടുണ്ടാക്കിയ ഹോട്ട് ചോക്ലേറ്റ് മിൽക്കിന്റെ മേന്മയും ഞങ്ങളെ പിന്നെയും അവിടെയെത്തിച്ചുവെന്ന് പറയാമല്ലോ.

ഞങ്ങൾ കോട്ടൂരി കസേരക്ക് പിന്നിൽ വിരിച്ചിട്ട് മോഹനമായി നിരത്തിവെച്ചിരുന്ന പലഹാരങ്ങളെ നോക്കിനിന്നു.ആദ്യം കനെല്ലയും റ്റാർട്ടും ഓർഡർ ചെയ്തു.അവ നുണഞ്ഞ് ഹോട്ട് ചോക്ലേറ്റും കുടിച്ച്‌ അവിടുത്തെ അലങ്കാരങ്ങൾ നോക്കിയിരുന്നു. ഞങ്ങളുടെ അടുത്ത ടേബിളിൽ ഉണ്ടായിരുന്നവരുടെ ആറു മാസം പ്രായം തോന്നുന്ന കുഞ്ഞ് ഞങ്ങളെനോക്കി  അഹ അഹ ചിരിക്കുന്നുണ്ടായിരുന്നു. അന്ത്രയോ പ്രത്യേകതരം ഗോഷ്ടികൾ കാട്ടി കുഞ്ഞിനെ പിന്നെയും ചിരിപ്പിച്ചു.അവിടെ  ജനലരികിൽ മാക്കറൂൻസ് ത്രിഗോണാകൃതിയിൽ  അലങ്കരിച്ചുവെച്ചിട്ടുണ്ടായിരുന്നു. അതിന്റെ അടുത്തായി  കുരിശിന്റെ ആകൃതിയിലുള്ള  കാൻഡിൽ ഹോൾഡറിൽ ഇലക്ട്രിക് കാൻഡിൽസ് മേൽക്കൂരകണക്ക് വെച്ചിരുന്നു. മാൽമോയിലുള്ള ഓരോ വീടുകളുടെയും കെട്ടിടങ്ങളുടെയും  ജനലരികിൽ കുരിശിന്റെ ആകൃതിയിലുള്ള  കാൻഡിൽ ഹോൾഡറിൽ ഇലക്ട്രിക് കാൻഡിൽസ് കത്തി നിന്നിരുന്നു.പേപ്പർ നക്ഷത്രങ്ങളും  അലങ്കാരങ്ങളായുണ്ടായിരുന്നു. 

ഞങ്ങൾ കനെല്ലയും റ്റാർട്ടും കഴിച്ചിട്ട്  അടുത്തത്  എന്തു കഴിക്കണം എന്ന് പരതിനോക്കി. യൂറോപ്പിലേക്ക്  യാത്ര ചെയ്യുമ്പോൾ അവിടുത്തെ ഡെലിക്കസീസ് എല്ലാംകഴിച്ചുനോക്കുന്ന  ശീലമുണ്ട്. ഇഷ്ട്ടപ്പെട്ട ബേക്കറി,പറ്റിസറി,റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ പിന്നെയും പോകും അവിടെനിന്ന് യാത്രയാകുംവരെ.തണുപ്പത്തു ചുരുണ്ടുകൂടിയിരുന്നു ചൂടുകാഞ്ഞ് കഴിപ്പും കുടിയും നടത്തുക എന്നതുതന്നെ  എന്റെ ഐറ്റനറിയിൽ ഉള്ളതാണ്.ചൂടുള്ള ഭക്ഷണം ഞൊടിയിടയിലാണ് തണുക്കുക.കേരളത്തിൽ പണ്ടുകണ്ടിരുന്ന മഞ്ഞക്കളറിലെ ബൻ, പറ്റിസറി ഡേവിഡിൽ അതാ ഇംഗ്ലീഷ് ആൽഫബറ്റ് എസ് ഷേപ്പിൽ ഉണ്ടാക്കി വലിയ സ്റ്റീൽ പ്ലേറ്റിൽ അടുക്കി വെച്ചിരിക്കുന്നു. അതിൽനിന്നും  ആവി പറക്കുന്നുണ്ടായിരുന്നു. 

ഈ ബൻ സഞ്ചരികളായ  ഞങ്ങൾക്ക് പണംമുടക്കി കഴിച്ചുനോക്കാനുമുള്ള  ഗുണമുള്ളതാണോയെന്ന് ഞങ്ങൾ ചോദിച്ചു. അവിടെ ധാരാളം പലഹാരങ്ങൾ ഉണ്ടായതുകൊണ്ടാണ് ഞങ്ങൾ അങ്ങനെ ചോദിച്ചത്. ലൂസ്സികാറ്റർ അഥവാ സാഫ്റൺ ബൻ ഈ ദിവസം കഴിക്കേണ്ടുന്ന വിശേഷപ്പെട്ട പലഹാരമാണെന്നും ഇന്ന് സെന്റ് ലൂസിയാസ് ഡേ ആണെന്നും അവർ ഞങ്ങളോട് പറഞ്ഞു. ഈ ദിവസം മുതൽ ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിക്കുകയായി. പറ്റിസറി ഡേവിഡിന്റെ എതിർവശത്തായി കാണുന്ന കരോലി ചർച്ചിന്റെ മുൻപിലായി ക്രിസ്മസ് മാർക്കറ്റ് ഡിസംബർ പതിനാലിന്  മുതൽ ഉണ്ടാകുംഎന്നവർപറഞ്ഞു. ഞങ്ങൾ ആ ഭാഗത്തേക്ക്‌ നോക്കിയപ്പോൾ സ്റ്റാളുകളുടെ പണികൾ തകൃതിയായി  നടക്കുകയാണ്.ഞങ്ങൾ പതിനാലിന് രാവിലെതന്നെ സ്റ്റോക്ക്ഹോമിലേക്ക് പോകുകയാണ്. മുന്നിൽ പണിനടക്കുന്ന ക്രിസ്മസ് മാർക്കറ്റിനെ എല്ലാം തികഞ്ഞവളായി ഞങ്ങൾക്ക് കാണാൻ കഴിയുമായിരുന്നില്ല.
സെന്റ് ലൂസിയാസ് ഡേ ആയതുകൊണ്ട് പ്രാർത്ഥനകൾ ഉണ്ടോ എന്ന് ഞങ്ങൾ ചോദിച്ചു.കൊയർ ഉണ്ടെന്ന് അവർ പറഞ്ഞു. പിന്നെ  തലയിൽ കിരീടം വെക്കുന്നതുപോലെ ആക്ഷൻ കാണിച്ച് കൈകൂപ്പി രണ്ടുസ്റ്റെപ്  നടന്നുകാണിച്ച്‌  വാലെ വാലെ ഇനിയും ആളുകൾ നടക്കുമെന്ന് അവർ ആംഗ്യം കാണിച്ചു തന്നു.

സ്കാൻഡിനേവിയയിൽ ക്രിസ്മസ് ആഘോഷം തുടങ്ങുന്നത് ആദ്യ അഡ്വന്റ് ഞായർ മുതലാണ്(ആദ്യ ആഗമന ഞായർ മുതൽ).അങ്ങനെ ക്രിസ്മസ് ദിനത്തിന് മുന്നേ നാല് ആഗമന ഞായറാഴ്ചകളുണ്ട്.ഓരോ ഞായറും ഓരോ മെഴുകുതിരികൾ കത്തിച്ച് ജനാലക്കരികിൽ  വെച്ച് ക്രിസ്മസ് ദിനം കാത്തിരിക്കും
 സ്കാൻഡിനേവിയക്കാർ.പ്രതീക്ഷ,സമാധാനം,സന്തോഷം,സ്നേഹം എന്നിവയെയാണ്   കത്തിച്ചുവെച്ച  നാല് മെഴുകുതിരികൾ സൂചിപ്പിക്കുന്നത്.അങ്ങനെ ഓരോ ഞായറാഴ്ചകളിലായി ഓരോ മെഴുകുതിരികൾ കത്തിക്കുന്നതാണ് ആചാരം.എന്നാലിപ്പോൾ ആദ്യ അഡ്വന്റ് ഞായർ മുതൽ നാല് അഞ്ച് ഏഴ് അങ്ങനെ പല എണ്ണത്തിലുള്ള  ഇലക്ട്രിക് മെഴുകുതിരികൾ ജനലരികിൽ കാണാം.ആദ്യ ആഗമന ഞായറാഴ്ചതന്നെ അവർ വീടുകളിൽ ക്രിസ്മസ് ട്രീ മുറിച്ചുകൊണ്ടുവന്നു  അലങ്കരിച്ചുവെക്കും.അന്നുമുതൽ ദിവസവും സമ്മാനങ്ങൾ കൈമാറും.അത്താഴത്തിനുമുൻപ് അലങ്കരിച്ചു വെച്ച ക്രിസ്മസ് ട്രീക്ക് ചുറ്റുംപാട്ടുപാടി നൃത്തമാടും.തീൻമേശക്ക് മുന്നിലിരുന്ന് ക്രിസ്മസ് വിനോദങ്ങളിൽ ഏർപ്പെടും.

പണ്ട് നോർത്തേൺ യൂറോപ്പിലുണ്ടായിരുന്ന ഗോത്രവർഗ്ഗക്കാരായ ജർമാനിക് പീപ്പിൾസ് ക്രിസ്ത്യാനികൾ ആകുംമുന്നേ ആചരിച്ചുപോന്നിരുന്ന യൂൾ ഫെസ്റ്റിവൽ(വിന്റർ ഫെറ്റിവൽ ) അവർ ക്രിസ്മസ് ഫെസ്റ്റിവലിൽ സംയോജിപ്പിച്ചിരിക്കുന്നു എന്ന് പറയുന്നു. സാന്റ ക്ലോസ്സിന് ജർമാനിക് പേഗൻസിന്റെ യുദ്ധത്തിന്റെയും മരണത്തിന്റെയും ദൈവമായ ഓടിനുമായി സാമ്യമുണ്ട് എന്നും പറയപ്പെടുന്നു.അവരുടെ യൂൾ ഫെസ്റ്റിവലിൽ ഓടിൻ നയിക്കുന്ന   മരിച്ചവരുടെ ഘോഷയാത്ര  ആകാശത്തുകൂടി പോകാറുണ്ട് എന്നവർ വിശ്വസിച്ചിരുന്നു.ഓടിന്റെ കൈയിൽ അർഹരായവർക്ക് കൊടുക്കാൻ സമ്മാനങ്ങളുണ്ടായിരുന്നു. ഓടിന് സാന്റ ക്ലോസിന്റേതുപോലെ  നീണ്ട താടിയുമുണ്ടായിരുന്നു.യൂൾ ഫെസ്റ്റിവൽ സമയത്ത് കർഷകർ അവരുടെ ഫ്യൂഡൽ പ്രഭുക്കന്മാരെ കാണാൻ പോകുകയും അവർക്ക് മുന്നിൽ പാടുകയും ചെയ്യുമായിരുന്നു.അതിന് പകരമായി കർഷകർക്ക് വിരുന്നും സമ്മാനങ്ങളും പ്രഭുക്കന്മാർ നൽകിയിരുന്നു.ഈ ആചാരം ഇന്നത്തെ  ക്രിസ്മസ് കരോളുമായി സാമ്യമുള്ളതാണ്.
അതൊക്കെ അവിടെനിൽക്കട്ടെ..

ഞങ്ങൾ പറ്റിസറി ഡേവിഡിൽനിന്നുമിറങ്ങി  മാൽമോ കാസിൽ കാണാൻപോകുംവഴി സെന്റ് പീറ്റേഴ്സ് ചർച്ചിൽ കയറി കൊയർ സന്ധ്യ ആറരയ്ക്ക് തുടങ്ങുമെന്ന് മനസിലാക്കി. രാവിലെ പള്ളിയിൽ അതിന്റെ തയാറെടുപ്പുകൾ നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ നടന്നുപോകുംവഴി  ക്രിസ്മസ് ഹാറ്റ്,ക്രിസ്മസ് സ്വെറ്റേഴ്‌സ് മുതലായവയിട്ട് നടന്നുപോകുന്ന മനുഷ്യരെ കണ്ടു. ഡിസംബർ പന്ത്രണ്ടിന് സ്വീഡൻ തുർക്കി ഫുട്ബോൾ നടന്നതിനാൽ തെരുവുകളിൽ പോലീസ് കാവലുണ്ടായിരുന്നു. മാൽമോയിൽ ധാരാളംപേർ തുർക്കി,ലെബനോൻ,പാലസ്റ്റീൻ എന്നിവിടങ്ങളിൽനിന്നും പാലായനം ചെയ്ത് എത്തിയിരുന്നു.സ്വീഡനിലെ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ താമസമുള്ള സിറ്റിയാണ് മാൽമോ.മാൽമൊയിലെ സ്വദേശികൾ ഊഷ്മളരാണ്.ഉത്സാഹികളും സൗഹൃദം നിറഞ്ഞവരുമാണ്. 
ഞങ്ങൾ അങ്ങനെ സന്ധ്യവരെ  അവിടെയെല്ലാം ചുറ്റിക്കണ്ട് മുറിയിൽവന്നു  ഫ്രഷ്ആയി രാത്രി ഏഴോടെ പിന്നെയും  തെരുവിലിറങ്ങി നടന്നു. മാൽമോ നഗരത്തിലെ ക്രിസ്മസ് അലങ്കാരങ്ങൾക്ക് കൃത്രിമത്വം കുറവായിരുന്നു.പൈൻ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുകൊണ്ടുവന്നു കൂട്ടിക്കെട്ടി വഴിയുടെ ഇരുവശങ്ങളിലും കുത്തി നിർത്തിയിരുന്നു.അതിൽ ചെറിയ സ്വർണ്ണ നിറമുള്ള ലൈറ്റ്സ് ചുറ്റിയിരുന്നു.സ്വർണ്ണ നിറമുള്ള  വിളക്കുകൾ മാൽമോ നഗരത്തിലെ തെരുവുകൾക്ക് മീതെ വടിയുടെ ആകൃതിയിൽ തൂങ്ങിക്കിടന്നു. അവിടെയുള്ള മരങ്ങളെ ചുറ്റിയും സ്വർണ്ണ ലൈറ്റുകൾ കത്തിനിന്നു.സ്വർണ്ണ വിളക്കുകൾ മാത്രമുള്ള തെരുവിലൂടെ നടന്ന് ഗംല വാസ്റ്ററിൽ എത്തുമ്പോൾ അവിടെയുള്ള ഭക്ഷണശാലകളും സ്വർണ്ണം നിറത്തിൽ മാത്രം പൊതിഞ്ഞതായികണ്ടു..ഗംല  വാസ്റ്ററിൽ കണ്ട നീളൻ പൈൻ മരങ്ങളിലൊന്നിൽ സ്വർണ്ണ വിളക്ക് ചുറ്റിയും മറ്റൊന്നിൽ സ്വർണ്ണ വിളക്ക് നീളത്തിൽ തൂക്കിയും ഇട്ടിരുന്നു. ഒരു ഭീമൻ ബോബ്ബിൾ സ്വർണ്ണം വെള്ളി നിറങ്ങളിലുള്ള വിളക്കുകൾ ചുറ്റി മാൽമോ സിറ്റി ഹാളിന് മുന്നിൽ മിന്നിത്തിളങ്ങി നിന്നു.അവിടുന്ന് 300 മീറ്റർ മാറിയായിരുന്നു സെന്റ് പീറ്റേഴ്സ് ചർച്ച് സ്ഥിതിചെയ്തിരുന്നതും. ചർച്ച് അടുക്കുന്തോറും അന്തരീക്ഷത്തിൽ സ്വർഗ്ഗീയ സംഗീതത്തിന്റെ പുണ്യം ഏറിവന്നു.മെയിൻ സ്‌ക്വയറിലെ ഒരു കെട്ടിടത്തിന്റെ മുന്നിലായി ടൂറിസ്റ്റുകൾക്ക്  വേണ്ടി കൊയർഒരുക്കിയിരുന്നു.ഞങ്ങൾ അതുകാണാൻ നിൽക്കാതെ പള്ളിക്കുള്ളിൽ കയറി.

പള്ളി നിറഞ്ഞ് നിൽക്കുകയാണ് മനുഷ്യരാൽ. മദ്ബഹയ്ക്ക് മുന്നിലായി കുറേ കുട്ടികൾ നാല് നിരകളിലായി നിന്ന് പാട്ട് പാടുകയാണ്. അവർ ധരിച്ചിരുന്നത് വെള്ള നിറത്തിലുള്ള നീണ്ട ലോഹയായിരുന്നു.അരയ്ക്ക് ചുവന്ന തുണികൊണ്ടുള്ള കെട്ടുണ്ട്.കെട്ടിന്റെ വള്ളി താഴെവരെ നീണ്ടു കിടപ്പുണ്ട്. പെൺകുട്ടികൾ തലയിൽ ഇലകൊണ്ടുള്ള പച്ച വട്ടക്കിരീടം വെച്ചിട്ടുണ്ട്. ആൺകുട്ടികൾ കോൺ പോലുള്ള വെള്ളത്തൊപ്പി  വെച്ചിരിക്കുന്നു. അവർ കത്തിച്ച മെഴുകുതിരി പിടിച്ചു നിൽക്കുകയായിരുന്നു. അവരുടെ നടുക്കായി ഒരു പെൺകുട്ടി ഇലക്ട്രിക് മെഴുകുതിരികൾകൊണ്ടുള്ള കിരീടം വെച്ച് ഭക്തിയോടെ കൈകൂപ്പി നിൽപ്പുണ്ട്.കൊയർ നിയന്ത്രിച്ചുകൊണ്ട് മ്യൂസിക് കമ്പോസർ കുട്ടികളെ അഭിമുഖീകരിച്ചു നിൽപ്പുണ്ട്. പിയാനോ വായനയിൽ സെന്റ് ലൂസിയയെപ്പറ്റിയുള്ള സംഗീതം അവിടെക്കൂടിയിരുന്ന ജനങ്ങളെ ഭക്തിയിൽ ലയിപ്പിച്ചു.പള്ളിയിൽ വന്ന ചിലകുട്ടികൾ സാന്റയുടെ ചുവന്ന വസ്ത്രം ധരിച്ചിരുന്നു. മുതിർന്ന ചിലർ ഗ്ലിറ്റർ കൊണ്ടുള്ള റിബ്ബൺ തലയ്ക്ക്  വട്ടംചുറ്റിയിരുന്നു. കരഞ്ഞു പ്രാർത്ഥിക്കുന്ന സ്ത്രീകളെയും പള്ളിയുടെ മധ്യത്ത് നിലത്തിരുന്നു കൊയർ കാണുന്ന കുഞ്ഞുങ്ങളെയും അവിടെക്കണ്ടു.അന്ത്രയോ ചുവന്ന സ്വെറ്റർ ധരിച്ചു മറ്റുകുട്ടികളുടെകൂടെ നിലത്തിരിക്കുകയായിരുന്നു. ഞാൻ നിന്നിരുന്ന സ്ഥലത്ത് വലിയ വട്ടത്തിൽ  ഒരു മെറ്റൽ ഹോൾഡറിൽ കത്തുന്ന മെഴുകുതിരികൾ ഒട്ടിച്ചുവെച്ചിട്ടുണ്ടായിരുന്നു.സ്വീഡനിലും ഡെന്മാർക്കിലുമുള്ള വീടുകളിൽ,കെട്ടിടങ്ങളിൽ,കടകളിലൊക്കെ ഇലക്ട്രിക് മെഴുകുതിരി വെച്ചിരിക്കുന്നത് കണ്ട് കണ്ട് എന്റെയടുത്തുള്ളതും ഇലക്ട്രിക് മെഴുകുതിരിയാകുമെന്ന് ഞാൻ കരുതിയിരുന്നു. പള്ളിയിലുണ്ടായിരുന്ന ഗാർഡ് എന്നെത്തട്ടിവിളിച്ച് അതൊക്കെ കത്തുന്ന മെഴുകുതിരിയാണെന്ന് പറഞ്ഞു. സ്കാൻഡിനെവിയയിലേക്ക് യാത്ര തിരിക്കും മുൻപ് എന്റെ വീട്ടിൽവെച്ച് നടന്ന ക്രിസ്മസ് സെലിബ്രേഷനിൽ  എന്റെ മുടിയിൽ ഇതുപോലെ കത്തിനിന്ന മെഴുകുതിരിയിൽനിന്നും  തീ പടർന്നിരുന്നു.അത് പേടിയോടെ ഓർത്ത് ഞാൻ ഉടൻതന്നെ മെഴുകുതിരികൾക്കടുത്തുനിന്നും മാറിനിന്നു.

ലൂസി എന്നുപറഞ്ഞാൽ  വെളിച്ചം എന്നാണ് അർത്ഥം.ഫോർത്ത് സെഞ്ച്വറിയിൽ ജീവിച്ചിരുന്ന സിറാക്കൂസുകാരി ലൂസിയ തലയിൽ റീത്തുപോലെ മെഴുകുതിരികത്തിച്ചു വെച്ച് റോമൻ ഭരണകാലത്തു ഒളിച്ചു കഴിഞ്ഞിരുന്ന ക്രിസ്ത്യാനികൾക്ക് കൈകൾ നിറയെ ഭക്ഷണമായി ഒളിച്ച് പോയിരുന്നു.അവൾ ക്രിസ്തുവിന്റെ മണവാട്ടിയാകാൻ കൊതിച്ച ധനികയായ യുവതിയായിരുന്നു.എന്നാൽ അവളുടെ നിത്യരോഗിയായ മാതാണ് അവളെ ധനികനായ ഒരു പേഗൻ യുവാവിന് വിവാഹം കഴിച്ചുകൊടുക്കാൻ തീരുമാനിച്ചിരുന്നു. അന്ന് അമ്പതിരണ്ട് വർഷങ്ങൾക്ക് മുൻപ് രക്തസാക്ഷിയായ സെന്റ് അഗാത്തയുടെ ദേവാലയം സിറാക്കൂസിൽ നിന്നും അമ്പതു മൈൽ ദൂരെയുള്ള കറ്റാനിയയിൽ ആയിരുന്നു.അവിടെ ധാരാളം അത്ഭുതങ്ങൾ നടക്കുന്നുവെന്ന്കേട്ട് ലുസിയും അവളുടെ രോഗിയായ മാതാവും അവിടേക്ക് പോയി.അവിടെവെച്ചു  സെന്റ് അഗാത്ത ലുസിയുടെ സ്വപ്നത്തിൽ വരികയും അവളുടെ മാതാവിന് സൗഖ്യം ഉണ്ടാകും എന്നറിയിക്കുകയും  ചെയ്തു.ലൂസി സിറാക്കൂസിന്റെ മഹത്വമായി മാറുമെന്നും അറിയിച്ചു.സ്വപ്നത്തിൽ കണ്ട പ്രകാരം അവളുടെ മാതാവിന് സൗഖ്യം വന്നു.ലൂസി ക്രിസ്തുവിന്റെ മണവാട്ടിയായി ജീവിക്കുവാനും അവൾക്ക് വേണ്ടി കരുതിയ സ്ത്രീധനം പാവപ്പെട്ടവർക്ക് വിതരണം ചെയ്യുവാനും അവളുടെ മാതാവിനെ പറഞ്ഞ് സമ്മതിപ്പിച്ചു. അവളെ വിവാഹം കഴിക്കാനിരുന്ന പേഗൻ യുവാവ് അവളൊരു ക്രിസ്ത്യാനിയാണെന്നുള്ള വിവരം അവിടുത്തെ റോമൻ ഭരണാധികാരിയെ അറിയിച്ചു.അവർ ലൂസിയെ തീ വെച്ച് കൊല്ലാൻ ശ്രമിച്ചു.അവൾക്ക് ഒന്നും പറ്റുന്നില്ലയെന്ന്കണ്ട് അവളുടെ കഴുത്തിൽ വാള് കുത്തിയിറക്കി.അവൾ അങ്ങനെ രക്തസാക്ഷിയായി. അവളുടെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടിരുന്നു.അത് ലൂസി സ്വയം ചെയ്തതാണോ അവളെ പീഡിപ്പിച്ച  റോമൻ സേന ചെയ്തതാണോ എന്നറിയില്ല എങ്കിലും അവളെ അടക്കം ചെയ്യുന്നതിനു  മുൻപ് അവളുടെ കണ്ണുകൾ പഴയപടി പുനസ്ഥാപിക്കപ്പെട്ടതായി കാണപ്പെട്ടു. അതുകൊണ്ടാണ് സെന്റ് ലൂസിയോട് കണ്ണുകളുടെ സൗഖ്യത്തിന് വേണ്ടി പ്രാത്ഥിച്ചു പോരുന്നത്. രക്തസാക്ഷിയായ ലൂസിയുടെ സ്മരണയിലാണ് സെന്റ് ലൂസിയ അഥവാ സെന്റ് ലൂസി ഡേ ആഘോഷിക്കുന്നത്. അന്ന് ശുഭ്ര വസ്ത്രം ധരിച്ച്‌ ഇലക്ട്രിക് മെഴുകുതിരികൾകൊണ്ടുള്ള കിരീടമണിഞ്ഞു കൈകൾകൂപ്പി കോയറിന്റെ മധ്യത്തിൽ സൗമ്യയായി നിൽക്കുന്ന ആ പെൺകുട്ടി സെന്റ് ലൂസിയയെ പ്രതിനിധീകരിച്ചു നിൽക്കുകയായിരുന്നു. 

ഞങ്ങൾ കൊയർ കഴിയുംമുന്നേ പള്ളിയിൽനിന്നും പുറത്തിറങ്ങിയപ്പോൾ  ഒരു വശത്തിരുന്നു സെന്റ് ലൂസിയയെപ്പറ്റിയുള്ള കഥകൾ പറഞ്ഞുകൊടുക്കുന്ന അമ്മമാരെയും അത്ഭുതം മിഴി വിരിച്ച കുഞ്ഞുങ്ങളെയും കണ്ടു.ഞങ്ങൾ ഭക്ഷണം കഴിച്ച് ഹോട്ടലിലേക്ക് നടക്കുംവഴി  വെള്ള ഗൗണും സാന്റാ വേഷങ്ങളും ധരിച്ചു കുട്ടികൾ മാതാപിതാക്കളുടെ കൈകൾപിടിച്ച് വീട്ടിലേക്ക് തിരിച്ചുപോകുന്നുണ്ടായിരുന്നു.

ഡിസംമ്പർ പതിനാല് രാവിലെ ഒൻപതുമണിക്കായിരുന്നു ഞങ്ങൾക്ക് മാൽമോയിൽനിന്ന് സ്റ്റോക്ക്ഹോമിലേക്കുള്ള ട്രെയിൻ.ഞങ്ങൾ രാവിലെ എട്ടുമണിയോടെ റാഡിസൺ ബ്ലു ഹോട്ടലിൽനിന്നും തൊട്ട് വാതിൽക്കലുള്ള പറ്റിസറി ഡേവിഡിലേക്ക് ചെന്നു.അവിടെ വെളിച്ചം കണ്ട് കട തുറന്നിട്ടുണ്ടാകുമെന്ന് കരുതിയിരുന്നു. കതക് തുറന്ന് ഞങ്ങൾ അകത്തുകയറി. കട ഒൻപത് മണിക്കേ തുറക്കൂയെന്ന് മുൻപ് അവിടെ കണ്ടിട്ടില്ലാത്ത ഒരു സ്ത്രീ ഞങ്ങളെ അറിയിച്ചു. ഇനി അവിടുന്ന് കനെല്ല കഴിക്കാൻ കഴിയില്ലല്ലോയെന്നോർത്ത് വിഷമത്തോടെ ഞങ്ങൾ തിരിച്ചുനടക്കുമ്പോൾ പ്രായംചെന്ന ഒരു ഷെഫ് അകത്തുനിന്നും വന്ന് ഞങ്ങളോട് ഹായ് പറഞ്ഞു. 
ആർ യു ഓപ്പൺ? ഞാൻ ചോദിച്ചു.

‘നോ, വീ ഓപ്പൺ അറ്റ് റ്റെൻ‘, അയാൾ പറഞ്ഞു.
ഞാൻ അയാളെനോക്കി പുഞ്ചിരിച്ചു.എന്തു തേജസുള്ള മനുഷ്യൻ!

അവിടെനിന്നും മൂന്ന് ദിവസം പലഹാരങ്ങൾ  കഴിച്ചതാണെന്നോ, ഞങ്ങൾ ഇവിടെനിന്നും പോകുകയാണെന്നോ, കനെല്ലയോ ലൂസ്സികാറ്ററോ തയ്യാറായിട്ടുണ്ടോയെന്നോ ഒന്നും ചോദിക്കാൻനിൽക്കാതെ  ഞാൻ അവിടെനിന്നും  പടിയിറങ്ങി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക