Image

പീറ്റർ മാത്യു കുളങ്ങര: ഫോമായുടെ കേരള കൺവൻഷനും സേവനദൗത്യങ്ങളും

-മീട്ടു റഹ്മത്ത് കലാം Published on 12 December, 2025
പീറ്റർ മാത്യു കുളങ്ങര: ഫോമായുടെ കേരള കൺവൻഷനും സേവനദൗത്യങ്ങളും

അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ അഭിമാനമായ ഫോമാ, 2025 ജനുവരി 9-ന് കോട്ടയം വിൻസർ കാസിലിൽ സംഘടിപ്പിക്കുന്ന കേരള കൺവെൻഷന്റെ  പ്രധാനസംഘാടകനാണ് പീറ്റർ മാത്യു കുളങ്ങര. ചിക്കാഗോയിൽ താമസിക്കുന്ന, വർഷങ്ങളായി മലയാളി സമൂഹത്തോടൊപ്പം പ്രവർത്തിക്കുന്ന, സാമൂഹിക–മാനവിക മൂല്യങ്ങളിൽ ആഴമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്ന വ്യക്തി അദ്ദേഹത്തെ പോലൊരാൾ ഫോമായുടെ കേരള കൺവൻഷൻ ചെയർമാൻ ആകുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ജനുവരി 9–11 തീയതികളിൽ നടക്കുന്ന കൺവെൻഷൻ, അമേരിക്ക–കേരള ബന്ധത്തെ ശക്തിപ്പെടുത്തുന്ന ഏറ്റവും വലിയ സംഗമങ്ങളിൽ ഒന്നായിരിക്കും ഇതെന്നകാര്യം ഉറപ്പിക്കാം. പ്രധാന ചാരിറ്റി പ്രോഗ്രാമുകൾ, മെഡിക്കൽ സഹായം, വിദ്യാഭ്യാസ പദ്ധതികൾ, ബിസിനസ്–യുവജന സെമിനാറുകൾ, സാംസ്കാരിക ഐക്യവേദി എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒരു മഹാസമ്മേളനമാണ്  ഒരുങ്ങുന്നത്.സംഘടനാ കാര്യങ്ങളിലും, ചാരിറ്റി പ്രവർത്തനങ്ങളിലും, യുവതലമുറയ്ക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിലും സമർപ്പിതനായ ഫോമയുടെ ഏറ്റവും ഊർജസ്വല നേതാക്കളിൽ ഒരാളാണ് അദ്ദേഹം, കൺവൻഷൻ സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവയ്ക്കുന്നു...

ഈ വർഷത്തെ ഫോമാ കേരള കൺവെൻഷനെ കുറിച്ച് ഇപ്പോൾ വരെ എടുത്തിട്ടുള്ള പ്രധാന തീരുമാനങ്ങൾ എന്തൊക്കെയാണ്?

കോട്ടയം വിൻസർ കാസിൽ ഹോട്ടലിൽ  ജനുവരി 9-നാണ് കൺവൻഷൻ നടക്കുന്നത്.ആയിരത്തോളം ആളുകൾക്ക് ഇരിക്കാവുന്നതാണ് വിൻസർ കാസിൽ ഓഡിറ്റോറിയം. രാവിലെ 10 മണിക്ക് പരിപാടി ആരംഭിക്കും. 10.30-ന് ഉദ്ഘാടനച്ചടങ്ങ് ഉണ്ടാകും. ചീഫ് ഗസ്റ്റിനെ കുറിച്ച് അന്തിമ തീരുമാനം വരാനുണ്ട്; അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും.ഉദ്ഘാടനത്തിന് ശേഷം  ഫോമായുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടക്കും.ഹാൻഡികാപ്പ് എജ്യുകേഷണൽ അസിസ്റ്റൻസ് പ്രോഗ്രാമാണ് എടുത്തുപറയാവുന്ന ഒന്ന്. കാഴ്ചയ്ക്കും കേൾവിക്കും പരിമിതിയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസസഹായം നൽകുകയാണ് പ്രധാന ലക്ഷ്യം. ശ്രവണപരിമിതിയുള്ള കുട്ടികൾക്ക്  ഹിയറിങ് എയ്ഡുകളും കാഴ്ചപരിമിതർക്ക് പ്രത്യേക ലാപ്ടോപ്പുകളും നൽകും.അംഗപരിമിതർക്ക് സ്കൂട്ടറുകളും വീൽചെയറുകളും വിതരണം ചെയ്യും. ഫോമായുടെ സ്വന്തം ചാരിറ്റി പദ്ധതികൾ വേറെയും നിരവധിയുണ്ട്. അതിന്റെ ഭാഗമായി  നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള ധനസഹായം നൽകുന്നുണ്ട്. എറണാകുളത്ത് ദളിത് വനിതകൾക്കായി പ്രവർത്തിക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂഷനിലേക്ക് എംബ്രോയ്ഡറി മെഷീനുകളും തയ്യൽ മെഷീനുകളും ടാബ്ലെറ്റുകളും അന്നേ ദിവസം വിതരണം ചെയ്യും.നഴ്സിംഗ് സ്കോളർഷിപ്പും തയ്യൽ–എംബർോയ്ഡറി മെഷീൻ വിതരണവും മുഴുവൻ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിലാണ്. അപേക്ഷകൾ ലഭിക്കുന്നതനുസരിച്ച് അന്തിമ പട്ടിക തയ്യാറാക്കും. ജനുവരി 11 ന് എറണാകുളത്ത് ഗോകുലം ഹോട്ടലിൽ വച്ചായിരിക്കും സമാപനം.അമേരിക്കയിലെയും കാനഡയിലെയും 250 ല്പരം ആളുകൾ കൺവൻഷനിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനിയും കൂടുതൽ പേർ രജിസ്റ്റർ ചെയ്യാൻ മുന്നോട്ട് വരുന്നത് ഫോമായുടെ കരുത്ത് കൂട്ടും.

ഈ കൺവെൻഷിന്റെ പ്രധാന ലക്ഷ്യം എന്താണ്?

അമേരിക്കയിൽ നിന്നുള്ളവർ കേരളത്തിലേക്ക് വരുമ്പോഴും, കേരളത്തിലെ യുവാക്കളും വിവിധ മേഖലകളിൽ അവസരങ്ങൾ തേടുമ്പോഴും ഒരു ഒത്തുചേരൽ വേദി ലഭിക്കണം.അതാണ് ഇപ്പോഴും കൺവൻഷൻ ലക്ഷ്യമിടുന്നത്. ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് മുൻ‌ഗണന. ഫോമാ മെഡിക്കൽ കാർഡ് പദ്ധതിയും അവതരിപ്പിക്കാനുദ്ദേശിക്കുന്നുണ്ട്. അമേരിക്കയിലെ മലയാളികളുടെ കുടുംബാംഗങ്ങൾക്ക് ചികിത്സാസഹായം ലഭിക്കാനുള്ള ഒരു സംവിധാനം തന്നെയാണ് ഇത്.

കൺവൻഷനിൽ ചാരിറ്റി പ്രോജക്ടുകൾക്ക് ഇത്തവണ കൂടുതൽ മുൻ‌തൂക്കം ലഭിക്കുന്നത് താങ്കൾ ചെയർമാനായതുകൊണ്ടാണോ?

എന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് മൂന്ന് സംഘടനകളാണ് ചിക്കാഗോ സോഷ്യൽ ക്ലബ്,ചിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ,ഫോമാ എന്നിവ.ഫോമായുമായി പ്രവർത്തനം തുടങ്ങിയതുമുതൽ അതിന്റെ ചാരിറ്റി പ്രോഗ്രാമുകളിൽ ചേർന്നുപ്രവർത്തിച്ചിട്ടുള്ള ആളാണ് ഞാൻ. ചെയർമാനായതോടെ അത് കൂടുതൽ ഏകീകരിക്കാനായി എന്നുമാത്രം.ഇത്തരം സംഘടനകളാണ് എപ്പോഴും എന്നെ ശക്തിപ്പെടുത്തുന്നത്. ഫോമയുമായി ചേർന്നതുകൊണ്ടാണ് ഈ വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാൻ സാധിച്ചത്.ബേബി മണക്കുന്നേൽ(പ്രസിഡന്റ്‌)ബൈജു വർഗീസ്(സെക്രട്ടറി),സിജിൽ പാലക്കലോടി(ട്രഷറർ), ഷാലു പുന്നൂസ്(വൈസ് പ്രസിഡന്റ്‌), പോൾ പി. ജോസ്(ജോയിന്റ് സെക്രട്ടറി) അനുപമ കൃഷ്ണൻ(ജോയിന്റ് ട്രഷറർ) കോ-ചെയർമാരായ ജോൺ പട്ടാപ്പതി, സാബു കട്ടപ്പുറം, സണ്ണി വള്ളിക്കുളം, ലാലി കളപ്പുരയ്ക്കൽ എന്നിവരുടെ പിന്തുണ വളരെ വലുതാണ്.

മുൻവർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണത്തെ കൺവെൻഷനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

ജനുവരി 5-ന് വിധവകളായ അമ്മമാർക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്..ജനുവരി 9-ന് ഉച്ചയ്ക്ക് ന്യൂയോർക്കിലെ ഒരു സംഘടനയുമായി ചേർന്ന് കാലില്ലാത്ത 50 പേർക്ക് കൃത്രിമ കാലുകൾ നൽകും.അതോടൊപ്പം അമേരിക്ക-യുകെ നഴ്സിംഗ് മൈഗ്രേഷൻ സെമിനാർ,സ്റ്റുഡന്റ് വിസ ക്ലാസുകൾ,കരിയർ ഗൈഡൻസ് തുടങ്ങിയവ നടത്തും.ഫോമയിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇവ സൗജന്യ സേവനമായി ലഭിക്കും.വൈകുന്നേരം കലാസന്ധ്യയും ഡിന്നറും—അമേരിക്ക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഒത്തുചേരുന്ന വലിയ സംഗമമാണ് ഒരുങ്ങുന്നത്. ആലപ്പുഴയിലൂടെ നടത്തുന്ന ബോട്ടുയാത്രയും എറണാകുളത്ത്  സംഘടിപ്പിക്കുന്ന  ബിസിനസ് മീറ്റുമാണ്  അമേരിക്കൻ മലയാളികൾക്കുള്ള പ്രത്യേക പരിപാടികൾ.

കലാപരിപാടികളിൽ പങ്കെടുക്കുന്ന പ്രമുഖർ ആരൊക്കെയാണ്?

ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ വിവേകാനന്ദനും സംഘവും നടത്തുന്ന സംഗീതപരിപാടിയും പുതിയ കാലത്തിന്റെ ശ്രദ്ധേയ മിമിക്രി കലാകാരൻ ശ്രീധർ പറവൂരിന്റെ പരിപാടിയുമാണ് പ്രധാന ഹൈലൈറ്റുകൾ.വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റുകൾ നൽകുന്നതായിരിക്കും.

ഇതു യുവജന കേന്ദ്രീകൃതമായ ഒരു കൺവെൻഷനാണെന്ന് കേൾക്കുന്നത് ശരിയാണോ?

ഭാവി യുവാക്കളിലാണെന്ന് ഉറച്ചുവിശ്വസിക്കുന്നു സംഘടനയാണ് ഫോമാ.നഴ്സിംഗ് ബിരുദധാരികൾക്കും, സ്റ്റുഡന്റ് വിസ ആഗ്രഹിക്കുന്നവർക്കും, വിദേശ അവസരങ്ങൾ തേടുന്നവർക്കും നേരിട്ടുള്ള മാർഗ്ഗനിർദേശങ്ങളും അവസരങ്ങളും നൽകുന്ന 'അമേരിക്ക–യുകെ നഴ്സിംഗ് മൈഗ്രേഷൻ സെമിനാർ' പോലുള്ള പരിപാടികൾ കൺവൻഷന്റെ ഭാഗമായി നടത്തുന്നത് പുതുതലമുറയെ പിന്തുണയ്ക്കാൻ വേണ്ടിയാണ്. വിവരങ്ങൾ വെബ്സൈറ്റിലും, സോഷ്യൽ മീഡിയയിലും, സംഘടനകളിലൂടെയും പങ്കുവെച്ചിട്ടുണ്ട്.

ഫോമയുടെ പ്രധാന സേവനം എന്താണെന്ന് താങ്കൾ കരുതുന്നു?

നഴ്സിംഗ് അസിസ്റ്റൻസ് പ്രോഗ്രാം വർഷങ്ങളായി നടത്തുന്നുണ്ട്.പാവപ്പെട്ടവർക്കുള്ള ഭവന നിർമാണ പദ്ധതിയാണ് ഏറ്റവും പ്രാധാന്യമേറിയത്.കഴിഞ്ഞ 10 വർഷത്തിൽ 150-ലധികം വീടുകൾ ഫോമായ്ക്ക് കേരളത്തിൽ നിർമിച്ച് നൽകാൻ കഴിഞ്ഞിട്ടുണ്ട്.

വയനാടുമായി ബന്ധപ്പെട്ട പദ്ധതിയെക്കുറിച്ച്?

വയനാട് ടൗൺ പ്ലാനിങ് പൂർത്തിയാകാൻ കാത്തിരിക്കുകയാണ്. അതിനായി ഫോമാ വലിയൊരു ഫണ്ട് ശേഖരിച്ച് വെച്ചിട്ടുണ്ട്. പ്ലാൻ റെഡിയാകുന്ന നിമിഷം അത് വയനാടിന് വേണ്ടി വിനിയോഗിക്കും.

പ്രധാന അതിഥികൾ?
മന്ത്രിമാരായ വി.എൻ.വാസവൻ,റോഷി അഗസ്റ്റിൻ,സജി ചെറിയാൻ,ഫ്രാൻസിസ് ജോർജ് ( എം.പി),ആന്റോ ആന്റണി – എം.പി,ജോസ് കെ. മാണി,തിരുവഞ്ചൂർ രാധാകൃഷ്ണൻ,ജോബ് മൈക്കിൾ,മോൻസ് ജോസഫ് ,രാജു ഏബ്രഹാം,സുരേഷ് കുറുപ്പ്, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവരെ ചടങ്ങിൽ പ്രതീക്ഷിക്കുന്നു.ഇതുകൂടാതെ നിരവധി രാഷ്ട്രീയ–സാമൂഹിക പ്രവർത്തകരും, അമേരിക്കൻ മലയാളികളും ഈ മഹാസംഗമത്തിന്റെ ഭാഗമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക