
നടിയെ ആക്രമിച്ച കേസില്‍ 'സൂത്രധാരനെ' വെറുതെവിട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറുപേര്‍ക്ക് വിധിച്ച ശിക്ഷ അതീജീവിതയെ വീണ്ടും അപമാനിക്കുന്നതിന് തുല്യമാണെന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്. ''എട്ടാം പ്രതിയായ ദീലീപിനെ വെറുതെ വിട്ടപ്പോളേ പ്രതീക്ഷ അവസാനിച്ചു. പ്രതികളുടെ പ്രായവും സാഹചര്യവും കോടതി പരിശോധിച്ചു. അതിജീവിതയുടെ ഒരു സാഹചര്യവും പരിഗണിച്ചില്ല. ഇതാണോ ജുഡീഷ്യറി..? ഒരു സാഹചര്യത്തിലും സ്വീകരിക്കാനാകാത്ത വിധിയാണിത്. ഇത്തരം അനീതികള്‍ നടക്കുമ്പോള്‍ ജനങ്ങള്‍ നീതി കൈയ്യിലെടുക്കും...'' എന്നാണ് അതിജീവിതയുടെ അഭിഭാഷക ടി.ബി മിനിയുടെ ശ്രദ്ധേയമായ പ്രതികരണം.
പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷ ലഭിച്ചതില്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതുപോലെ നിരാശ കലര്‍ന്ന പ്രതികരണങ്ങളാണ് ഉയരുന്നത്. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം ചോര്‍ത്തുന്ന വിധിയാണിതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. കുറഞ്ഞ ശിക്ഷ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി അജകുമാര്‍ പറഞ്ഞു. ശിക്ഷയില്‍ നിരാശയുണ്ട്. അപ്പീല്‍ നല്കാന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും നീതി മേല്‍ക്കോടതിയില്‍ നിന്ന് ലഭിക്കുമെന്നും അജകുമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വിധി പകര്‍പ്പ് കിട്ടിയാല്‍ വേഗത്തില്‍ അപ്പീല്‍ പോകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.
ഏട്ടേമുക്കാല് വര്‍ഷം പഴക്കമുള്ള കോളിളക്കം സൃഷ്ടിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവാണ് 1700 പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കുന്നത്. 20 വര്‍ഷം തടവിന് പുറമെ 50,000 രൂപ പിഴയും ചുമത്തുന്നു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന് മകന് സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്റണി മകന് മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന് ബി മണികണ്ഠന്, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന് മകന് വി.പി വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന് മകന് എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങര പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന് മകന് പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.
പിഴത്തുക അഞ്ചു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം. ഒന്നാം പ്രതി പള്‍സര്‍ സുനിലിന് ഐടി ആക്ട് പ്രകാരം, ദൃശ്യം ചിത്രീകരിച്ചതിന് മൂന്ന് വര്‍ഷം തടവ്,ദൃശ്യം സൂക്ഷിച്ചതിന് അഞ്ച് വര്‍ഷം തടവ് കൂടി ഉണ്ട്. ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. വിചാരണ വേളയില്‍ പ്രതികള്‍ ജയിലില്‍ കിടന്ന കാലയളവ് ശിക്ഷയായി പരിഗണിക്കുമെന്നിരിക്കെ ഒന്നാംപ്രതി പള്‍സര്‍ സുനി ഏതാണ്ട് 13 വര്‍ഷം ഇനി തടവുശിക്ഷ അനുഭവിച്ചാല്‍ മതി. മാര്ട്ടിന് 13 വര്‍ഷവും മണികണ്ഠന് 16 വര്‍ഷവും ജയിലില്‍ കിടക്കണം. വിജീഷ് 16 വര്‍ഷവും വടിവാള്‍ സലീമും പ്രദീപും 18 വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. പള്‍സര്‍ സുനി ഏഴുവര്‍ഷവും മാര്ട്ടിന് ആന്റണി 7 വര്‍ഷവും മണികണ്ഠന് മൂന്നര വര്‍ഷം, വിജീഷ് മൂന്നര വര്‍ഷം, വടിവാള്‍ സലിം രണ്ടുവര്‍ഷം, പ്രദീപ് രണ്ടുവര്‍ഷവുമാണ് വിചാരണ വേളയില്‍ ജയില്‍ വാസം അനുഭവിച്ചത്.
പ്രേരണാകുറ്റത്തിന് ശിക്ഷയില്ലെന്നതാണ് എടുത്തു പറയേണ്ട ഒരു കാര്യം. ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി- കൂട്ടബലാത്സംഗം, ഐ.പി.സി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐ.പി.സി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐ.പി.സി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐ.പി.സി 354 (ബി) സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐ.പി.സി 357 ക്രിമിനല്‍ ബലപ്രയോഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്. എട്ടാം പ്രതിയായിരുന്ന ദിലീപിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. ഇതേച്ചൊല്ലി വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. അതിനാല്‍ സമൂഹത്തില്‍ നടന്ന ചര്‍ച്ചകള്‍ വിധിയെ ബാധിച്ചിട്ടില്ലെന്നും ഇനിയും വിമര്‍ശനമുയര്‍ന്നാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും മാധ്യമങ്ങള്‍ക്ക് ജഡ്ജി മുന്നറിയിപ്പ് നല്കി.
അപ്പോള്‍ ജഡ്ജി ഇതെല്ലാം കാണുന്നുണ്ടെന്ന് വ്യക്തം. ദിലീപിനെതിരേയുള്ള ക്രിമിനല്‍ ഗൂഢാലോചനക്കുറ്റവും തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ജഡ്ജി ഹണി എം വര്‍ഗീസ് വിലയിരുത്തുന്നു. ദിലീപ് അടക്കമുള്ള പ്രതികളെ വിട്ടയച്ചത് വിവാദമായെങ്കില്‍ കൂട്ട ബലാല്‍സംഗം എന്ന കുറ്റത്തിന് വ്യവസ്ഥ ചെയ്തിട്ടുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രം പ്രതികള്‍ക്ക് നല്‍കിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ശിക്ഷ തീര്‍ത്തും അപര്യാപ്തമാണെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. കുറ്റകൃത്യത്തെ ഗാങ്റേപ്പ് മാത്രമായി കണക്കാക്കിയാല്‍ പോരെന്നും അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി കൊണ്ടുപോയി ക്വട്ടേഷന്‍ നല്കിയ വ്യക്തിക്ക് കൊടുത്തു എന്നത് ഗൗരവമായി പരിഗണിക്കേണ്ടതായിരുന്നു എന്നുമാണ് പൊതുവെ ഉയര്‍ന്ന കമന്റുകള്‍.
എന്നാല്‍ ഇക്കഴിഞ്ഞ എട്ടാം തീയതി വിധി വരും മുന്‍പേ വിധിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി ഒരാഴ്ച മുമ്പേ ലഭിച്ച ഊമക്കത്തും വിവാദമായിട്ടുണ്ട്. കേസില്‍ ആദ്യ ആറു പ്രതികള്‍ കുറ്റക്കാരാണെന്നും, ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ് അടക്കമുള്ള മറ്റു പ്രതികള്‍ കുറ്റവിമുക്തരാകുമെന്നുമാണ് കത്തില്‍ പറയുന്നത്. ഊമക്കത്ത് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് പ്രസിഡന്റ് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. ഡിസംബര്‍ ആറിനാണ് ഷേണായിക്ക് കത്തു ലഭിച്ചത്. എട്ടിനു വിധി വന്ന ശേഷം ഈ കത്ത് അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറി.
തനിക്കും സമാനമായ കത്ത് ഡിസംബര്‍ നാലിന് ലഭിച്ചിരുന്നതായി കേരള ഹൈക്കോടതി മുന്‍ ജഡ്ജി കമാല്‍ പാഷ വെളിപ്പെടുത്തിയിരുന്നു. അജ്ഞാതമായ കത്ത് എന്ന നിലയില്‍ ആദ്യം അവഗണിച്ചു. എന്നാല്‍ വിധി വന്നതോടെ ഞെട്ടിപ്പോയി. കത്തിലെ ഉള്ളടക്കവും വിധിയും ഏകദേശം ഒരുപോലെ തന്നെയായിരുന്നു. കത്തിന്റെ ഉറവിടം അടക്കം സമഗ്രമായ അന്വേഷണം വേണം. നടിയെ ആക്രമിച്ച കേസിലെ ഉത്തരവ് ചോര്‍ന്നിട്ടുണ്ടോയെന്നും അന്വേഷണം വേണമെന്നും കമാല്‍പാഷ ആവശ്യപ്പെട്ടിരുന്നു.